ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത നന്മകളുടെ നല്ല കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഓണം ഓടിയെത്തുന്നു. മഹാബലിതമ്പുരാനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓർമ്മകളും കേരളസംസ്‌ക്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു ജനതയുടെ ജീവിതരീതികളും ദർശനങ്ങളുമാണ് സംസ്‌ക്കാരം എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഈ ദർശനങ്ങളും ജീവിതരീതികളും പല ഘടകങ്ങളുടെയും മിശ്രിതമാണ്. മൂല്യങ്ങളും, ആചാരങ്ങളും, അടയാളങ്ങളും, പ്രതീകങ്ങളും, പാരമ്പര്യങ്ങളും കലാരൂപങ്ങളും, ഐതീഹ്യങ്ങളുമെല്ലാം സംസ്‌ക്കാരത്തിന്റെ ഭാഗങ്ങളാണ്. മലയാളി മനസ്സിന്റെ ദർശനങ്ങളുടെ ഒരു പ്രതിഫനമാണ് ഓണവും ഓണത്തെക്കുറിച്ചുള്ള ഐതീഹ്യങ്ങളും.
ഓണം കഴിഞ്ഞ കാലമല്ലേ. അത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ്. ഗതകാലത്തേക്കാൾ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുടെ നേർക്കാഴ്ചയാണ് തിരുവോണം. തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന ത്യാഗവിസ്മയമാണ് മഹാബലിതമ്പുരാൻ. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാമൊന്നുപോലെ വർത്തിക്കുന്ന കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ ഒരു നല്ല നാളയെക്കുറിച്ചുള്ള സ്വപ്നത്തിന്റെ അടിസ്ഥാനവുമാണ്.
നന്മയെ സ്വപ്നം കാണുന്നവരാണ് മനുഷ്യരെല്ലാവരും. ഇന്നിന്റെ കഷ്ടപ്പാടുകൾക്കും വേദനകൾക്കും ഒരറുതിവരുമെന്ന് എല്ലാ മനുഷ്യരും പ്രതീക്ഷിക്കുന്നു. ഫ്രഞ്ചുവിപ്ലവത്തിൽ മുഴങ്ങിക്കേട്ട ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളും ഒരു ജനതയുടെ പ്രതീക്ഷയുടെ പ്രതിധ്വനികളായിരുന്നു. നേടാനുള്ളത് പുതിയൊരു രാജ്യം എന്ന മാർക്‌സിയൻ ദർശനവും ഓണദർശനത്തിന്റെ തുടർച്ചയാണ്. പുതിയ രാജ്യത്തെക്കുറിച്ചുള്ള മാർക്‌സിയൻ ദർശനത്തിന്റെ അടിവേരുകൾ ബൈബിളിലെ ദൈവരാജ്യപ്രതീക്ഷകളാണ്. അതിന്റെ ഭൗതികവ്യാഖ്യാനമാണ് മാർക്‌സിൽ കാണുന്നത്. എല്ലാ ജനങ്ങളിലും നിലനിൽക്കുന്ന പ്രത്യാശയുടെ പ്രതിഫലനങ്ങളാണ് ദൈവരാജ്യവും ഓണവും.
