വെളുപ്പ് ഒരിടത്ത് മാത്രമേ നാം ഇഷ്ടപ്പെടാതെ പോകുന്നുള്ളൂ; മുടിയിഴകളിൽ. മറ്റെല്ലായിടത്തും വെളുപ്പ് നിറത്തെ സ്നേഹിക്കുന്നവർ മുടിയിഴകളിൽ വെള്ളി വീഴുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ച മാതിരി പരിഭ്രാന്തരാകുന്നു. എത്ര തിടുക്കപ്പെട്ടാണ് വെള്ളിഴകൾ പിഴുതെടുക്കുന്നതും അടുത്തപടിയായി മുടി കറുപ്പിക്കുന്നതും. എല്ലായിടത്തും കറുപ്പിനെ ആട്ടിയോടിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവർ മുടിയിഴകളിലെ വെളുപ്പിനെ മാത്രം സ്വാഗതം ചെയ്യാത്തത് എന്തുകൊണ്ടാണ്? ചില ആത്മീയ മനുഷ്യരെ കണ്ടിട്ടുണ്ട് ഒരിക്കലും വെള്ളയാകില്ലെന്ന് വാശിയോടെ മുടിയെ എപ്പോഴും കറുപ്പിച്ച് നിർത്തുന്നവർ. അറുപതായിട്ടും മുടിയിഴകളെ വെള്ള വിഴുങ്ങിയിട്ടില്ലെന്ന് ഭാവത്തോടെയാണ് അവരുടെ നടത്തം. ആത്മീയർക്കു പോലും ജീവിതത്തിന്റെ സ്വാഭാവികമായ ഈ മാറ്റത്തെ അവരുടെ നിലവാരമനുസരിച്ച് സ്വീകരിക്കാൻ കഴിയാതെ പോകുന്നു എന്നത് അല്പം കടുത്തഭാഷയിൽ പറഞ്ഞാൽ നിന്ദ്യമാണ്. കറുത്ത ചെറുക്കനെ വെളുത്ത പെണ്ണിന്റെ കൂടെ കണ്ടാലും വെളുത്ത ചെറുക്കനെ ഒരിക്കലും കറുത്ത പെണ്ണിന്റെ കൂടെ കാണാൻ നാം ആഗ്രഹിക്കുന്നില്ല. അത് നമ്മെ സംബന്ധിച്ചിടത്തോളം അപലപനീയവും അപഹാസ്യവുമാണ്. അടുത്തയിടെ സോഷ്യൽ മീഡിയയിൽ അത്തരം ചില ഫോട്ടോകളും പ്രതികരണങ്ങളും മിക്കവരും കണ്ടിട്ടുണ്ടാകും. ജാതിയും മതവും വ്യത്യാസമില്ലാതെ കേരളസമൂഹം ചർച്ച ചെയ്ത സഭയുടെ ഭൂമി ഇടപാട് വിഷയത്തിലും ചിലരെയൊക്കെ നിറത്തിന്റെ പേരിൽ അപഹസിച്ചുകണ്ടു. പുരോഹിതരോടു പോലും നിറത്തിന്റെപേരിൽ വിശ്വാസികൾക്ക് ചില വേർതിരിവുകളുണ്ട് എന്നതാണ് സത്യം.
ആണിന്റെ കറുപ്പിന് ഭംഗി കാണുന്നവർക്ക് പോലും പെണ്ണിന്റെ കറുപ്പിനെ അംഗീകരിക്കാൻ കഴിയുന്നില്ല. വെളുത്ത കുട്ടികളാണ് ദമ്പതികളുടെ സ്വപ്‌നം. ഗർഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത് ഭാവിയിലെങ്കിലും തങ്ങളുടെ തലമുറ വെളുപ്പ് നിറത്താൽ അനുഗ്രഹിക്കപ്പെടണം എന്ന ആശകൊണ്ടല്ലേ? അച്ഛനും അമ്മയും വെളുത്തവരായിട്ടും താൻ മാത്രമെന്തേ ഇരുണ്ടുപോയി എന്ന് സങ്കടപ്പെടുന്ന, സംശയം ചോദിക്കുന്ന എത്രയോ കുട്ടികളുണ്ട്. ടി. പത്മനാഭന്റെ ഒരു കഥയുടെ പേരുതന്നെ കറുത്ത കുട്ടി എന്നാണ് ഓർമ്മ. കറുത്ത ജൂതൻ എന്നാണ് സലീംകുമാറിന്റെ സിനിമയുടെ പേര്.
