Category: She

  • ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

    ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

    ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്.  ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ രോഗം കണ്ടെത്തി. അതു കേട്ടപ്പോള്‍ ഭര്‍ത്താവ് മാത്രമല്ല ഭാര്യയും ഞെട്ടിപ്പോയി. എന്തായിരുന്നു ഡോക്ടര്‍ പറഞ്ഞ രോഗം എന്നല്ലേ പ്രീമെന്‍സ്ട്രൂവല്‍ ഡിസ്‌ഫോറിക്  ഡിസോര്‍ഡര്‍. 

    ഇനി എന്താണ് ഈ അസുഖം എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.ആര്‍ത്തവം അടുക്കാറാകുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നമാണ് ഇതെന്ന് ഏറ്റവും ലളിതമായി പറയാം. അതിഭീകരമായ രീതിയിലുള്ള ദേഷ്യം, പൊട്ടിത്തെറി, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനുള്ള മുന്‍കോപം, ശ്രദ്ധക്കുറവ്, ഉറക്കത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, അമിത ക്ഷീണം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍. 

    ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പു മുതല്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങാം. ആര്‍ത്തവം ആരംഭിക്കുന്നതോടെ ലക്ഷണങ്ങളില്‍ കുറവ് അനുഭവപ്പെട്ടുതുടങ്ങും. മൂന്നുമുതല്‍ എട്ടുവരെ ശതമാനം സ്ത്രീകളിലും ഈ  അസുഖമുണ്ട് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 

    സ്ത്രീകള്‍ മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇക്കാര്യം മനസ്സിലാക്കാതെ പോകുന്നത് കുടുംബത്തിന്റെ മുഴുവന്‍ അസ്വസ്ഥതയ്ക്കും സമാധാനക്കേടിനും കാരണമാകും. ഭാര്യമാരുടെ  മുന്‍കോപത്തിന്റെ പേരില്‍ സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടോ ഈ അസുഖത്തെക്കുറിച്ച് അറിയുന്നുള്ളൂ? ഫലമോ ഒന്നും രണ്ടും പറഞ്ഞ് അടിയും പിടിയും വഴക്കും വക്കാണവുമായി. ഒടുവില്‍ എത്തിച്ചേരുന്നതാകട്ടെ കുടുംബക്കോടതിയിലും. 

    അതുകൊണ്ട്  കുടുംബത്തിലുള്ള എല്ലാവരും ഇത്തരമൊരു രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതും  മതിയായ ചികിത്സ ഇത്തരം സ്ത്രീകള്‍ക്ക് നല്‌കേണ്ടതുമാണ്.

  • വിധവകൾക്കായി ഒരു ദിനം

    വിധവകൾക്കായി ഒരു ദിനം

    വിധവകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക് പകർന്നുകൊടുക്കാനുമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വിധവാദിനം ആചരിക്കുന്നത്.  ജൂൺ 23 ആണ് ലോക വിധവാദിനം.  പല അന്താരാഷ്ട്രദിനങ്ങളും ആഘോഷങ്ങളുടെ  ഭാഗമായി  നില്ക്കുമ്പോൾ വിധവാദിനം അഭിസംബോധന  ചെയ്യുന്നത് വിധവകൾ നേരിടുന്ന ദാരിദ്ര്യവും വിവേചനവും അനീതിയെയുമാണ്. വൈധവ്യം കടന്നുപോകുന്ന വിവിധ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ബോധവത്കരിക്കാനും സമൂഹത്തിന്റെ പിന്തുണ നേടിക്കൊടുക്കാനും ഇത്തരം ആചരണങ്ങൾക്ക് 
    കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല. 

    ആദ്യമായി ലോകവിധവാദിനം ആചരിച്ചുതുടങ്ങിയത് 2005 മുതല്ക്കായിരുന്നു. ചെറിയൊരു തുടക്കമായിരുന്നു അതെങ്കിലും അതിന്റെ അനുരണനങ്ങൾ വിവിധ രാജ്യങ്ങളിലേക്കും കടന്നുചെന്നു. 2010 ആയപ്പോഴേയ്ക്കും റുവാണ്ട, ശ്രീലങ്ക, യുഎസ്, യുകെ, നേപ്പാൾ, സിറിയ, കെനിയ, ഇന്ത്യ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ദിനാചരണങ്ങൾ അരങ്ങേറി. 2010 ഡിസംബർ 21ന് യുഎൻ ജനറൽ അസംബ്ലി അന്താരാഷ്ട്ര വിധവാദിനാചരണത്തിന് ഔദ്യോഗികമായ അംഗീകാരം നല്കി. അങ്ങനെ ജൂൺ 23 ലോകവിധവാദിനമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 23 ഇത്തരമൊരു ദിനമായി തിരഞ്ഞെടുക്കാൻ കാരണമായതിന് പിന്നിലും മറ്റൊരു കഥയുണ്ട്. വിധവകളുടെ പ്രശ്‌നങ്ങളെയും അവർ നേരിടുന്ന വെല്ലുവിളികളെയും പൊതുജനസമക്ഷത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ലൂംബാ ഫൗണ്ടേഷൻ ആയിരുന്നു. ഇതിന്റെ സ്ഥാപകനായ ലോർഡ് ലൂംബായുടെ അമ്മ പുഷ്പാ ലൂംബാ വിധവയായത് 1954 ലെ ജൂൺ 23ന് ആയിരുന്നു. അങ്ങനെയാണ് ജൂൺ 23  സകലമാന വിധവകളുടെയും ദിനമായി മാറിയത്. 

