ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. ‘ഒപ്പ’ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം ‘ഒപ്പം’ കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു, എന്തുപറ്റി? കോപ്പി കിട്ടിയില്ലല്ലോ?
കേരളത്തെ വൻദുരിതത്തിലാക്കിയ പ്രളയത്തിന്റെ ആ ദിവസങ്ങളിലായിരുന്നു ‘ഒപ്പം’ പുറത്തിറങ്ങിയത്. മലയാളികൾ മുഴുവൻ ആ ദുരിതത്തിന് മുമ്പിൽ വിറങ്ങലിച്ചു നിന്നപ്പോൾ, നമ്മുടെ കേരളത്തെ പുനരുദ്ധരിക്കാൻ ഓരോ ചില്ലിക്കാശിനും വലിയ വിലയുണ്ടെന്നും എല്ലാം നഷ്ടമായവർക്ക് കഴിയുന്ന വിധത്തിൽ സഹായം നല്കാൻ ഓരോരുത്തർക്കും കടമയുണ്ടെന്നും ഞങ്ങൾക്ക് മനസ്സിലായി. കൂടിയാലോചനയിൽ ഞങ്ങൾ ഒരു തീരുമാനമെടുത്തു. ‘ഒപ്പ’ത്തിന്റെ പ്രിന്റിംങ് ഒഴിവാക്കുക. മൊബൈൽ വേർഷനും ഇ-മാഗസിനും മാത്രമായി ചുരുക്കുക. പ്രിന്റിംങിനും പോസ്റ്റിംങിനും ചെലവാക്കുന്ന തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുക. അങ്ങനെയാണ് കഴിഞ്ഞമാസം ‘ഒപ്പം’ പ്രിന്റ് രൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്താതെ പോയത്.
വലിയൊരു കാര്യമായിട്ടല്ല ഞങ്ങൾ ഇത് പറയു ന്നത്. മറിച്ച് ‘അണ്ണാൻകുഞ്ഞും തന്നാലായത്’ എന്ന മട്ടിൽ ഒരു കാര്യം ചെയ്തു എന്ന് പറയാൻ മാത്രമാണ്.
ഇനിയും പുനരുദ്ധരിക്കേണ്ട ജീവിതങ്ങൾ ഏറെയാണ്. എത്ര കിട്ടിയാലും തികയാത്ത വിധത്തിലുള്ളതാണ് എല്ലാം നഷ്ടമായവരുടെ അവസ്ഥകൾ. അവരെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കരുത്. നാളുകൾ കഴിയുമ്പോൾ പലരും അവരെ മറക്കും. അവർ മാത്രം തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകും. ആ സമയത്താണ് അവർക്ക് നമ്മുടെ സഹായം കൂടുതൽ വേണ്ടത്. കഴിയുന്ന വിധത്തിൽ തുടർന്നും വ്യക്തിപരമായി അവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുക, അവരെ സന്ദർശിക്കാൻ തയ്യാറാകുക.
അവരുടെ വേദനകൾക്കൊപ്പം നടക്കാൻ ഇനിയും എല്ലാവർക്കും കടമയുണ്ട് എന്നോർമ്മിപ്പിച്ചുകൊണ്ട്,
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്