ചിന്തിക്കാത്തവൻ മനുഷ്യനല്ല. ചിന്തിക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിയുന്നത്. മനസ്സ് വഴിതെറ്റുകയും ചിന്തകൾ കാടുകയറുകയുംചെയ്യുമ്പോഴാണ് അമിതചിന്തകൾ തലയിൽ കൂടുകൂട്ടുന്നത്. മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നറിയാം. പക്ഷേ ചിന്തകൾ നിയന്ത്രണവിധേയമല്ലാതിരിക്കുകയും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ തലയിൽ കയറിക്കൂടുകയും ചെയ്യുമ്പോഴാണ് ചിന്തകൾ അമിതമായി മാറുന്നത്. അത്തരം ചിന്തകൾ വ്യക്തികളെ പ്രതികൂലമായി ബാധിക്കുന്നു. അമിത ചിന്തകൾ മാനസികാരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. സമ്മർദ്ദങ്ങൾക്കും ഉത്കണ്ഠയ്ക്കും വഴിതെളിക്കുകയും വിപരീതഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു വ്യക്തി അമിതചിന്തയിലേക്ക് വഴുതിവീഴുന്നതിന് കാരണം പലപ്പോഴും മുൻകാലആഘാതങ്ങളും നെഗറ്റീവ് അനുഭവങ്ങളുമാണെന്നാണ് ഡോക്ടേഴ്സ് പറയുന്നത്. വേറെ ചിലർ അമിതമായി ചിന്തിക്കുന്നത് സംഭവിക്കാനിടയുള്ള തെറ്റുകളും മോശം ഫലങ്ങളും ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. പക്ഷേ സ്ഥിരമായി ഈ പതിവു തുടരുകയും വ്യക്തിത്വത്തിന്റെ ഭാഗമായി മാറുകയും ചെയ്യുമ്പോൾ തീരുമാനമെടുക്കാനുള്ളകഴിവു പോലും നഷ്ടമാകുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബാഹ്യവും ആന്തരികവുമായ സമ്മർദ്ദങ്ങൾ കൊണ്ടും അമിതചിന്തകൾക്ക് അടിപ്പെടാം എന്നും മനശ്ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. അമിതമായി ചിന്തിക്കുന്നത് ഒരുപാപമോ കുറ്റമോ അല്ലെന്നാണ് മറ്റുചില വിദഗ്ദരുടെ വീക്ഷണം. പക്ഷേ നിരന്തരമായി അമിതചിന്തയിലൂടെ കടന്നുപോകുന്നവർ ക്രമേണ വിഷാദരോഗികളായി പരിണമിച്ചേക്കാം എന്നാണ് മനശ്ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന അപകടം. വിഷാദത്തിന് പുറമെ ഉത്കണ്ഠ, ഒബ്സസീവ് കംപൾസീവ് ഡിയോർഡർ തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങളും ഇക്കൂട്ടർക്ക് നേരിടേണ്ടി വന്നേക്കാം.
തലവേദന, നടുവേദന, വർദ്ധിച്ചതോതിലുള്ള ഹൃദയമിടിപ്പ്, വിയർപ്പ്, ശ്വാസതടസം, ക്ഷീണം,വിശപ്പുകുറയുക, കുറഞ്ഞ ആത്മാഭിമാനം എന്നിവയെല്ലാം അമിതമായി ചിന്തിക്കുന്ന വ്യക്തികളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരത്തിലുള്ള അധിചിന്തകളെ എങ്ങനെ നിയന്ത്രണവിധേയമാക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
അധിചിന്തകൾ നമ്മളെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. ചിന്തകളെ സ്വയം അപഗ്രഥിക്കുക. എന്റെ ഈ ചിന്തകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ, യുക്തിസഹമായിട്ടാണോ എന്റെ ചിന്തകൾ? നിഷേധാത്മകമായ ചിന്തകളെ ചോദ്യം ചെയ്യുകയും അടി
സ്ഥാനരഹിതമായവയെ പുറന്തള്ളുകയും ചെയ്യുക. ഭൂതകാലത്തെയും ഭാവികാലത്തെയും കുറിച്ചു ആകുലപ്പെടുന്നത് കുറയ്ക്കുക. വർത്തമാനകാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. വർത്തമാനകാലത്തിൽ ജീവിക്കുന്നതിന് മനസ്സാന്നിധ്യം പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നത്തെക്കുറിച്ചുളള ചിന്തകൾ എത്രത്തോളം കുറയ്ക്കാമെന്ന് തീരുമാനിക്കുക. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നില്ക്കുന്നവയല്ല. അവയെ അവയുടെ പാടിന് വിട്ടുകൊടുക്കുകയാണ് ചിന്തിച്ച് തലപുകയ്ക്കുന്നതിനെക്കാൾ നല്ലത്. ചിന്തകളെ നിയന്ത്രിക്കാനോ മനസ്സിനെനേർവഴിയിൽ കൊണ്ടുവരാനോ സാധിക്കുന്നില്ലെങ്കിൽ ബോധപൂർവ്വമായി മറ്റുകാര്യങ്ങളിലേക്ക്, മനസ്സിന് ആശ്വാസം ലഭിക്കുകയും സന്തോഷം നല്കുകയും ദോഷരഹിതവുമായ സംഗതികളിലേക്ക് ശ്രദ്ധതിരിക്കുക. ഏതെങ്കിലും ഹോബികൾ കണ്ടെത്തുകയും ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുക. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതും കാഴ്ചപ്പാടുകൾക്കു ഒത്തുപോകുന്നവിധത്തിലുളള ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതും അമിതചിന്തകളിൽ നിന്ന് പുറത്തുകടക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്. തെറാപ്പിസ്റ്റിന്റെ സഹായം, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നിവയും അതിചിന്തകളിൽ നിന്നുള്ള മോചനമാർഗ്ഗങ്ങളാണ്.