എന്റെ ഉമ്മാന്റെ പേര്

Date:

spot_img

രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും.  പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന  എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ രക്തബന്ധങ്ങളെക്കാള്‍  വലുതായ ഹൃദയബന്ധങ്ങളുടെ കഥയാണ് പറയുന്നത്.  വാപ്പ മരിച്ചതോടെ യത്തീമായ, യത്തീമായതിന്റെ പേരില്‍ വിവാഹം നടക്കാതെ പോകുന്ന ഹമീദ്  വാപ്പയ്ക്കുണ്ടായിരുന്ന രണ്ട് ഭാര്യമാരിലൂടെ തന്റെ ഉമ്മയെ കണ്ടെത്താന്‍ നടത്താന്‍ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന് തോന്നുന്ന പല സംഭവങ്ങളിലൂടെ കടന്നുപോകുന്ന  വര്‍ത്തമാനകാലത്തും നല്ല ചില ഹൃദയബന്ധങ്ങള്‍  ഈ ലോകത്ത് അന്യം നിന്നുപോയിട്ടില്ലെന്ന് ഈ കൊച്ചുസിനിമ പറയുന്നു.

ഒരു കുഞ്ഞിനെ പ്രസവിച്ചതുകൊണ്ട് മാത്രം ഒരുവള്‍ അമ്മയാകുന്നില്ല. എന്നാല്‍ പ്രസവിക്കാതെയും ഒരു കുഞ്ഞിനെ സ്വന്തം മകനെ പോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന ചില സ്ത്രീകളുമുണ്ട്. അങ്ങനെയുളള  അമ്മയുടെ കഥ പറയുമ്പോഴും നിലവിലുള്ള ജീവിതാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുമെന്നോ തന്റെ അഭിമാനം തകര്‍ന്നുപോകുമെന്നോ ഭയന്ന് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ വര്‍ഷങ്ങള്‍ക്ക് ശേഷവും തള്ളിപ്പറയാന്‍ മടിയില്ലാത്ത ഒരമ്മയെ കൂടി ഈ ചിത്രം കാണിച്ചുതരുന്നുണ്ട്. അപ്പോള്‍ പ്രസവം, ഗര്‍ഭധാരണം തുടങ്ങിയവയല്ല  ഒരു സ്ത്രീയെ അമ്മയാക്കുന്നത് എന്നുതന്നെ അര്‍ത്ഥം. മറിച്ച് അമ്മത്തമെന്ന അവസ്ഥയെ അവള്‍ എ്രതത്തോളം  സ്വീകരിക്കുന്നുണ്ട്, അതിന് വേണ്ടി അവള്‍ എത്രത്തോളം ത്യാഗംസഹിക്കുന്നുണ്ട് തുടങ്ങിയവയാണ് അവളിലെ അമ്മത്തത്തെ പൂര്‍ണ്ണമാക്കുന്നത്.  അതുകൊണ്ടാണ് ഒരൊറ്റ വിളിക്ക് തന്നെ ഹമീദിനൊപ്പം ഇറങ്ങിപ്പോരാന്‍ ആയിഷുമ്മയ്ക്ക് കഴിയുന്നത്.  അവള്‍ക്കറിയാം അവന്‍ തന്റെ മകനല്ലെന്ന്. പക്ഷേ അവനോ ഇന്നേവരെ കിട്ടിയിട്ടില്ലാത്ത അമ്മവാത്സല്യത്തിന്റെ നിറവില്‍ ജീവിതത്തിന് പുതിയ അര്‍ത്ഥം കിട്ടിയതുപോലെയാണ്.

ആകസ്മികമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരുപിടി ഏച്ചുകെട്ടലുകളും സിനിമയുടെ  സ്വഭാവികതയെ നഷ്ടപ്പെടുത്തുന്നുണ്ട്. പഴയ ഗ്രാമഫോണില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിന്നെഴുതിയ ഒരു കത്ത് കിട്ടുന്നതും രാഘവനെ ട്രെയിനില്‍ വച്ച് കണ്ടുമുട്ടുന്നതുപോലെയുള്ളവ ഉദാഹരണം.  മല്ലുസിംങ് പോലെയുള്ള സിനിമകളില്‍ കണ്ടുപരിചയിച്ച ഉത്തരേന്ത്യയിലേക്ക് പോകുമ്പോള്‍ ഹിന്ദി മലയാളം ഭാഷാസഹായി വാങ്ങുന്നതുപോലെയുള്ള തമാശുകള്‍ ഒഴിവാക്കാവുന്നവയായിരുന്നുവെന്ന് തോന്നി.  സിനിമയുടെ വേഗത കുറവും ആസ്വാദനത്തിന് കുറവ് വരുത്തുന്നുണ്ട്. അച്ചുവിന്റെ അമ്മ മുതല്‍ അരവിന്ദന്റെ അതിഥികള്‍ വരെയുള്ള കുറെയെധികം സിനിമകളുടെ നിഴല്‍ വീണുകിടപ്പുണ്ട് ഈ ഉമ്മാന്റെ പേരില്‍. എന്നിട്ടും അവയില്‍ നിന്ന്് മാറ്റി അടയാളപ്പെടുത്തുന്ന എന്തൊക്കെയോ ചില ഘടകങ്ങള്‍ ഈ സിനിമയ്ക്കുണ്ടൈന്നത് നിശ്ചയം.

മറഡോണയിലും മായാനദിയിലും തീവണ്ടിയിലും കണ്ട ടൊവിനോയുടെ വ്യത്യസ്തമായ ഒരു മുഖം ഈ സിനിമയില്‍ കാണാം.  ബിഎ മലയാളംകാരനും യത്തീമും നിസ്സഹായനുമായ ഹമീദിനെ സ്വഭാവികമായി തന്നെ ടൊവിനോ അവതരിപ്പിച്ചിട്ടുണ്ട്.  മഴവില്‍ക്കാവടി, തലയണമന്ത്രം, കാക്കത്തൊള്ളായിരം തുടങ്ങിയ സിനിമകളില്‍ നാം കണ്ട പഴയ ഉര്‍വ്വശിയുടെ മിന്നലാട്ടങ്ങളും ഈ സിനിമയെ ഹൃദ്യമാക്കുന്നുണ്ട്. എന്നാല്‍ ഒന്നും ചെയ്യാന്‍ ഇല്ലാതെ പോയത് ശാന്തികൃഷ്ണയ്ക്കാണ്.  ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും പ്രവചിച്ചെടുക്കാവുന്ന ക്ലൈമാക്‌സുമാണ് സിനിമയുടേത്. എന്നിട്ടും പ്രേക്ഷകര്‍ക്ക് ഈ സിനിമയോട് ഇഷ്ടംതോന്നുന്നുവെങ്കില്‍ അതിന് കാരണം അത് മുന്നോട്ടുവയ്ക്കുന്ന ജീവിതദര്‍ശനങ്ങളുടെയും നന്മയുടെയും പേരിലാണ്. ചുരുക്കത്തില്‍

ന്യൂജെന്‍ സിനിമകളുടെ ഗിമിക്കുകളൊന്നും പിന്‍ചെല്ലാതെയുള്ള ഒരു കൊച്ചുസിനിമയാണ് എന്റെ ഉമ്മാന്റെ പേര്. സത്യന്‍ അന്തിക്കാടിന്റെയോ ലാല്‍ ജോസിന്റെയോ ഒക്കെ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു സംവിധാനവിദ്യാര്‍ത്ഥിയുടെ കൈയൊപ്പുണ്ട് ജോസ് സെബാസ്റ്റ്യന്റെ മേല്‍.( ആള് ഓസ്‌ട്രേലിയായില്‍ നിന്ന് സംവിധാനം പഠിച്ചിറങ്ങിയതാണെന്നാണ് വായിച്ചത്).ഒടിയന്‍മാര്‍  പലവിധത്തിലുള്ള ജാലവിദ്യകാട്ടി അന്തരീക്ഷത്തെ ശബ്ദകോലാഹലമാക്കുമ്പോള്‍ ആനയും അമ്പാരിയുമില്ലാതെ എഴുന്നെള്ളി വന്ന ഈ ഉമ്മയെയും മകനെയും  പ്രേക്ഷകര്‍ക്ക് തീര്‍ത്തും അവഗണിക്കാനാവില്ല. ജീവിതത്തെ അതിന്റെ എല്ലാ ക്ഷതങ്ങളോടും കൂടി പിന്നെയും സ്‌നേഹിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രത്യേകിച്ച്.

വിനായക് നിര്‍മ്മല്‍

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!