അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍ തീര്‍ത്തുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ ആസ്വാദകരുടെ വായനാവാസനയെ ലളിതവത്ക്കരിച്ചു.
ചാരുകസേരയില്‍ വളഞ്ഞുകുത്തി കിടന്നുകൊണ്ട് എഴുത്തും, വായനയും, അതിഥികളെ സ്വീകരിക്കലുമായി അദ്ദേഹം മാംഗോസ്റ്റീന്‍ മരച്ചുവടിനെ തന്‍റെ സ്വീകരണ-സാഹിത്യമുറിയാക്കി മാറ്റി. ബഷീര്‍ അങ്ങനെയായിരുന്നു. പ്രകൃതി തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ വീട്. മനുഷ്യരെ പോലെ തന്നെ പാറ്റയ്ക്കും, ഉറുമ്പിനും, പുഴുവിനും, കാക്കയ്ക്കും, പൂച്ചയ്ക്കുമെല്ലാം ഭൂമിയില്‍ വസിക്കാന്‍ തത്തുല്യാവകാശമുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ച സഹജീവിസ്നേഹി!
നിഷ്ക്കളങ്കരായ ചുറ്റുവട്ടത്തുള്ളവര്‍ ആണ് അദ്ദേഹത്തിന് വിഷയങ്ങളായത്. ഉപ്പൂപ്പയ്ക്ക് ആനയുണ്ടായിരുന്നുവെന്നു വീമ്പിളക്കുന്ന കുഞ്ഞിപാത്തുമ്മ, ആടിന്റെ ഉടമയായ പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാംതന്നെ ബഷീര്‍ ചുറ്റുപാട് നിരീക്ഷിച്ചതില്‍നിന്നും പിറവി കൊണ്ടവരാണ്. അതുകൊണ്ടുതന്നെ സാഹിത്യത്തിന്‍റെ നിയതമായ കെട്ടുപാടുകളിലോ, വ്യാകരണത്തിന്‍റെ നിയമങ്ങളിലോ പെടുത്താവുന്ന ഒരു എഴുത്തുശൈലിയ്ക്ക് വഴങ്ങാന്‍ ബഷീറിനു കഴിയുമായിരുന്നില്ല. കാരണം, ബഷീറിന്റെ കഥാപാത്രങ്ങളും, അവരുടെ ജീവിതവും പരിഷ്കൃതസമൂഹത്തില്‍ പെടുന്നവരായിരുന്നില്ല. തദ്വാരാ, ബഷീര്‍ സാധാരണക്കാരില്‍ സാധാരണക്കാരായ വായനക്കാരുടെ സ്വന്തം എഴുത്തുകാരനായി. അവരുടെ കൂടെ, അവരുടെ ചിന്തകള്‍ അറിഞ്ഞ് പങ്കിട്ടു ജീവിച്ചു. അവരെ എഴുതി, അവരെക്കൊണ്ടു വായിപ്പിച്ചു. അവരുടെ ഉള്ളറിഞ്ഞ് ചിരിപ്പിച്ചു.
ചില ബഷീറിയന്‍ ഭാഷാപ്രയോഗങ്ങള്‍ എന്നുമെപ്പോഴും മലയാളസാഹിത്യത്തില്‍ മാത്രമല്ല, സാധാരണക്കാരുടെ സംഭാഷണങ്ങളില്‍വരെ സ്ഥാനം പിടിച്ചു. “വെളിച്ചത്തിനെന്തൊരു വെളിച്ചം”, “ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യോരോന്ന്” ഇങ്ങനെ എത്രയെത്ര!
തന്‍റെ എഴുത്തിനെ കുറിച്ച് ബഷീര്‍ പറഞ്ഞതിങ്ങനെ: “എന്റെ എഴുത്തുകള്‍ വായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും. കാരണം, അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു.” അതാണ് വായനക്കാര്‍ ബഷീറിയന്‍ സാഹിത്യത്തിലൂടെ തിരിച്ചറിഞ്ഞ സത്യം!
ജീവിതത്തില്‍നിന്നും പെറുക്കിയെടുത്ത കളങ്കമില്ലാത്ത അക്ഷരങ്ങള്‍ ചമച്ച ബേപ്പൂര്‍ സുല്‍ത്താനെ, അങ്ങ് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജൂലൈ നാലിന് യാത്രാമൊഴി പറഞ്ഞതൊന്നും ഞങ്ങള്‍ വായനക്കാരുടെ കാതില്‍ പതിഞ്ഞിട്ടില്ല. കാരണം, ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന പച്ചപ്പുല്ലില്‍ ഗന്ധമുള്ള കഥാപാത്രങ്ങള്‍ക്ക് ഇപ്പോഴും ജീവനുണ്ടല്ലോ!