മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ സംസാരിക്കുന്നു..
മലയാള സിനിമയിൽ ഇതിനകം എത്രയോ അമ്മനടിമാർ വന്നുപോയിരിക്കുന്നു. പക്ഷേ വെറും നടിയായിട്ടല്ല , അമ്മയോട് തോന്നുന്ന സ്നേഹം കൊടുത്താണ് അവരെയെല്ലാം പ്രേക്ഷകർ സ്വീകരിച്ചത്. കാരണം അത്രയ്ക്ക് വലിയ സ്വാധീനമായിരുന്നു അവർ അഭിനയിച്ച അമ്മ വേഷങ്ങൾ പകർന്നുനല്കിയത്.
കവിയൂർ പൊന്നമ്മയും കെ.പി.എ.സി ലളിതയും സുകുമാരിയുമെല്ലാം അത്തരം അമ്മ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്നവരായിരുന്നു. ആ നിരയിലേക്ക് ഇടം നേടത്തക്കവിധത്തിൽ അടുത്തയിടെ ഒരു പുതിയ അമ്മ കൂടി മലയാളസിനിമയിൽ എത്തിച്ചേരുകയുണ്ടായി. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ഉമ്മയായി വന്ന സാവിത്രി ശ്രീധരൻ ആയിരുന്നു അത്. സാവിത്രി ശ്രീധരന്റെ വാക്കുകളിലൂടെ…
സ്വപ്‌നം പോലൊരു ദിവസം
ഒരു ദിവസം കുറെ ചെറുപ്പക്കാർ വീട്ടിലെത്തി. അവരാരാണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. അവരെന്നോട് പറഞ്ഞത് ഒരു സിനിമ അവർ ചെയ്യാൻ പോകുന്നു. അതിൽ അഭിനയിക്കണം എന്നായിരുന്നു. കേട്ടപ്പോ തന്നെ ഞാൻ പറഞ്ഞു, എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലാ, ഞാൻ വരില്ല എന്ന്. പക്ഷേ അവർ പറഞ്ഞു, അതൊക്കെ നമ്മുക്ക് ശരിയാക്കിയെടുക്കാം, ചേച്ചി സമ്മതിച്ചാൽ മാത്രം മതിയെന്ന്. മാത്രവുമല്ല കൂടെ അഭിനയിക്കുന്നവരുടെയൊക്കെ പേരുകൾ പറഞ്ഞു. ആ പേരുകൾ എനിക്ക് പരിചയമുണ്ടായിരുന്നു. നാടകത്തിൽ എന്റെ കൂടെ അഭിനയിച്ചവരായിരുന്നു അവരൊക്കെ. ഒടുവിൽ ഞാൻ സമ്മതിച്ചു. അങ്ങനെയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ അഭിനയിക്കാൻ ചെന്നത്. സംവിധായകൻ സക്കറിയായും സമീർ താഹിറുമൊക്കെയായിരുന്നു വീട്ടിലെത്തിയത്.
ഷൂട്ടിംങ് വിശേഷങ്ങൾ
22 ദിവസത്തെ ഷൂട്ടിംങ് ആയിരുന്നു. നല്ല രസമായിരുന്നു ആ ദിവസങ്ങൾ. അടുക്കളയിൽ ചായ ഇടുന്ന സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. സൗബിൻ നല്ല സപ്പോർട്ടീവായിരുന്നു. നാടകത്തിലെ പരിചയം കൊണ്ട് ചില സീനുകളിൽ വല്ലാത്ത വിഷമം കാണിക്കുമ്പോൾ സൗബിനും മറ്റും പറയുമായിരുന്നു, അത്രയും വേണ്ടാ എന്ന്.
സുഡാനി രണ്ടാമത്തെ സിനിമ
പലരും കരുതുന്നതുപോലെ സുഡാനി ഫ്രം നൈജീരിയ ആയിരുന്നില്ല എന്റെ ആദ്യ സിനിമ. എം.ടിയുടെ ‘കടവ്’ എന്ന സിനിമയിൽ നായിക ഭാഗ്യരൂപയുടെ അമ്മയായിട്ടായിരുന്നു ആദ്യസിനിമാ വേഷം. നാടകത്തിലെ പരിചയം കൊണ്ട് പുരുഷൻ കടലുണ്ടി വഴിയായിരുന്നു ആ സിനിമയിലെത്തിയത്. പിന്നീട് പല അവസരങ്ങൾ വന്നുവെങ്കിലും എന്തുകൊണ്ടോ സിനിമയിൽ തുടർന്നില്ല. അന്ന് എം.ടിയെ പോലൊരു മഹാൻ നിർദ്ദേശങ്ങളും തിരുത്തലുകളും പറഞ്ഞുതന്നിരുന്നത് അത്ഭുതത്തോടെയാണ് ഓർക്കുന്നത്. ഇന്ന് സംവിധായകനും മറ്റുള്ളവരുമെല്ലാം വളരെ സോഷ്യലാണ്. ജോളി ടൈപ്പാണ്. അവരുടെ ഒപ്പം നില്ക്കുമ്പോൾ നമ്മൾക്കും ആ എനർജി പകർന്നു കിട്ടും. നാടകങ്ങളിൽ മുസ്ലീം കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുഡാനിയിലെ ഉമ്മയെ അവതരിപ്പിക്കാൻ ഏറെ സഹായകമായി.