ഓണസങ്കൽപങ്ങളുടെ തനിരൂപങ്ങൾ വേദപുസ്തകത്തിലും പ്രകടമാണ്. അനീതിയും അക്രമവും നടമാടുന്ന ഇന്നിന്റെ പ്രത്യേകതകൾ ഏശയ്യാ പ്രവാചകൻ ഓർമ്മപ്പെടുത്തുന്നു. ”തിന്മ നിറഞ്ഞ രാജ്യം. അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കർമ്മികളുടെ സന്തതി, ദുർമാർഗ്ഗികളായ മക്കൾ! ഇവർ കർത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവർ എന്നിൽ നിന്നും തീർത്തും അകന്നുപോയി” (ഏശയ്യ 1:4)
അക്രമവും അനീതിയുമില്ലാത്ത ഓണക്കാലത്തെ ഏശയ്യാപ്രവാചകൻ പ്രവചിക്കുന്നു. ”കർത്താവ് അരുൾചെയ്യുന്നു. ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും; സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധ നഗരിയിൽ ഒരിടത്തും അവ ഉപദ്രവമോ, നാശമോ ചെയ്യുകയില്ല” (ഏശയ്യ 65:25)
പുതിയ ഉടമ്പടിയെക്കുറിച്ച് ജെറമിയ ഓർമ്മപ്പെടുത്തുന്നു: ”ക്ഷീണിതരെ ഞാൻ ശക്തിപ്പെടുത്തും, ദുഃഖിതരെ ഞാൻ ആശ്വസിപ്പിക്കും (ജെറമിയാ 31:25). കണ്ണീരില്ലാത്ത ദൈവരാജ്യത്തെക്കുറിച്ച് വെളിപാട് ഗ്രന്ഥകർത്താവ് വിവരിക്കുന്നു. ”പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി….അവിടുന്ന് അവരുടെ മിഴികളിൽ നിന്ന് കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടാവുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി (വെളിപാട് 21:1-4)
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ വത്സരത്തെക്കുറിച്ച് യേശു സാക്ഷ്യപ്പെടുത്തുന്നു. ”ബന്ധിതർക്കു മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്ക 4:18-19).
രക്ഷകനെ പ്രതീക്ഷയോടെ പാർത്തിരുന്ന ഇസ്രായേൽ സൂഹം ദൈവത്തിന്റെ ശക്തിയിൽ വിശ്വാസമർപ്പിച്ചവരാണ്. അവരുടെ ആശകൾ സഫലമാകുമെന്ന പ്രവാചകവചസ്സുകൾ ആശ്വാസദായകമാണ്. അത് പൂർത്തിയായിരിക്കുന്നു എന്നു പ്രഘോഷിച്ച യേശുവിനെ ജനക്കൂട്ടം വിസ്മയത്തോടെ നോക്കിനിന്നു. അവന്റെ ദ്വിതിയാഗമനത്തെ ക്രൈസ്തവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ മനുഷ്യരെ കർമ്മനിരതരും ഉത്തരവാദിത്വമുള്ളവരുമാക്കുന്നു . അവൻ വീണ്ടും വരും എന്നതുകൊണ്ടുതന്നെ ജാഗ്രതയോടെ വർത്തിക്കാൻ മനുഷ്യൻ നിർബന്ധിതനാകുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് വർത്തമാനജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്.
മഹാബലി തന്റെ പ്രജകളെ സന്ദർശിക്കുവാൻ അണയും എന്നതുകൊണ്ട് ഒരുങ്ങുന്ന ജനസമൂഹം ക്രൈസ്തവ വിശ്വാസസമൂഹത്തിന്റെ അതേ പാതയിൽത്തന്നെ. മഹാബലിക്കു വീണ്ടും വരാൻ അവസരമുണ്ടായത് പാതാളത്തോളം ചവിട്ടിത്താഴ്ത്തപ്പെട്ടതുകൊണ് ടാണ്. ക്രിസ്തുവും മഹത്വത്തിലേക്കാഗതനായത് പാതാളത്തോളം താഴ്ന്നതുകൊണ്ടുതന്നെ.
