ജോലിയിലെ  സമ്മർദ്ദങ്ങൾക്കു പരിഹാരമുണ്ട്

Date:

spot_img

ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി വർദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. മാനേജുമെന്റുകൾ ഏല്പിക്കുന്ന  ടാർജറ്റുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായും ജോലിയിൽ സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയാത്തതിന്റെ പേരിലുമൊക്കെയാണ് ഇത്തരം ആത്മഹത്യകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജോലിയില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്നവരെക്കാൾ  ജോലിയുടെ പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നുവെന്നതും നിഷേധിക്കാനാവില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജോലിയിലെ സ മ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം?  അവയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ?

ജോലിയെ സ്നേഹിക്കുകയാണ് ജോലിയിലെ സമ്മർദ്ദങ്ങളിൽ നിന്ന് മോചിതരാകാനുളള ഒരു മാർഗ്ഗം. ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോൾ അതിൽ സന്തോഷിക്കാനാവില്ല. ചിലരൊക്കെ ജോലി ചെയ്തുപൂർത്തിയാക്കുക എന്നതിനെക്കാളേറെ മാനേജ്മെന്റിനെ പ്രീണിപ്പിക്കുക, അതുവഴി പ്രമോഷനും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവരാണ്. ജോലി ആത്മാർത്ഥമായും കൃത്യമായും ചെയ്തുതീർക്കുകയും മേലധികാരികളെ അനാവശ്യമായിപ്രീണിപ്പിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുക. മാനേജുമെന്റിനെ സ്നേഹിക്കുന്നതിനെക്കാളേറെ ജോലിയെ സ്നേഹിക്കുകയാണ് വേണ്ടത്. മേലധികാരികൾ മാറിവന്നുകൊണ്ടിരിക്കും. പക്ഷേ ജോലി സ്ഥിരമാണ്. ജോലി നന്നായി ചെയ്യുകയും നിങ്ങൾക്കു പകരം വയ്ക്കാൻ കഴിയുന്ന മറ്റൊരാൾ ഇല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്താൽ സ്വഭാവികമായും നിങ്ങളെ മാനേജ്മെന്റ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും.

നല്ല തൊഴിൽസാഹചര്യം നല്ലതുപോലെ ജോലി ചെയ്യാൻ അനിവാര്യമാണ്. തൊഴിലിടങ്ങളിൽ നല്ല വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചെടുക്കുക. കൊടുക്കേണ്ട അംഗീകാരവും ആദരവും കൊടുക്കേണ്ടവർക്കു കൊടുക്കേണ്ടതുപോലെ കൊടുക്കുക. സ്വജനപക്ഷപാതവും ഗ്രൂപ്പിസവും ഒഴിവാക്കുക. കഴിയുന്നത്ര എല്ലാവരോടും നല്ലതുപോലെ പെരുമാറുക. ബന്ധങ്ങളെ സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി വിനിയോഗിക്കാതിരിക്കുക. നല്ല സുഹൃത്തുക്കൾ തൊഴിൽ ഇടങ്ങളിൽ അനിവാര്യമാണ്.
ഒറ്റയ്ക്കു ചെയ്യേണ്ട ജോലികൾ ഒറ്റയ്ക്കും സഹായം ആവശ്യമായ ജോലികൾ സഹായം തേടിയും ചെയ്തുപൂർത്തിയാക്കുക. ഓരോ ദിവസവും ചെയ്യേണ്ട ജോലികൾ അന്നന്നുതന്നെ ചെയ്തുപൂർത്തിയാക്കുക. നാളെ ചെയ്തുതീർക്കാമെന്ന് കരുതി മാറ്റിവയ്ക്കുന്ന ജോലികൾ ജോലിയിൽ അനാവശ്യമായ ടെൻഷൻ വർദ്ധിപ്പിക്കും.
ചിലർ വർക്കഹോളിക്കുകളാണ്. ഏതുസമയവും ജോലി ജോലി എന്ന വിചാരം മാത്രമേ അവർക്കുണ്ടാകൂ. ചിലർ പെർഫക്ഷനിസ്റ്റുകളാണ്. എത്ര  ചെയ്താലും ശരിയായിട്ടില്ല എന്ന വിചാരമാണ് അവർക്ക്. തങ്ങൾ ചെയ്തതു ശരിയാകുന്നില്ല എന്നു വിചാരിക്കുന്നതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ചെയ്തികളെയും അവർ അപ്രകാരമേ കാണൂ. ഈ രണ്ടുതരം മനോഭാവങ്ങളും ജോലിയിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നവയാണ്.