ഒരു ഗ്രൂപ്പിൽ നില്ക്കുമ്പോഴാണെങ്കിലും കറുത്ത നിറമുള്ളവൻ അവഗണിക്കപ്പെടുകയും വെളുത്ത നിറമുള്ളവൻ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. സർക്കാർ ഓഫീസുകൾ മുതൽ മതസ്ഥാപനങ്ങൾ വരെ നോക്കൂ. അവിടേക്ക് കയറിച്ചെല്ലുന്ന വെളുത്ത നിറമുള്ളവന് കൂടുതൽ പരിഗണനയുണ്ട്. വെളുത്തനിറവും മാംസളമായ ശരീരവും സവർണ്ണതയുടെയും മേൽക്കോയ്മയുടെയും സൂചനയായിട്ടാണ് വിവക്ഷിച്ചുപോരുന്നത്. എന്നാൽ കറുത്ത നിറവും കൃശഗാത്രവും അവർണ്ണന്റെ അടയാളമാണ്.
തീർച്ചയായും കറുപ്പ് മുറിവേറ്റവന്റെ നിറമാണ്. അധഃസ്ഥിതരുടെയും അധകൃതരുടെയും നിറം. സിനിമ പോലെയുള്ള ജനപ്രിയ കലാരൂപങ്ങൾതന്നെ നോക്കൂ. അവിടെയെല്ലാം നായകന്റെ തോഴരായി വരുന്നവർ കറുത്തനിറക്കാരാണ്. നായകന്റെ അടിയും ഇടിയും നിന്ദയും ഏല്ക്കാൻ വിധിക്കപ്പെടുന്നവർ. മാള അരവിന്ദൻ മുതൽ കലാഭവൻ ഷാജോൺ വരെയുള്ള സിനിമാക്കാരുടെ ചരിത്രം ഇതാണ് പറഞ്ഞുതരുന്നത്. അച്ചൻകുഞ്ഞും പിജെ ആന്റണിയും ശ്രീനിവാസനും പോലെയുള്ള ചില ഒറ്റപ്പെട്ട ഉദാഹരണങ്ങൾ മാത്രമേ അപവാദമായിട്ടുള്ളൂ. കറുത്തവൻ വിജയിക്കുന്ന ചിത്രങ്ങളും വളരെ കുറവാണ്.
തൊലി വെളുത്ത നായികമാർക്കല്ലാതെ പ്രേക്ഷകർ സ്വീകാര്യത നല്കാറുമില്ല. എൺപതു കാലഘട്ടത്തിൽ ഉണ്ടായിരുന്ന സൂര്യ എന്ന പേരുള്ള ഒരു നടിയെ ഓർത്തുപോകുന്നു. അന്നത്തെ കാലഘട്ടത്തിൽ ഭരതനെപോലെയുള്ള സംവിധായകരുടെ ചിത്രങ്ങളിൽ നായികയായി എന്നതിനപ്പുറം വെളുത്ത സുന്ദരിമാരുടെയത്ര ആഴത്തിൽ പ്രേക്ഷക പ്രീതി നേടാൻ ആ നടിക്ക് കഴിയാതെ പോയി. കറുപ്പു നിറമുള്ളവരെ അതിൽ നിന്ന് മോചിപ്പിച്ചെടുക്കുക എന്നതാണ് ഇന്ന് മാർക്കറ്റിൽ നിലവിലുള്ള എല്ലാത്തരം സൗന്ദര്യവർദ്ധകവസ്തുക്കളുടെയും പ്രധാനലക്ഷ്യം. കറുപ്പ് മോശമാണെന്നും അത് നിന്നെ മറ്റുള്ളവരിൽ നിന്ന് അകറ്റും എന്നുമെല്ലാമുള്ള പരസ്യചിത്രീകരണങ്ങൾ എത്രയോ നിഷേധാത്മകമായിട്ടാണ് ഒരാളുടെ മാനസിക നിലയെ ബാധിക്കുകയെന്നോ?
കറുപ്പിനെ അതിന്റെ അപകർഷതയിൽ നിന്ന് മോചിപ്പിച്ചെടുക്കുക മാത്രമാണ് വരും തലമുറയോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തി. സ്വാഭാവികമായ പ്രതിഭാസം മാത്രമാണ് കറുപ്പ് എന്നും അതോർത്ത് തല കുനിച്ചു നടക്കേണ്ടവരല്ല നിങ്ങളെന്നും കറുപ്പിന്റെ പേരിൽ മനം കലങ്ങികഴിയുന്നവരോട് പറഞ്ഞുകൊടുക്കാൻ നമുക്ക് കഴിയണം. വെളുത്ത ശരീരത്തിൽ കറുത്ത മനസ്സും കറുത്ത ചിന്തകളുമായി നടക്കുന്നവരുടെ ലോകത്ത് ഉടൽ കറുത്തതാണെങ്കിലും മനം വെളുത്തവരായി പ്രകാശം വിതറിക്കൊണ്ട് കടന്നുപോകുന്നവരായി മാറാനാണ് നാം ശ്രമിക്കേണ്ടത്. അപ്പോൾ മാത്രമേ കറുപ്പ് മുറിവേറ്റവന്റെ നിറമാകാതെ അതിജീവിക്കുന്നവന്റെ അടയാളപ്പെടുത്തലായി മാറുകയുള്ളൂ.