ചില തീയറ്റര്‍ സ്മരണകള്‍

Date:

spot_img

കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.

എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ ‘ഇന്നത്തെ സിനിമ’യില്‍ നിന്നാണ് ഞങ്ങള്‍ ഓരോ തീയറ്റര്‍ സ്വന്തമാക്കിയിരുന്നത്. കോട്ടയം അഭിലാഷ്, ഷാജഹാന്‍ അതോ താജ്മഹലോ (ഇന്നതാണെന്ന് തോന്നുന്നു, അനശ്വരയായി മാറിയത്) തുടങ്ങിയ പ്രശസ്തമായ തീയറ്ററുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തീരെ അപ്രശസ്തമായ ആ തീയറ്റര്‍ സ്വന്തമാണെന്ന് വിചാരിച്ച് കളികള്‍ക്കിടയില്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇന്നും അറിഞ്ഞുകൂട.

പത്രങ്ങളിലെ രണ്ടുകോളം സിനിമാ കോളത്തില്‍നിന്ന് മാത്രമാണ് ഞാനാ സ്ഥലത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ. അന്ന് കളികള്‍ക്കിടയില്‍ ചീട്ടുകൊണ്ട് തീയറ്റര്‍ ഉണ്ടാക്കിയിരുന്നതും ഓര്‍മയിലുണ്ട്. അകത്തേക്ക് പ്രവേശനം കിട്ടണമെങ്കില്‍ ചെമ്പരത്തിയിലകളുടെ നോട്ടുവേണം. തീയറ്ററുകള്‍ നന്നേ ചെറുപ്പം തൊട്ടേ ജീവിതത്തില്‍ പിടിമുറുക്കിയിരുന്നുവെന്ന് അര്‍ത്ഥം.

കുട്ടിക്കാലം മുതല്‌ക്കേ തീയറ്ററുകളില്‍ സിനിമയ്ക്കായി പോയിരുന്നു. വീട്ടുകാരും അയല്‍ക്കാരുമൊത്ത് ഒരു സംഘം പോലെയായിരുന്നു ആദ്യകാലത്തെ സിനിമാകാണലുകള്‍. സെക്കന്റ് ക്ലാസ് ടിക്കറ്റില്‍ അവസാനനിര നിറയാന്‍ മാത്രം കുടുംബനാഥന്മാരും നാഥകളും മക്കളുമൊക്കെയായിട്ട്…

മിശിഹാചരിത്രമാണ് ഓര്‍മ്മയിലെ ആദ്യ തീയറ്റര്‍ സിനിമ. തനിച്ച് കാണുന്ന ആദ്യ സിനിമ ദൂരെദൂരെ ഒരു കൂട് കൂട്ടാം. പിന്നെ എത്രയോ സിനിമകള്‍… തനിച്ചും അല്ലാതെയും. നല്ലതെന്നോ ചീത്തയെന്നോ തരംതിരിവില്ലാതെ… അപ്രതീക്ഷിതവും അത്ര നല്ലതെന്ന് തോന്നാത്തതുമായ  എത്രയോ അനുഭവങ്ങളും തീയറ്റര്‍ സമ്മാനിച്ചിട്ടുണ്ട്. ചിലതിനൊക്കെ സാക്ഷിയായിട്ടുണ്ട്… താണ്ഡവം  കണ്ടപ്പോഴുണ്ടായ തീയറ്റര്‍ അനുഭവത്തെ എങ്ങനെ നിര്‍വചിക്കണമെന്ന് ഇന്നും അറിഞ്ഞുകൂട.

പാലാ ന്യൂ, കുറവിലങ്ങാട് അശോക, തൃശൂര്‍ ഗിരിജ, കറുകച്ചാല്‍ ഷാന്‍, ഏറ്റുമാനൂര്‍ ലോട്ടസ്, കോഴിക്കോട് പുഷ്പ തുടങ്ങിയ കേരളത്തിലെ ചില പ്രത്യേക തീയറ്ററുകള്‍ ഒരുവന്റെ കൗമാരഘട്ടങ്ങളില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച്  നിങ്ങള്‍ക്കറിയാമോ? നിങ്ങളതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെപ്പോലെ സിഡികളും സിഡി പ്ലെയറുകളും വ്യാപകമാകാതിരുന്ന പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ശരാശരി ചെറുപ്പക്കാരന്റെ ലൈംഗികതാല്പര്യങ്ങളെ പരിഹരിക്കുകയും അവന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നത് ഇത്തരം തീയറ്ററുകളായിരുന്നുവെന്ന് പറയാതെ വയ്യ.

എന്നുകരുതി ഇവയെ മഹത്വവല്ക്കരിക്കുകയോ പ്രധാനീകരിക്കുകയോ അല്ല. എന്റെ അടുത്ത സുഹൃദ്‌വലയത്തിനുള്ളില്‍ ഒരുവന്‍ ഒഴികെ എല്ലാവരും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇത്തരം തീയറ്റര്‍ അനുഭവം ഉള്ളവരാണ്. തീയറ്ററുകള്‍ക്ക് ഒരനുഭവതലമുണ്ട്. അതിന് ഒരു സ്വകാര്യമുഖമുണ്ട്. അനുഭവങ്ങളോടും ജീവിതത്തോടും സത്യസന്ധമായി സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്ന ഒരാള്‍ക്കും തന്റെ ജീവിതത്തിലെ ഇത്തരം തീയറ്റര്‍ അനുഭവത്തെ നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ജോലി നോക്കുന്ന ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഒരു തീയറ്ററുണ്ടായിരുന്നു. ആഴ്ചയില്‍ മൂന്നുപടം എന്ന കണക്കിന് സിനിമ മാറിവരുന്ന ഓലമേഞ്ഞ കെട്ടിടം. മിനിമം പത്തുപേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഷോ നടക്കൂ. തകര്‍ന്ന കസേരകളും അത്ര വൃത്തിയില്ലാത്ത പരിസരവും. എലിയെ പേടിച്ച് കാലുകള്‍ മുന്‍വശത്തെ സീറ്റില്‍ കയറ്റിവയ്ക്കണം.