നൃത്തവും നാടകവും
എട്ടാം വയസിൽ ആരംഭിച്ചതാണ് നൃത്തം. പതിനാറാം വയസിലാണ് നാടകത്തിലെത്തിയത്. വിവാഹം കഴിഞ്ഞതിന് ശേഷമായിരുന്നു നാടകാഭിനയം തുടങ്ങിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. കെ.ടി മുഹമ്മദിന്റേതുൾപ്പെടെ കോഴിക്കോട്ടെ നാലഞ്ച് ട്രൂപ്പുകളിൽ അംഗമായിരുന്നു.
അച്ഛനും ഭർത്താവും
ഞാൻ ജീവിതത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അച്ഛനോടും ഭർത്താവിനോടുമാണ്. രണ്ടുപേരും എന്റെ കലാജീവിതത്തെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സുഡാനി തന്നെ പ്രശസ്തിയിൽ നില്ക്കുമ്പോൾ എന്റെ ഏക സങ്കടം എന്റെ അച്ഛനും എന്റെ ശ്രീധരേട്ടനും കൂടെയില്ലല്ലോ എന്നതുമാത്രമാണ്. ഇരുപത്തിയഞ്ച് വർഷം മുമ്പാണ് എന്നെ തനിച്ചാക്കി ശ്രീധരേട്ടൻ പോയത്. ഇത്രയും നല്ല ഭർത്താവിനെയാണല്ലോ കിട്ടിയിരിക്കുന്നത് എന്ന് ശാന്താദേവിയും കുട്ട്യേടത്തി വിലാസിനിയും എപ്പോഴും പറയുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്കും നാടകത്തിനും എല്ലാം പോകും. ശ്രീധരേട്ടൻ മരിച്ചുകഴിഞ്ഞതിൽ പിന്നെ ഞാൻ തീയറ്ററിൽ പോയിസിനിമ കണ്ടിട്ടില്ല. ദേവാസുരമായിരുന്നു അവസാനമായി ഒരുമിച്ചുകണ്ട സിനിമ.
ഈ രംഗത്തേക്ക് കടന്നുവരുന്നവരോട്
പെൺകുട്ടികൾക്ക് അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് പേടിക്കേണ്ട കാര്യമൊന്നുമില്ല എന്നതാണെന്റെ അഭിപ്രായം. അതുപോലെ, കല്യാണം കഴിയുന്നതോടെ അഭിനയരംഗം വിടേണ്ട കാര്യവുമില്ല.
കോഴിക്കോട് തിരുവന്നൂരാണ് സാവിത്രി ശ്രീധരൻ താമസിക്കുന്നത്. മൂന്നു മക്കൾ. രണ്ടു പെണ്ണും ഒരാണും. 1995-2000 വർഷം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായിരുന്നു. സംഗീത അക്കാദമിയുടെ ആദരവും സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. അഭിമുഖം അവസാനിക്കുമ്പോൾ വെറുതെയൊരു ചോദ്യം ചോദിച്ചു, ഇപ്പോ സാവിത്രിചേച്ചിക്ക് എത്ര വയ സുണ്ട്?
അതെന്തിനാ ഇപ്പോ അറിയുന്നെ.. ചിരിയോടെ മറുചോദ്യം ചോദിക്കുന്നു. എന്നിട്ട് പറഞ്ഞു, പതിനേഴ്. എന്ത്യേ അത്രേം തോന്നുന്നില്ലേ?
അതെ, യൗവനം കൈവിടാത്ത മനസ്സു തന്നെയാണ് സാവിത്രി ശ്രീധരനെ ഈ പ്രായത്തിലും ഇത്രയും ഊർജ്ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകുന്നത്. സംസാരിക്കുമ്പോൾ ഒരമ്മയുടെ വാത്സല്യം, സ്നേഹം… ഈ അമ്മ നല്ല വേഷങ്ങൾകൊണ്ട് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായി മാറട്ടെ…
ബിജു സെബാസ്റ്റ്യൻ