വ്യക്തിപരമായ സന്തോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. പ്രിയപ്പെട്ടവരുമൊത്തു വിനോദങ്ങളിൽ ഏർപ്പെടുക, യാത്രകൾ പോവുക. ചില പ്രത്യേകതരം ജോലികൾ ചെയ്യുന്നവർക്കു നിർബന്ധമായും  ദിവസങ്ങൾ നീളുന്ന ടൂർപ്രോഗ്രാമുകളും നിർബന്ധിത അവധികളും നല്കാറുണ്ട്. ജോലിയിൽ നിന്ന് റിലാക്സേഷൻ നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതുചെയ്യുന്നത്. ഇത്തരം ആനുകൂല്യങ്ങൾ കിട്ടാത്തവർ പോലും ആഴ്ചയിലൊരിക്കൽ തങ്ങളുടെ സാഹചര്യവും സൗകര്യങ്ങളും അനുസരിച്ചു വിനോദങ്ങൾക്ക് സമയം കണ്ടെത്തുക. ആഴ്ചയിലൊരിക്കലുള്ള അവധി പോലും വിശ്രമിക്കാനുള്ള അവസരമാണ്.

വ്യായാമത്തിനു സ്ഥാനം കൊടുക്കുക.  സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മനസിനും ആരോഗ്യം പ്രദാനം ചെയ്യും. അത്തരക്കാരിൽ മാനസികസമ്മർദ്ദവും കുറവായിരിക്കും.

ഇഷ്ടപ്പെട്ടാണോ കഷ്ടപ്പെട്ടാണോ ജോലി ചെയ്യുന്നതെന്ന് സ്വയം വിലയിരുത്തുക.  ചെയ്യുന്ന ജോലി എന്റെ കഴിവിനും അഭിരുചിക്കും അനുസൃതമായിട്ടുള്ളതാണോ?  ചില ജോലികളിൽ പലരും തളയ്ക്കപ്പെട്ടുപോകാറുണ്ട്. അഭിരുചിക്കനുസരിച്ചുള്ള ജോലി കിട്ടാതെ വരുമ്പോൾ കിട്ടിയ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സന്തോഷിക്കാൻ കഴിയില്ല. അത് അവരിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യും. ഇഷ്ടമുള്ളജോലി ചെയ്യുകയോ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുകയോ ആണ് ജോലിസമ്മർദ്ദങ്ങളിൽ നിന്ന് മോചിതരാകാനുള്ള എളുപ്പമാർഗ്ഗം.

വീടിനൊപ്പമോ അല്ലെങ്കിൽ വീടുകഴിഞ്ഞോ നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്താണ്. അവിടെ സമാധാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ അതു വ്യക്തിപരമായ പരാജയമാണ്. പല രീതിയിൽ ജോലിയിലെ സമ്മർദ്ദങ്ങൾക്ക് അയവു വരുത്താനോ അതിൽ നിന്ന് മുക്തരാകാനോ ശ്രമിച്ചിട്ടും കഴിയുന്നില്ലെങ്കിൽ ആ ജോലി സ്ഥലം മാറുക മാത്രമാണ് മുമ്പിലുള്ള വഴി.

More like this
Related

error: Content is protected !!