സൗഹൃദച്ചിറകിൽ…

Date:

spot_img

സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും  അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം… സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്.  എങ്കിലും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്.
വ്യക്തികൾ തമ്മിലുള്ള പരസ്പര സ്നേഹത്തിനും സൗഹൃദത്തിനുമാണ് ഈ ദിനം പ്രാധാന്യം നല്കുന്നത്.  മൂന്നു വിധത്തിലുള്ള സൗഹൃദങ്ങളുണ്ട് എന്നാണ് അരിസ്റ്റോട്ടിൽ പറയുന്നത്. അതിലൊന്ന് ആവശ്യങ്ങൾക്ക് വേണ്ടി പരസ്പരം ഉപയോഗിക്കുന്നതാണ്. എനിക്കെന്തെങ്കിലും പ്രത്യേക ആവശ്യങ്ങളുണ്ടെങ്കിൽ നിന്നെ ഉപയോഗിക്കുക, അല്ലെങ്കിൽ നിന്നോട് സൗഹൃദം നടിക്കുക. ആവശ്യം നിറവേറ്റുന്നതോടെ ബന്ധവും അവസാനിക്കുക. മറ്റൊന്ന് സന്തോഷങ്ങൾക്ക് വേണ്ടി സുഹൃത്തുക്കളാകുക എന്നതാണ്. ഇതിൽ കൂടുതലും ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ്. ഒരുമിച്ച് ഫുട്ബോൾ കളിക്കുമ്പോഴും ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോഴും ബസിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ രൂപപ്പെടുന്ന സൗഹൃദങ്ങൾ. 
കാണുമ്പോൾ സംസാരിക്കും. സന്തോഷിക്കും. അതിനപ്പുറം ആഴത്തിൽ അവയ്ക്ക് വേരുകളുണ്ടായിരിക്കുകയില്ല. മൂന്നാമതൊരു സൗഹൃദം കൂടിയുണ്ട്. നന്മയ്ക്കുവേണ്ടിയുള്ളവയെന്നോ നന്മയുള്ളതെന്നോ വിശേഷിപ്പിക്കാവുന്ന പരസ്പരബഹുമാനവും സനേഹവും ആദരവും എല്ലാം അതിലുണ്ട്. ശക്തവും പ്രോത്സാഹനജനകവുമാണ് അത്തരത്തിലുള്ള സൗഹൃദം. ഒരേ ജീവിതമൂല്യങ്ങളും ലക്ഷ്യങ്ങളും അവരെ മുന്നോട്ടു നയിക്കുന്നു.

സുഹൃത്തുക്കളെന്ന് വിളിക്കാവുന്നവരോ വിശേഷിപ്പിക്കാവുന്നവരോ ആയി പലരുമുണ്ടാവും ജീവിതത്തിൽ. എന്നാൽ യഥാർത്ഥ സുഹൃത്ത്ആയിത്തീരുന്നതും സുഹൃത്തിനെ ലഭിക്കുന്നതുമാണ് ദുഷ്‌ക്കരം. അതുവരെ സ്നേഹത്തോടും സൗഹൃദത്തോടും കൂടി പെരുമാറുകയും അടുത്തിടപെടുകയും ചെയ്തിട്ടും നമുക്കൊരു ആവശ്യം വരുമ്പോൾ കൈമലർത്തുകയോ നമ്മെ ഒറ്റയ്ക്കാക്കി പോകുകയോ ചെയ്യുന്നവരെ കണ്ടിട്ടില്ലേ? അല്ലെങ്കിൽ നിന്നെക്കാൾ എനിക്ക് പ്രയോജനപ്പെടുന്നത് മറ്റെ ആളുടെ സൗഹൃദമാണെന്ന് മനസ്സിലാകുമ്പോൾ നിന്നെ ഒഴിവാക്കി മറ്റെആളുടെ കൂട്ട് കൂടുന്നവർ. തീവ്രവും തീക്ഷ്ണവുമെന്ന് സ്വയം കരുതി വിചാരിച്ചുപോന്നിട്ടും ചില സൗഹൃദങ്ങളിൽ നിന്ന് പടിയിറക്കിവിട്ടതിന്റെ വേദനയും സങ്കടവും പലരുടെയും ജീവിതങ്ങളിലുണ്ടാവും. എന്നാൽ യഥാർത്ഥ സുഹൃത്ത് നിന്റെ ജീവിതത്തിൽ നല്ലതു സംഭവിക്കുമ്പോഴും ചീത്തസംഭവിക്കുമ്പോഴും ഒപ്പം നില്ക്കുന്നവനാണ്. കൂടെ നിന്ന് സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നവനാണ്. അവൻ വാഗ്ദാനങ്ങൾ പാലിക്കുന്നവനും നിനക്കു വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കാനും നഷ്ടം സഹിക്കാനും തയ്യാറാകുന്നവനാണ്. നിന്നോടൊത്ത് നടക്കുന്നവൻ. 

