വൈകിയെത്തിയാലും സാരമില്ല, ഒരിക്കലും എത്താതിരിക്കുകയെന്നതിനെക്കാൾ ഭേദമല്ലേ.
ഡ്രൈവിംങുമായി ബന്ധപ്പെട്ട് എവിടെയോ വായിച്ച ഒരു വാചകമാണ് ഇത്. അല്പം വൈകിയെത്തുകയോ ഒടുവിലെത്തുകയോ ചെയ്താലും സാരമില്ല അപകടം കൂടാതെ ശ്രദ്ധിച്ച് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടതെന്നേ ഇതിന്റെ അർത്ഥമുള്ളൂ.
ജീവിതത്തിലെ ചില സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നാലെ പായുന്നവർക്കുകൂടി ഈ ചൊല്ല് ബാധകമാണെന്ന് തോന്നുന്നു. പ്രതീക്ഷിക്കുന്നവയും കാത്തിരിക്കുകയും ചെയ്യുന്നവയെല്ലാം ഉടനടി കിട്ടണമെന്നില്ല. ചിലപ്പോൾ നീണ്ട കാത്തിരിപ്പും കുറെ നാളത്തെ പരിശ്രമവും അദ്ധ്വാനവും വേണ്ടിവന്നേക്കാം. പക്ഷേ അതിന്റെ പേരിൽ കാത്തിരിപ്പ് അവസാനിപ്പിക്കുകയോ അദ്ധ്വാനത്തിൽ നിന്ന് പിൻതിരിയുകയോ ചെയ്യാതിരിക്കുക. പ്രതീക്ഷയാണ് വലുത്. അദ്ധ്വാനമാണ് പ്രധാനപ്പെട്ടത്. പരിശ്രമമാണ് വിജയം തരുന്നത്. ചില തിരിച്ചടികൾക്കും തിരസ്‌ക്കരണങ്ങൾക്കും മുമ്പിൽ ചിലരെങ്കിലും പാതിവഴിയിൽ പരിശ്രമങ്ങൾ അവസാനിപ്പിക്കാറുണ്ട്. പ്രതീക്ഷകൾ അവസാനിപ്പിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ ചിലർ നമ്മെ അംഗീകരിച്ചുവെന്ന് വരില്ല. ജീവിതത്തിൽ വിജയിച്ച പല വ്യക്തികളും ഒന്നിലധികം തവണ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായിരുന്നു. തുടക്കത്തിൽ തന്നെ അവർ വിജയിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ആത്മവിശ്വാസം കൈമോശം വരാതെ അവർ അദ്ധ്വാനിച്ചു, പരിശ്രമിച്ചു. ചില വാതിലുകൾ തുറക്കാൻ സമയമെടുത്തേക്കാം. ചില വ്യക്തികളെ കണ്ടുമുട്ടാൻ കാലതാമസമെടുത്തേക്കാം. പക്ഷേ നിരാശപ്പെടാതിരിക്കുക. പിന്തിരിയാതിരിക്കുക.
ഒരിക്കലും കിട്ടാതെ വരുന്നതിനെക്കാൾ ഭേദമല്ലേ അല്പം വൈകിയാണെങ്കിലും പ്രതീക്ഷകൾപൂവണിയുന്നത്. സത്യത്തിൽ ലഭിച്ചതിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നതും അതിനേറെ വില കല്പിക്കുന്നതും പെട്ടെന്ന് സാധിച്ചുകിട്ടുമ്പോഴല്ല ഒരുപാടുകാലം കാത്തിരിക്കുമ്പോൾ മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി ഒന്നും അവസാനിപ്പിക്കരുതേ. ഓരോ അവസാനവും ഓരോ ആരംഭമാണ്…