അടുക്കളകളേറെയും എന്നും കരിയും പൊടിയും അഴുക്കും പുരണ്ടിരിക്കും.
അതെല്ലാം വെറും കരിയും പുകയും അഴുക്കും
അല്ലെന്നറിയുന്നുണ്ടോ നിങ്ങൾ
നിങ്ങളുടെ അന്നനാളത്തിന്റെയാന്തൽ
തീർക്കുവാൻ പകലന്തിയോളം
അവിടെ ഉടലുരുക്കുന്ന ഒരുവളുടെ
സ്വപ്‌നങ്ങളും മോഹങ്ങളും കരിഞ്ഞും
പൊടിഞ്ഞും അഴുകിയും ഉണ്ടായതാണവ
അവിടെ ഗ്യാസ് അടുപ്പിലെ പാത്രത്തിൽനിന്നും
ചായയോടൊപ്പം തിളച്ചുതൂവിപ്പോയത്
അവൾ മനസ്സിൽ വിരിയിച്ചെടുത്ത
പ്രണയാർദ്രഭാവനകൾ
അവിടെ ഗ്രൈൻഡറിന്റെ ജാറിൽ നിന്ന്
മാവിനോടൊപ്പം ചീറ്റിത്തെറിച്ചത്
അവൾ കടലോളം വളർത്തിവലുതാക്കിയ
ഭാര്യാസങ്കൽപ്പങ്ങൾ
അവിടെ നിങ്ങൾക്കായി ദോശകൾ ചുട്ടെടുത്തപ്പോൾ കല്ലിനോടൊപ്പം കരിഞ്ഞുപോയത് അവൾ
ഉടലിലേക്കു പകർന്നാട്ടം നടത്താൻ
കൊതിച്ച കാമനകൾ
അവിടെ പ്രഷർകുക്കറിന്റെ വാൽവിൽ നിന്ന്
ആവിയോടൊപ്പം പുറത്തേക്ക് പാഞ്ഞു പോയത് അവൾ ചുണ്ടിന്റെ കോണിൽ
ഒളിപ്പിച്ചു വച്ചിരുന്ന പുഞ്ചിരിത്തരികൾ
അവിടെ ചുമരറ്റങ്ങളിലെ മാറാലയിൽ
പ്രാണികളോടൊപ്പം ഊർദ്ധശ്വാസം
വലിച്ചു കിടന്നത് അവൾ ഹൃദയംകൊണ്ട്
കാച്ചിക്കുറുക്കിയെടുത്ത കവിതകൾ
ഇതൊന്നുമറിയാതെ നിങ്ങളവിടം കഴുകിത്തുടച്ചും പെയിന്റടിച്ചും വൃത്തി വയ്പ്പിച്ചിട്ടെന്തു കാര്യം!
പിറ്റേന്നുമുതൽ ‘അവൾ’ എന്ന അവളുടെ
സ്വത്വം വീണ്ടും കരിഞ്ഞും പൊടിഞ്ഞും
അഴുകിയും ആ ചുമരുകളിലേക്കും തറയിലേക്കും
പരിവർത്തനപ്പെട്ടുകൊണ്ടേയിരിക്കും.
– സജിത്കുമാർ