എന്താണ് സ്വാതന്ത്ര്യം

Date:

spot_img

ജനിമൃതികളുടെ അനുസ്യൂത ചംക്രമണം സനാതന ധർമ്മത്തിന്റെ സാമാന്യനിയമമാണ്. ആവർത്തനങ്ങൾ ശുദ്ധീകരണത്തിലേക്കും ആത്യന്തിക ശുദ്ധിമോക്ഷത്തിലേക്കും മനുഷ്യനെ നയിക്കും. മോക്ഷം മുക്തിയാണ്. മുക്തിയെന്നാൽ മോചനം, സ്വാതന്ത്ര്യം.

എന്തിൽ നിന്നാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്? തിന്മയിൽ നിന്ന്, അസത്യത്തിൽ നിന്ന്, തമസിൽ നിന്ന്, മരണത്തിൽ നിന്ന്.

മനുഷ്യഹിതത്തിന്റെ മേൽ  ദൈവഹിതം നേടിയ വിജയത്തിന്റെ പേരാണ് സ്വാതന്ത്ര്യം. സംസാര സാഗരത്തിൽ അലയുന്ന മനുഷ്യൻ പ്രാകൃത വികാരങ്ങളുടെയും കലർപ്പില്ലാത്ത ജന്മവാസനകളുടെയും പൈതൃകപാരമ്പര്യങ്ങളുടെയും സങ്കീർണ്ണ സമന്വയമാണ്. നീത്ഷെയുടെയും ആഡ്ലറുടെയും സിദ്ധാന്തമനുസരിച്ച് മനുഷ്യൻ പ്രകൃത്യനുസൃതമായ കോപം, ഭയം, അസൂയ, കാമം സ്നേഹം എന്നീ അടിസ്ഥാന വികാരങ്ങളുടെ അടിമയാണ്.  ഭയം ആക്രമണത്തിന് കാരണമാകുന്നു കോപം മൃഗീയമായ പീഡനങ്ങൾക്ക് കാരണമാകുന്നു. കീഴടക്കാനും സ്വന്തമാക്കാനുമാണ് അവന്റെ പ്രവണത. അധികാരേച്ഛയും അധികാരപ്രയോഗവും കീഴടക്കാനുള്ള ഉപാധികളാണ്. കീഴടക്കിയാൽ പിന്നെ സ്വന്തമായല്ലോ? ജന്മവാസനകൾ ജീവനപ്രേരണകളാണെങ്കിലും തമോമയമായ നിഷേധാത്മകതയുടെ ഉൾവലിവുകൾ അവയ്ക്കുള്ളിലുണ്ട്.

രാഷ്ട്രീയം, മതം, സമുദായം, ഭരണം എന്നീ മേഖലകളിൽ നേതൃത്വം കൊടുക്കുന്നവർ സ്വന്തമാക്കലിന്റെ മഹാമേരുക്കളാക്കുന്നത് നമ്മുടെ സമകാലീന അനുഭവമാണ്. ഒരുവന്റെ അധീശത്വം അപരന്റെ അടിമത്തമായി മാറുന്നു. സമ്പത്ത്, അധികാരത്തിന്റെ സഹയാത്രികനാകുന്നു. ദാരിദ്ര്യം പീഡനോപാധിയാകുന്നു. അധികാരേച്ഛയും ആക്രമണോത്സുകതയും എല്ലാം തന്റേതാക്കണമെന്ന അമിതാഗ്രഹവും അപകർഷബോധത്തിന്റെ ഉപോൽപ്പന്നങ്ങളാണ്.  
പോയ് മറഞ്ഞ ഇന്നലെകളെയും പിറക്കാത്ത നാളെകളെയും കുറിച്ച് പരിതപിക്കാത്ത, യഥാർത്ഥമായ ഇന്നിനെ ആഘോഷമാക്കാനാണ് അവർ ആഹ്വാനം ചെയ്തത്. ഇന്നു തിന്നുക, കുടിക്കുക, ആഹ്ലാദിക്കുക. മനുഷ്യന്റെ സഹനങ്ങൾക്കും വേദ നകൾക്കും ഒരു മൂല്യവും അവർ കണ്ടെത്തിയില്ല. അവന്റെ സമഗ്രതയ്ക്കും സന്തുലനത്തിനും സ്വാതന്ത്ര്യത്തിനും അവ നല്കുന്ന ഭാവാത്മക പിൻബലമെന്തെന്നും അവർ അന്വേഷിച്ചില്ല. 

ആഹ്ലാദങ്ങളുടെ ആരവങ്ങൾക്കപ്പുറത്ത് രോഗം, വേദന, ദാരിദ്ര്യം ദു:ഖങ്ങൾ എന്നീ യാഥാർത്ഥ്യങ്ങളുണ്ടെന്നും മനുഷ്യജീവിതത്തിന്റെ അർത്ഥം തേടുമ്പോൾ അവയെയും കണക്കിലെടുക്കണമെന്നും വിക്ടർ ഫ്രാങ്ക്‌ളിനെപോലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.  സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിൽ എല്ലാറ്റിന്റെയും അനുപാതം ദീക്ഷിക്കുന്ന ജീവിതമാണ് യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ അനുഭവം നല്കുന്നത്. അവനവന്റെ അസ്തിത്വം അർത്ഥ പൂർണ്ണ മാകുന്നത് അപരനെ സഹോദരനായും സഹോദരനെ കാവൽക്കാരനായും പ്രതിഷ്ഠിക്കുമ്പോഴാണ്. സ്വത്വബോധത്തിലൂടെ ദൈവബോധത്തിലെത്തിച്ചേരുന്ന സർഗപ്രക്രിയയാണ് യഥാർത്ഥ സ്വാതന്ത്ര്യം.

More like this
Related

പറക്കാൻ ഇനിയും ആകാശങ്ങളുണ്ട്

പ്രിയപ്പെട്ടവന്റെ ശവസംസ്‌കാരചടങ്ങുകൾ  കഴിഞ്ഞു.പലരും സെമിത്തേരിയിൽനിന്നേ പിരിഞ്ഞുപോയി. ഏറ്റവും അടുത്തവരും ബന്ധുക്കളും വീടുവരെ...

പ്രത്യാശയുടെ വാക്കുകൾ…

ചില ചെറിയ വാക്കുകൾ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഒരു...
error: Content is protected !!