പെരുവണ്ണാമൂഴിയുടെ ശബ്ദം

Date:

spot_img

നിശ്ശബ്ദതയുടെ ശബ്ദം എന്തായിരിക്കും? കുഴപ്പിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരമാണ് വോക്കിംങ് വിത്ത് ദ വിൻഡ് (walking with the wind) എന്ന ലഡാക്കി ചിത്രം. കൂൺലൂൻ മലനിരകൾക്കും ഹിമാലയ പർവതനിരകൾക്കും ഇടയിലുള്ള ലഡാക്കിന്റെയും അവിടെയുള്ള നിഷ്‌ക്കളങ്കരായ ഗ്രാമീണരുടെയും ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമായിരുന്നു ഈ ചിത്രം.

ലഡാക്കിലെ നിശ്ശബ്ദതയുടെ സൗന്ദര്യവും ശബ്ദവും സിനിമയ്ക്ക് വേണ്ടി ഒപ്പിയെടുത്തത് സനൽ ജോർജ് എന്ന സൗണ്ട് ഡിസൈനറായിരുന്നു. ആ ഉദ്യമങ്ങൾക്കും ക്രിയാത്മകതയ്ക്കുമുള്ള അംഗീകാരവും ആദരവുമായിരുന്നു  2018ലെ  ഏറ്റവും മികച്ച  സൗണ്ട് ഡിസൈനറിനുള്ള അവാർഡ് സനലിനെ തേടിയെത്തിയത്. ദേശീയചലച്ചിത്രപുരസ്‌ക്കാരങ്ങളിൽ മലയാളത്തിളക്കവുമായി  പ്രത്യക്ഷപ്പെട്ടവരെ നാം കൊണ്ടാടിയപ്പോഴും അവിടെയൊന്നും ഇടം പിടിക്കാതെ പോയി കോഴിക്കോടുകാരനായിരുന്നിട്ടും സനൽ ജോർജ്. ”അത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. കാരണം മലയാളം ഫിലിം ഇൻഡസ്ട്രിക്കോ  മലയാളത്തിലെ മാധ്യമങ്ങൾക്കോ ഞാൻ പരിചിതനല്ല. വർഷങ്ങളായി ഞാൻ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്,’‘ സനൽ പറയുന്നു.

വോക്കിംങ് വിത്ത് ദി വിൻഡ്

മുകളിൽ സൂചിപ്പിച്ചതുപോലെ ലഡാക്കി സിനിമയായ വോക്കിംങ് വിത്ത് ദി വിൻഡ് ആണ് സനലിനെ ദേശീയ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.  പ്രവീൺ മോർച്ച്‌ഹെലെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു സ്‌കൂളിലെ കസേര  തകരുന്നതുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്. കസേര ഇതിൽ ഒരു പ്രതീകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായ ഉജ്ജ്വൽ ചന്ദ്രയുമായുള്ള സൗഹൃദമാണ് സനലിനെ ഈ ചിത്രത്തിലേക്കുള്ള അവസരം തുറന്നത്.

ലഡാക്കിലെ വിശേഷങ്ങൾ

ജമ്മു കാശ്മീരിലെ ലേ, കാർഗിൽ ജില്ലകൾ ഉൾക്കൊള്ളുന്ന മനോഹരമായ പ്രദേശമാണ് ലഡാക്ക്.  പതിമൂവായിരം അടി ഉയരത്തിലാണ് ഈ ഗ്രാമം. മുന്നൂറു പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിനു പുറം ലോകവുമായി യാതൊരുവിധ ബന്ധങ്ങളും ഇല്ല. സാറ്റലൈറ്റ് ഫോൺ ആകെയുള്ളത് ഒരു വീട്ടിൽ മാത്രം.  ലഡാക്കിലെ  യങ്താങ്  ഗ്രാമത്തിൽ വച്ചായിരുന്നു ഷൂട്ടിംങ്.  ടെന്റ് കെട്ടിയായിരുന്നു  താമസം. രാവിലെ ആറു മണിക്ക് തുടങ്ങുന്ന ഷൂട്ടിംങ് പതിനൊന്ന് മണിയോടെ നിർത്തിവെക്കും. പിന്നെ  ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അത് പുനരാരംഭിക്കും. അതാവട്ടെ ആറുമണിയോടെ പായ്ക്കപ്പാകും. ഓക്‌സിജൻ വെറും നാല്പത് ശതമാനം മാത്രം. തണുപ്പിൽ പലപ്പോഴും  മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിച്ചിട്ടുണ്ട്.

