ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?

Date:

spot_img

അടുത്തയിടെ പലതും പറഞ്ഞ കൂട്ടത്തില്‍ ആത്മസ്‌നേഹിതന്‍ ചോദിച്ചു
നീ ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?

വ്യക്തിപരമായ ചില പ്രശ്‌നങ്ങളിലൂടെ അവന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
അവന്റേതില്‍ നിന്ന് ഭിന്നമായ മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നെയും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്‍ എന്നോട്  അങ്ങനെ  ചോദിച്ചത്.

ഞാന്‍ ഇപ്പോള്‍ സന്തോഷിക്കാറേയില്ല. എന്റെ പഴയ സന്തോഷമൊക്കെ എവിടെയോ ഇല്ലാതായതുപോലെ.. അവന്‍ തുടര്‍ന്നുപറഞ്ഞു.

പക്ഷേ ഞാന്‍ പറഞ്ഞു എനിക്ക് സന്തോഷമുണ്ട്..ഞാന്‍ സന്തോഷിക്കാറുമുണ്ട്.

ചിലതൊക്കെ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ നമുക്ക് സന്തോഷിക്കാന്‍ കഴിയൂ എന്ന് കരുതുന്നത് നമ്മുടെ പിടിവാശികളുടെ ഭാഗമാണെന്നാണ് തോന്നുന്നത്. ഒരു പക്ഷേ എല്ലാവര്‍ക്കും ജീവിതത്തിലെ എല്ലാ ദിവസവും എല്ലാ നിമിഷവും സന്തോഷം അനുഭവിക്കാന്‍ കഴിയണമെന്നില്ല. ജീവിതത്തില്‍ നാം ലക്ഷ്യമിടുന്ന എല്ലാം കൈക്കലാക്കിക്കഴിഞ്ഞാല്‍ മാത്രമേ സന്തോഷം അനുഭവിക്കാന്‍ കഴിയൂ എന്ന് കരുതുന്നും മൗഢ്യമാണ്.

ചിലതൊക്കെ ഇല്ലാത്തപ്പോഴും ചിലതൊക്കെ നമ്മളാല്‍ പരിഹരിക്കപ്പെടാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോഴും ചിലതൊന്നും ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കുമ്പോഴും  ചിലതൊന്നും ഒരിക്കലും മാറാത്തപ്പോഴും എല്ലാം സന്തോഷിക്കാന്‍ കഴിയണം നമുക്ക്.

വലിയ കാര്യങ്ങള്‍ ഉള്ളതുകൊണ്ടല്ല ഞാന്‍ സന്തോഷിക്കുന്നത്.. ഒരുപക്ഷേ വലിയ സങ്കടങ്ങള്‍ ഇല്ലാത്തതുകൊണ്ടാവാം ഞാന്‍ സന്തോഷിക്കുന്നത്. അങ്ങനെയും എനിക്ക് തോന്നിയിട്ടുണ്ട്.

കാരണം വലിയൊരു ദുരന്തമോ അത്യാഹിതമോ വിശ്വാസവഞ്ചനയോ സാമ്പത്തികനഷ്ടമോ അത്തരം ആഘാതങ്ങള്‍ വന്നുഭവിക്കുമ്പോഴും എനിക്ക് ഇപ്പോഴത്തേതുപോലെ സന്തോഷിക്കാന്‍ കഴിയുമെന്ന് എനി്ക്കുറപ്പില്ല. പക്ഷേ ഒന്നു ഞാന്‍ എപ്പോഴും പറയും.

എനിക്ക് സന്തോഷിക്കാന്‍ വലിയ കാരണങ്ങളൊന്നും വേണ്ട.. എന്റെ ഉള്ളിലെ സന്തോഷം എന്റെ തന്നെ സൃഷ്ടിയാണ്.എന്റെ ഉള്ളിലെ സന്തോഷത്തിന്റെ അന്തകനും ഞാന്‍ തന്നെയാണ്.  സന്തോഷിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. മറ്റൊരാളെ വേദനിപ്പിക്കാതെയും സമൂഹത്തിന്റെയോ മതത്തിന്റെയോ നിയമങ്ങളെ ഭേദിക്കാതെയോ ഈ ലോകത്തില്‍ സ്വയം സന്തോഷിക്കാനുള്ള കോപ്പുകളൊക്കെ എല്ലാവരുടെയും പക്കലുണ്ട്. ഒന്ന് സ്വസ്ഥമായിട്ടിരുന്ന് അവനവനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ നമ്മുടെ ഉള്ളിലും നമ്മുടെ വെളിയിലും ഉള്ള സന്തോഷിക്കാനുള്ള ഒരുപിടി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ചില കാര്യങ്ങളില്‍ ജീവിതത്തിന്റെ സന്തോഷം കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ അതിലും വലിയ നിധി ഖനനമൊന്നും നമ്മള്‍ നടത്തേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ട്. ഒരു സുഹൃത്തിന്റെ ചാരത്തു ചെന്നിരിക്കുമ്പോഴും അവന്റെ വിരല്‍ കോര്‍ത്തു നടന്നപ്പോഴും എത്രയോ വട്ടം എന്റെ മനസ്സില്‍ സന്തോഷം പീലി വിടര്‍ത്തിയാടിയിട്ടുണ്ട്.  എന്നെ തേടിയെത്തിയ ചില  ഫോണ്‍വിളികള്‍ എത്രയോ വട്ടം എന്റെ സങ്കടങ്ങളെ ലഘൂകരിച്ചിട്ടുണ്ട്. എത്രയോ പേരുടെ മുഖസ്മരണകള്‍ എന്നെ ഈ ലോകത്തില്‍ സന്തോഷിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.. എത്രയോ പാട്ടുകള്‍ എന്നെ ആനന്ദിപ്പിച്ചിട്ടുണ്ട്.

വിഷാദത്തിന്റെ കുലംകുത്തലുകള്‍ ഇല്ലാതിരുന്ന കാലത്തെല്ലാം എന്റെ ജീവിതവും അനുദിനവ്യാപാരങ്ങളും ഇങ്ങനെതന്നെയാണ് കടന്നുപോകുന്നത്. എന്നാല്‍ വിഷാദം ഉരുള്‍പൊട്ടല്‍ പോലെ വരുന്ന നാളുകളില്‍ ചിലപ്പോള്‍ ഇത്രയും കരുത്തോടെ അതിന് നേരെ നെഞ്ചുവിരിച്ചു നില്ക്കാന്‍ കഴിയാറുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.  സന്തോഷം മനുഷ്യന്റെ അടിസ്ഥാന അവകാശം തന്നെയാണ്. 

മഹേഷിന്റെ പ്രതികാരത്തിലെ ഒരു ഡയലോഗ് ഓര്‍മ്മയില്ലേ എന്നെ കെട്ടിപിടിച്ചൊന്ന് കരഞ്ഞാല്‍ തീരുന്ന സങ്കടമൊക്കെയേ നിനക്കുള്ളൂ എന്ന്..

സത്യമാണ് അത്. ഏറ്റവുംപ്രിയപ്പെട്ട ഒരാളെ ഒന്ന് കെട്ടിപിടിച്ചു കരഞ്ഞാല്‍ തോരുന്നതാണ് നമ്മുടെ മിക്ക സങ്കടമഴകളും. സ്‌നേഹിക്കുന്നവരെ കാണാതെ പോകുന്നതാണ് നമ്മുക്ക് സന്തോഷങ്ങള്‍ ഇല്ലാതെ പോകുന്നതിന് ഒരു കാരണം. സ്വന്തമോ ബന്ധമോ രക്തബന്ധങ്ങളോ ഒന്നുമല്ല നമ്മുടെ സന്തോഷങ്ങള്‍ നല്കുന്നത് എന്നും വിസ്മരിക്കരുത്. അത്തരം ചില ധാരണകള്‍ ഉള്ളില്‍കയറിയാല്‍ പിന്നെ അനാഥരുടെ സന്തോഷങ്ങളെ നാം എങ്ങനെ നിര്‍വചിക്കും? അപ്പോള്‍ അതൊന്നുമല്ല പ്രധാനം. ഒട്ടും അപ്രധാനവല്‍ക്കരിക്കാതെ തന്നെ .

നമ്മള്‍ മറ്റേതെല്ലാമോ കെട്ടുകളില്‍കുരുങ്ങികിടക്കുന്നതുകൊണ്ട് നമ്മെ സ്‌നേഹിക്കുന്നവരെ മനസ്സിലാക്കാനോ  കാണാനോ അവരുടെ സന്തോഷം നമ്മുടെ ഉള്ളിലെ സന്തോഷമായി മാറ്റാനോ കഴിയുന്നില്ല. പുറമേയ്ക്കാണ് നാം സന്തോഷം തിരയുന്നത്.  കസ്തൂരിമാനിനെ പോലെ.. പക്ഷേ ഉള്ളിലേക്ക് നോക്കുന്‌പോള്‍ സന്തോഷത്തിന്റെ ഉറവകള്‍ വന്ന് നമ്മെ നനച്ചുകളയും.

