മനുഷ്യന്റെ ചിന്തകളിൽ വിഷം കലർന്നിരിക്കുന്ന കാലമാണ് ഇതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ചീത്ത കാര്യങ്ങൾ ചർച്ച ചെയ്യാനും ചീത്ത കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും അത് പറയാനുമാണ് ഭൂരിപക്ഷത്തിനും താല്പര്യം. ഇത് മുമ്പെന്നെത്തെക്കാളുമേറെ ആയിട്ടുണ്ട്. ഒരു പക്ഷേ ആധുനിക കാലത്തിന്റെ സവിശേഷതകളായ ഇൻർനെറ്റും മൊബൈൽ ഫോണും വാട്ട്‌സാപ്പുമൊക്കെയായിരിക്കാം ഇതിന് കാരണം.
അതുപോലെ രാഷ്ട്രീയ ചേരിതിരിവുകളുടെ വാർത്തകളുടെയോ പടലപിണക്കങ്ങളുടെയോ പുറകെയും ഞാൻ പോകാറില്ല. അതൊക്കെ വായിച്ച് , ചർച്ച ചെയ്ത് ചില നിഗമനങ്ങളിലെല്ലാം എത്തിച്ചേരുന്ന നാം പിന്നെ കാണുന്നത് ഇന്നലെ വരെ പരസ്പരം ചീത്ത പറഞ്ഞും പോരടിച്ചും നില്ക്കുന്നവരൊക്കെ കെട്ടിപിടിച്ച് നില്ക്കുന്നതായിരിക്കും. അതൊക്കെ വായിച്ച നമ്മൾ വിഡ്ഢികളാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരം വാർത്തകളൊന്നും എന്നെ ആകർഷിക്കാറില്ല.
പിന്നെ ഞാൻ നോക്കുന്നത് ചരമകോളമാണ്. അതിൽ നവജീവന് സഹായം ചെയ്തിട്ടുള്ള വ്യക്തികളുണ്ടാവും..അല്ലെങ്കിൽ അവരുടെ പ്രിയപ്പെട്ട ആരെങ്കിലുമുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി ഞാൻ പോകാറുണ്ട്. ആരെങ്കിലും അറിയിച്ചുകൊണ്ടതല്ല ഞാൻ അങ്ങനെ പോകുന്നത്. അതെന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതോടൊപ്പം നന്മ ചെയ്തവരോടുള്ള എന്റെ നന്ദി അറിയിക്കൽ കൂടിയാണത്. ലഭിച്ച നന്മകളെ നാം ഒരിക്കലും വിസ്മരിക്കരുത്.
നമ്മുടെ വാക്കുകൾക്കും ചിന്തകൾക്കും ഒക്കെ വലിയ ശക്തിയുണ്ട്. ചില ശാപങ്ങൾ ഫലിക്കുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ആത്മാവിൽ വന്ന് പതിക്കുന്ന, നെഞ്ച് പൊടിയുന്ന അത്തരം വാക്കുകളാണ് ഫലിക്കുന്നത്. എപ്പോഴാണ് നാം പറയുന്ന, തീ തുപ്പുന്ന നമ്മുടെ നാവിൽ നിന്നുള്ള വാക്കുകൾ ഫലിക്കുന്നതെന്ന് അറിയില്ല. അതുകൊണ്ട് ആരെയും നാം ശപിക്കരുത്. സ്വപ്‌നത്തിൽ പോലും ഒരാളെയും ശപിക്കരുത്. അതൊക്കെ ഫലിച്ചുപോയാലോ.?
യാത്രകളിൽ ഞാൻ ആലോചിക്കുന്നതും നന്മ ചെയ്യാനുള്ള അവസരങ്ങളെക്കുറിച്ചാണ്. വഴിയരികിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന ചിന്തയുണ്ടായത് അത്തരം ഒരു യാത്രയിലാണ്. ഒരു കൈ ഒരു പൊതി,കൈത്താങ്ങ് എന്നിങ്ങനെ എണ്ണമറ്റ ചാരിറ്റികളെക്കുറിച്ച് ആലോചനയുണ്ടായതും ഇത്തരം യാത്രകളിലാണ്.
അതുപോലെ ഇത്തരം യാത്രകൾക്കിടയിൽ ചില മുഖങ്ങൾ ഓർമ്മയിലേക്ക് കടന്നുവരും. നവജീവനിൽ എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾക്കായി വന്നവരായിരിക്കും അവർ. അവരിൽ ചിലരെ വേണ്ടവിധം പരിഗണിച്ചില്ലെന്ന ഒരു തോന്നലുണ്ടാകും.
അവരോട് സംസാരിച്ചതു പോരായിരുന്നു.. അവർക്ക് കൊടുത്തത് പോരായിരുന്നു. അവര് വിഷമത്തോടെയായിരിക്കുമോ പോയത്.. അത്തരം ചിന്തയിൽ പലരെയും അപ്പോൾ തന്നെ ഫോൺ ചെയ്യും. സംസാരിക്കും.. അത് അവരെ എന്തുമാത്രം ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടാവുമെന്ന് ഞാൻ വെറുതെ ആലോചിക്കാറുണ്ട്.