ഇങ്ങനെ വളരെ പ്രതികൂലമായ അവസ്ഥയിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടായിരുന്നു ലഡാക്കിലെ ഷൂട്ടിംങ്. ലഡാക്കിൽ ഇതിന് മുമ്പ് ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തിനായി വന്നിട്ടുള്ള പരിചയം സനലിനുണ്ടായിരുന്നു.  രാത്രിയിൽ മൈനസ് 25 ആണ് തണുപ്പ്. അന്നേ ലഡാക്ക് ഒരു വികാരമായും അനുഭൂതിയായും ഉള്ളിൽ കയറിക്കൂടിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാമതൊരു വിളി ലഡാക്കിലേക്ക് വന്നപ്പോൾ ഒട്ടും മടിച്ചതുമില്ല. ആദ്യചിത്രത്തിന്റെ ഷൂട്ടിങ്  ഒരു  മഞ്ഞുകാലത്തായിരുന്നു . അതിന് വിരുദ്ധമായ കാലാവസ്ഥയായിരുന്നു പുതിയ ചിത്രത്തിന്റേത്. പക്ഷേ കൂട്ടായ്മയും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹവും എന്തിനെയും നേരിടാനുള്ള ധൈര്യം നല്കി. ആ ധൈര്യത്തിനും സന്നദ്ധതയ്ക്കുമുള്ള അടയാളപ്പെടുത്തലായി ദേശീയ പുരസ്‌ക്കാരം.

ശേഖർകപൂർ

ലഡാക്കിൽ ജീവിക്കുന്ന പ്രതീതിയാണ് ഈ ചിത്രം കണ്ടപ്പോൾ അനുഭവപ്പെട്ടത് എന്ന് ദേശീയ ചലച്ചിത്രപുരസ്‌ക്കാര കമ്മിറ്റിയുടെ ചെയർമാൻ ശേഖർകപൂർ അവാർഡ് പ്രഖ്യാപന വേളയിൽ അഭിപ്രായപ്പെട്ടത് ദേശീയ പുരസ്‌ക്കാരത്തിനൊപ്പം തന്നെ തിളക്കമുള്ളതായിരുന്നുവെന്നാണ് സനൽ പറയുന്നത്. ഒരുപക്ഷേ അദ്ദേഹം ജൂറി ചെയർമാനായതുകൊണ്ടു തന്നെയാണ് ആ ചിത്രത്തിന് അവാർഡ് കിട്ടിയത് എന്നുപോലും സനൽ വിശ്വസിക്കുന്നു. മറ്റൊരാളായിരുന്നുവെങ്കിൽ ഈ ചിത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോയേനെ.

ദംഗൽ

2016ൽ പുറത്തിറങ്ങിയ ദംഗലിന്റെ ചിത്രീകരണം വളരെ രസകരമായിരുന്നു. 350ൽ അധികം ആളുകളായിരുന്നു ക്രൂവിലുണ്ടായിരുന്നത്. അമീർഖാനെ പോലെയുള്ള ഒരു നടൻ ആയിരുന്നിട്ടും  അതിന്റേതായ ടെൻഷനോ ബുദ്ധിമുട്ടുകളോ ഇല്ലാതെയായിരുന്നു ചിത്രീകരണം.  ചിത്രീകരണവേളയിൽ സമീപത്തെ ഗുരുദ്വാരയിൽ നിന്നുള്ള ശബ്ദങ്ങളും മറ്റും നിയന്ത്രിക്കാൻ പോയതും ചുറ്റുപാടുകൾ പഠിച്ചതുമെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു. പഞ്ചാബായിരുന്നു  ചിത്രത്തിന്റെ ലൊക്കേഷൻ. ലൈവ് സൗണ്ട് ഏറ്റവും മികച്ചതാക്കാൻ കഠിനപരിശ്രമം നടത്തുന്ന അമീർഖാൻ വലിയൊരു അത്ഭുതം തന്നെയായിരുന്നു.  അതിന് മുമ്പുവരെ ഫെസ്റ്റിവൽ മൂവി ചിത്രങ്ങളും ഡൽഹി കേന്ദ്രമായുള്ള ഇംഗ്ലീഷ് കമ്പനിക്കുവേണ്ടിയുള്ള ഓഫ് ബീറ്റ് സിനിമകളിലുമായിരുന്നു സഹകരിച്ചിരുന്നത്.

