സ്വപ്നം കാണുന്ന സുദിനം

Date:

spot_img
പുരാവൃത്തങ്ങൾ യാഥാർത്ഥ്യങ്ങളെക്കാൾ എന്നും സുന്ദരമാണ്. കെട്ടുകഥകൾ ചില സത്യങ്ങളെക്കാൾ മനോഹരവും . ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.  ഓണം ഇങ്ങനെയൊരു പുരാവൃത്തവും ഇങ്ങനെയൊരു സങ്കല്പവുമാണ്. തിന്മയ്ക്കപ്പുറം നന്മ പുലരുന്ന, എല്ലാ ഹൃദയങ്ങളിലും സന്തോഷം നിറയുന്ന, എല്ലാവരും ഒന്നായി മാറുന്ന ഒരു സങ്കല്പലോകമാണത് നന്മയെ സ്വപ്‌നം കാണുന്നതും പ്രതീക്ഷിക്കുന്നതുമായ  സങ്കല്പം, പുരാവൃത്തം മിക്ക സംസ്‌കൃതികളിലും അന്വേഷിച്ചാൽ കണ്ടെത്താം. അവയ്ക്കൊന്നും ഓണമെന്നായിരിക്കില്ല പേരെന്ന് മാത്രം. അതുകൊണ്ടാണ് ഓണം സാർവ്വദേശീയമായിരിക്കുന്നത്; കാലികവും. കാരണം എല്ലാ മനുഷ്യരും  സ്വപ്‌നം കാണുന്നവരാണ്. അടിസ്ഥാനപരമായി  നന്മ ആഗ്രഹിക്കുന്നവരും നന്മ ഉള്ളിലുള്ളവരുമാണ്. സ്വന്തം നന്മയെ കാംക്ഷിച്ചുകൊണ്ടാണല്ലോ ചില അരുതായ്മകൾപോലും അന്യരോട് നമ്മൾ ചെയ്യുന്നത്.
 
അസുരഗണത്തിൽ പിറന്നവനാണല്ലോ ഓണപ്പെരുമയ്ക്ക് നിദാനമായ മഹാബലി? കഥകളിയിലെ താമസകഥാപാത്രത്തിന് തുല്യമാണ് അസുരന്മാർ. ഇരുണ്ടുപോയവർ. പ്രവൃത്തിയിലും മനസ്സിലും. പച്ച വേഷം സാത്വികന്മാർക്ക്-നന്മയുടെ അവതാരങ്ങൾക്ക്- നല്കുമ്പോൾ കത്തി താമസ കഥാപാത്രങ്ങളുടേതാണല്ലോ? ഒരസുരന് ഇത്രമേൽ നന്മയോ എന്ന സംശയമുണരുമ്പോൾ തന്നെ വംശമഹിമയോ കുലപാരമ്പര്യമോ അല്ല ഒരാളുടെ നന്മയുടെ മാനദണ്ഡമെന്ന് നമുക്ക് തീർച്ചയാക്കാം. ചേറിൽ വിരിയുന്ന ചെന്താമരയെന്നപോലെയുള്ള  ചില ഉപമകളെ ആശ്രയിക്കുകയേ ഇവയൊക്കെ വിശദീകരിക്കാൻ മാർഗ്ഗമായുള്ളൂ. നന്മ ഒരാളിലെ അടിസ്ഥാനപരമായ ഒരംശമാണ്. അത് അയാളിൽനിന്ന് എന്നേക്കുമായി ഒരിക്കലും എടുക്കപ്പെടുകയുമില്ല. ചില സാഹചര്യങ്ങളിൽ അത് ഭേദപ്പെടുന്നുവെന്നുമാത്രമേയുള്ളൂ.
ദേവഗണത്തിലുള്ള വാമനൻ മനുഷ്യന്റെ തന്നെ മറ്റൊരു ഭാവമാണ്. എത്ര നന്മ നിറഞ്ഞവരിലും ചന്ദ്രനിൽ കളങ്കമെന്നപോലെ ചില ചെളികൾ പുരണ്ടുകിടക്കാറുണ്ട്. അതുകൊണ്ടാണ് ചിലരെയൊക്കെ നമ്മൾ ചവിട്ടിത്താഴ്ത്തുന്നത്.
 
