സൗഹൃദത്തെ ബിഹേവിയറൽ വാക്സിൻ എന്നാണ് ചില ഗവേഷകർ വിശേഷിപ്പിക്കുന്നത്. കാരണം സൗഹൃദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിവുണ്ടത്രെ.. സൗഹൃദവും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും ഇതിനകം നടന്നിട്ടുണ്ട്. അതിൽ നിന്ന് വ്യക്തമായ കാര്യം നല്ല സുഹൃത്തുക്കൾ മറ്റുള്ളവരെ ആരോഗ്യപരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നുവെന്നാണ്.
കൗമാരഘട്ടത്തിൽ സൗഹൃദങ്ങൾ ഇല്ലാത്തത് പലരെയും ആത്മഹത്യപോലെയുള്ള നിഷേധാത്മക ചിന്തകളിലേക്കു നയിക്കുന്നു. ഈ പ്രത്യേകത കൂടുതലായും പെൺകുട്ടികളിലാണ് കണ്ടുവരുന്നത്. സൗഹൃദങ്ങളില്ലാതെ പോകുന്നത് മാനസികാസ്വാസ്ഥ്യങ്ങളിലേക്കു ചിലരെ നയിക്കാറുമുണ്ട്. കുട്ടിക്കാലം മുതൽ കൂട്ടുകാരില്ലാതെ വളർന്നുവരുന്നവരിൽ വിഷാദം, മുൻകോപം, കുറ്റബോധം എന്നിവയും കണ്ടുവരുന്നുണ്ട്. അതുപോലെ കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ പിന്നിലും സൗഹൃദമില്ലായ്മ ഒരു കാരണമായി പറയപ്പെടുന്നു.
ദയ, സ്നേഹം, ദീനാനുകമ്പ, സത്യസന്ധത, വിശ്വസ്തത, ഔദാര്യശീലം, ക്ഷമ, പരസ്പരധാരണ, വിശ്വാസം എന്നിവയെല്ലാം വ്യക്തിത്വത്തിൽ രൂപപ്പെടുത്തുന്നതിൽ സൗഹൃദങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. ചുരുക്കത്തിൽ വെറുമൊരു വൈകാരിക സന്തോഷം മാത്രമല്ല സൗഹൃദം നല്കുന്നത്. അതിനപ്പുറം പല മാനങ്ങളും അർത്ഥതലങ്ങളും ആരോഗ്യവശങ്ങളും സൗഹൃദത്തിനുണ്ട്. അവയെ തിരിച്ചറിയുകയും അതനുസരിച്ച് കൊണ്ടുനടക്കുകയും വേണമെന്ന് മാത്രം. അതുകൊണ്ട് ആഴപ്പെട്ട സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിൽ ചെറുപ്പകാലം മുതൽ ശ്രദ്ധിക്കുക. നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുക.