മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക

Date:

spot_img

മഴക്കാലം പൊതുവെ സാംക്രമിക രോഗങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. മലിനജലവും വൃത്തിഹീനമായ ചുറ്റുപാടുകളും കൊതുകുകളുടേയും ഈച്ചകളുടേയും വ്യാപനവും ഈ കാലഘട്ടത്തിൽ കൂടുതലായതിനാൽ രോഗസാധ്യത വളരെയാണ്. പുതിയ കാലഘട്ടത്തിൽ പുതിയ പേരിൽ പുതിയ രൂപത്തിലാണ് ഓരോ രോഗങ്ങളുടേയും കടന്നുവരവ്. അവയിൽ ചിലത് മാരകവും ചിലത് താരതമ്യേന ഭീഷണി കുറഞ്ഞതുമായ രോഗങ്ങളാണ്. എന്തായിരുന്നാലും നമ്മുടെ രീതികളും ചുറ്റുപാടുകളുമാണ് ഇത്തരം രോഗങ്ങൾക്ക് അടിസ്ഥാനമെന്ന് നിസംശയം പറയാം.
ജലജന്യ രോഗങ്ങളും കൊതുക് പരത്തുന്ന പകർച്ചവ്യാധികളുമാണ് മഴക്കാലത്തെ പ്രധാന രോഗഭീഷണികൾ. മലിനജലത്തിന്റെ അശ്രദ്ധമായ ഉപയോഗത്തിലൂടെ ജലജന്യ രോഗങ്ങൾ പടരുമ്പോൾ മലിനജലം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുകൾ പെരുകുകയും അതുവഴി പകർച്ചവ്യാധികൾ പടരുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും അതുവഴി രോഗവ്യാപനം തടയുകയും ചെയ്യുക എന്നതാണ് പ്രതിവിധി. 

ജലജന്യ രോഗങ്ങൾ
1. വയറിളക്ക രോഗങ്ങൾ- ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവർഷവും അഞ്ചു വയസിൽ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. സാധാരണയിലും അയഞ്ഞ രൂപത്തിൽ ദിവസം മൂന്നു പ്രവശ്യത്തിൽ കൂടുതൽ മലവിസർജനം ഉണ്ടായാൽ അത് വയറിളക്കമാണെന്ന് അനുമാനിക്കാം. പ്രധാനമായും വൈറസുകൾ, ബാക്ടീരിയകൾ, അമീബ തുടങ്ങിയവ മൂലമാണ് വയറിളക്കം ഉണ്ടാകുന്നത്. ഇത്തരം രോഗാണുക്കൾ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് പടരുന്നത്. വ്യക്തിശുചിത്വമില്ലായ്മ മൂലവും വയറിളക്കം ഉണ്ടാകുന്നു. ദ്രവരൂപത്തിലുള്ള മലവിസർജനം, ക്ഷീണം, വയറു വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ.


2. ടൈഫോയ്ഡ്- സാൽമോണെല്ലാ ടൈഫി എന്ന ബാക്ടീരിയ ആണ് ടൈഫോയ്ഡ് പരത്തുന്നത്. മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയും പടരുന്ന രോഗമാണിത്. രോഗിയുടെ വിസർജ്യത്തിലൂടെയാണ് രോഗം പടരുന്നത്. തുറസ്സായ സ്ഥലങ്ങളിലുള്ള വിസർജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കൽ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പനി മൂന്നാഴ്ച വരെ നീണ്ടുനിൽക്കാം. വയറിലെ അസ്വാസ്ഥ്യം, ശരീര വേദന എന്നിവയുണ്ടാകാം. രോഗം മൂർച്ഛിച്ചാൽ അൾസർ, കുടലിലെ രക്തസ്രാവം തുടങ്ങിയവയും കാണപ്പെടുന്നു.

3. മഞ്ഞപ്പിത്തം- ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പടരുന്നത്. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണിത്. രോഗിയുടെ വിസർജ്യത്തിൽ നിന്ന് രോഗാണുക്കൾ ഈച്ചയിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ ആഹാരത്തിലോ കുടിവെള്ളത്തിലോ കലർന്ന് അത് മറ്റൊരാൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോൾ മഞ്ഞപ്പിത്തം പടരുന്നു. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 15-50 ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, ശരീര വേദന, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. വയറു വേദനയും വയറിളക്കവും ഈ സമയത്ത് ഉണ്ടാകാം.

