ഇവര്‍ ചെയ്യുന്നതെന്തെന്ന്..

Date:

spot_img

ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം ദേഷ്യമായിരിക്കും, പകയും വെറുപ്പും സ്വഭാവികം. ക്രമേണ അത് നീരസമായി രൂപം മാറും. പക്ഷേ ഏറെക്കാലം കഴിയുമ്പോള്‍ അവിടെ നിസ്സംഗത രൂപമെടുക്കും. അതിന്റെ അടുത്തരൂപമായ മരവിപ്പോ നിഷ്‌ക്രിയതയോ എല്ലാം കടന്നുവരും. ഏറ്റവുമൊടുവില്‍  പുഞ്ചിരിക്കാനും .

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, മറ്റുള്ളവര്‍ നമ്മോട് ചെയ്യുന്ന ക്രൂരതകളെന്നോ നീതിനിഷേധമെന്നോ ഒക്കെ തോന്നാവുന്ന പലതരം പ്രതികരണങ്ങളോട്, ഇടപെടലുകളോട് നമുക്കൊക്കെ തോന്നാവുന്ന, തോന്നിയിട്ടുള്ള ചില വിചാരങ്ങളും വികാരങ്ങളുമാണ് ഇവയെല്ലാം. ഒരാള്‍ അഹിതമായി പെരുമാറുമ്പോള്‍, അര്‍ഹിക്കുന്നവ നമുക്ക് നിഷേധിക്കുമ്പോള്‍ നമുക്കതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ പലപ്പോഴും കഴിയാറില്ല. 

ജീവിതത്തില്‍  നേരിട്ട ചില തിക്താനുഭവങ്ങള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. ചില നീതിനിഷേധങ്ങളുടെ, ക്രൂരതകളുടെ, അവഗണനകളുടെ, നന്ദികേടുകളുടെ..

പക്ഷേ അവയെക്കുറിച്ച് പരോക്ഷമായി പോലും സൂചിപ്പിക്കാത്തത് അത് ആവ്യക്തികള്‍ ഈ കുറിപ്പ് കാണുകയോ വായിക്കുകയോ ചെയ്യുകയാണെങ്കില്‍ അവരെ വേദനിപ്പിക്കുമല്ലോ എന്ന് കരുതിയാണ്.   അതിനൊപ്പം തന്നെ എന്നെ ഇപ്പോള്‍ അവയില്‍ ഭൂരിപക്ഷവും വേദനിപ്പിക്കുന്നുമില്ല. തുടക്കത്തില്‍ എഴുതിയതുപോലെ നിസ്സംഗത, നിര്‍മ്മമത.. പിന്നെ ഒരു പുഞ്ചിരിയും.  

അവര്‍ മനസ്സറിവോടെ ചെയ്യുന്നവയല്ല പലതുമെന്നുള്ള  തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ നമുക്കാരോടും പക ഉള്ളില്‍ സൂക്ഷിക്കേണ്ടതായിവരുന്നില്ല.
നമ്മോടുള്ള പലരുടെയും  പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു മനശ്ശാസ്ത്രം കൂടി ഒളിഞ്ഞുകിടപ്പുണ്ട്. ഒരു ഭാര്യയെന്തിനാണ് നല്ലവനായ ഭര്‍ത്താവിനോട് എപ്പോഴും പൊട്ടിത്തെറിക്കുന്നത്? അവളുടെ മനസ്സില്‍ അറിഞ്ഞോ അറിയാതെയോ കിടക്കുന്ന ചില മുറിവുകള്‍, പിണക്കങ്ങള്‍,ന ീരസങ്ങള്‍…അവയുടെ ബാഹ്യ പ്രകടനങ്ങളാണ് അവയെല്ലാം. കുട്ടിക്കാലം മുതല്‍ താന്‍ നേരിട്ടുള്ള അവഗണനയും സ്‌നേഹരാഹിത്യവും പരിഹരിക്കാന്‍ ഇന്നലെവരെ ഭര്‍ത്താവു കൂടെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അയാളുടെ ശ്രദ്ധ മറ്റെന്തിലേക്കോ തിരിയുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അവള്‍ അയാളോട് നിസ്സാരപ്രശ്‌നങ്ങള്‍ക്ക് പേരില്‍ പൊട്ടിത്തെറിക്കുന്നു, അവളുടെ മനസ്സിന്റെ അടിത്തട്ടിലെ നിഷേധാത്മകത പല രീതിയില്‍ പുറത്തേക്ക് വരുന്നു.
കുട്ടികള്‍ എന്തുകൊണ്ടാണ് ചില നേരങ്ങളില്‍ വലിയ അനുസരണക്കേടുകള്‍ കാണിക്കുന്നത്, പൊട്ടിത്തെറിക്കുന്നത്.അവരുടെ ഉള്ളില്‍ അടക്കിവച്ചവയാണ് പെട്ടെന്നൊരു നിമിഷം പുറത്തേക്ക് വരുന്നത്. അവരുടെ ഉളളിലെന്താണ് എന്ന് നാം അറിയുന്നില്ല. അത് മനസ്സിലാക്കാതെ നാം  ഈ സാഹചര്യങ്ങളിലെല്ലാം തിരികെ പ്രതികരിക്കുന്നു. 