ദേശീയ പുരസ്‌ക്കാരം

നൂറ്റമ്പതിലധികം വിഭാഗങ്ങളിലായുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ പട്ടികയിൽ നവാഗ തനായ തനിക്ക് സൗണ്ട് ഡിസൈനറിനുള്ള അവാർഡ് കിട്ടിയത് വളരെ അപ്രതീക്ഷിതവും അത്യാഹ്ലാദകരവുമായിരുന്നുവെന്ന് സനൽ. മറ്റു കൊമേഷ്യൽ ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കി ഒരു കൊച്ചുസിനിമയെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ആദരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം അളവില്ലാത്തതാണല്ലോ? പക്ഷേ അവാർഡ് വിതരണത്തിലെ പാകപ്പിഴകൾ എല്ലാ സന്തോഷവും കെടുത്തിക്കളഞ്ഞു.

അറുപത്തിയഞ്ച് പേരിൽ ഒരാൾ

അവാർഡ് ദാനം പ്രസിഡന്റ് നിർവഹിക്കുമെന്നാണ് ഞങ്ങളെ അറിയിച്ചിരുന്നത്. റിഹേഴ്‌സൽ ചടങ്ങുകളും അങ്ങനെതന്നെയായിരുന്നു. പക്ഷേ ചില പ്രത്യേക അവാർഡുകൾ മാത്രമേ പ്രസിഡന്റ് നല്കുകയുള്ളൂവെന്ന സൂചനകൾ തലേന്നേ കിട്ടിയിരുന്നു. എന്നാൽ അത് ആർക്ക് എന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല. സ്മൃതി ഇറാനിയിൽ നിന്ന് അവാർഡ് സ്വീകരിക്കാതെ അവാർഡ്ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചവരിൽ സനൽ ജോർജും ഉണ്ടായിരുന്നു.

അതെന്റെ നിലപാടായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നവരോടായി സനൽ വ്യക്തമാക്കുന്നു: എനിക്കതിൽ ഇപ്പോഴും ഖേദം തോന്നുന്നില്ല. കാരണം പ്രസിഡന്റ് തരുമെന്ന് അറിയിപ്പിൽ പറയുന്നു. എന്നാൽ   തലേദിവസം  ഡൽഹിയിൽ വച്ച് അത് അങ്ങനെയല്ലെന്ന് പറയുന്നു. ഇത് അംഗീകരിക്കാനാവില്ല. അവാർഡിനെയോ ഭരണകൂടത്തെയോ അല്ല ഞാൻ എതിർത്തത്. അത് നല്കുന്ന രീതിയെആയിരുന്നു. ഇന്ന് ഒരുപക്ഷേ ആരും അതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നാളെമുതൽ അതൊരു കീഴ് വഴക്കമായി മാറിയേക്കാം. അതുണ്ടാവരുത്. അതുകൊണ്ടുകൂടിയാണ് അവാർഡ്ദാനച്ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

യേശുദാസ് അവാർഡ് സ്വീകരിച്ചതിൽ തെറ്റില്ല

യേശുദാസ് അവാർഡ് സ്വീകരിച്ചതിൽ ഒരു തെറ്റും സനൽ കാണുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിനുള്ള കത്തിൽ രാഷ്ട്രപതിയാണ് അവാർഡ് നല്കുന്നതെന്ന് അറിയിച്ചിരുന്നിരിക്കാം. അപ്പോൾ പിന്നെ അദ്ദേഹത്തിന് അത് വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. പ്രതിഷേധ കുറിപ്പിൽ ഒപ്പു വച്ചുകൊണ്ട് അദ്ദേഹം കമ്മിറ്റിയുടെ വിവേചനപരമായ നടത്തിപ്പിനെതിരെയുള്ള തന്റെ അഭിപ്രായം  രേഖപ്പെടുത്തിയിരുന്നു.

അതുപോലെ സ്മൃതി ഇറാനിയിൽ നിന്നു മറ്റുള്ളവർ അവാർഡ് സ്വീകരിച്ചതിനെയും തെറ്റായി കാണേണ്ടതില്ല. കാരണം എല്ലാവരും തങ്ങളുടെ കുടുംബത്തെയും മറ്റും കൂട്ടിയായിരിക്കും അവാർഡ് ദാനചടങ്ങിന് വന്നിട്ടുണ്ടാവുക. ഒരാൾക്കുള്ള ചെലവുകളേ ഗവൺമെന്റ് വഹിക്കുകയുള്ളൂ. മറ്റുള്ളവരുടെ ചെലവുകൾ സ്വയം വഹിക്കണം. അപ്പോൾ അങ്ങനെ പണം മുടക്കി, ബന്ധുക്കളെയെല്ലാം കൂട്ടി അവാർഡ് വാങ്ങാൻ ചെന്നിട്ട് അത് വേണ്ടെന്ന് വെക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. ഈ ഒരു സാഹചര്യത്തിൽ അവർ അവാർഡ് വാങ്ങിയതിനെ കുറ്റം പറയാൻ കഴിയില്ല. ഞാനും വൈഫും കൂടിയാണ് ഫങ്ഷനെത്തിത്. അവാർഡ് വാങ്ങാൻ വൈഫ് എന്നെ പ്രഷർ ചെയ്തില്ല.