    ‘ഇൻവിസിബിൾ വുമൻ, ഇൻവിസിബിൾ പ്രോബ്ലംസ്’ എന്ന ലേഖനത്തിൽ പരാമർശിതമായിരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നതും നല്ലതായിരിക്കുമെന്ന് കരുതുന്നു. ദേശീയതലം മുതൽ ആഗോളതലം വരെ വിധവകളെ അദൃശ്യരായി കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയാണ് പരക്കെയുള്ളത്. വിധവകൾ പലതരത്തിലുള്ള വിവേചനങ്ങളിലൂടെയും അസമത്വങ്ങളിലൂടെയും കടന്നുപോകുമ്പോഴും നാം അവർക്ക് നേരെ കണ്ണടച്ചുപിടിച്ചിരിക്കുകയാണ്. 

    വൃദ്ധരായ വിധവകളും യുവതികളായ വിധവകളും  നേരിടുന്നത് ഏറെക്കുറെ സമാനമായ പ്രതിസന്ധികളുമാണ്. പാരമ്പര്യസ്വത്തിൽ വിധവകൾക്ക് അവകാശം നിഷേധിക്കുന്നതും ഭൂമി ഇല്ലാതാക്കുന്നതും അതിൽ പെടുന്നു. പലതരത്തിലുള്ള ഭീഷണികളും അവർക്ക് നേരിടേണ്ടിവരുന്നു. ലൈംഗികമായ ചൂഷണവും ഇതിൽ പെടുന്നു. സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് അവരുടെ ജീവനെടുക്കുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും എന്നതാണ് ഖേദകരമായ വസ്തുത. ഭർത്താവിന്റെ വിലാസത്തിൽ മാത്രം അറിയപ്പെടുന്ന സ്ത്രീകൾ അയാളുടെ മരണത്തോടെ വിലാസമില്ലാത്തവരായി മാറുന്ന സാഹചര്യവും നിലവിലുണ്ട്. 
    സമൂഹത്തിൽ പോലും അതോടെ അവൾക്ക് അസ്തിത്വം നഷ്ടമാകുന്നു. ചില അപരിഷ്‌കൃത സമൂഹങ്ങളിലാവട്ടെ  വിധവകൾ ശപിക്കപ്പെട്ടവരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വൈധവ്യം എന്ന അവസ്ഥ പോലും അപമാനകരമായി മാറുന്നു. ആഭിചാര കർമ്മിണിയായും വിധവകൾ ലേബലൊട്ടിക്കപ്പെടുന്നു. അവയെല്ലാം വിധവകളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. വിധവ എന്ന സംജ്ഞയിൽ ഒതുങ്ങുന്ന സ്ത്രീ ഇത്തരം അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ അവരുടെ മക്കളുടെ അവസ്ഥയും പരിതാപകരമാണ്. 
    സാമ്പത്തികമായും വൈകാരികമായും അമ്മയുടെ വൈധവ്യം മക്കളെയും ബാധിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ട സാഹചര്യം വരുന്ന വിധവകൾക്ക് മക്കളുടെ തുടർവിദ്യാഭ്യാസത്തിനുള്ള അവസരം നല്കാൻ കഴിയാതെ വരുന്നു. പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് മക്കളെ അവർക്ക് കൂലിവേലയ്ക്ക് പറഞ്ഞയക്കേണ്ടതായി വരുന്നു. വിധവകളെപോലെ അവരുടെ മക്കൾക്ക് നേരെയും സമൂഹത്തിന്റെ കാമാസക്തമായ നോട്ടവും കൈ കളും പാഞ്ഞടുക്കാറുമുണ്ട്.

     ഇത്തരം ദുരവസ്ഥകൾക്കെതിരെയുള്ള പ്രതികരണവും പ്രതിപ്രവർത്തനവുമായിട്ടാണ് ലോകവിധവാദിനാചരണങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സമൂഹത്തിൽ വിധവകളുടെ പ്രാതിനിധ്യം ഉറപ്പാക്കലും അവകാശങ്ങൾ നേടിയെടുക്കാനുമുള്ള സാധ്യതകളാണ് ഈ ആചരണം വഴിയൊരുക്കുന്നത്.  അവഗണിക്കപ്പെട്ടും എണ്ണപ്പെടാതെയും അദൃശ്യരായും നിലകൊണ്ട് ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും ഇത്തരം പരിപാടികൾക്ക്‌സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുമ്പോഴും നമ്മുടെ തെറ്റായ ധാരണ സ്ത്രീകൾ എന്ന് പറഞ്ഞാൽ കൗമാരക്കാർ,യുവതികൾ, ഭർത്തൃമതികൾ തുടങ്ങിയവരെയാണ്. അതിനപ്പുറം വിധവകളെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന പൊതുബോധമുള്ള എത്രപേർ ഈ സമൂഹത്തിലുണ്ട് എന്ന് അറിഞ്ഞുകൂടാ. വിധവകൾ നേരിടുന്ന ഏതു പ്രശ്‌നവും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തന്നെയാണ്. വിധവകൾ അഭിമുഖീകരിക്കുന്ന ഏതു വിവേചനവും സ്ത്രീകൾക്ക് നേരെയുള്ള വിവേചനം തന്നെയാണ്. ഇത്തരത്തിലുള്ള ബോധവൽക്കരണത്തിന്റെ അഭാവം നമ്മുടെ സമൂഹത്തിൽ വളരെ ശക്തമായി നിലനില്ക്കുന്നുണ്ട്. വിധവകൾക്ക് അവകാശങ്ങളും അഭിമാനബോധവുമുണ്ട്. അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും അവളുടെ പ്രശ്‌നങ്ങൾ നാം കേൾക്കേണ്ടതുമാണ്.

    സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക, അവരുടെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക, വിദ്യാഭ്യാസം നല്കുക, എല്ലാ പ്രായത്തിലുമുള്ള വിധവകൾക്ക് പിന്തുണ നല്കുക, ആരോഗ്യകാര്യങ്ങളിൽ പരിഗണന നല്കുക, പൊതുവിഷയങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാൻ അവസരം നല്കുകയും ഉചിതമായവയെങ്കിൽ നടപ്പിലാക്കുകയും ചെയ്യുക, പൊതുജീവിതം അവർക്ക് ഒരുക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നടപ്പിലാക്കാനും വിധവകളുടെ ജീവിതത്തെക്കുറിച്ച് സാമാന്യബോധമെങ്കിലും പൊതുസമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാനും വിധവാദിനാചരണങ്ങൾക്ക് കഴിയുന്നുണ്ട്.

  • പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

    പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

    മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു  പുരുഷനെ  സ്‌നേഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍.

    സ്ത്രീയെ അവളിലെ പെണ്മ ഉണര്‍ത്തുന്നത് പുരുഷനാണ്.

    സ്ത്രീകള്‍ ഇന്ന് എല്ലായിടങ്ങളിലും മേല്‍ക്കൈ നേടുകയും പുരുഷന്മാരുടെ പോലും ബോസായി മാറിയിരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയുടെ എല്ലാവിജയങ്ങളും അംഗീകരിക്കുമ്പോള്‍ തന്നെ അവളിലെ പെണ്മ ഉണര്‍ത്തപ്പെടുന്നതും സ്ത്രീത്വം വിജയിക്കുന്നതും അവളുടെ ജീവിതം പുരുഷനോട് ചേര്‍ത്തുവയ്ക്കപ്പെടുമ്പോഴാണ്. ചിലപ്പോള്‍ സ്ത്രീപക്ഷ വാദികള്‍ ഇത് അംഗീകരിച്ചുതരണമെന്നില്ല. ഒറ്റയ്‌ക്കൊരു അസ്തിത്വവും വ്യക്തിത്വവും സ്ത്രീക്കുണ്ടെങ്കിലും  അവള്‍ പൂര്‍ണ്ണയാകുന്നത് പുരുഷനോടു ചേരുമ്പോഴാണ്. മാത്രവുമല്ലലൈംഗികതയിലൂടെ പുരുഷന്‍ അവളെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് അവനെ സ്‌നേഹിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നുണ്ട്.

     പുരുഷന് ബോയ്ഫ്രണ്ട്് മുതല്‍ മുത്തച്ഛന്‍ വരെയാകാന്‍ കഴിയും

    പുരുഷന് എത്രയെത്ര റോളുകളാണ് അഭിനയിക്കാന്‍ കഴിയുന്നത്. ബോയ്ഫ്രണ്ട്, ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍.. ഇതൊക്കെ മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ സ്ത്രീക്കും ആകാവുന്നതല്ലേ എന്ന് ചോദിച്ചേക്കാം. അതായത് ഭാര്യ, കാമുകി, അമ്മ..അതെ  പരസ്പരമുള്ള ഈ അനുപൂരകത്വം തന്നെയാണ് സ്ത്രീയെ പുരുഷനിലേക്കും പുരുഷനെ സ്ത്രീയിലേക്കും അടുപ്പിക്കുന്നത്.

    പുരുഷന്‍സ്ത്രീക്ക് സുരക്ഷിതത്വം നല്കുന്നു

    പുരുഷന്മാരെ പൊതുവെ ധൈര്യശാലികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. പല സ്ത്രീകളും പെട്ടെന്ന് കരയുകയും ദുര്‍ബലരാവുകയും ചെയ്യുമ്പോള്‍ പുരുഷന്മാര്‍ അങ്ങനെയല്ല. അവര്‍ ധീരരും കരുത്തരുമാണ്. അക്കാരണത്താല്‍ തന്നെ പുരുഷനോട് ചേര്‍ന്നുനില്ക്കുമ്പോള്‍ സ്ത്രീക്ക് സുരക്ഷിതത്വബോധം തോന്നുന്നു. താന്‍ സുരക്ഷിതയാണെന്ന് അവള്‍ക്ക് തോന്നലുണ്ടാകുന്നു. പുരുഷന്‍ നല്കുന്ന സുരക്ഷിതത്വത്തിന് വേണ്ടി അവള്‍ക്ക് അവനെ ആവശ്യമുണ്ട്.

    ആശ്രയിക്കാന്‍ കൊള്ളാവുന്നവരാണ് പുരുഷന്മാര്‍

    പുരുഷന്മാര്‍ കൈക്കൊള്ളുന്ന പല തീരുമാനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളവയാണ്. ആ തീരുമാനങ്ങള്‍ ചിലപ്പോള്‍ മാത്രമേ തെറ്റിപ്പോകാറുള്ളൂ. അപ്പോള്‍ അവരെടുക്കുന്ന തീരുമാനങ്ങളോട് ചേര്‍ന്നുനില്ക്കുമ്പോള്‍ അതിന്റെ വിജയത്തിലും സ്ത്രീ പങ്കാളികളാകുന്നു.