ചെയ്യുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല. എന്നാല്‍ അതിന്റെ ഫലം അനുഭവിക്കുന്നവര്‍ അത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കുകയും വേണം. ഇങ്ങനെ മനസ്സിലാക്കിക്കഴിയുമ്പോള്‍ നമുക്ക് സഹതാപം തോന്നും. സ്‌നേഹം തോന്നും. ഒടുവില്‍ ആ ക്രൂരതകളോട് ക്ഷമിക്കാനും കഴിയും. മറ്റുള്ളവര്‍ നിന്നോട് മോശമായി പെരുമാറിക്കൊള്ളട്ടെ, നന്ദി കേടു കാണിച്ചുകൊള്ളട്ടെ,ന ിന്റെ സ്‌നേഹത്തിന് വിലകല്പിക്കാതിരിക്കട്ടെ അപ്പോഴൊന്നും നീ തകരരുത്. എന്നേയ്ക്കുമായി തളര്‍ന്നുപോകരുത്. കാരണം അവര്‍ അറിയുന്നില്ല അവര്‍ എന്താണ് ചെയ്യുന്നതെന്ന്.  അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ല എന്ന് നീ മനസ്സിലാക്കുകയും വേണം. രണ്ടും ചേരുമ്പോഴാണ് ക്ഷമ രൂപപ്പെടുന്നത്. അപ്പോള്‍ മാത്രമേ ആത്മാര്‍്ഥമായി നമുക്ക് അവരോട് ക്ഷമിക്കാന്‍ കഴിയൂ.

ക്ഷമ ഒരു ക്ഷണം കൂടിയാണ്. ജീവിതത്തിലേക്ക് വീണ്ടു ംകടന്നുവരാനുള്ള ക്ഷണം. ആരൊക്കെയോ നമ്മുടെ ജീവിതത്തിന്റെയും സൗഹൃദത്തിന്റെയും പിന്നാമ്പുറങ്ങളില്‍ ഒറ്റയ്ക്ക് നില്ക്കുന്നുണ്ട്. ഒരുപക്ഷേ അവരുടെ തന്നെ ചെയ്തികളുടെ ഫലമായിരിക്കാം. എങ്കിലും അവരെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ കഴിയത്തക്കവിധത്തിലുള്ള ക്ഷമയുടെ ചൈതന്യം നിന്റെ ജീവിതത്തിലുണ്ടാകുന്നത് നല്ലതാണ്. നിന്റേതെന്ന് മാത്രമല്ല എന്റെയും. എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞുകൂടാതെ ചെയ്യുന്ന അത്തരം ചെയ്തികളുടെ പേരില്‍ എന്തിനാണ് വെറുതെ അവരോട് വിദ്വേഷം പുലര്‍ത്തുന്നത്.

ജീവിതത്തില്‍ വ്യക്തികളെന്ന നിലയില്‍ നമ്മുടെ നിയോഗം പൂര്‍ത്തിയാക്കപ്പെടുന്നത് മറ്റുള്ളവര്‍ നമ്മോട് ചെയ്ത തെറ്റുകളോട് ക്ഷമിക്കുമ്പോള്‍ കൂടിയാണ് എന്നും ഇവിടെ ഒരു വ്യാഖ്യാനം നടത്താമെന്ന് തോന്നുന്നു.  സമാധാനത്തോടെയുള്ള മരണങ്ങള്‍ക്കെല്ലാം ക്ഷമയുടെ ഒരു തലം കൂടിയുണ്ട്. നിന്നെ മുറിവേല്പിക്കുകയും പീഡിപ്പിക്കുകയും നിന്ദിക്കുകയും തിക്താനുഭവങ്ങള്‍ നല്കുകയും ചെയ്തവരുടെയെല്ലാം മുഖങ്ങളെ ധ്യാനിക്കൂ. എന്നിട്ട് ഇതുവരെ പറഞ്ഞ ആ രീതിയില്‍ അവരുടെ ചെയ്തികളെ വിലയിരുത്താന്‍ ശ്രമിക്കൂ. നമ്മുടെ മനോഭാവം മാറിമറിയുന്നതുകാണും.

വിനായക് നിര്‍മ്മല്‍

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!