ദേവഗിരിയിലെ  ദിനങ്ങൾ

ഡിഗ്രി പഠനത്തിനായി  ചേർന്ന കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജാണ് സനലിനെ സിനിമാക്കാരനാക്കിയത് എന്ന് പറയാം. ആർട്‌സ് ക്ലബ് സെക്രട്ടറിയായും  മറ്റും ശ്രദ്ധേയനായിരുന്ന ഈ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയെ പുതുതായി രൂപീകരിച്ച ഫിലിം ക്ലബ്ബിന്റെ സാരഥിയാക്കിയത് അധ്യാപകൻ സലിൽ വർമയായിരുന്നു. അന്നുവരെ പേരാമ്പ്രയിലെയും പന്തിരിക്കരയിലെയും ഏറിയാൽ കോഴിക്കോട്ടെയും തീയറ്ററിലെ സിനിമാ അനുഭവങ്ങളുമായി കഴിഞ്ഞുകൂടിയിരുന്ന സനലിനെ സംബന്ധിച്ച് ഫിലിം ക്ലബ്ബ് തുറന്നുകൊടുത്തത് ലോകസിനിമയുടെ വിശാലമായ ആകാശങ്ങളായിരുന്നു. കുറസോവയും പാസൊലിനിയും ബർഗുമാനും പോലെയുള്ള ചലച്ചിത്രപ്രതിഭകൾ ഹൃദയത്തിന്റെ അയൽക്കാരായത് അങ്ങനെയായിരുന്നു.  തുടർന്നാണ് ഡിഗ്രി പഠനത്തിന് ശേഷം സിനിമ തീവ്രമായ വികാരമായതും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതും.  2008ൽ ആരംഭിച്ച മൂന്നുവർഷ കോഴ്‌സ്  പൂർത്തിയാക്കിയത് 2013ൽ ആയിരുന്നു.

മാറുന്ന മലയാള സിനിമ

മുംബൈയിലുള്ള പല സിനിമകളുടെയും പാറ്റേൺ ഇപ്പോൾ മലയാള സിനിമയിലും കണ്ടുവരുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെയുള്ള സിനിമകളിലൂടെ ലൈവ് സൗണ്ട് റെക്കോർഡിങ് മലയാളത്തിനും പരിചയമായിക്കഴിഞ്ഞു. 2016 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും സനലിനെ തേടിയെത്തിയിരുന്നു. ചാവേർ എന്ന ഷോർട്ട് ഫിലിമിനായിരുന്നു അത്. സൗത്ത് കൊറിയ ബുസാൻ ഇന്റർനാഷനൽ ഫിലിം സൊസൈറ്റിയുടെ ഭാഗമായുള്ള ഏഷ്യൻ ഫിലിം അക്കാദമിയുടെ ഫെലോഷിപ്പ് നേടിയിട്ടുള്ള സനൽ നാഷനൽ ജിയോഗ്രഫി, ഡിസ്‌ക്കവറി ചാനൽ തുടങ്ങിയവയ്ക്കുവേണ്ടിയും വർക്ക് ചെയ്തിട്ടുണ്ട്. മലാല  യൂസഫ്‌സായിയുടെ  ജീവിതകഥ പറയുന്ന ഗുൽമക്കായി  ആണ്  സനലിന്റെ പുതിയ പ്രൊജക്ട്. ചിത്രം സെപ്തംബറിൽ റിലീസാകും.

കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശിയാണ് സനൽ ജോർജ്. മാതാപിതാക്കൾ ആന്റണി ജോർജ്, ത്രേസ്യാമ്മ ജോർജ്. ഭാര്യ അൽവിറ്റ ജോസ് യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥ.

More like this
Related

മാര്‍പാപ്പ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍...

ശ്രീദേവിയും ബാലഭാസ്‌ക്കറും; 2018 ലെ ഹൃദയഭേദകമായ മരണങ്ങള്‍

2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ  പോയ വര്‍ഷത്തില്‍ ഏതായിരുന്നു ...
error: Content is protected !!