ക്രൈസ്തവ യുഗാന്ത്യദർശനവും ഓണദർശനവും തമ്മിൽ ഏറെ സാമ്യങ്ങളുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓർമ്മയാണ് ഓണമെങ്കിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ക്രൈസ്തവവിശ്വാസം വളരുന്നത്. ഈ പ്രതീക്ഷയുടെ അടിസ്ഥാനം ചരിത്രത്തിൽ സംഭവിച്ച മനുഷ്യാവതാരവും പീഢാനുഭവവും ഉയിർപ്പുമാണ്. രണ്ടും മഹാബലിയുടെ, അതായത് മഹാത്യാഗത്തിന്റെ ശക്തിപ്രകടമാണ്. വാക്കു പാലിക്കുവാൻ ത്യാഗത്തിന്റെ അങ്ങേയറ്റം വരെ പോകുന്ന വിസ്മയങ്ങൾ. ”ലോകാവസാനം വരെ കൂടെയുണ്ടാകുമെന്ന” വാക്കു പാലിക്കുവാൻ മരണത്തോളം താഴ്ത്തപ്പെട്ടവൻ. അപ്പത്തോളം ചെറുതായവൻ. മഹാബലി ആണ്ടുവട്ടത്തിൽ ഒരിക്കൽ മാത്രം പ്രജകളെ സന്ദർശിക്കുമ്പോൾ യേശു തമ്പുരാൻ എന്നും മനുഷ്യരെ സന്ദർശിക്കുന്നു.
ക്രൈസ്തവ പ്രത്യാശയുടെ പ്രതിഫലനമാണ് ഓണം. ഓണത്തിന്റെ ക്രൈസ്തവ വ്യാഖ്യാനമാണ് യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രത്യാശ. അനീതിയും അക്രമവും ചതിയുമില്ലാത്ത ഒരു രാജ്യം ഏവരുടേയും സ്വപ്നം. അത് സാക്ഷാത്ക്കരിക്കുവാൻ മഹാബലിയായി മനുഷ്യർ മാറേണ്ടിയിരിക്കുന്നു.
ഓണവും ദൈവരാജ്യവും
ക്രൈസ്തവജീവിതത്തിന്റെ സമഗ്രദർശനമാണ് യേശു പ്രഘോഷിച്ച ദൈവരാജ്യസന്ദേശം. യേശു തന്റെ പരസ്യപ്രഘോഷണമാരംഭിക്കുന്നത് ദൈവരാജ്യം സമാഗതമായി എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. ”സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” (മർക്കോസ്. 1 : 15). യേശുവിന്റെ ഉപമകളും, അത്ഭുതങ്ങളും ഇടപെടലുകളുമെല്ലാം ദൈവരാജ്യത്തിന്റെ അനുഭവങ്ങളായിരുന്നു.
വിതച്ചവൻ പോലുമറിയാതെ വളരുന്നതാണ് ദൈവരാജ്യം (മർക്കോസ് 4:27). ചെറിയ കടുകുമണിയെ വളർത്തി, പക്ഷികൾക്കു ചേക്കേറാനിടം കൊടുക്കുവാൻ മാത്രം വലുപ്പമുള്ളതാക്കിത്തീർക്കുന്ന ദൈവത്തിന്റെ ഇടപെടലാണ് ദൈവരാജ്യം (മർക്കോസ് 4:30-32). വിത്തിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ പുറത്തുകൊണ്ടുവരുന്ന ദൈവത്തിന്റെ പ്രവർത്തനമാണത്. എല്ലാവർക്കും വളരാനും വികസിക്കുവാനും ഇടം കൊടുക്കുന്ന യേശുവിന്റെ ദൈവരാജ്യദർശനമാണ് ഉപമകളിലൂടെ ഇതൾ വിരിയുന്നത്. നഷ്ടപ്പെട്ടതിനെ വീണ്ടും കണ്ടെത്തുന്ന ദൈവരാജ്യം പ്രതീക്ഷയുടെ ഉത്സവമാണ് (ലൂക്ക 15).
മുടന്തനും, കുരുടനും, കുഷ്ഠരോഗിക്കും, തളർവാതക്കാരനും, രക്തസ്രാവക്കാരിക്കും, പിശാചുബാധിതനും, സൗഖ്യം നൽകിക്കൊണ്ടും മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ടും, ജീവന്റെ അനുഭവമായ ദൈവരാജ്യം വളരുന്നു. ജീവനെ നശിപ്പിക്കുന്ന തിന്മകൾക്കെതിരെ നിലകൊള്ളുന്ന, ജീവന്റെ സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കുന്ന ദൈവരാജ്യാനുഭവം എല്ലാവരുടെയും ആഗ്രഹമാണ്. മരണമില്ലാത്ത, രോഗമില്ലാത്ത നിത്യജീവന്റെ നിറവാണ് യേശുവിന്റെ ദൈവരാജ്യം.