ചവിട്ടിത്താഴ്ത്തുക എന്ന് നമ്മുടെ ഭാഷയിൽ പ്രയോഗം തന്നെയുണ്ട്. ഒരാളെ അപമാനിതനാക്കുകയെന്നോ ഇല്ലായ്മ ചെയ്യുകയെന്നോ ഒക്കെയാണ് അതിനർത്ഥം. മുറിപ്പെടുത്തിയാൽ ഒരു കലയെങ്കിലും പിന്നീട് അവശേഷിച്ചെന്നിരിക്കും. എന്നാൽ ചവിട്ടിത്താഴ്ത്തിയാൽ ഒരടയാളവും ബാക്കിനില്ക്കില്ല. നമ്മുടെ വീടകങ്ങളിൽ, സമൂഹത്തിൽ, ജോലി ചെയ്യുന്ന ഇടങ്ങളിൽ എല്ലാം ഇത്തരം ചവിട്ടിത്താഴ്ത്തപ്പെടുന്നവർ ഒരുപാടുണ്ടെന്ന് അറിയണം.
 
ഒരാളെ നമ്മൾ എന്തുകൊണ്ടാണ് ചവിട്ടിത്താഴ്ത്തുന്നത്? അയാൾ നമുക്ക് യോജിക്കാത്തതുകൊണ്ടുതന്നെ. വിയോജിപ്പുകൾ ആശയതലത്തിലും പ്രായോഗികതലത്തിലുമാവാം, പെരുമാറ്റം കൊണ്ടുമാവാം. ചിലപ്പോൾ നമ്മളിലെ തന്നെ വൈകല്യങ്ങൾ കൊണ്ടാവാം. നമ്മൾ തന്നെയാവാം പ്രതികളും.
 
തല കീഴായി മറിയുന്ന ഒരു കാലദർശനം മഹാബലിയിൽ ഉണ്ടെന്ന് തോന്നുന്നു. അസൂയയും ഭീതിയും സ്വാർത്ഥതയുമായിരുന്നു അദ്ദേഹത്തെ മരണത്തിന് ഏല്പിച്ചുകൊടുത്തത്. ചില നന്മകളെ വച്ചുപൊറുപ്പിക്കാൻ നമ്മുടെ സങ്കുചിത്വങ്ങൾക്ക് കഴിയില്ല തന്നെ. എന്നിട്ടും ചവിട്ടിത്താഴ്ത്തുന്നവരെക്കാൾ ചവിട്ടിത്താഴ്ത്തപ്പെടുന്നവർ അനശ്വരരാകുന്നത് എന്തുകൊണ്ട്?
 
നാളേയ്ക്കുവേണ്ടി ഇന്നലെ ആരോ കണ്ട സ്വപ്ന മാണ് ഓണം. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാളെ… അതെത്രയാണ് നമ്മെ തൃപ്തിപ്പെടുത്താത്തതായുള്ളത്?
 
ഉവ്വ്, അങ്ങനെയൊരു കാലം വരും… ഞാൻ തീർച്ചയായും വിശ്വസിക്കുന്നു… അന്ന് നമ്മൾ ഹൃദയത്തിൽ തട്ടി പുഞ്ചിരിക്കാൻ പഠിക്കും… ഓരോരുത്തരും അയൽക്കാരനോട് സത്യം മാത്രം പറയും… അന്ന് സ്വന്തം നന്മയെക്കാൾ മറ്റെയാളുടെ നന്മ എല്ലാവരും കാംക്ഷിക്കും… അന്ന് നമ്മുടെ പ്രണയം ശുദ്ധമാകും… നിന്റെ ആത്മാവിനെ ചുംബിക്കാൻ കഴിയുന്നില്ലല്ലോയെന്ന വേദനയിലാവാം  അന്ന് നമ്മുടെ ഓരോ ചുംബനവും. അന്ന് പ്രപഞ്ചം നമുക്ക് മീതെ പൂ ചൂടി നില്ക്കും. അങ്ങനെയൊരു ഓണത്തിനു വേണ്ടിയുള്ള കാത്തിരിപ്പോടെ…

 

 

More like this
Related

തിരുവോണത്തിന്റെ ദൈവശാസ്ത്രം

ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത നന്മകളുടെ നല്ല കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഓണം...
error: Content is protected !!