എന്തിനാണ് സൗഹൃദങ്ങൾ? പ്രയോജനം നോക്കിയും ലാഭം നോക്കിയും കണക്കൂകൂട്ടലുകൾ നടത്തുന്ന ലോകത്തിന് ആഴമേറിയതും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു സൗഹൃദം ചിലപ്പോഴെങ്കിലും പാഴായിതോന്നുന്നുണ്ടാവാം. പക്ഷേ സൗഹൃദം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് നേടിയെടുക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്. എല്ലാക്കാലത്തേക്കുമുള്ള നിക്ഷേപം.ഫിക്സഡ് ഡിപ്പോസിറ്റോ ആജീവനാന്ത ഇൻഷ്വറൻസ് പോളിസി പോലെയോ ആണ് അത്. പലിശയും കൂട്ടുപലിശയുമായി മുതലിന് അത് സംരക്ഷണവും ഉറപ്പും നല്കുന്നു. എന്നാൽ അതിൽ ചിലപ്പോൾ നഷ്ടങ്ങളുണ്ടായേക്കാം. തിരിച്ചടികളും തെറ്റിദ്ധാരണകളുമുണ്ടായേക്കാം. വേർപിരിയലുകളും ഉപേക്ഷിക്കലുകളുമുണ്ടാവാം. എന്നാൽ അതൊരിക്കലും സൗഹൃദങ്ങളുടെ പരാജയമല്ല, തിരഞ്ഞെടുത്തതോ തിരഞ്ഞെടുക്കപ്പെട്ടതോ ആയ വ്യക്തിയുടെ വൈകല്യമാണ് സൗഹൃദത്തിന്റെ മാറ്റു കുറയ്ക്കുന്നത്. സൗഹൃദമല്ല അവിടെ നിഷ്പ്രയോജനമാകുന്നത്. സൗഹൃദം എപ്പോഴും ഒരു അവസ്ഥയാണ്, ഒരു വളർച്ചയാണ്, സ്നേഹിക്കാനുളള കഴിവുകളുടെ മാറ്റ് നോക്കുന്ന ഉരകല്ലാണ്. എന്തുമാത്രം ഉരച്ചിട്ടും ചെമ്പ് തെളിയാത്ത സ്വർണ്ണംപോലെയാണ് ശുദ്ധമായ സൗഹൃദങ്ങൾ. എപ്പോൾ വിനിമയം ചെയ്യപ്പെട്ടാലും അതിന് മൂല്യമുണ്ട്. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് സൗഹൃദം. വായിച്ചവസാനിപ്പിച്ചിട്ടും വീണ്ടും വായിക്കാൻ കൈയിലെടുക്കുന്ന പുസ്തകം പോലെയാണ് സൗഹൃദം. കേട്ടാലും മതിവരാത്ത സംഗീതം കണക്കെയാണ് സൗഹൃദം. ഓർക്കും തോറും ഓർമിക്കാൻ അത് പിന്നെയും എന്തൊക്കെയോ ബാക്കിനിർത്തുന്നു.
കുറവുകളും വീഴ്ചകളും പരാജയങ്ങളും സങ്കടങ്ങളും ബലഹീനതകളും എല്ലാം നിനക്ക് ചേർത്തുവയ്ക്കാൻകഴിയുന്ന ഒരേ ഒരിടം സൗഹൃദത്തിന്റെ അൾത്താരയാണ്. ഒരുപക്ഷേ നിനക്ക് മറ്റെല്ലാവരുമുണ്ടാകും. വാത്സല്യനിധിയായ അമ്മയും കരുണയുള്ള അച്ഛനും പ്രണയം വാരിത്തൂവാൻ കഴിവുള്ള ജീവിതപങ്കാളിയും. എന്നാൽ മൂന്നുപേരും കേൾക്കുന്നതുപോലെയും പ്രതികരിക്കുന്നതുപോലെയുമല്ല സുഹൃത്ത്. അവിടെ പ്രശ്നങ്ങൾ ചിലപ്പോൾ പരിഹരിക്കപ്പെടണമെന്നില്ല, എന്നാൽ കാതുകൊടുക്കാനുള്ള മനസ്സുണ്ടാവും. തിരസ്‌ക്കരിക്കാതിരിക്കാനുള്ള ഹൃദയവിശാലതയും.
