ആലായാല്‍ തറവേണം എന്ന നാടന്‍പ്പാട്ടിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വീടായാല്‍ ഒരു സ്ത്രീ വേണം. അടുക്കും ചിട്ടയും വൃത്തിയും മെനയും പഠിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും നല്ലവരായി മാറ്റാനും അതേറെ ഉപകരിക്കും.
ഇരുട്ടുമാത്രമായിരുന്ന നാലു സഹോദരന്മാരുടെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളിലായി മൂന്നു സ്ത്രീകള്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നതിന്റെ മനോഹരമായ കാഴ്ചയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന മനോഹരചിത്രമെന്ന് ഒറ്റവാക്കില്‍ പറയാം.
ഏതൊരു പുരുഷന്റെയും ജീവിതവിജയത്തിന് പിന്നില്‍ സ്ത്രീകളുണ്ടെന്ന് പറയുന്നതുപോലെയാണ് ഇവിടെ ബോബിയുടെയും സജിയുടെയും ജീവിതത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുമ്പോള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. ആ സ്ത്രീകളുടെ ഗണത്തില്‍ തമിഴ്‌നാട്ടുകാരന്റെ വിധവയായ ഭാര്യയുണ്ട്. വിദേശയുവതിയുണ്ട്. പിന്നെ ബേബിമോളുമുണ്ട്.. ( ഈ ഗണത്തില്‍ ബോബിയുടെ സുഹൃത്തിന്റെ ജീവിതവും കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കാണാന്‍ സൗന്ദര്യമില്ലെന്ന് ബോബി തന്നെ പരിഹസിക്കുന്ന കൂട്ടുകാരനെ അവന്റെ കാമുകി എത്ര പെട്ടെന്നാണ് മാറ്റിയെടുക്കുന്നത്. ഒരു കുളിംങ് ഗ്ലാസ് അവന്റെ മുഖത്തേക്ക് വച്ചുകൊടുത്തിട്ട് ഇപ്പം നോക്ക് ആള്‍ക്ക് വിനായകന്റെ ഛായയില്ലേ എന്ന പറയുന്ന സീനുണ്ടല്ലോ എന്താ അതിന്റെ ഭംഗിയും ആന്തരികാര്‍ത്ഥവും!)
മാറുന്ന കാലത്തെ പെണ്‍കുട്ടിയുടെ മനസ്സിനെയാണ് ബേബി മോള്‍ അടയാളപ്പെടുത്തുന്നത്. ആരോഗ്യമുള്ള, കാണാന്‍ ചന്തമുള്ള പുരുഷന്‍. ജോലി ചെയ്യാനും അവന്‍ സന്നദ്ധന്‍. പിന്നെയെന്തിന് അവന്റെ കുടുംബവും കുടുംബപശ്ചാത്തലവും നോക്കണം? അവനെ വിവാഹം കഴിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല അവള്‍ക്ക്. തടസവാദം പറയുന്നവരോട് യേശുക്രിസ്തു നമ്മള് അറിയാത്ത ആളൊന്നുമല്ലല്ലോയെന്നും എല്ലാവരും ഒറ്റ തന്തയ്ക്ക് തന്നെയാണ് ജനിക്കുന്നതെന്നും വീറോടെ അവള്‍ പറഞ്ഞു കളയും.
ബേബി മോള്‍ മാത്രമല്ല ഷമ്മിയുടെ ഭാര്യ സുമിയും കൊള്ളാം. ഭര്‍ത്താവ് അനിയത്തിയോട് മര്യാദകെട്ട രീതിയില്‍ സംസാരിക്കുമ്പോള്‍ അതുവരെ അടക്കിനിര്‍ത്തിവച്ചിരുന്ന പ്രതികരണശേഷി എത്ര പെട്ടെന്നാണ് അവര്‍ പുറത്തെടുക്കുന്നത്.സ്ത്രീകളുടെ സ്വപ്രത്യയസ്ഥൈര്യത്തെ വളരെ വാസ്തവികതയോടെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുടെ കുറവിനെ സ്ത്രീകഥാപാത്രങ്ങള്‍ സൗമ്യതയോടെ തിരുത്തുന്നതിനും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നു.
സജിയായി വന്ന സൗബിനും ബോബിയായി വന്ന ഷൈന്‍ നീഗവും. എന്താ ഇവരെക്കുറിച്ച് പറയുക? തീരെ ചെറിയ പ്രതികരണങ്ങളില്‍ പോലും പ്രതിഭയുടെ തിളക്കം കാണിച്ച് ഷൈന്‍ നീഗം അമ്പരപ്പിച്ചപ്പോള്‍ കൗണ്‍സിലറുടെ വയറിനോട് മുഖം ചേര്‍ത്ത് കണ്ണീരില്‍ നനഞ്ഞ സൗബിന്‍ ഉള്ളിലൊരു വിങ്ങലായി. എല്ലാ പുരുഷന്മാരും ആരോടും പറയാതെ അടക്കിവച്ച സങ്കടങ്ങളുടെ പുഴകളത്രയുമാണ് അവിടെ ഒഴുകിയത്. ഒരൊറ്റ സീനില്‍ വന്ന ആ കൗണ്‍സിലറെ പോലും നമ്മള്‍ വല്ലാതെ സ്നേഹിച്ചുപോകും. അത്രയ്ക്കുണ്ട് അയാളുടെ മനസ്സിന്‍റെ ആഴം. .
മനപ്പൂര്‍വ്വമല്ലെങ്കിലും താന്‍ മൂലം മരണമടഞ്ഞ തമിഴുനാട്ടുകാരന്റെ ഭാര്യയെയും കുഞ്ഞിനെയും സജി വീട്ടിലേക്ക് കൊണ്ടുവരുന്നതും ആ കുഞ്ഞിന്റെ കളിചിരിയില്‍ ഒരു കുടുംബം മുഴുവന്‍ സന്തോഷിക്കുന്നതും പിന്നീട് താന്‍ മൂലം ബോബിയുടെ വിവാഹം നടക്കില്ലെന്ന് മനസ്സിലാവുമ്പോള്‍ തിരിച്ചുപോകാനൊരുങ്ങുന്ന ആ പെണ്‍കുട്ടിയോട് ബോബി അരുതെന്ന് പറയുന്നതുമായ എത്രയെത്ര രംഗങ്ങളാണ് പ്രത്യേകം പരാമര്‍ശിക്കേണ്ടതായിട്ടുള്ളത്.
ആരോ ദ്വീപില്‍ ഉപേക്ഷിച്ചുകളഞ്ഞ പൂച്ചക്കുഞ്ഞിനെ പ്രാഞ്ചി താലോലിക്കുന്ന ഒരു രംഗവുമുണ്ട് ചിത്രത്തില്‍. ആ പൂച്ച ഒരു പ്രതീകമാണ്. ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളുടെ..തള്ളിക്കളഞ്ഞവരുടെ.. ആര്‍ക്കും വേണ്ടാത്തവരുടെ..
പക്ഷേ ഉപേക്ഷിക്കപ്പെട്ടവരെയും സ്‌നേഹിക്കാനും സ്വീകരിക്കാനും ആരൊക്കെയോ ഉണ്ടെന്നതാണ് സത്യം. ആ സത്യത്തിലേക്കാണ് കുമ്പളങ്ങി നൈറ്റസ് വെളിച്ചം വീശുന്നത്. അപ്പോഴാണ് മറ്റുള്ളവരുടെ ജീവിതങ്ങളിലും പ്രകാശം പരത്താന്‍ കഴിയുന്നവരായി നമ്മള്‍ മാറുന്നത്.
ഒടുവില്‍ ഷമ്മിയെക്കുറിച്ചു കൂടി. ഫഹദ് ഫാസില്‍ വീണ്ടും അമ്പരിപ്പിച്ചുകളഞ്ഞുവെന്ന് മാത്രമേ അതേക്കുറിച്ച് പറയാനുള്ളൂ. സൗമ്യനും കണിശക്കാരനുമായി പ്രത്യക്ഷപ്പെടുന്ന ഷമ്മിയെ ഒരു ഭ്രാന്തനാക്കേണ്ടിയിരുന്നില്ല എന്നുമാത്രമേ വിയോജിപ്പുള്ളൂ. ഭ്രാന്തനാക്കി മാറ്റുന്പോള്‍ അയാള്‍ അതുവരെ കാണിച്ചുപോന്നിരുന്ന കന്നത്തരങ്ങളോട് പ്രേക്ഷകന് വെറും സഹതാപം മാത്രമേ തോന്നു. അല്ലാത്തപ്പോഴാകട്ടെ കുറെയൊക്കെ ദുരൂഹതയും നീരസവും അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇപ്പോള്‍ കുമ്പളങ്ങിയില്‍ രാത്രികള്‍ മാത്രമല്ല പകലുകളുമുണ്ട്. അതെ ഇപ്പോള്‍ കുമ്പളങ്ങിക്ക് വല്ലാത്ത വെളിച്ചമുണ്ട്. നന്മയുടെ വെളിച്ചം. നന്മയുള്ളവരുടെ മനസ്സിന്റെ വെളിച്ചം. ആ വെളിച്ചത്തിന്റെ ഇത്തിരിയൊക്കെ തുണ്ട് ഹൃദയത്തില്‍ പേറിയാണ് ഓരോ പ്രേക്ഷകനും തീയറ്റര്‍ വിട്ടിറങ്ങുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ആ വെളിച്ചം പകര്‍ന്നു നല്കിയ തിരക്കഥാകൃത്തിനും സംവിധായകനും അഭിമാനിക്കേറെയുണ്ട്. സന്തോഷിക്കാനും.
വിനായക് നിര്‍മ്മല്‍