കൊള്ളാം പ്രകാശാ…

Date:

spot_img

നിറഞ്ഞ തീയറ്ററിലിരുന്ന് ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. പല സിനിമകളും നല്ലതെന്ന് പേരുകേള്‍പ്പിക്കുമ്പോഴും അവയ്‌ക്കൊന്നും ആളുകളെ കൂട്ടത്തോടെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ തീയറ്ററുകളെ തിരക്കുള്ളതാക്കി മാറ്റാന്‍ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍- ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍പ്രകാശന് കഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യം തന്നെ. അടുത്തകാലത്തൊന്നും ഇത്തരമൊരു തീയറ്റര്‍കാഴ്ച വ്യക്തിപരമായി അനുഭവിക്കാന്‍ സാധിച്ചിട്ടുമില്ല.

വിനോദയാത്ര എന്ന സിനിമയില്‍ വിനോദിനെ( ദിലീപ്) സത്യന്‍ അന്തിക്കാട് ജീവിതം പഠിപ്പിച്ചുവെങ്കില്‍ ഇവിടെ പ്രകാശനെ( ഫഹദ്) അദ്ദേഹം ജീവിതം പഠിപ്പിക്കുന്നു. (ഒരു കിലോ അരിയുടെ പോലും വില അറിഞ്ഞുകൂടാത്തവനായിരുന്നുവല്ലോ വിനോദയാത്രയിലെ വിനോദ്. )നെടുമുടി വേണുവും ലളിതയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വീട്ടിലെത്തുന്ന വിനോദ്  അവിടെ നിന്നും അനുപമയുടെ ജീവിതത്തില്‍ നിന്നും ജീവിതം പഠിക്കുന്നുവെങ്കില്‍  പ്രകാശന്‍ ഇവിടെ ടീനയുടെ വീട്ടിലെത്തുകയും ജീവിതം പഠിക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങള്‍ മാറിയെങ്കിലും സാഹചര്യം ഏറെക്കുറെ സമാനം തന്നെ. അതുപോലെ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ സംയുക്ത അവതരിപ്പിച്ച നായികയുടെയും വിനോദയാത്രയിലെ മീരാജാസ്മിന്റെ കഥാപാത്രത്തിന്റെയും സ്വഭാവം  തന്നെയാണ് ഞാന്‍ പ്രകാശിലെ ഇടവേളയ്ക്ക് ശേഷം വരുന്ന നായികയ്ക്കും. പേരും മുഖവും മാറുന്നുവെന്നേയുള്ളൂ. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രത്തിന്റെ  കുറുമ്പു സ്വഭാവം തന്നെയാണ് ഞാന്‍ പ്രകാശിലെ ടീനയുടേത്. ഇങ്ങനെ ദോഷൈകദൃക്കോടെ എടുത്തുപറയാന്‍ പല പല കാരണങ്ങളും ആവര്‍ത്തനങ്ങളും സമാനതകളുമുണ്ടെങ്കിലും കൊള്ളാം പ്രകാശാ എന്നേ ഞാന്‍ പ്രകാശന്‍ കണ്ടിട്ടിറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും പറയാന്‍ കഴിയൂ. കാരണം  ഈ ചിത്രം അത്രമേല്‍ ഹൃദ്യമാണ്.  ചിരിക്കാനും ചിന്തിക്കാനും പിന്നെ വെറുതെയൊന്ന് കണ്ണു നനയ്ക്കാനും( അങ്ങനെയും വേണം സിനിമകള്‍. പ്രത്യേകിച്ച് കരയാന്‍ ഇഷ്ടപ്പെടാത്ത ഈ തലമുറയുടെ കാലത്ത്) ഞാന്‍ പ്രകാശന്‍ ഒരുപോലെ വഴിയൊരുക്കുന്നു എന്നത് നിസ്സാരകാര്യമല്ല.

അതിന് പ്രധാന കാരണം ഫഹദ് ഫാസില്‍ എന്ന നടനാണ്. അസാമാന്യമായ പെര്‍ഫോമന്‍സ്. വെല്‍ഡണ്‍ ഫഹദ്.. നിങ്ങള്‍ വീണ്ടും  അത്ഭുതം കാട്ടിയിരിക്കുന്നു. ആകാശത്ത് നില്ക്കുന്ന നിരവധി കഥാനായകന്മാരില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയില്‍ നില്ക്കുന്ന കഥാപാത്രമായി എത്ര സൗന്ദര്യത്തോടെയാണ് നിങ്ങള്‍ പ്രകാശനായി മാറിയിരിക്കുന്നത്.  സലോമി മാത്രമേ സത്യന്‍ അന്തിക്കാടിന്റെ പതിവു ശൈലിയില്‍ നിന്ന് മാറിനില്ക്കുന്നതായിട്ടുള്ളൂ. അതാവട്ടെ തികച്ചും നന്നാവുകയും ചെയ്തു. തേപ്പുകാരിയില്‍ നിന്ന് വ്യത്യസ്തമായി തേപ്പുകുടുംബം എന്ന് പറയാവുന്ന വിധത്തിലായി അക്കാര്യം. എന്തും പ്രാര്‍ത്ഥിച്ചിട്ട് മാത്രം ചെയ്യുന്നവരും എപ്പോഴും പ്രാര്‍ത്ഥനയിലായിരിക്കുന്നവരുടെയും യഥാര്‍ത്ഥ സ്വഭാവം ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്ന് തിരക്കഥാകൃത്തായ ശ്രീനിവാസന് നേരിട്ട് വല്ല അനുഭവമുണ്ടായിരിക്കുമോ ആവോ?

