ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എ സി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചു. പൊടി നിറഞ്ഞ് ഫിൽറ്ററിന്റെ കാറ്റുകടന്നുപോകുന്ന ചെറിയ ദ്വാരങ്ങൾ വരെ അടഞ്ഞ അവസ്ഥയിലാണ്. അതെടുത്ത് വൃത്തിയാക്കി മാലിന്യങ്ങളെല്ലാം നീക്കി വീണ്ടും കണക്ട് ചെയ്തു. വീണ്ടും ഓണാക്കിയപ്പോൾ നല്ല തണുത്ത കാറ്റ് അതിലൂടെ കടന്നു വന്നു.
വാഹനത്തിനകത്ത് പാദങ്ങൾ ചവിട്ടുന്ന ഭാഗത്തു നിന്നും ധാരാളം പൊടി പടലങ്ങൾ എ സിയുടെ ഫിൽറ്റർ വലിച്ചെടുക്കുന്നുണ്ട്. അതുകൊണ്ടാണ് ആ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് എ സി സർവീസ് സെന്ററുകാർ പറയുന്നത്. നാം ശ്രദ്ധിക്കാതെ പോകുമ്പോൾ പൊടിപടലങ്ങൾ ഫിൽറ്ററിനെ മൂടി തണുത്ത വായുവിന്റെ സഞ്ചാരം പോലും തടസ്സപ്പെടുത്തുന്നു.
ഒട്ടും തണുപ്പ് കിട്ടാത്ത അവസ്ഥയിലെത്തുമ്പോഴായിരിക്കും നാം അത് ഒരു പക്ഷേ ശ്രദ്ധിക്കുന്നത്. എന്നാൽ കാറിനകത്ത് ചെരിപ്പിലെയും മറ്റും മണ്ണ് വീണ് കിടക്കാൻ അനുവദിക്കാതെ ഇടയ്ക്കിടെ മാറ്റ് വൃത്തിയാക്കുകയും എ സി ഫിൽറ്റർ ക്ലീൻ ചെയ്യുകയും ചെയ്താൽ എ സി സുഗമമായി എപ്പോഴും പ്രവർത്തിക്കും. കാറിനകം കുളിർപ്പിക്കുകയും ചെയ്യും.
നമ്മുടെ ജീവിതവും പലപ്പോഴും ഇത്തരത്തിൽ അടഞ്ഞുപോകാറുണ്ട്. നാം ശ്രദ്ധിക്കാതെ നമ്മുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും കടന്നുവരുന്ന ചില മാലിന്യങ്ങളുണ്ട്. അലസത, നിഷ്‌ക്രിയത്വം, പരസ്ത്രീ-പരപുരുഷ ബന്ധങ്ങൾ, സ്വവർഗഭോഗം, മദ്യപാനം, ലഹരിമരുന്നുപയോഗം, പണം വച്ചുള്ള ചീട്ടുകളി, ചൂതാട്ടം, അമിതമായി ലോട്ടറി എടുക്കുന്ന ശീലം, അസൂയ, മറ്റുള്ളവരോടുള്ള വിദ്വേഷം, പക, സ്വയവും മറ്റുള്ളവരോടുമുള്ള വെറുപ്പ്, അസഹിഷ്ണുത, എല്ലാക്കാര്യങ്ങളും മാറ്റിവയ്ക്കുന്ന ശീലം, മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തി താൻ അവർക്കൊപ്പം നേട്ടങ്ങൾ കൈവരിച്ചില്ലെന്നു ചിന്തിച്ചുകൊണ്ട് നിരാശ വച്ചുപുലർത്തുന്നത്, തെറ്റായ വിശ്വാസം, അമിതമായ ദേഷ്യം, എല്ലാത്തിനെയും വിമർശിക്കുന്ന നിഷേധാത്മക ചിന്താഗതി, എല്ലാക്കാര്യത്തിലും മോശം വശം മാത്രം കാണുന്ന സ്വഭാവം, ഒന്നിലും ഉറച്ചുനിൽക്കാതെ ആകർഷണഘടകങ്ങൾ എന്ന് ഓരോ സമയവും തോന്നുന്ന കാര്യങ്ങൾക്ക് പിന്നാലെ പോയി ഒടുവിൽ ഒരിടത്തും വ്യക്തമായ ഉയർച്ച കൈവരിക്കാൻ സാധിക്കാത്ത അവസ്ഥ, അമിത മാനസിക സമ്മർദ്ദം, അമിത മാനസിക സംഘർഷം, ഒരു കാര്യത്തിലും സന്തോഷിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങി പലതരം മാലിന്യങ്ങൾ നമ്മുടെ ഹൃദയത്തേയും മനസ്സിനെയും പതിയെ പതിയെ മൂടി ഒടുവിൽ നമ്മുടെ തന്നെ ജീവിതത്തിന്റെ സന്തോഷകരമായ പുരോഗതിക്ക് തടസ്സമായി മാറുമ്പോഴായിരിക്കും നാമും കാരണങ്ങൾ തിരയുന്നത്. എന്നാൽ, മോശമായ സാഹചര്യങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അകന്നുനിന്നുകൊണ്ടും ഏതൊരു കാര്യത്തിലെയും നല്ല വശം കാണാൻ ശ്രമിച്ചുകൊണ്ടും ഏതു പ്രതിസന്ധിയിലും ദൈവത്തിനസാധ്യമായി ഒന്നുമില്ല എന്ന ബോധ്യത്തിൽ ദൈവത്തിലാശ്രയിച്ചുകൊണ്ടും മറ്റുള്ളവരിലെ മോശം ഘടകങ്ങൾക്കു പകരം അവരിലെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിച്ചുകൊണ്ടും നമ്മുടെ കഴിവിനും അഭിരുചിക്കും ഇഷ്ടത്തിനുമനുസരിച്ചുള്ള കാര്യങ്ങൾ ശരിയായ വഴിയിലൂടെ നാം ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ നമ്മുടെ ജീവിതം മാലിന്യക്കൂമ്പാരമായി മാറുകയില്ല. അവിടെ അസന്തുഷ്ടി നിറയുകയുമില്ല. അതിനാൽ, മാറാം നമുക്ക് ഈ പുതുവർഷത്തിൽ; പുതിയൊരു വ്യക്തിയായി കുതിക്കാം, ഉയരങ്ങളി
ലേക്ക്.
(ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഭാരതസർക്കാരിന്റെ പരമോന്നത ബഹുമതിയും ധീരതയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും നേടിയിട്ടുള്ള പ്രശസ്ത രാജ്യാന്തര മോട്ടി വേഷനൽ സ്പീക്കറും സൈക്കോളജിസ്റ്റും ഇരുപത്തഞ്ചോളം ജീവിതവിജയഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ, ഫോൺ-94972 16019)