യഥാർത്ഥ സുഹൃത്തിന് വേറെയും ചില ലക്ഷണങ്ങളുണ്ട്. അവൻ നമ്മെ പൂർണ്ണമായും അംഗീകരിക്കുന്നവനാണ്. പലരും നമ്മുടെ ഗുണങ്ങളെ മാത്രം സ്വീകരിക്കുന്നവരാണ്. കുറവുകളെ സ്വീകരിക്കാൻ വിമുഖത ഉളളവരാണ്. പക്ഷേ യഥാർത്ഥ സുഹൃത്ത് നമ്മുടെ ഗുണങ്ങൾ മാത്രമല്ല കുറവുകളും അംഗീകരിക്കും, നാം എന്തായിരിക്കുന്നുവോ അതേ അവസ്ഥയിൽ സ്വീകരിക്കും. അവരുടെ ഒപ്പം ആയിരിക്കുമ്പോൾ നാം സന്തോഷം അനുഭവിക്കും. സുരക്ഷിതത്വബോധമുള്ളവരായി മാറും. നമ്മുടെ സന്തോഷത്തിന്റെ കാരണങ്ങളിലൊന്ന് അവരുടെ സാന്നിധ്യവും സൗഹൃദവുമായിരിക്കും. നല്ല സുഹൃത്തുക്കൾ എപ്പോഴും സത്യം പറയുന്നവരായിരിക്കും. അവർ പറയുന്ന സത്യം ചിലപ്പോൾ നമ്മെ വേദനിപ്പിച്ചേക്കാമെങ്കിലും. നമ്മുടെ പ്രീതി പിടിച്ചുപറ്റുകയല്ല അവരുടെ ലക്ഷ്യം.സത്യം പറയുന്നതാണ്. തെറ്റുകളുടെ പേരിലോ തെറ്റിദ്ധാരണകളുടെ പേരിലോ എന്നേയ്ക്കുമായി അവർ അകന്നുപോവുകയില്ല. മനുഷ്യസഹജമാണ് തെറ്റിദ്ധാരണകൾ, അകൽച്ചകൾ. പക്ഷേ അതിന്റെ പേരിൽ അവർക്ക് എക്കാലവും പിണങ്ങിയിരിക്കാൻ കഴിയില്ല. ക്ഷമിക്കാൻ അവർ സന്നദ്ധരായിരിക്കും. മറക്കാനും പൊറുക്കാനും അവർക്ക് സാധിക്കും. 

ഇന്നലെ കണ്ട സുഹൃത്തിന്റെ ഇഷ്ടം നേടാൻ അവർ നിന്നെ ഒരിക്കലും പരിഹസിക്കാൻ കൂട്ടുനില്ക്കുകയില്ല. ഇന്നലത്തെ സുഹൃത്ത് അവന് പ്രിയപ്പെട്ടതാകുമ്പോഴും ഇന്നലെവരെ കൂടെ നടന്ന നിന്നെ അവൻ മുറിവേല്പിച്ച് തിരിച്ചയ്ക്കില്ല. അസൂയയോ സ്വാർത്ഥതയോ കൂടാതെ നിന്നെ മറ്റു സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കാൻ കൂടി തയ്യാറാകുന്നവനാണ് നല്ല സുഹൃത്ത്. നിന്റെ ഓർമ്മകളുടെ നല്ല ഭാഗവും ഏതൊരുവനെക്കുറിച്ചുള്ള ഓർമ്മകളാൽ സമ്പന്നമാണോ അവനായിരിക്കും നിന്റെ യഥാർത്ഥ സുഹൃത്ത്. 
ഒരുപക്ഷേ അവൻ ഇന്ന് നിന്നിൽ നിന്ന് അകന്നുപോയെങ്കിലും. നീ മാത്രം അവനെ ഇപ്പോഴും ഓർമ്മിക്കുകയായിരിക്കാം. ഇനിയെത്ര സൗഹൃദങ്ങൾ നിനക്ക് ലഭിച്ചാലും അവനെ നിനക്ക് മറക്കാൻ കഴിയുന്നില്ലേ… അവനുമൊത്ത് പങ്കുവച്ച രാത്രികൾ…പകലുകൾ.  തീർച്ച നീ നല്ല സുഹൃത്തായിരുന്നു, അവൻ നിന്നെ നല്ല സുഹൃത്തായി പരിഗണിച്ചിരുന്നില്ല എങ്കിലും. സൗഹൃദങ്ങളുടെ പേരിൽ അഭിമാനിക്കുക, സന്തോഷിക്കുക, നല്ല സുഹൃത്തായിത്തീരുക. എല്ലാവർക്കും സൗഹൃദ ദിനാശംസകൾ.

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!