കഥയും കാര്യവുമുള്ള  സിനിമകള്‍ അധികം ഗിമിക്കുകള്‍ ഇല്ലാതെ അവതരിപ്പിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ അതിനെ സ്വീകരിക്കും എന്നുതന്നെയാണ് ഞാന്‍ പ്രകാശന്റെ വിജയം പറയുന്നത്. പ്രതിഭയുളളവര്‍ എപ്പോഴും വിജയിക്കണമെന്നില്ല. വിജയം ആവര്‍ത്തിക്കണമെന്നുമില്ല. പക്ഷേ പ്രതിഭയുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇനിയും വകയുണ്ടെന്നു കൂടി ഈ ചിത്രം പറയുന്നുണ്ട്.കാരണം കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ വലിയൊരു വിജയചിത്രം പുറത്തുവന്നിട്ടില്ല എന്നാണ് ഓര്‍മ്മ. നഗരവാരിധി നടുവിലും പത്മശ്രീ ഡോ. സരോജ്കുമാറുമൊക്കെ പരാജയം നുണഞ്ഞ ചിത്രങ്ങളായിരുന്നുവല്ലോ. എന്നിട്ടും തന്റെ തൂലികയില്‍ നിന്ന് വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.സന്തോഷിക്കാം. ആനയെ പോലെയാകാന്‍ ശ്രമിച്ച് വായ് കീറിപ്പോയ അണ്ണാന്‍മാരുടെ കഥകള്‍ പലയിടത്തും വായിക്കുകയും അറിവുള്ളതും ആയിരുന്നിട്ടും അതിനെ മറ്റൊരുരീതിയില്‍ കാലാനുസൃതമായി  അവതരിപ്പിക്കാന്‍ ശ്രീനിവാസന് സാധിച്ചു. അതുപോലെ കാലഘട്ടത്തിന് അനുസരിച്ച് പ്രേക്ഷകരുടെ രുചിഭേദം മനസ്സിലാക്കി ചിത്രമൊരുക്കാന്‍ സത്യന്‍ അന്തിക്കാടിന് കഴിയുന്നു എന്നതും സന്തോഷമുള്ളകാര്യമാണ്.  ഒരു കാലത്ത് മോഹന്‍ലാലിനും പിന്നെ ജയറാമിനും ഒപ്പം വിജയചിത്രം ഒരുക്കിയ സത്യന്‍ അന്തിക്കാട് പിന്നീട് ദുല്‍ക്കറിനും ഫഹദിനുമൊപ്പം ചുവടുമാറുകയും അങ്ങനെ ന്യൂജന്‍കാര്‍ക്കും സ്വീകാര്യനായ സംവിധായകനായി മാറുകയും ചെയ്തു.  (നിവിന്‍പോളിക്കൊപ്പം ചേര്‍ന്ന പുതിയ തീരങ്ങള്‍ മാത്രമേ ചുവടുതെറ്റിയുള്ളൂ)അദ്ദേഹത്തിന്റെ സമകാലീനരായ പലരും നിശ്ശബ്ദതയിലേക്ക് മടങ്ങിയപ്പോഴും അല്ലെങ്കില്‍ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ വരുകയും ചെയ്തപ്പോഴും സത്യവും നന്മയുള്ള ചിത്രങ്ങള്‍ കൊണ്ട് ഇദ്ദേഹം തന്റേതായവഴിയിലൂടെ സധൈര്യം മുന്നോട്ടുപോയി.  ഒരേ റൂട്ടിലോടുന്ന സ്ഥിരം ബസാണ് അദ്ദേഹത്തിന്റെ സിനിമകള്‍ എന്ന് ചില വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴും.

പ്രേക്ഷകര്‍ക്ക് പുതുമ ആവശ്യമാണ്. പക്ഷേ അതിനൊപ്പം തന്നെ അവര്‍ക്ക് ജീവിതത്തോട് ചേര്‍ന്നുനില്ക്കുന്ന ചിലസന്ദേശങ്ങള്‍കൂടി നല്‌കേണ്ടത് അത്യാവശ്യമാണ്. ഞാന്‍ പ്രകാശന്‍തന്റെ ദൗത്യം നിര്‍വഹിക്കുന്നത് അവിടെയാണ്. സ്വയം തിരിച്ചറിയാനും ആയിരിക്കുന്ന ഇടങ്ങളില്‍ പ്രകാശം പരത്താനും പ്രചോദനം നല്കുന്ന നല്ല സിനിമകളിലൊന്നാണ് ഞാന്‍ പ്രകാശന്‍. മലയാള സിനിമ വീണ്ടും കഥകളിലേക്കും ജീവിതത്തിലേക്കും മടങ്ങട്ടെ…

വിനായക് നിര്‍മ്മല്‍

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!