    ജീവിതത്തിന് കൂടുതല്‍ അര്‍തഥം ലഭിക്കുന്നു

    സ്ത്രീ സ്ത്രീയാകുന്നത് അമ്മയാകുമ്പോള്‍ എന്നാണല്ലോ വിശ്വാസം. ഒരു പുരുഷന് മാത്രമേ സ്ത്രീയെ അമ്മയാക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ അമ്മയും പൂര്‍ണ്ണതയുള്ളവളുമാക്കി മാറ്റാന്‍ സ്ത്രീക്ക് പുരുഷനെ ആവശ്യമുണ്ട്. അതുകൊണ്ട് അവള്‍ അവനെ സ്‌നേഹിക്കുന്നു.

  • സ്ത്രീകള്‍ എന്തുകൊണ്ടാണ് തന്നെക്കാള്‍ പ്രായമുള്ള  പുരുഷന്മാരെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്?

    സ്ത്രീകള്‍ എന്തുകൊണ്ടാണ് തന്നെക്കാള്‍ പ്രായമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്?

    ഭൂരിപക്ഷം സ്ത്രീകളും തന്നെക്കാള്‍ പ്രായക്കൂടുതലുള്ള പുരുഷനെയാണ് ഭര്‍ത്താവായി സ്വീകരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ് സ്ഥിതി. എന്തുകൊണ്ടാണ് സ്ത്രീ തന്നെക്കാള്‍ പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? സാമ്പത്തികമായി സ്വതന്ത്രയാകാനും സുരക്ഷിതത്വബോധമുള്ളവളാകാനുമായിട്ടാണ് എല്ലാ സ്ത്രീകളും തന്നെക്കാള്‍ പ്രായമുള്ളപുരുഷനെ വിവാഹം കഴിക്കുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു.

    പുരുഷന്റെ സൗന്ദര്യമോ ആരോഗ്യമോ പോലും കണക്കിലെടുക്കാതെ ചില സ്ത്രീകള്‍ തങ്ങളെക്കാള്‍ വളരെയധികം പ്രായവ്യത്യാസമുള്ള പുരുഷന്മാരെ പോലും വിവാഹം കഴിക്കാറുണ്ട്. പക്ഷേ പുരുഷന്മാര്‍ തങ്ങളെക്കാള്‍ അധികം പ്രായവ്യത്യാസമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് താരതമ്യേന കുറവുമാണ്. തന്നെക്കാള്‍ പ്രായക്കൂടുതലുളള പുരുഷനെ വിവാഹം ചെയ്യുന്നതിലൂടെ സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീ കൂടുതല്‍ ആത്മവിശ്വാസമുള്ളവളുമാകുന്നു.  ഏതാനും വര്‍ഷം മുമ്പ് വിദേശത്ത് നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത 3,770  പേരും ഇങ്ങനെയൊരു അനുപാതത്തിലുള്ള ദമ്പതികളാകാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല ലൈംഗികമായി കൂടി ഇത്തരത്തിലുള്ള ചേര്‍ച്ച പ്രയോജനപ്പെടുന്നുണ്ട് എന്ന് ചില സൈക്കോളജിസ്റ്റുകളും വാദിക്കുന്നു. സ്ത്രീയുടെ പ്രത്യുല്പാദന ക്ഷമത അവളുടെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ  മാത്രമാണ്.

    പക്ഷേ  ഭൂരിപക്ഷം പുരുഷന്മാരെ സംബന്ധിച്ച് അതിന് കുറെക്കൂടി ദൈര്‍ഘ്യം കണ്ടുവരുന്നുണ്ട്. മധ്യവയസ് കഴിഞ്ഞും അത് സജീവമായി നിലനില്ക്കുന്നവരുമുണ്ട്. ഇക്കാരണങ്ങളാലാണ് സ്ത്രീകള്‍  തങ്ങളെക്കാള്‍ പ്രായമുള്ള  പുരുഷന്മാരെ വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്.

  • ഇതാ സ്ത്രീകളില്‍ വ്യാപകമാകുന്ന ഒരു രോഗം

    ഇതാ സ്ത്രീകളില്‍ വ്യാപകമാകുന്ന ഒരു രോഗം

    അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി യിലെ പഠനങ്ങളും അടിവരയിടുന്നു. സ്ത്രീകള്‍ക്കിടയില്‍ സ്‌ട്രോക്ക് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന സത്യത്തിലേക്കാണ് ഈ രണ്ടുറിപ്പോര്‍ട്ടുകളും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്.

    പൊതുവെ ജീവിതശൈലി രോഗമായിട്ടാണ് വൈദ്യശാസ്ത്രം സ്‌ട്രോക്കിനെ വിലയിരുത്തുന്നത്. വ്യായാമരഹിതമായ ജീവിതം, പൊണ്ണത്തടി, പുകവലി, ഇങ്ങനെ പലവിധ കാരണങ്ങള്‍ ഇതിലേക്കായി കണക്കാക്കുന്നുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികസമ്മര്‍ദ്ദം. ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന സങ്കടങ്ങളും വിഷമതകളും നിരാശതകളും ചിലരെയെങ്കിലും സ്‌ട്രോക്കിലേക്ക് തള്ളിവിടുന്നുണ്ട്. ശക്തമായ തലവേദനയും തലക്കറക്കവുമാണ് സ്‌ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. തളര്‍ച്ച, ബോധക്കേട്, കാഴ്ചയും സംസാരശേഷിയും നഷ്ടമാകല്‍, മുഖത്തിന് കോട്ടം സംഭവിക്കുക, ബാലന്‍സ് തെറ്റുക എന്നിവയും പ്രകടമായി കണ്ടുവരുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി്ക്കാന്‍ സാധിക്കുകയാണെങ്കില്‍ സ്‌ട്രോക്കിനെ അതിജീവിക്കാം കഴിയും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക്  മുമ്പിലുണ്ട്. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് കൃത്യമായതും വേഗത്തിലുള്ളതുമായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ്. ഫലമോ ചിലരിലെങ്കിലും സ്‌ട്രോക്കിന്റെ അനന്തരഫലങ്ങളുമായി ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നു. മരുന്നു കൊണ്ട് പരിഹരിക്കാവുന്ന രോഗമല്ല സ്‌ട്രോക്ക്.

