വന്ന വഴി മറക്കാത്തവർ

Date:

spot_img

എന്റെ അച്ഛൻ ഒരു ടൈൽ തൊഴിലാളിയാണ്. ഈ വാക്കുകൾ നടി ഗ്രെയ്സ് ആന്റണിയുടേതാണ്. ഗ്രേസ് ആന്റണി എന്ന് പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ഭാര്യയും ബേബി മോളുടെ ചേച്ചിയും എന്ന് പറയുമ്പോൾ പെട്ടെന്ന് ആളെ പിടികിട്ടും. ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു അഭിമുഖത്തിൽ ഗ്രേസ് ആന്റണിയുടെ ഈ വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള മറ്റൊരു തുറന്നുപറച്ചിൽ നടത്തിയത് മെറീന മൈക്കിൾ എന്ന നടിയാണ്. അമ്മ തയ്യൽക്കാരിയാണെന്നും തനിക്ക് റോൾ കുറഞ്ഞാൽ അമ്മയ്ക്ക് വീണ്ടും പഴയജോലിയിലേക്ക് മടങ്ങേണ്ടിവരുമെന്നുമായിരുന്നു മെറീന പഴയൊരു അഭിമുഖത്തിൽ പറഞ്ഞത്. മോഡലിംങിലൂടെ സിനിമയിലേക്ക് വന്ന മെറീന എബി, വികൃതി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്.

താൻ പെയ്ന്റിംങ് തൊഴിലാളിയായിരുന്നുവെന്നാണ് കുമ്പളങ്ങി നൈറ്റ്സിൽ ഷെയ്ൻ നീഗത്തിന്റെ കൂട്ടുകാരൻ വേഷം ചെയ്ത സൂരജ് വെളിപെടുത്തിയത്. വലിയ കെട്ടിടങ്ങളുടെ ജോലി നടക്കുമ്പോൾ കയറിൽ തൂങ്ങിനിന്ന് പെയ്ന്റ് ചെയ്തിരുന്നതിന്റെ ഓർമ്മകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബാസ്റ്റിൻ സെബാസ്റ്റ്യൻ എന്ന നടനെ കൂടുതലാളുകളും അറിഞ്ഞത് അടുത്തയിടെ അനിൽരാധാകൃഷ്ണമേനോനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെതുടർന്നാണ്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ബാസ്റ്റിൻ അടിസ്ഥാനപരമായി ടൈൽ തൊഴിലാളിയാണ്. വളരെ പിന്നാക്കമായ ജീവിതാവസ്ഥയിൽ നിന്നാണ് അദ്ദേഹം കടന്നുവന്നിരിക്കുന്നത്. സിനിമ ഇല്ലാതായാലും അമ്മയെ പോറ്റാൻ താൻ പഴയ ജോലിയിലേക്ക് മടങ്ങാൻ താൻ തയ്യാറാണെന്നും ബാസ്റ്റിൻ തുറന്നുപറഞ്ഞിട്ടുണ്ട്.

ചെളിയിൽ ചവിട്ടാതെ നടക്കാൻ കഴിയുന്ന ഒരു വീടാണ് അമ്മയ്ക്കുവേണ്ടിയുള്ള സ്വപ്നമെന്നും. മേൽപ്പറഞ്ഞവരാരും വളരെ ഉയരത്തിലെത്തിയവരോ അതിപ്രശസ്തരോ ഒന്നുമല്ല. അതുകൊണ്ടാണ് അവരുടെ തുറന്നുപറച്ചിൽ അവരുടെ ആത്മാർത്ഥതയുടെ പേരിൽ ശ്രദ്ധേയമായി തോന്നിയത്. സെലിബ്രിറ്റികൾ തങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടം എത്തിക്കഴിയുമ്പോൾ പിന്നിട്ടുവന്ന ജീവിതത്തെക്കുറിച്ച് പറഞ്ഞെന്നുവരാം. അവിടെ അവർക്ക് നഷ്ടപ്പെടാനൊന്നുമില്ല. മറിച്ച് ആളുകളുടെ കൈയടികൾ കിട്ടുകയും ചെയ്യാം. പക്ഷേ ഇവിടെ പരാമർശിച്ചവരെല്ലാവരും സ്ട്രഗിൾ ചെയ്ത് നിലനില്ക്കുന്നവരാണ്.
സാധാരണയായി പ്രശസ്തിയിലേക്കുയർന്നുപോകുന്ന ഒരു താരം തന്റെ ജീവിതത്തിലെ കറുപ്പും വെളുപ്പും വെളിപ്പെടുത്താൻ തയ്യാറാവുകയില്ല. പ്രത്യേകിച്ച് സിനിമ പോലെയുള്ള വളരെ ഗ്ലാമറസായ ഒരു ലോകത്തിലെ ഒരു വ്യക്തി. കാരണം ഇല്ലായ്മകളെ സമർത്ഥമായി മറച്ചുവച്ചും കൂടുതൽ ഭാവിച്ചുമാണ് അവർ മുന്നോട്ടുപോകുന്നത്. ഇല്ലാത്തതിനെ ഉള്ളതുപോലെ ഭാവിക്കുന്നവരാണ് പലരും.