എന്നിട്ടും സുഹൃത്തുക്കളുമൊന്നിച്ചുള്ള അവിടെത്തെ സിനിമാകാണലുകള്‍ നല്ല അനുഭവം തന്നെയായിരുന്നു. ഒരുതരം ഗൃഹാതുരത്വം. ഇപ്പോഴത്തെ ഡി. റ്റി. എസ് ശബ്ദകോലാഹലങ്ങളൊന്നും ഇല്ലെങ്കിലും അതൊരു സുഖമായിരുന്നു. ഇപ്പോഴാ തീയറ്ററില്ല. നഷ്ടം എന്ന കാരണത്താല്‍ ഏറെ നാള്‍ അടഞ്ഞ് കിടന്ന് ഒടുവിലത് പൊളിച്ചുകളഞ്ഞു. ഇനിയവിടെ ഏതെങ്കിലുമൊരു കോണ്‍ക്രീറ്റ് കെട്ടിടം ഉയരും. ബി, സി ക്ലാസ് തീയറ്ററുകള്‍ നിര്‍ത്തിയെന്നോ അവിടം ഓഡിറ്റോറിയമാക്കിയെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ എന്തിനെന്നില്ലാതെ വല്ലായ്മ തോന്നും.

സിനിമപോലെ എല്ലാ തരം ആളുകളെയും ആകര്‍ഷിക്കുന്ന മറ്റേതൊരു കലാരൂപമാണുള്ളത്? കൃത്രിമമായ ഒരു ലോകമൊരുക്കി അത് നമ്മെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും രസിപ്പിക്കുകയും വിഡ്ഢികളാക്കുകയും നിരാശരാക്കുകയും കൊതിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. മറ്റൊരു കലാരൂപത്തിനും ഇത്രയും കര്‍ത്തവ്യം ഇത്ര ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്നുണ്ടെന്ന് തോന്നുന്നില്ല.

ഒരു തീയറ്ററില്‍ നീണ്ട ക്യൂ കാണുമ്പോള്‍, ഒരു സിനിമ ഇരുപത്തഞ്ചോ അമ്പതോ ദിവസം ഓടിയെന്ന് അറിയുമ്പോള്‍ സന്തോഷം തോന്നുന്നതെന്തുകൊണ്ട്? ഒരു തീയറ്ററില്‍ അവിടെയുമിവിടെയുമായി കുറച്ചാളുകള്‍ മാത്രമായിരുന്ന് സിനിമ കാണുമ്പോള്‍ സങ്കടം തോന്നുന്നതെന്തുകൊണ്ട്?

എന്റെയോ എന്നെ  അറിയുന്നവരുടെയോ പരാജയമോ വിജയമോ ഒന്നുമല്ലത്. എങ്കിലും നമുക്ക് ഇത്ര പരിചയമുള്ള, നമ്മുടെ വികാരവിചാരങ്ങള്‍ നമ്മെക്കാള്‍ നല്ലതായും നന്നായും അവതരിപ്പിക്കുന്ന ഇവരോട് മാനസികമായ ഒരടുപ്പം തോന്നിപ്പോവുന്നു. അവരുടെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതും കൂടിയാണെന്ന് തോന്നുന്നു.

എത്രയോപേരുടെ വിയര്‍പ്പിന്റെയും സ്വപ്നത്തിന്റെയും ഫലമാണ് ഓരോ സിനിമയും. മുഖ്യധാരയില്‍ നില്ക്കുന്നവരെ മാത്രമേ നമ്മള്‍ അറിയുന്നുവെന്നേയുള്ളൂ… മറഞ്ഞിരിക്കുന്ന, അറിയപ്പെടാതെ പോകുന്ന അതിലുമെത്രയോ ആളുകള്‍.

തീയറ്ററുകള്‍ നിലനില്‌ക്കേണ്ടത് അതുമായി ബന്ധപ്പെട്ടവരുടെ മാത്രം കാര്യമല്ല. കലാമൂല്യം നിറഞ്ഞ ഒരു വ്യാവസായികരൂപം തന്നെ അത്. സര്‍ക്കാരിന് വരുമാനമാര്‍ഗ്ഗവും. വീട്ടുവേഷത്തില്‍ അലസമായിട്ടിരുന്ന് സിഡി പ്ലെയറില്‍ സിനിമ കണ്ടോളൂ. എങ്കിലും ഉടുത്തൊരുങ്ങി ബഹളം വച്ച്, ക്യൂനിന്ന് നമ്മള്‍ തീയറ്ററിലുമെത്തണം. തീയറ്ററുകളില്‍ നീണ്ട ക്യൂ ഞാന്‍ ആര്‍ക്കൊക്കെയോ വേണ്ടി സ്വപ്നം കാണുന്നു…

വിനായക് നിര്‍മ്മല്‍

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ...

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ...
error: Content is protected !!