ഗര്‍ഭാവസ്ഥയില്‍ പുറംവേദന ഉണ്ടാകുന്നത് സാധാരണമാണ്. ഹൈഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ ഈ സമയത്ത് ആ ശീലം ഉപേക്ഷിക്കുക. നട്ടെല്ലിനു കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍. അതുപോലെ എന്തെങ്കിലും കാര്യങ്ങള്‍ക്കായി പെട്ടെന്ന് കുനിയരുത്. അതും പുറംവേദനയ്ക്ക് കാരണമായി തീരും.
ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചില്‍. ഒറ്റപ്രാവശ്യം വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കുറഞ്ഞ അളവില്‍ പല തവണകളായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതുപോലെ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ വറുത്തതും, പൊരിച്ചതും കഴിയുന്നതും ഒഴിവാക്കണം.
ഗര്‍ഭിണികള്‍ക്ക് ശാരീരികമായി പല അസ്വസ്ഥതകളും ഉണ്ടാകുന്നതിനാല്‍ ഉറക്കക്കുറവ് സാധാരണമാണ്. കിടക്കുന്നതിനു തൊട്ടു മുമ്പായി ചെറുചൂടുവെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉറക്കം കിട്ടും.
രാത്രിയില്‍ അയഞ്ഞ, മൃദുവായ വസ്ത്രങ്ങള്‍ ധരിക്കുക. അതുപോലെ കിടക്കുന്നതിനു മുമ്പ് ചെറുചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ലതാണ്.
ചില ഗര്‍ഭിണികള്‍ക്ക് മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. സാധാരണമായി ഉണ്ടാകുന്ന കാര്യമാണിത്. തള്ളവിരലും, ചൂണ്ടുവിരലും ഉപയോഗിച്ച് മൂക്ക് അഞ്ചു മിനിറ്റ് അടച്ചു പിടിക്കുക. രക്തസ്രാവം നില്‍ക്കും. പിന്നെയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഇത് വീണ്ടും ആവര്‍ത്തിക്കാം.
ഗര്‍ഭിണികളില്‍ ശരീരഭാരം കൂടുന്നതിന് അനുസരിച്ച് വെരിക്കോസ് വെയിന്‍ പ്രശ്നം ഉണ്ടാകാം. അധികസമയം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ കാലുകള്‍ പിണച്ചു വെച്ചുകൊണ്ട് ഇരിക്കരുത്. ഇരിക്കുമ്പോള്‍ കാലുകള്‍ അല്പം ഉയരത്തില്‍ കേറ്റിവെച്ചുകൊണ്ടു ഇരിക്കുക. ഞരമ്പുകള്‍ തടിക്കുന്നുവെങ്കില്‍ അവിടെ അമര്‍ത്തി തിരുമ്മരുത്.
ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ചൊറിച്ചില്‍ അനുഭവപ്പെടാം. ഗര്‍ഭത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ രക്തയോട്ടം കൂടുതലായിരിക്കും. അതിന്‍റെ ഭാഗമായിട്ടാണ് ഉഷ്ണവും, ചൊറിച്ചിലും ഉണ്ടാകുന്നത്. ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടത്തില്‍ ചര്‍മ്മം വലിഞ്ഞു വരുന്നതു മൂലവും ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത് അസഹനീയമാകുന്നുവെങ്കില്‍ ഡോക്ടറെ കാണാം. ഈ പ്രശ്നം തടയുന്നതിനായി ഓയിന്റ്മെന്റുകള്‍ ലഭ്യമാണ്.