അതിനിടയിലാണ് ഗ്രേസും മെറീനയും പോലെയുള്ള നടീനടന്മാർ തങ്ങൾ പിന്നിട്ടു വന്ന ജീവിതത്തെക്കുറിച്ച് മറകൂടാതെ പറഞ്ഞത്. വേണമെങ്കിൽ അത്തരം പരാമർശം ഒഴിവാക്കി കടന്നുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ ഇവർക്ക് പക്ഷേ തങ്ങളുടെ ജീവിതം എന്താണോ അതേ രീതിയിൽ തുറന്നുപറയാൻ അവരൊക്കെ തയ്യാറായി. ഈ മനോഭാവങ്ങൾ നന്ദിയും നന്മയും നിറഞ്ഞ മനസ്സുകളുടെ ഉടമകളാണ് ഇവരെന്ന് വ്യക്തമാക്കുന്നില്ലേ. ഈ ലോകത്ത് എത്രയോ പേരാണ് തങ്ങൾ നടന്നുവന്ന വഴികൾ വിസ്മരിച്ചുജീവിക്കുന്നത്. കൈവന്ന സൗഭാഗ്യങ്ങൾക്കിടയിൽ ജീവിതത്തിലെ കയ്പും കണ്ണീരും മനപ്പൂർവ്വം വിസ്മരിച്ചുകളയുന്നത്. സുഗതകുമാരിയുടെ കവിതയിലെ ഒരു ആശയം കടമെടുത്തുപറഞ്ഞാൽ, നടന്നുവന്ന വഴിയിലെ തണലിനോടും വെയിലിനോടും ഒരുപോലെ നന്ദിയുള്ളവരാണിവർ. തങ്ങളുടെ ജീവിതത്തെ കെട്ടുകാഴ്ചകളായി മാറ്റാതിരിക്കാൻ തുടർന്നും ഇവർക്ക് കഴിയട്ടെ. ഈ നന്മ തുടർന്നുള്ള വഴികളിലും ഇവർക്ക്സുഗന്ധമായി മാറട്ടെ.

More like this
Related

കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക്.. ഒരു ക്യാമറാമാൻ കൂടി…

കോട്ടയം ജില്ലയിൽ മലയോരഗ്രാമമായ ഈരാറ്റുപേട്ടയോട് ചേർന്ന് മാളികയിലാണ് ഷിനൂബ് ചാക്കോയെന്ന യുവഛായാഗ്രാഹകന്റെ...

പ്രഭാസിന്റെ സാഹോ ഓഗസ്റ്റ് 30 ലേക്ക് നീട്ടി, കാരണം അറിയണ്ടെ?

ബാഹുബലിയിലൂടെ ലോകപ്രശസ്തനായ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റീലീസ് ഓഗസ്റ്റ് 30...

അജു വര്‍ഗീസിന്റെ നായക വേഷം കമല

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ...

അനുശ്രീയാണ് താരം

ഡയമണ്ട് നെക് ലേസ് കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അനുശ്രീ എന്ന നടിയോടുള്ള...
error: Content is protected !!