    പിന്നെയോ ജീവിതശൈലിയില്‍ മാറ്റംവരുത്തിയാല്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്ന രോഗമാണ്. അതുകൊണ്ട് ജീവിതശൈലിയില്‍ മാറ്റം വരുത്തി ജീവിക്കാന്‍ ശ്രമിക്കൂ. കഴിയുന്നത്രവിധം സ്‌ട്രോക്കിനെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യൂ.

  • മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി

    മോണാലിസ – നിഗൂഢതകളുടെ കൂട്ടുകാരി

    നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ…..ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന….ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ…

    ഫ്രാന്‍സെസ്കോ ടെല്‍ ജിയോകൊണ്ടോ എന്നയാള്‍ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ പത്നി ലിസ ഗെരാര്‍ടിനിയെ മോഡല്‍ ആക്കിയാണ് ഈ ചിത്രം വരയ്ക്കപ്പെട്ടിരിക്കുന്നത്. അവരുടെ ലിസ എന്ന വിളിപ്പേര്, ഇറ്റാലിയന്‍ ഭാഷയില്‍ മാഡം എന്നര്‍ത്ഥം വരുന്ന മോണ എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്ത് മോണാലിസ എന്ന് ചിത്രത്തിനു നാമകരണം നല്കുകയും ചെയ്തു.

    എന്നാല്‍ മോണാലിസ, പ്രസ്തുത ചിത്രത്തിലെ നിഗൂഡസ്മിതം കണക്കെ ഒരു പാട് പ്രത്യേകതകളും പേറുന്നുണ്ട്….

    മോണാലിസയ്ക്ക് കണ്പീലികള്‍, പുരികങ്ങള്‍ എന്നിവ ഇല്ല. അക്കാലത്ത് ഇവ വടിച്ചു കളയുന്നതായിരുന്നു പരിഷ്ക്കാരം എന്നതാണ് ഇതിനു കാരണമായി ഗവേഷകരില്‍ ചിലര്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍, മറ്റു ചിലര്‍ പറയുന്നത്, ചിത്രം വരയ്ക്കുമ്പോള്‍ ഇവ ഉണ്ടായിരുന്നെന്നും, പിന്നീട് കാലപ്പഴക്കത്തിനനുസരിച്ച് ഇവ മാഞ്ഞുപോയതാകാമെന്നുമാണ് വിലയിരുത്തപ്പെടുന്നത്….

    ചിത്രത്തില്‍ മോണാലിസ കൈകള്‍ വെച്ചിരിക്കുന്ന രീതിയും ശ്രദ്ധിക്കപ്പെട്ടു. ഇടതുകയ്യിനുമേല്‍ വലതുകൈ വിശ്രമിക്കുന്ന രീതിയിലാണ് ചിത്രം വരയ്ക്കപ്പെട്ടിരിക്കുന്നത്. വിവാഹമോതിരം ധരിച്ച ഒരു പതിവ്രത എന്ന നിലയെക്കാള്‍ മോണാലിസയെ ഈ സ്ഥിതിയില്‍ അവതരിപ്പിക്കാനാണ് ചിത്രകാരനെ പ്രേരിപ്പിച്ചതത്രേ…

    1503 – നും, 1506 – നും ഇടയ്ക്കാണ് മോണാലിസ വരയ്ക്കപ്പെട്ടിരിക്കുന്നത്. അതിനുശേഷം വര്‍ഷങ്ങളോളം ഈ ചിത്രം ഒരു കേടും കൂടാതെയിരുന്നു. ഇപ്പോള്‍ ഈ ചിത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് പാരീസിലെ ലുവേര്‍ മ്യൂസിയത്തിലാണ്. കാലാവസ്ഥാവ്യതിയാനങ്ങളും, മറ്റും ബാധിക്കാത്ത വിധം വളരെ ശ്രദ്ധയോടെയാണ് ചിത്രം സൂക്ഷിച്ചുവെച്ചിരിക്കുന്നത്….

    ഈ ചിത്രം പലതവണ നശിപ്പിക്കപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ആസിഡ്‌ ഒഴിച്ചതുമൂലം ചിത്രം ഭാഗികമായി നശിപ്പിക്കപ്പെട്ടു. പിന്നീട്, ചുവന്ന ചായം തെറിപ്പിച്ചു ചിത്രം വൃത്തികേടാക്കി, ചിത്രത്തിനു നേരെ ചായക്കപ്പ് എറിഞ്ഞിട്ടുണ്ട്. ഈ അവസരങ്ങളിലെല്ലാം ചിത്രം ഭാഗികമായി നശിപ്പിക്കപ്പെടുകയും, വളരെ സൂക്ഷ്മതയോടെ അത് കേടുപാടുകള്‍ തീര്‍ത്തിട്ടുമുണ്ട്.
    പല തവണയായി നടന്നിട്ടുള്ള ഈ നശിപ്പിക്കല്‍ ശ്രമങ്ങള്‍ മൂലം ബുള്ളറ്റ് പ്രൂഫ്‌ ഗ്ലാസ്‌ കൊണ്ടുള്ള ആവരണത്തിന്നുള്ളില്‍ 50% – 
    10 % ഈര്‍പ്പം, 18 – നും, 21°C –നും ഇടയില്‍ താപനില എന്നിവ നിലനിര്‍ത്തിയാണ് ചിത്രം കേടുകൂടാതെ കാത്തുവെച്ചിരിക്കുന്നത്….

    ഇത്രയും അമൂല്യമായി സംരക്ഷിക്കുന്നതുകൊണ്ടുതന്നെ, മോണാലിസ ഇന്നും സന്ദര്‍ശകരെ നോക്കി പുഞ്ചിരിക്കുന്നു…കാലങ്ങളെ, നൂറ്റാണ്ടുകളെ അതിജീവിച്ചുകൊണ്ടുള്ള ആ ഗൂഢസ്മിതം….!

  • ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഉത്കണ്ഠയും കാരണമാകാം

    ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഉത്കണ്ഠയും കാരണമാകാം

    ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, ഉറക്കക്കുറവ് എന്നിവയുടെയും പല കാരണങ്ങളിലൊന്ന് ഉത്കണ്ഠ തന്നെയാണ്.പൊതുവായ ഈ ശാരീരികമാനസിക രോഗങ്ങള്‍ക്ക് പുറമെ ഉത്കണ്ഠ സ്ത്രീകളെ മറ്റൊരുതരത്തിലും ബാധിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. അപ്പോളോ ക്രേഡില്‍ റോയലെ യിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രഫ. സാധന കാലയുടേതാണ് ഈ നിഗമനം. സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവത്തിനും പീര്യഡ്‌സ് നടക്കാതെ പോകുന്നതിനുമുള്ള കാരണങ്ങളിലൊന്ന് അവരിലെ അമിതമായ ഉത്കണ്ഠയും വിഷാദവുമാണത്രെ.

     മുഡ് വ്യതിയാനങ്ങള്‍, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരെ ഒഴിവാക്കല്‍, നിഷേധാത്മക ചിന്തകള്‍, ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സ്ഥിരമായതും നീണ്ടുനില്ക്കുന്നതുമായ ഉത്കണ്ഠകളുടെ തുടര്‍ലക്ഷണങ്ങളാണ്. പിന്നീട് ഇവ ചില രോഗാവസ്ഥയിലേക്ക് മാറുന്നു. നിരവധി രോഗങ്ങള്‍ ഇവരെ പിടികൂടുകയും ചെയ്യുന്നു.

     ജീവിതശൈലിയില്‍ മാറ്റംവരുത്തുകയും ആള്‍ട്ടര്‍നേറ്റീവ് തെറാപ്പി പരിശീലിക്കുകയും ചെയ്താല്‍ സ്ട്രസ് കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പോഷകസമൃദ്ധമായ ഭക്ഷണം ഇതില്‍പ്രധാന പങ്കുവയ്ക്കുന്നു. ഇത് എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു, ദഹനത്തെ സഹായിക്കുന്നു. അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകളും നല്ലതാണ്. എന്നാല്‍ ചിലസപ്ലിമെന്റുകള്‍ക്ക് ദോഷവശങ്ങളുണ്ട്. അതുകൊണ്ട് അവ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം അത്യാവശ്യമാണ്.

    ആഴത്തില്‍ ശ്വാസം വലിച്ചെടുക്കുക, നടക്കുക, ഓടുക, പ്രകൃതിയുമായി കൂടുതല്‍ ഇടപെടുക തുടങ്ങിയവയിലൂടെയെല്ലാം ഉത്കണ്ഠകളെ ദൂരെയകറ്റാന്‍ സാധിക്കുമെന്ന് വിദഗദര്‍ പറയുന്നു.

    ചുരുക്കത്തില്‍ ക്രമംതെറ്റിയ ആര്‍ത്തവം അവഗണിക്കേണ്ട ഒരു ആരോഗ്യപ്രശ്‌നമല്ല. ഭാവിയിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ സൂചന മാത്രമായിരിക്കാം അത്. അതുകൊണ്ട് ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

  • അമ്മമനസ്  തങ്കമനസ്…

    അമ്മമനസ് തങ്കമനസ്…

    നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ നാളുകളുടെ അദ്ധ്വാനത്തിന്റെയും ഫലമാണ് ഇന്ന് നിങ്ങൾ ആയിരിക്കുന്ന ഓരോ അവസ്ഥകളും. ബന്ധങ്ങളിലേക്ക് പുതുതായി ആരെങ്കിലുമൊക്കെ കടന്നുവരുമ്പോൾ വിസ്മരിച്ചുകളയേണ്ട വ്യക്തിയല്ല അമ്മ. ഇന്ന് മുതിർന്ന പല മക്കളുടെയും അമ്മമാർ കണ്ണീരിലാണ്. കാരണം മക്കളിൽ നിന്ന് ഉണ്ടാകുന്ന അവഗണന, സ്നേഹരാഹിത്യം. മകന്റെ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാൻ പോലും അനുവാദം നിഷേധിക്കപ്പെടുന്ന വൃദ്ധരായ അമ്മമാർ.

    അമ്മയുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന് കിട്ടുന്ന അനുഗ്രഹമാണ്. ഇക്കാര്യം മനസ്സിലാക്കി അമ്മയെ എങ്ങനെയെല്ലാം സന്തോഷിപ്പിക്കാം എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

    അമ്മയെ മനസ്സിലാക്കുക, അമ്മയ്ക്ക് നന്ദി പറയുക
    ഏതു പ്രായത്തിലും ഏത് അവസ്ഥയിലും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മെ ഇത്രയധികം പരിഗണിക്കുകയും നമ്മുടെ ആവശ്യങ്ങൾ അറിയുകയും ചെയ്യുന്ന മറ്റൊരാളും ഈ ലോകത്തിൽ ഇല്ല. ഇത്തരമൊരു മനസ്സിലാക്കൽ അമ്മയെക്കുറിച്ചുണ്ടാകുമ്പോൾ തന്നെ അമ്മയെ എത്രയധികമാണ് സ്നേഹിക്കേണ്ടതെന്ന് നാം തിരിച്ചറിയും. അമ്മ ചെയ്തുതരുന്ന ഓരോ നിസ്സാരകാര്യങ്ങൾക്ക് പോലും അമ്മയോട് നന്ദി പറയുക. തങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്ക് എന്തുമാത്രം സ്ഥാനമാണ് നല്കിയിരിക്കുന്നതെന്ന് പറഞ്ഞുകേൾപ്പിക്കുക. താൻ മക്കളാൽ അംഗീകരിക്കപ്പെടുകയും സനേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് അമ്മയെ ഏറെ സന്തോഷിപ്പിക്കും.

    സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തുക
    കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ എല്ലാ അമ്മമാരെയും വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. അതായത് താൻപ്രസവിച്ച മക്കളെല്ലാവരും സാഹോദര്യത്തിലും സ്നേഹത്തിലും ഒരുമിച്ചുപോകുന്നതാണ് അമ്മയുടെ സന്തോഷം. അമ്മയ്ക്ക് ചിലപ്പോഴെങ്കിലും തന്റെ മക്കളോടുള്ളസ്നേഹത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ മക്കളെല്ലാവരും സ്നേഹത്തിൽ കഴിയുന്നതാണ് അമ്മയുടെ സന്തോഷം. അതുകൊണ്ട് നിസ്സാരപ്രശ്നങ്ങളുടെ പേരിൽ പിണങ്ങിക്കഴിയുന്ന സഹോദരങ്ങളുമായി നല്ല ബന്ധം പുനഃസ്ഥാപിക്കുകയും അതുവഴി അമ്മയെ സന്തോഷിപ്പിക്കുകയും ചെയ്യുക.

    അച്ഛനെ സ്നേഹിക്കുക, ആദരിക്കുക
    സഹോദരങ്ങൾ തമ്മിൽ ഐക്യത്തിലായിരിക്കുന്നത് അമ്മയെ സന്തോഷിപ്പിക്കുന്നതുപോലെ തന്നെ മക്കൾ അച്ഛനെ അനുസരിക്കുന്നതും ആദരിക്കുന്നതും അമ്മയുടെ സന്തോഷത്തിന് കാരണമാകുന്നു. മക്കളും അച്ഛനും തമ്മിലുള്ള വിയോജിപ്പുകൾക്കിടയിൽ ഏറ്റവും അധികം വേദന തിന്നുന്നത് അമ്മമാരാണല്ലോ. അതുകൊണ്ട് അച്ഛനെ സ്നേഹിച്ചും ആദരിച്ചും അമ്മയുടെ സന്തോഷം ഉറപ്പുവരുത്താൻ മക്കൾ ബാധ്യസ്ഥരാണ്.

    അമ്മയുമായി ബന്ധം നിലനിർത്തുക
    ജോലി,പഠനം,വിവാഹം ഇങ്ങനെ ഒരുപിടി കാരണങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് അകന്നുജീവിക്കേണ്ട സാഹചര്യം പല മക്കൾക്കും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിലും അമ്മയെ മറന്നുകൊണ്ടായിരിക്കരുത് ജീവിക്കേണ്ടത്. കഴിയുമെങ്കിൽ എല്ലാ ദിവസവും അമ്മയെ ഫോൺ ചെയ്യുക, ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ കാണാൻ പോകുക, രോഗിയായി കിടക്കുമ്പോൾ ശുശ്രൂഷിക്കുക ഇതെല്ലാം അമ്മയെ സന്തോഷിപ്പിക്കുന്ന കാരണങ്ങളാണ്.

    അമ്മയുടെ ഉപദേശം സ്വീകരിക്കുക
    നമ്മെക്കാൾ നമ്മുടെ ആവശ്യങ്ങൾ അറിയാ വുന്നത് അമ്മയ്ക്കാണ്. ചെറുപ്രായം മുതൽക്കേ നമ്മെ ഏറ്റവും അധികം അടുത്ത് കണ്ടിരിക്കുന്നത് അമ്മയായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്തു ചെയ്താലാണ് നമുക്ക് നന്മയുണ്ടാകുന്നത് എന്ന് അമ്മയ്ക്കറിയാം. സ്നേഹം കൊണ്ടു മാത്രമല്ല ജീവിതാനുഭവം കൊണ്ടുകൂടിയാണ് അമ്മ അങ്ങനെ പറയുന്നത്. അതുകൊണ്ട് അമ്മയുടെ ഉപദേശത്തിന് വില കല്പിക്കുക. അങ്ങനെ അമ്മയുടെ വാക്കിനെ മാനിക്കുന്നുണ്ടെന്ന് തെളിയിക്കാനും സാധിക്കും.

  • ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍

    ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍

    ഗര്‍ഭാവസ്ഥയില്‍ പുറംവേദന ഉണ്ടാകുന്നത് സാധാരണമാണ്. ഹൈഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ ഈ സമയത്ത് ആ ശീലം ഉപേക്ഷിക്കുക. നട്ടെല്ലിനു കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍. അതുപോലെ എന്തെങ്കിലും കാര്യങ്ങള്‍ക്കായി പെട്ടെന്ന് കുനിയരുത്. അതും പുറംവേദനയ്ക്ക് കാരണമായി തീരും.

    ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചില്‍. ഒറ്റപ്രാവശ്യം വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കുറഞ്ഞ അളവില്‍ പല തവണകളായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതുപോലെ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ വറുത്തതും, പൊരിച്ചതും കഴിയുന്നതും ഒഴിവാക്കണം.

    ഗര്‍ഭിണികള്‍ക്ക് ശാരീരികമായി പല അസ്വസ്ഥതകളും ഉണ്ടാകുന്നതിനാല്‍ ഉറക്കക്കുറവ് സാധാരണമാണ്. കിടക്കുന്നതിനു തൊട്ടു മുമ്പായി ചെറുചൂടുവെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉറക്കം കിട്ടും.

    രാത്രിയില്‍ അയഞ്ഞ, മൃദുവായ വസ്ത്രങ്ങള്‍ ധരിക്കുക. അതുപോലെ കിടക്കുന്നതിനു മുമ്പ് ചെറുചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ലതാണ്.

    ചില ഗര്‍ഭിണികള്‍ക്ക് മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. സാധാരണമായി ഉണ്ടാകുന്ന കാര്യമാണിത്. തള്ളവിരലും, ചൂണ്ടുവിരലും ഉപയോഗിച്ച് മൂക്ക് അഞ്ചു മിനിറ്റ് അടച്ചു പിടിക്കുക. രക്തസ്രാവം നില്‍ക്കും. പിന്നെയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഇത് വീണ്ടും ആവര്‍ത്തിക്കാം.

    ഗര്‍ഭിണികളില്‍ ശരീരഭാരം കൂടുന്നതിന് അനുസരിച്ച് വെരിക്കോസ് വെയിന്‍ പ്രശ്നം ഉണ്ടാകാം. അധികസമയം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ കാലുകള്‍ പിണച്ചു വെച്ചുകൊണ്ട് ഇരിക്കരുത്. ഇരിക്കുമ്പോള്‍ കാലുകള്‍ അല്പം ഉയരത്തില്‍ കേറ്റിവെച്ചുകൊണ്ടു ഇരിക്കുക. ഞരമ്പുകള്‍ തടിക്കുന്നുവെങ്കില്‍ അവിടെ അമര്‍ത്തി തിരുമ്മരുത്.

    ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ചൊറിച്ചില്‍ അനുഭവപ്പെടാം. ഗര്‍ഭത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ രക്തയോട്ടം കൂടുതലായിരിക്കും. അതിന്‍റെ ഭാഗമായിട്ടാണ് ഉഷ്ണവും, ചൊറിച്ചിലും ഉണ്ടാകുന്നത്. ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടത്തില്‍ ചര്‍മ്മം വലിഞ്ഞു വരുന്നതു മൂലവും ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത് അസഹനീയമാകുന്നുവെങ്കില്‍ ഡോക്ടറെ കാണാം. ഈ പ്രശ്നം തടയുന്നതിനായി ഓയിന്റ്മെന്റുകള്‍ ലഭ്യമാണ്.

  • നൈറ്റ് ഷിഫ്റ്റുണ്ടോ, സൂക്ഷിക്കണേ

    നൈറ്റ് ഷിഫ്റ്റുണ്ടോ, സൂക്ഷിക്കണേ

    അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന വ്യക്തിയാണോ നിങ്ങള്‍? രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന വ്യക്തിയുമാണോ നിങ്ങള്‍? എങ്കില്‍ ചില മുന്‍കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്. കാരണം അബോര്‍ഷന്‍ സാധ്യത നിങ്ങളെപോലെയുള്ളവര്‍ക്ക് കൂടുതലാണത്രെ. രണ്ടോ അതിലധികമോ നൈറ്റ് ഷിഫ്റ്റ് ഉള്ള സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളെക്കാള്‍ അബോര്‍ഷന്‍ സാധ്യത കൂടുതലാണെന്നാണ് അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോസ്പിറ്റലുകളില്‍ ജോലി നോക്കുന്ന സ്ത്രീകള്‍ക്കിടയിലാണ് പഠനം നടന്നത്. ഡെന്മാര്‍ക്കില്‍ നടത്തിയ ഈ പഠനത്തില്‍ 22,744 ഗര്‍ഭിണികളെ പങ്കെടുപ്പിച്ചു. അതില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഗവേഷണഫലമാണ് മുകളില്‍ എഴുതിയത്.എട്ട് ആഴ്ച കഴിഞ്ഞ ഗര്‍ഭകാലത്തില്‍ രണ്ടോ അതിലധികമോ നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്യുന്നത് ആഴ്ചയില്‍ ഒരിക്കല്‍ പോലും നൈറ്റ് ഷിഫ്റ്റ് ചെയ്തിട്ടില്ലാത്ത സ്ത്രീകളുമായി നോക്കുമ്പോള്‍ 32 ശതമാനം അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജേര്‍ണല്‍ ഓഫ് ഒക്കുപ്പേഷനല്‍ ആന്റ് എന്‍വയണ്‍മെന്റല്‍ മെഡിസില്‍ ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

error: Content is protected !!