ഇനിയും ഒരു സുഹൃത്ത് നിനക്കില്ലെങ്കിൽ നീ ഇനിയും ജീവിച്ചിട്ടില്ല. ഇനിയും ഒരു സുഹൃത്തിനെ നിനക്ക് സ്നേഹിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നീ സ്നേഹിക്കാൻ പഠിച്ചിട്ടില്ല. ഇനിയും ഒരു സുഹൃത്തിനൊപ്പം നീ കൈകൾ കോർത്ത് നടന്നുനീങ്ങിയിട്ടില്ലെങ്കിൽ നീ ഇനിയും പ്രണയിച്ചിട്ടുമില്ല. ജീവിതം പൂർണ്ണത കൈവരിക്കുന്നത് സൗഹൃദത്തിലാണ്.
നീ നല്കുന്നത് നിനക്ക് എപ്പോഴും കിട്ടാൻ സാധ്യതയുണ്ട്. ഇനി കിട്ടിയില്ലെങ്കിൽ പോലും നിരാശപ്പെടരുത്. കൊടുത്തത് ആത്മാർത്ഥമായിട്ടായിരുന്നുവെങ്കിൽ എന്നിട്ടും തിരികെ കിട്ടിയില്ലെങ്കിൽ ആ നിക്ഷേപം മറ്റൊരാളാൽ മാനിക്കപ്പെടാതിരിക്കുകയില്ല. വാതിലുകൾ എല്ലായ്പ്പോഴും അകത്തുനിന്ന് ചേർത്തടയ്ക്കപ്പെട്ടവയായിരിക്കണമെന്നില്ല. മുട്ടിയാൽ തുറക്കാൻ പാകത്തിൽ അത് ചേർത്തടച്ചിരിക്കുകയായിരിക്കാം. അതുകൊണ്ട് സൗഹൃദത്തിന്റെ വാതിലുകളിൽ മുട്ടുക, മുട്ടിക്കൊണ്ടേയിരിക്കുക.
തുറന്നുകിട്ടുമ്പോൾ അത് സൗഹൃദങ്ങളുടെ പൂക്കാലത്തിലേക്കുള്ള ക്ഷണമായിരിക്കും. വസന്തത്തിന്റെ വരവായിരിക്കും. നീയും സുഹൃത്തും മാത്രമാകുന്ന ബലിയർപ്പണത്തിന്റെ വിശുദ്ധ നിമിഷങ്ങളായിരിക്കും വരാൻ പോകുന്നത്. സൗഹൃദമെന്ന ബലിയർപ്പണത്തിലേക്ക് കടന്നുചെല്ലുമ്പോൾ അവിടെ ബലികഴിക്കേണ്ടത് നീയെന്ന ഭാവങ്ങളെയായിരിക്കണം. അഴിച്ചുവയ്ക്കേണ്ടത് നിന്റെ സ്വാർത്ഥതയുടെയും കാപട്യങ്ങളുടെയും പുറങ്കുപ്പായങ്ങളായിരിക്കണം. നീ അർപ്പിക്കേണ്ടത് നിന്റെ ഹൃദയ നൈർമ്മല്യങ്ങളെയായിരിക്കണം. നീ കൊളുത്തേണ്ടത് സ്നേഹത്തിന്റെ മെഴുകുതിരികളായിരിക്കണം.
ശുദ്ധതയുടെ മഴയിലേക്ക് വിരിച്ചുപിടിക്കാൻ മാത്രം നിന്റെ കരങ്ങൾ വെണ്മയുള്ളതായിരിക്കണം. പാദങ്ങൾ പവിത്രമായിരിക്കണം. ചുണ്ടുകളിൽ പ്രാർത്ഥനയുടെ പ്രണവമന്ത്രങ്ങളുണ്ടായിരിക്കണം. നീ നഗ്‌നനായി ജനിച്ചുവീണതുപോലെ സൗഹൃദത്തിന്റെ അൾത്താരയിലും നഗ്‌നനായി നിലയുറപ്പിക്കണം. അത്രമാത്രം സുതാര്യതയോടെ, തുറവിയോടെ…
ഓ എന്റെ സൗഹൃദങ്ങളേ… അറിഞ്ഞുംഅനുഭവിപ്പിച്ചും വേദനിപ്പിച്ചും സ്നേഹിച്ചും പ്രണയിച്ചും എന്നെ ഓരോരോ അവസ്ഥകളിലൂടെ കടത്തിക്കൊണ്ടുപോയി എന്നെ ഞാനാക്കി മാറ്റിയ എന്റെ പ്രിയ സൗഹൃദങ്ങളേ, നിങ്ങളെ ഞാനെന്റെ മാറോട് ചേർത്ത് കൈക്കുമ്പിളിൽ മുഖമെടുത്ത് മൂർദ്ധാവിൽ ഒന്ന് ചുംബിച്ചോട്ടെ?
ടി എസ് ബിജു