പ്രിയപ്പെട്ടവന്റെ ശവസംസ്‌കാരചടങ്ങുകൾ കഴിഞ്ഞു.പലരും സെമിത്തേരിയിൽനിന്നേ പിരിഞ്ഞുപോയി. ഏറ്റവും അടുത്തവരും ബന്ധുക്കളും വീടുവരെ വന്നു. അവരിൽ ചിലർ രണ്ടോ മൂന്നോ ദിവസം കൂടി അടുത്തുണ്ടായിരുന്നു. പിന്നെ അവരും യാത്ര പറഞ്ഞു. ഇനി അവൾ- വിധവ; തനിച്ചാണ്. ഇനിഅവൾക്ക് കൂട്ടിനുള്ളത് കുറെ ദുഃഖങ്ങളും സങ്കടങ്ങളും ഓർമ്മകളും ഏകാന്തതയുമാണ്. ഭർത്താവില്ലാത്ത ലോകം, ജീവിതം. പക്ഷേ എത്ര നാൾ അവൾ അയാളെയോർത്ത് കരഞ്ഞ് ജീവിക്കും. എത്ര നാൾ അവൾ മറ്റുള്ളവർക്ക് നേരെ സഹായത്തിനായി കരം നീട്ടും. ഇല്ല, അവളുടെ ഇനിയുള്ള ജീവിതം കെട്ടിപ്പടുക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണ്. ഇന്നലെ വരെ അവളുടെ ജീവിതത്തെ മറ്റൊരാൾ നിയന്ത്രിച്ചു, നയിച്ചു. പക്ഷേ ഇനി അതുണ്ടാവില്ല. അവളുടെ ജീവിതത്തിന്റെ നിയന്ത്രണം അവളുടെ കയ്യിലേക്ക് തന്നെ വന്നിരിക്കുന്നു. അതുകൊണ്ട് മുന്നോട്ടുള്ള ജീവിതത്തിന് വേണ്ടി, അതിന്റെ സുരക്ഷിതത്വത്തിനും സന്തോഷത്തിനും വേണ്ടി അവൾ ഉള്ളിൽ ശക്തിയാർജ്ജിക്കേണ്ടിയിരിക്കുന്നു. അവൾ അവളെ തന്നെ ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. മനോഭാവങ്ങളിൽ, ചിന്തകളിൽ. ഇതാ ഒരു വിധവയ്ക്ക് അവൾ നേരിടാനിടയുള്ള ചില സാഹചര്യങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ.
ഏകാന്തതയെ സ്‌നേഹിക്കുക
ഏകാന്തത അക്ഷയനിധിയാണ് എന്നൊക്കെ ആരൊക്കെയോ പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ ഒരു വിധവയെ സംബന്ധിച്ച് അത് പീഡാസഹനം തന്നെയാണ്. എത്രകാലം ഒരാൾക്ക് നിനക്ക് കൂട്ടിരിക്കാനാവും. അത് നടക്കുന്ന കാര്യമേയല്ല. അതുകൊണ്ട് ഇനിയുള്ള കാലം ഞാൻ തനിച്ചാണെന്ന് സ്വയം ധരിപ്പിക്കുക. തനിച്ചായിരിക്കുന്ന ഈ അവസ്ഥയെ സ്‌നേഹിക്കാൻ ശ്രമിക്കുക. പഠിക്കുക.
ക്ഷമ പ്രകടിപ്പിക്കുക
നിങ്ങൾക്കാണ് ഭർത്താവിനെ നഷ്ടമായത്. മറ്റാർക്കുമല്ല. അതുകൊണ്ട് നിങ്ങൾ ഓർത്തിരിക്കുന്നതുപോലെ അയാളുടെ കാര്യം എല്ലാവരും ഓർത്തിരിക്കണമെന്നോ അയാളെക്കുറിച്ച് സംസാരിക്കണമെന്നോ പോലുമില്ല. ഭർത്താവിന് മരണശേഷം കിട്ടുന്ന ഇത്തരം അവഗണനകളിൽ മനസ്സ് മടുക്കരുത്..ബന്ധുക്കളോട് ദേഷ്യപ്പെടുകയുമരുത്.
ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക
ഭർത്താവിന്റെ മരണമോർത്ത് നിരാശപ്പെട്ടും സങ്കടപ്പെട്ടും കരഞ്ഞിരിക്കാൻ വളരെ എളുപ്പമാണ്. അതാർക്കും സാധിക്കും. ഇത്തിരി സഹതാപവും അനുകമ്പയും എല്ലാം മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യും. ആദ്യദിനങ്ങളിൽ കിട്ടുന്ന സഹതാപവും സഹായവും സഹകരണവും എക്കാലവും ഉണ്ടായിരിക്കുമെന്ന് വെറുതെ പ്രതീക്ഷിക്കുകയും ചെയ്യും. ഒന്നുമുണ്ടാവില്ല. ഒരു നിശ്ചിതകാലത്തിന് ശേഷം അതെല്ലാം നിലയ്ക്കും. അപ്പോഴാണ് ശരിക്കും നിങ്ങൾ ധർമ്മസങ്കടത്തിൽ അകപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ട് സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം നിങ്ങൾ തന്നെ ഏറ്റെടുക്കുക. മുന്നോട്ട് എങ്ങനെ വണ്ടിയോടിച്ച് പോകണമെന്ന് സ്വയം തീരുമാനിക്കുക.
സമാന ചിന്താഗതിക്കാരുമായുള്ള കൂട്ടായ്മയിൽ പങ്കെടുക്കുക
ഒരു ഭർതൃമതിക്ക് വിധവയുടെ സങ്കടമോ പ്രശ്‌നമോ മനസ്സിലാവില്ല. നിങ്ങൾക്ക് ഭർത്താവുണ്ടായിരുന്നപ്പോൾ നിങ്ങളും അങ്ങനെ തന്നെയായിരുന്നുവല്ലോ. അന്ന് ഒരു വിധവയുടെ കണ്ണീര് കാണാനോ തുടയ്ക്കാനോ നിങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ന ിങ്ങൾ ആ വിധവയുടെ സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇനി നിങ്ങൾ ചെയ്യേണ്ടത് സമാനരായ ആളുകളുടെ ഒപ്പമുള്ള ജീവിതവും പ്രവർത്തനങ്ങളുമാണ്. വിധവകളുടെ കൂട്ടായ്മയിൽ പങ്കെടുക്കുകയും ഒരുമിച്ച് പ്രവർത്തിക്കാൻ ആലോചിക്കുകയും ചെയ്യുക. പ്രയാസങ്ങൾ തുറന്നുപറയാനുളള വേദിയായി ഇതിനെ കാണുക.
സാമ്പത്തിക സുരക്ഷിതത്വം കണ്ടെത്തുക
സാമ്പത്തികമായി മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തുക എന്നത് പ്രധാനമാണ്. ഭർത്താവ് സർക്കാർ തലത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ ഉദ്യോഗസ്ഥൻ ആയിരുന്നുവെങ്കിൽ, സർവ്വീസിലിരിക്കെയാണ് മരിച്ചതെങ്കിൽ നിങ്ങൾക്ക് ആശ്രിത നിയമനത്തിനുള്ള സാധ്യതകൾ ഉണ്ട്. അതുപോലെ പോളിസി ഹോൾഡർ ആയിരുന്നു ഭർത്താവെങ്കിൽ അത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും പോളിസി നല്കുന്ന ആനൂകൂല്യങ്ങൾ അവകാശമാക്കുകയും ചെയ്യുക. അപകട മരണമാണ് സംഭവിച്ചതെങ്കിൽ നഷ്ടപരി
ഹാരം നേടിയെടുക്കാനുള്ള വഴികൾ കണ്ടെത്തുക.
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക
ഭർത്താവ് പോയതോടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് ഭാര്യമാർ നമ്മുടെ ചുറ്റിനുമുണ്ട്. നേരാംവണ്ണം ഭക്ഷണം കഴിക്കില്ല. വൃത്തിയായി അണിഞ്ഞൊരുങ്ങുകയുമില്ല. ഇത് രണ്ടും ശരിയല്ല. ഭർത്താവ് പോയാലും വിധവയുടെ ജീവിതം ബാക്കിയാണ്. അവൾക്ക് കടമകളുണ്ട്, സ്വന്തം കുടുംബത്തോടും സമൂഹത്തോടും. അത് നിർവഹിക്കാൻ അവൾക്ക് ആരോഗ്യം വേണം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ മുമ്പെത്തേതുപോലെ തന്നെ ശ്രദ്ധയും പരിചരണവും തുടർന്നും ഉണ്ടായിരിക്കണം സ്‌നേഹിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്നും വീണ്ടും സ്‌നേഹിക്കപ്പെടുമെന്നും തിരിച്ചറിയണം. ഭർത്താവിന്റെ മരണത്തോടെ സ്‌നേഹിക്കാനുള്ള നിങ്ങളുടെ കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നിങ്ങൾ ആരാലും സ്‌നേഹിക്കപ്പെടാതെയിരിക്കുന്നുമില്ല. സ്‌നേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ ആത്മവിശ്വാസമുള്ളവളാകുക. പൂക്കൾ പൊഴിയാറുണ്ട്. പക്ഷേ ചെടികൾ തളിർക്കുകയോ മൊട്ടിടുകയോ ചെയ്യാതിരിക്കുന്നുമില്ല. ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണുക.