നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ നാളുകളുടെ അദ്ധ്വാനത്തിന്റെയും ഫലമാണ് ഇന്ന് നിങ്ങൾ ആയിരിക്കുന്ന ഓരോ അവസ്ഥകളും. ബന്ധങ്ങളിലേക്ക് പുതുതായി ആരെങ്കിലുമൊക്കെ കടന്നുവരുമ്പോൾ വിസ്മരിച്ചുകളയേണ്ട വ്യക്തിയല്ല അമ്മ. ഇന്ന് മുതിർന്ന പല മക്കളുടെയും അമ്മമാർ കണ്ണീരിലാണ്. കാരണം മക്കളിൽ നിന്ന് ഉണ്ടാകുന്ന അവഗണന, സ്നേഹരാഹിത്യം. മകന്റെ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാൻ പോലും അനുവാദം നിഷേധിക്കപ്പെടുന്ന വൃദ്ധരായ അമ്മമാർ.
അമ്മയുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന് കിട്ടുന്ന അനുഗ്രഹമാണ്. ഇക്കാര്യം മനസ്സിലാക്കി അമ്മയെ എങ്ങനെയെല്ലാം സന്തോഷിപ്പിക്കാം എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
അമ്മയെ മനസ്സിലാക്കുക, അമ്മയ്ക്ക് നന്ദി പറയുക
ഏതു പ്രായത്തിലും ഏത് അവസ്ഥയിലും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മെ ഇത്രയധികം പരിഗണിക്കുകയും നമ്മുടെ ആവശ്യങ്ങൾ അറിയുകയും ചെയ്യുന്ന മറ്റൊരാളും ഈ ലോകത്തിൽ ഇല്ല. ഇത്തരമൊരു മനസ്സിലാക്കൽ അമ്മയെക്കുറിച്ചുണ്ടാകുമ്പോൾ തന്നെ അമ്മയെ എത്രയധികമാണ് സ്നേഹിക്കേണ്ടതെന്ന് നാം തിരിച്ചറിയും. അമ്മ ചെയ്തുതരുന്ന ഓരോ നിസ്സാരകാര്യങ്ങൾക്ക് പോലും അമ്മയോട് നന്ദി പറയുക. തങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്ക് എന്തുമാത്രം സ്ഥാനമാണ് നല്കിയിരിക്കുന്നതെന്ന് പറഞ്ഞുകേൾപ്പിക്കുക. താൻ മക്കളാൽ അംഗീകരിക്കപ്പെടുകയും സനേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് അമ്മയെ ഏറെ സന്തോഷിപ്പിക്കും.
സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തുക
കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ എല്ലാ അമ്മമാരെയും വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. അതായത് താൻപ്രസവിച്ച മക്കളെല്ലാവരും സാഹോദര്യത്തിലും സ്നേഹത്തിലും ഒരുമിച്ചുപോകുന്നതാണ് അമ്മയുടെ സന്തോഷം. അമ്മയ്ക്ക് ചിലപ്പോഴെങ്കിലും തന്റെ മക്കളോടുള്ളസ്നേഹത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ മക്കളെല്ലാവരും സ്നേഹത്തിൽ കഴിയുന്നതാണ് അമ്മയുടെ സന്തോഷം. അതുകൊണ്ട് നിസ്സാരപ്രശ്നങ്ങളുടെ പേരിൽ പിണങ്ങിക്കഴിയുന്ന സഹോദരങ്ങളുമായി നല്ല ബന്ധം പുനഃസ്ഥാപിക്കുകയും അതുവഴി അമ്മയെ സന്തോഷിപ്പിക്കുകയും ചെയ്യുക.
അച്ഛനെ സ്നേഹിക്കുക, ആദരിക്കുക
സഹോദരങ്ങൾ തമ്മിൽ ഐക്യത്തിലായിരിക്കുന്നത് അമ്മയെ സന്തോഷിപ്പിക്കുന്നതുപോലെ തന്നെ മക്കൾ അച്ഛനെ അനുസരിക്കുന്നതും ആദരിക്കുന്നതും അമ്മയുടെ സന്തോഷത്തിന് കാരണമാകുന്നു. മക്കളും അച്ഛനും തമ്മിലുള്ള വിയോജിപ്പുകൾക്കിടയിൽ ഏറ്റവും അധികം വേദന തിന്നുന്നത് അമ്മമാരാണല്ലോ. അതുകൊണ്ട് അച്ഛനെ സ്നേഹിച്ചും ആദരിച്ചും അമ്മയുടെ സന്തോഷം ഉറപ്പുവരുത്താൻ മക്കൾ ബാധ്യസ്ഥരാണ്.
അമ്മയുമായി ബന്ധം നിലനിർത്തുക
ജോലി,പഠനം,വിവാഹം ഇങ്ങനെ ഒരുപിടി കാരണങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് അകന്നുജീവിക്കേണ്ട സാഹചര്യം പല മക്കൾക്കും ഉണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിലും അമ്മയെ മറന്നുകൊണ്ടായിരിക്കരുത് ജീവിക്കേണ്ടത്. കഴിയുമെങ്കിൽ എല്ലാ ദിവസവും അമ്മയെ ഫോൺ ചെയ്യുക, ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ കാണാൻ പോകുക, രോഗിയായി കിടക്കുമ്പോൾ ശുശ്രൂഷിക്കുക ഇതെല്ലാം അമ്മയെ സന്തോഷിപ്പിക്കുന്ന കാരണങ്ങളാണ്.
അമ്മയുടെ ഉപദേശം സ്വീകരിക്കുക
നമ്മെക്കാൾ നമ്മുടെ ആവശ്യങ്ങൾ അറിയാ വുന്നത് അമ്മയ്ക്കാണ്. ചെറുപ്രായം മുതൽക്കേ നമ്മെ ഏറ്റവും അധികം അടുത്ത് കണ്ടിരിക്കുന്നത് അമ്മയായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്തു ചെയ്താലാണ് നമുക്ക് നന്മയുണ്ടാകുന്നത് എന്ന് അമ്മയ്ക്കറിയാം. സ്നേഹം കൊണ്ടു മാത്രമല്ല ജീവിതാനുഭവം കൊണ്ടുകൂടിയാണ് അമ്മ അങ്ങനെ പറയുന്നത്. അതുകൊണ്ട് അമ്മയുടെ ഉപദേശത്തിന് വില കല്പിക്കുക. അങ്ങനെ അമ്മയുടെ വാക്കിനെ മാനിക്കുന്നുണ്ടെന്ന് തെളിയിക്കാനും സാധിക്കും.