രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്ന എല്ലായിടങ്ങളിലും അവർ തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ കുടുംബജീവിതം പോലെയുള്ള ഉടമ്പടിയിൽ ഇക്കാര്യം പറയുകയും വേണ്ട. എങ്കിലും ചില കാര്യങ്ങളിലുള്ള ശ്രദ്ധയും കരുതലും വിവേകപൂർവ്വമായ ഇടപെടലും സംഘർഷങ്ങളെ മൂർദ്ധന്യാവസ്ഥയിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തും. ഇതാ അതിനുള്ള ചില നിർദ്ദേശങ്ങൾ.
ആശയവിനിമയം നടത്തുക, പരസ്പരം മനസ്സിലാക്കുക
പല ദമ്പതികളും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത് പരസ്പരം മിണ്ടാതിരിക്കുന്നതിലൂടെയാണ്. മറ്റേയാൾ ചെയ്തത് ഇഷ്ടമാകാത്തതോ ഏതെങ്കിലും വിഷയത്തിൽ ആഗ്രഹിക്കാത്ത വിധത്തിൽ പ്രതികരിച്ചതോ ഒക്കെയാവാം ഇതിനുള്ള കാരണങ്ങൾ. മിണ്ടാതിരിക്കുന്നത് നല്ല കാര്യമല്ല, ഒരിക്കലും. അതുകൊണ്ട് ആശയവിനിമയം നടത്തുക; മറ്റെയാൾ പറയുന്നത് ശ്രവിക്കുക; ശ്രദ്ധിക്കുക, പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുക. തിരക്കുപിടിച്ച ജീവിതത്തിൽ മിക്ക ദമ്പതികളും ഒഴിവാക്കുന്നതും പരസ്പരമുള്ള സംഭാഷണമാണ്.അവർക്ക് സമയമില്ലത്രെ! ഇത് നല്ല രീതിയല്ല. എത്ര തിരക്കുണ്ടെങ്കിലും സംസാരിക്കാനും ഇണയെ മുറിപ്പെടുത്താതെ വികാരങ്ങൾ പ്രകടിപ്പിക്കാനും തെറ്റിദ്ധാരണകൾ തിരുത്താനും സമയം കണ്ടെത്തണം.
ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് തോന്നുന്നുവെങ്കിൽ അതിനുള്ള ശ്രമങ്ങൾ ആത്മാർത്ഥമായി നടത്തുക. പരസ്പരം സംസാരിക്കുമ്പോഴായിരിക്കും ഇണ തന്നിൽ നിന്ന് ആഗ്രഹിക്കുന്നതോ തന്നിൽ നിന്ന് പ്രതീക്ഷിക്കാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ടാകുന്നത്. ഇതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങളുണ്ടാകാൻ ആത്മാർത്ഥമായും ശ്രമിക്കേണ്ടതാണ്.
ശീലങ്ങൾ മാറ്റിയെടുക്കുക
ചില ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ മേധാവിത്വം ഏറ്റെടുക്കാറുണ്ട്. ഒരുതരത്തിൽ അത് വ്യക്തിപരമായി നമുക്ക് സുരക്ഷിതത്വമോ സുഖമോ നല്കുന്നുമുണ്ടാവാം. പക്ഷേ അത് ഇണയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുടുംബജീവിതത്തിന്റെ നിലനില്പും ചോദ്യം ചെയ്‌തേക്കാം. അതുകൊണ്ട് അത്തരം ശീലങ്ങളിൽ നി്ന്ന് പുറത്തുകടക്കുക. ഉദാഹരണം മദ്യപാനം, അടുക്കും ചിട്ടയുമില്ലായ്മ, ശുചിത്വമില്ലായ്മ.
ഇണയുടെ പ്രവൃത്തികളിൽ താല്പര്യം പ്രകടിപ്പിക്കുക
ഇണയുടെ പ്രവൃത്തികളിൽ താല്പര്യം കാണിക്കുന്നതും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതും പരസ്പരമുള്ള ബന്ധം വളർത്താൻ ഏറെ സഹായകമാണ്. ഇണയിൽ നിന്ന് നല്ലൊരു വാക്ക് കിട്ടാത്തതിന്റെ പേരിൽ മനസ്സ് മുരടിച്ചുപോയ എത്രയോ ദമ്പതികളുള്ള ലോകമാണിത്. അത് അവർ തമ്മിലുള്ള അകൽച്ചയ്ക്ക് ദൂരം കൂട്ടുന്നുമുണ്ട്. അതുകൊണ്ട് ഇണ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കുക, അതിന് പിന്തുണയുമായി കൂടെ നില്ക്കുക.
സ്നേഹം പ്രകടിപ്പിക്കുക
സ്നേഹം ഉള്ളിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിക്കുന്നവരോ മറക്കുന്നവരോ ആണ് ചില ദമ്പതികളെങ്കിലും. എന്നാൽ സ്‌നേഹം പ്രവർത്തിച്ചുകാണിക്കേണ്ടവയാണ്. വാക്കുകളെക്കാൾ ശക്തമാണല്ലോ പ്രവൃത്തികൾ? ജോലിയിൽ പരസ്പരം സഹായിക്കുക, ഇടയ്ക്കിടെ ആലിംഗനം ചെയ്യുക, ചുംബിക്കുക, കൈവിരൽ കോർത്ത് ഇരുന്ന് ടി.വി കാണുക ഇവയൊക്കെ സ്നേഹം വർദ്ധിപ്പിക്കാനും അടുപ്പം കൂട്ടാനുമുള്ള എളുപ്പവഴികളാണ്. ഇണയിൽ താല്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന അടയാളങ്ങൾ കൂടിയാണ്ഇവ.
ഷീജ