നമ്മളില്‍ പലരും വലിയ കാര്യങ്ങള്‍ അന്വേഷിക്കുന്നവരാണ്. വലിയ വീട്.. കൂടുതല്‍ സമ്പത്ത്.. കൂടുതല്‍ പ്രശസ്തി..ബന്ധങ്ങള്‍.. അവയൊക്കെ സുരക്ഷിത്വം നല്കുന്‌പോഴും അവയൊന്നും നിത്യമായ സന്തോഷങ്ങള്‍ നല്കുന്നില്ല. ഏതൊരു വന്‍ നേട്ടവും ഒരു മലകയറ്റത്തിന് ശേഷം പിന്തിരിഞ്ഞുനോക്കുന്‌പോള്‍ തോന്നുന്ന ശൂന്യതകണക്കെയാണ്.  അവയ്ക്ക് സന്തോഷത്തിലേക്കുള്ള വേരോട്ടങ്ങള്‍ വളരെ കുറവാണ്.

അടുത്തുനില്ക്കുന്നതിനെയോ ഒപ്പമുള്ളതിനെയോ നാം വേണ്ടത്ര വിധത്തില്‍ പരിഗണിക്കുന്നില്ല. ഇങ്ങനെ പരിഗണിച്ചുതുടങ്ങുമ്പോള്‍ നാം പതുക്കെ സന്തോഷത്തിലേക്ക് പ്രവേശിക്കും. സന്തോഷം ആത്യന്തികമായി നമ്മുടെ ഉള്ളിലുള്ള വികാരമാണ്. നാം സ്വയം കണ്ടെത്തേണ്ട നിധിയും. സന്തോഷിക്കണമെന്നത് എന്റെതീരുമാനവും എന്റെ തിരഞ്ഞെടുപ്പുമാണ്. പലപ്പോഴും പലയിടങ്ങളിലും എനിക്ക് സന്തോഷിക്കാന്‍ കഴിയാത്തത് സന്തോഷങ്ങളുടെ നേര്‍ക്ക് ഞാന്‍ തുറവി കാണിക്കാത്തതുകൊണ്ടാണ്.

എന്റെ സ്‌നേഹത്തിന് പരിമിതികളും കുറവുകളുമുണ്ടെങ്കിലും നിനക്ക് എന്നെയോര്‍ത്ത് എന്തുകൊണ്ടാണ് സന്തോഷിക്കാന്‍ കഴിയാതെ പോകുന്നത്? ഒരു ബന്ധത്തിന്റെ പേരു പറഞ്ഞും എനിക്ക് നിന്റെമേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും നിന്നെ എന്നെപോലെ സ്‌നേഹിച്ചവര്‍ മറ്റാരുമുണ്ടാവില്ല എന്നെനിക്കുറപ്പാണ്. എന്നിട്ടും..അതെ സ്‌നേഹിക്കുന്നവരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് നമ്മുടെ സന്തോഷങ്ങളുടെയെല്ലാം മൂലകാരണം.

ഇപ്പോള്‍ അടുത്തയിടെയായി വായനയിലൂടെ പരിചയം സമ്പാദിച്ച ഒരുവന്‍ സ്ഥിരമായി എനിക്ക് ഫേസ്ബുക്കിലൂടെ രാവിലെ ഗുഡ്‌മോണിംങ് ആശംസിക്കും. രാവില്‍ ഗുഡ്‌നൈറ്റും. ആദ്യത്തെ ആശംസ ഇപ്പോള്‍ ഗുഡ്‌മോണിംങ് ഡിയര്‍ ആയിട്ടുണ്ട്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുവന്‍ കിടക്കുന്നതിനും ഉണരുന്നതിനും മുമ്പ് എന്നെ ഓര്‍ക്കുന്നുവെന്നത് ഒരു സന്തോഷമാണ്.  ആ സന്തോഷം ഞാന്‍ അനുഭവിക്കുന്നുണ്ട്.

തീര്‍ച്ചയായും ഇത്തിരി കാര്യങ്ങളിലെ സന്തോഷം കാണാതെ പോകരുത്. അത് അനുഭവിക്കാതെയുമിരിക്കരുത്. നന്ദി സന്തോഷമായിരിക്കുക..സന്തോഷത്തോടെ..

വിനായക് നിര്‍മ്മല്‍

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!