പാപികളോടും, ദരിദ്രരോടും, ധനികരോടുമൊത്ത് ഭക്ഷണമേശയിൽ സൗഹൃദം പങ്കിട്ട് സമത്വത്തിന്റെയും നീതിയുടെയും അനുഭവമാണ് ദൈവരാജ്യമെന്ന് യേശു ബോദ്ധ്യപ്പെടുത്തുന്നു. നീതി നിഷേധിക്കപ്പെട്ട് പുറത്താക്കപ്പെട്ട വിജാതിയരോടും, പാപികളോടും, ചുങ്കക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊ പ്പം യേശു ഭക്ഷിച്ചപ്പോൾ അവർക്ക് അത് പുതിയ അനുഭവമായി. അവരെ പുറത്തുനിർത്തുന്നതാണ് നീതി എന്നു തെറ്റിദ്ധരിച്ച ഫരിസേയർക്ക് അത് പുതിയ തിരിച്ചറിവായി. ആരേയും ഒഴിവാക്കാത്ത, എല്ലാവർക്കും തുല്യത കൽപ്പിക്കുന്ന ദൈവരാജ്യമാണ് യേശുവിൽ ജനം അനുഭവിച്ചറിഞ്ഞത്.
ദരിദ്രരേയും, ശിശുക്കളേയും, സ്ത്രീകളേയും പാർശ്വവൽക്കരിക്കപ്പെട്ടിരുന് നവരേയും പ്രത്യേക സ്‌നേഹത്തിലൂടെ ചേർത്തുപിടിച്ച ക്രിസ്തു മൂല്യത്തിന്റെ ഒരു പുതിയ ശ്രേണി തീർക്കുകയായിരുന്നു. ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനുമായ ദരിദ്രരെ അവഗണിക്കുന്ന, രോഗികളേയും കഴിവില്ലാത്തവരെയും ഉപയോഗശൂന്യരായി പുറത്താക്കുന്ന ഒരു സമൂഹത്തിൻമുമ്പിൽ ആവർ ഭാഗ്യവാന്മാരും, വലിയവരും വിലയുള്ളവരുമാണ് എന്ന് പ്രഖ്യാപിച്ച യേശു പുതിയ മൂല്യബോധ്യം നൽകുന്നു. പണവും കാര്യക്ഷമതയും മനുഷ്യന്റെ വില നിർണ്ണയിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനാണ് ദൈവരാജ്യത്തിന്റെ മൂല്യമെന്ന് യേശു വ്യക്തമാക്കുന്നു. ദൈവത്തിന്റെ സാദൃശ്യവും ഛായയുമാണ് ഒരാളെ മൂല്യമുള്ളതാക്കുന്നത്. ബാഹ്യസൗന്ദര്യമോ, ആരോഗ്യമോ, അല്ല ദൈവരാജ്യത്തിൽ മൂല്യം നിർണ്ണയിക്കുന്നത്. വൃദ്ധർക്കും, രോഗികൾക്കും, വ്യത്യസ്ത കഴിവുകൾ ഉള്ളവർക്കും (റശളളലൃലിഹ്യേ മയഹലറ) ദൈവരാജ്യത്തിലിടമുണ്ട് എന്നത് സമത്വത്തിന്റെ പൂർണ്ണതയല്ലേ?
