വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ അവരുടെ അടുത്തുചെന്നിരിക്കാനോ മകനോ മരുമകൾക്കോ കൊച്ചുമക്കൾക്കോ സമയമില്ല, താല്പര്യവുമില്ല. പല വൃദ്ധരുടെയും അവസാനകാലം കണ്ണീരിൽ കുതിർന്നതാണ്. ആ മാതാപിതാക്കളുടെ കണ്ണീര് ഏഴു തലമുറയോളം നിലനില്ക്കുന്ന ശാപമായി അനന്തരതലമുറയെ വേട്ടയാടും.
വിവാഹം ആലോചിക്കുമ്പോൾ ആദ്യം അന്വേഷിക്കുന്നത് ചെറുക്കന്റെ സ്വഭാവം, ജോലി, വിദ്യാഭ്യാസം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളാണ്. അതിനൊപ്പം അന്വേഷിക്കാൻ മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. മകളെ കെട്ടിച്ചുകൊടുക്കുന്ന കുടുംബത്തിൽ കഴിഞ്ഞ ഏഴുതലമുറയിൽ എവിടെയെങ്കിലും പ്രായമായ മാതാപിതാക്കൾ വെള്ളം കുടിക്കാതെ മരിച്ചുപോയിട്ടുണ്ടോ എന്ന്. അത്തരം വീട്ടിലേക്ക് പെൺമക്കളെ കെട്ടിച്ചയ്ക്കരുത്. കാരണം ആ കുടുംബങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാത്ത കുടുംബങ്ങളാണ്. ദൈവകൃപ ഓരോ കുടുംബത്തിലേക്കും കടന്നുവരാൻ തടസ്സമായി നില്ക്കുന്നത് വൃദ്ധരായ മാതാപിതാക്കൾ ഭൂമിയിൽ ഒഴുക്കിയ കണ്ണീരാണ്. അവരുടെ സങ്കടങ്ങളാണ്.
വൃദ്ധരായ മാതാപിതാക്കൾക്ക് ചിലപ്പോൾ ദേഷ്യം ഉണ്ടായേക്കാം. പ്രായം ചെല്ലും തോറും കടുംപിടുത്തങ്ങളും വാശികളും കാണിച്ചേക്കാം. എന്നാൽ സഹിഷ്ണുതയോടെയും ക്ഷമയോടെയും അവരെ സമീപിക്കുക. അവരുടെ പോരായ്മകളും കുറവുകളുംകണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കുക. കുടുംബത്തിലേക്ക് അനുഗ്രഹം കൊണ്ടുവരാൻ കഴിയുന്ന ഏറ്റവും എളുപ്പമായ മാർഗ്ഗം മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ സ്നേഹത്തോടെ പരിചരിക്കുകയും ശുശ്രൂഷിക്കുകയുമാണ്. അവർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുക. വെറുതെ കുറെ സമയം അടുത്തു ചെന്നിരിക്കുക. കാലും കൈയും ഒക്കെ തിരുമ്മികൊടുക്കുക. കാതുകൊടുക്കുക. അവരോട് ദേഷ്യപ്പെടുകയോ മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുകയോ ചെയ്യരുത്.
മാതാപിതാക്കളുടെ മനസ്സ് വേദനിച്ചോ ആ കുടുംബത്തിലേക്ക് അനുഗ്രഹം കടന്നുവരികയില്ല. അവരുടെ കണ്ണീര് വീണോ അവിടം നശിക്കും.
വാർദ്ധക്യം ചിലരെ മാത്രം പിടികൂടുന്ന അവസ്ഥയല്ല. ആയുസുണ്ടെങ്കിൽ എല്ലാവരും വാർദ്ധക്യത്തിലെത്തും. അതിന്റെ ജരാനരകളിലൂടെയും വിഷമതകളിലൂടെയും കടന്നുപോകുകയും ചെയ്യും. അപ്പോൾ മാത്രമേ നാം ഒരിക്കൽ അവഗണിച്ചുകളഞ്ഞ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലാവുകയുള്ളൂ. അത്തരമൊരു തിരിച്ചറിവുണ്ടാകുമ്പോഴേക്കും നമ്മുടെ മാതാപിതാക്കൾ ഈ ഭൂമി വിട്ടുപോയിട്ടുണ്ടാകും. നേരിൽ മാപ്പ് ചോദിക്കാനുള്ള അവസരം പോലും നമുക്ക് ഇല്ലാതാകും. പിന്നെ മരിക്കുംവരെ കുറ്റബോധവും ചുമന്ന് ജീവിക്കേണ്ടിവരും. അതുകൊണ്ട് അങ്ങനെ ഒരു അവസരം നാം ഒരുക്കരുത്.
കെട്ടിവരുന്ന സ്ത്രീകൾ ഇവിടെ ഇത്തിരികൂടി സഹിഷ്ണുതയും ആത്മസംയമനവും ക്ഷമയും കാണിക്കണം. അമ്മായിയമ്മയുടെയും അമ്മായിയപ്പന്റെയും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ഭൂതക്കണ്ണാടിയുമായി പുറകെ നടക്കരുത്. അവരെക്കുറിച്ച് ഉളളതും ഇല്ലാത്തതും കൂട്ടിയും കുറച്ചും പറഞ്ഞ് ഭർത്താവിന്റെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കരുത്. ആ മാതാപിതാക്കൾ കാരണമാണ് നിങ്ങൾക്കൊരു ഭർത്താവുണ്ടായതെന്നും ആ വീട്ടിൽ മരുമകളായി കയറിവരാൻ ഇടയായതെന്നും മറന്നുപോകരുത്. അമ്മായിയപ്പന്റെയും അമ്മായിയമ്മയുടെയും കുറവുകൾ പൊറുത്തുകൊണ്ട് അവരെ സ്‌നേഹിക്കാനും പരിഗണിക്കാനും ശ്രമിക്കുക. നിങ്ങളും നിങ്ങളുടെ തലമുറയും അനുഗ്രഹിക്കപ്പെടും.
ഹൃദയങ്ങളിൽ പ്രായം ചെന്നവർക്ക് ഇടം കൊടുക്കുന്നുണ്ടോ എന്ന് ഓരോരുത്തരെയും ആത്മശോധനയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട്…