ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്. ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ രോഗം കണ്ടെത്തി. അതു കേട്ടപ്പോള്‍ ഭര്‍ത്താവ് മാത്രമല്ല ഭാര്യയും ഞെട്ടിപ്പോയി. എന്തായിരുന്നു ഡോക്ടര്‍ പറഞ്ഞ രോഗം എന്നല്ലേ പ്രീമെന്‍സ്ട്രൂവല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍.
ഇനി എന്താണ് ഈ അസുഖം എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.ആര്‍ത്തവം അടുക്കാറാകുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നമാണ് ഇതെന്ന് ഏറ്റവും ലളിതമായി പറയാം. അതിഭീകരമായ രീതിയിലുള്ള ദേഷ്യം, പൊട്ടിത്തെറി, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനുള്ള മുന്‍കോപം, ശ്രദ്ധക്കുറവ്, ഉറക്കത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍, അമിത ക്ഷീണം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍.
ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പു മുതല്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങാം. ആര്‍ത്തവം ആരംഭിക്കുന്നതോടെ ലക്ഷണങ്ങളില്‍ കുറവ് അനുഭവപ്പെട്ടുതുടങ്ങും. മൂന്നുമുതല്‍ എട്ടുവരെ ശതമാനം സ്ത്രീകളിലും ഈ അസുഖമുണ്ട് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
സ്ത്രീകള്‍ മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇക്കാര്യം മനസ്സിലാക്കാതെ പോകുന്നത് കുടുംബത്തിന്റെ മുഴുവന്‍ അസ്വസ്ഥതയ്ക്കും സമാധാനക്കേടിനും കാരണമാകും. ഭാര്യമാരുടെ മുന്‍കോപത്തിന്റെ പേരില്‍ സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ഭര്‍ത്താക്കന്മാരുണ്ടോ ഈ അസുഖത്തെക്കുറിച്ച് അറിയുന്നുള്ളൂ? ഫലമോ ഒന്നും രണ്ടും പറഞ്ഞ് അടിയും പിടിയും വഴക്കും വക്കാണവുമായി. ഒടുവില്‍ എത്തിച്ചേരുന്നതാകട്ടെ കുടുംബക്കോടതിയിലും.
അതുകൊണ്ട് കുടുംബത്തിലുള്ള എല്ലാവരും ഇത്തരമൊരു രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതും മതിയായ ചികിത്സ ഇത്തരം സ്ത്രീകള്‍ക്ക് നല്‌കേണ്ടതുമാണ്.