റോമ 14:17ൽ ദൈവരാജ്യത്തെ സെന്റ് പോൾ നിർവ്വചിക്കുന്നു: ”ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും, സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.” നേരായ ബന്ധങ്ങളാണ് നീതി യാഥാർത്ഥ്യമാക്കുന്നത്. എന്നോടും, മറ്റുള്ളവരോടും, പ്രപഞ്ചത്തോടും ദൈവത്തോടും ശരിയായ രീതിയിൽ ബന്ധപ്പെടുന്നതാണ് നീതി. അവിടെ ഓരോന്നിനും ഓരോരുത്തർക്കും അർഹമായ സ്ഥാനം ലഭിക്കുന്നു. നീതിയുടെ പരിണിതഫലമാണ് സമാധാനം. തകർന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കുമ്പോൾ സമാധാനം സംജാതമാകുന്നു. സന്തോഷമെന്നത് ജീവന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണ്. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളിലും അഭിഷേകമാവശ്യമാണ്. ദൈവചൈതന്യം നിറഞ്ഞ വ്യക്തികൾ രോഗത്തിൽ നിരാശപ്പെടുന്നില്ല. സഹനങ്ങളിൽ തകരില്ല. അവിടെയും പ്രതീക്ഷയുടെ സ്പന്ദനങ്ങൾ സൃഷ്ടിക്കുവാൻ അവർക്കു കഴിയുന്നു.
എല്ലാവരേയും ഉൾക്കൊള്ളുന്ന, നിക്ഷിപ്തമായിരിക്കുന്ന സിദ്ധികളും സാദ്ധ്യതകളും വളർത്താൻ പര്യാപ്തമാക്കുന്ന, ജീവന്റെ നിറവു നൽകുന്ന, നീതിയുടെ അനുഭവം പകരുന്ന, മനുഷ്യന്റെ മൂല്യം പരിഗണിക്കുന്ന ദൈവരാജ്യംതന്നെയാണ് ഓണത്തിലും നാം പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കേണ്ടതും.
ഉപാധികളില്ലാതെ മനുഷ്യരെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ സ്‌നേഹമാണ് ദൈവരാജ്യം. ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന ദൈവസ്‌നേഹത്തിന്റെ പൂർത്തികരണമാണ് ക്രിസ്തുവിന്റെ ബലി. ആ സ്‌നേഹം അവസാനിക്കുന്നില്ല, പരാജയപ്പെടുന്നുമില്ല. അതാണ് ഉയിർപ്പിന്റെ സത്യം. ഓണവിശേഷങ്ങളിലും നിറഞ്ഞുനിൽക്കുന്നത് ദൈവരാജ്യമാണ്.
സ്‌നേഹത്തിന്റെ പൂർത്തിയ്ക്കായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടവൻ. ഇവിടെയും സ്‌നേഹം തോൽക്കുന്നില്ല. പ്രജകളെ സന്ദർശിക്കുവാൻ വീണ്ടും അവസരം ലഭിക്കുന്ന മഹാബലി. ദൈവരാജ്യസംസ്ഥാപനത്തിനുവേണ്ടി സ്വയം ബലിയായിത്തീർന്ന്, മഹത്വത്തിലേക്ക് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെയും അവൻ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെയും അവന്റെ ദ്വതിയാഗമനത്തിന്റേറയും ചിന്തകളാണ് ഓണം ക്രൈസ്തവമനസ്സുകളിൽ ഉണർത്തുന്നത്. ദൈവരാജ്യത്തിന്റെ മൂല്യങ്ങളായ സ്‌നേഹം, സാഹോദര്യം, നീതി, സമാധാനം എന്നിവയ്ക്കുവേണ്ടി പ്രചോദിപ്പിക്കുന്നു. മഹാത്യാഗമായ ക്രിസ്തു എന്നു വരുന്നു എന്നതല്ല വിശ്വാസിയുടെ വിഷയം. ഇന്നത്തെ ലോകത്തെ ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ നിറച്ച് നവീകരിക്കുക എന്നതാണ്. ഓണപ്രതീക്ഷകൾ സഫലമാക്കുവാൻ വിശ്വാസി ചെയ്യേണ്ടത് ദൈവരാജ്യത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുക എന്നതാണ്.