4. കോളറ- വിബ്രിയോ കോളറ എന്ന ബാക്ടീരിയ ആണ് രോഗം പരത്തുന്നത്. മലിനമായ കുടിവെള്ളത്തിലൂടെയാണ് കോളറ പകരുന്നത്. ചെറുകുടലിൽ ഉണ്ടാകുന്ന അണുബാധയാണ് രോഗത്തിന് കാരണം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടു മണിക്കൂർ മുതൽ അഞ്ച് ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. വയറിളക്കവും ഛർദിയുമാണ് പ്രധാന രോഗലക്ഷണങ്ങൾ. വളരെ പെട്ടന്നുണ്ടാകുന്ന വയറിളക്കം മൂലം ക്ഷീണം, രക്ത സമ്മർദം കുറയൽ, വരൾച്ച, നിർജലീകരണം മൂലമുണ്ടാകുന്ന വൃക്കകളുടെ തകരാറ് എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങൾ.

5. ഛർദി, അതിസാരം- വിബ്രിയോ കോളറെ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛർദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായതോതിൽ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കിൽ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒആർഎസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിർത്താനാവും.

6. എലിപ്പനി- എലിപ്പനിക്ക് കാരണമായ ലെപ്റ്റോ സ്പൈറ എന്ന രോഗാണുവിന്റെ പ്രധാന വാഹകർ എലികളാണ്. രോഗാണുക്കൾ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുകയും ആ വെള്ളം വായിലൂടെയോ മുറിവിലൂടെയോ മറ്റോ മനുഷ്യശരീരത്തിലെത്തുമ്പോൾ രോഗാണുവും ഉള്ളിൽ പ്രവേശിക്കുന്നു. ഇതുവഴി രോഗം വരുന്നു. മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഇടയന്മാർ, മൃഗപരിപാലകർ, കർഷകർ, മലിനജലം വൃത്തിയാക്കുന്നവർ എന്നിവരിലാണ് ഈ രോഗം വരാൻ കൂടുതൽ സാധ്യതയുള്ളത്. പനി, തലവേദന, കുളിരൽ, ഛർദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ശരീരത്തിൽ രോഗാണു പ്രവേശിച്ച് നാല് മുതൽ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

കൊതുക് പരത്തുന്ന പ്രധാന പകർച്ചവ്യാധികൾ
1. ചിക്കൻ ഗുനിയ-  ഈഡിസ് കൊതുകുകൾ വാഹകരായുള്ള ഈ രോഗത്തിന്റെ പ്രഥമലക്ഷണം മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടു നിൽക്കുന്ന പനിയാണ്. തുടർന്ന് കൈകാലുകളിലെ സന്ധികളിൽ അസഹ്യമായ വേദന ഉടലെടുക്കുന്നു. ആഴ്ചകളോ മാസങ്ങളോ ഈ വേദന നിലനിൽക്കാം. ചിലർക്ക് ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന പാടുകളും പുറംവേദനയുമുണ്ടാകും. 

പനി കഴിഞ്ഞാലും മാസങ്ങളോളം സന്ധിവേദനയുണ്ടാകുമെന്നതാണ് പ്രത്യേകത. കുട്ടികളേക്കാൾ കൂടുതൽ മുതിർന്നവരിലാണ് സന്ധിവേദന അനുഭവപ്പെടുന്നതായി കാണുന്നത്. 

2. ഡെങ്കിപ്പനി- ഈഡിസ് ഈജിപ്തി കൊതുകുകൾ പ്രധാന വാഹകരായുള്ള വൈറൽ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതിശക്തമായ പേശീവേദന, കടുത്ത പനി, അസ്ഥികളെ നുറുക്കുന്ന വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. 

3. മലമ്പനി- അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാൽ 7-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലായി മാറും. വിയർപ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും. 1897 ആഗസ്ത് 20ന് റൊണാൾഡ് റോസ് ആണ് അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്നു കണ്ടെത്തിയത്. ചരിത്രപ്രാധാന്യമുള്ള ആ ദിനത്തിന്റെ ഓർമയ്ക്കായാണ് ആഗസ്ത് 20 കൊതുകുദിനമായി ആചരിക്കുന്നത്.

വിനിൽ ജോസഫ്

More like this
Related

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
error: Content is protected !!