റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

Date:

spot_img

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുകയാണ്. യാത്രയയപ്പ് വേളയിൽ ഹൃദ്യവും മനോഹരവുമായ ഒരു ലഘുപ്രസംഗം അയാൾ നടത്തുകയുണ്ടായി. ”യാത്രയാവുമ്പോൾ എന്താണ് ബാക്കി …ഞാൻ നിങ്ങൾക്ക് എന്താണ് നൽകിയത്? നിങ്ങൾ എനിക്ക് എന്തുനൽകി..? ഒന്നും വേണ്ട… ഒരൊറ്റ കാര്യം മാത്രം മതി, നിങ്ങൾക്ക് എന്റെ പേരറിയാം അല്ലെ? അത് മതി.. അത് മാത്രം മതി.”

‘ഞാനിവിടെ ഉണ്ടായിരുന്നു എന്നറിയാൻ ഒരു തൂവൽ പൊഴിച്ചാൽ മതി,’ ഒരു ചെറുതൂവൽ മതിയെന്ന് കവി!
ഒരു ബഹളവും ഉണ്ടാക്കാതെ കടന്നുപോയ, സുഗന്ധം പേറുന്ന ഇളം കാറ്റുപോലെ അത്ര സ്വച്ഛമായിരുന്നു അഷിത എന്ന എഴുത്തുക്കാരിയുടെ ജീവിതം.
കഥാകൃത്ത് ശിഹാബുദീൻ പൊയ്തുംകടവുമായി അവർ നടത്തിയ ഒരു അഭിമുഖം സീരിയലൈസ് ചെയ്ത് വന്നപ്പോൾ മലയാളിക്കുണ്ടായ ഞെട്ടലും ഹൃദയവേദനയും ഇന്നും മാറിയിട്ടുണ്ടാകില്ല.  ‘അത് ഞാനായിരുന്നു’ എന്ന പേരിൽ ഒരു ചെറിയ പുസ്തകമുണ്ട്. വായിക്കണം.

ഒരു കുഞ്ഞ് കടന്നുപോയ സങ്കടങ്ങളുടെ ആഴക്കടലിനെ ഒട്ടും ഉപ്പ് ചേർക്കാതെ  പറഞ്ഞുവയ്ക്കുമ്പോൾ നെടുവീർപ്പിടുന്നത് ഇപ്പോൾ വായനക്കാരനാണ്.  
കുഞ്ഞുങ്ങളുടെ ലോകം വലിയവർക്ക് ഇനിയും പിടികിട്ടാത്ത ഒരിടമാണ്. അവർ, തങ്ങൾ വിട്ടുപോന്ന ഏതോ അഭൗമസുന്ദരമായ ഇടത്തിലെ മനോഹര കാഴ്ചകളിൽ നിന്നും, സംഗീതത്തിൽ നിന്നും ഇനിയും മോചനം നേടാത്തവരാണ് .ഇപ്പോഴും ഒരുറക്കമുണർന്ന പ്രതീതിയിലാണവർ. കുഞ്ഞുങ്ങളുടെ സങ്കടങ്ങൾക്ക് ചെവിതുറക്കാൻ മാത്രം സമയമുള്ളവരല്ല നമ്മൾ. അവർക്കുവേണ്ടി സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലാണ് നമ്മൾ. അവർക്ക് വേണ്ടത് നമ്മൾ തന്നെ ആണെന്ന് പാവം  നമ്മൾ മാത്രം അറിയാതെ പോയി.

അച്ഛനും അമ്മയും തമ്മിലുള്ള തർക്കത്തിൽ, താൻ ചെയ്ത  കുറ്റമെന്തെന്ന് അറിയാതെ നിൽക്കുന്ന ഒരു പാവം അഞ്ചുവയസ്സുകാരി. താനല്ല, അവളുടെ അച്ഛനെന്ന്, കുഞ്ഞിന്റെ അച്ഛനറിയാം. അത് അയാൾക്കറിയാമെന്നു അമ്മയ്ക്കറിയാം. അവരുടെ അറിവുകളിൽ അവർ ശാന്തരാകുന്നുണ്ടെങ്കിലും ആ ദയ അവർ ആ കുഞ്ഞിനോട് കാണിക്കുന്നില്ല. പലവട്ടം, ബോംബെയുടെ തിരക്കുള്ള വഴികളിൽ, ബസ് യാത്രകളിൽ ആ കുഞ്ഞിനെ കളയാനായി മാത്രം അച്ഛൻ നടത്തുന്ന യാത്രകൾ!. തിരക്കിൽ ഊർന്നു പോകുന്ന, പറയാത്ത സ്റ്റോപ്പിൽ ഇറങ്ങി മറയുന്ന അച്ഛനെ നോക്കി തീ പിടിച്ചപോലെ തെരുവിലൂടെ ഓടി പോകുന്ന അഞ്ചുവയസ്സുകാരി. ബോംബെ എന്ന വലിയ നഗരം. ഒരു പെൺകുഞ്ഞിനെ വഴിയിൽ കളഞ്ഞുപോയാൽ അതിന്റെ ഗതി ഇന്ന് പോലും എന്താകുമെന്ന് നമുക്കെല്ലാം അറിയാം. അപ്പോഴാണ്, 1960 കളിൽ ഒരച്ചൻ!

‘നീ എന്നെ അച്ഛനെന്ന് വിളിക്കരുത്’ എന്ന് ഇപ്പോഴും ഉരുക്കഴിച്ച് നടക്കുന്ന അയാളെ കുട്ടി, അച്ഛനെന്ന് തന്നെ വിളിച്ചു. മികച്ച വിദ്യാർഥിനിക്കുള്ള അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക്   വിടാതിരിക്കുന്ന, മരം കോച്ചുന്ന തണുപ്പിലും അതിരാവിലെ പാൽ വാങ്ങാൻ കാലുറയ്ക്കാത്ത പ്രായത്തിലും പാൽ സൊസൈറ്റിയിലേക്ക് ഒരു കുഞ്ഞു കമ്മീസിന്റെ മാത്രം ബലത്തിൽ പറഞ്ഞു വിടുന്ന, അവൾക്ക് എഴുത്ത് അല്ല ഭ്രാന്താണ് ഉള്ളത് എന്നൊക്കെ പറയുന്ന, ഒപ്പം നടക്കുമ്പോൾ അറിയാത്തവണ്ണം  ഇടംകാല് വച്ച് വീഴ്ത്തിയിട്ട് സന്തോഷിക്കുന്ന, സഹോദരനോട് വാശിക്കെന്നവണ്ണം കൂടുതൽ സ്നേഹം കാണിക്കുന്ന, നീ വേറെ ആരുടെയോ ആണെന്ന് പിന്നെയും പിന്നെയും പറയുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാൾ!. അച്ഛൻ. എല്ലാം മടുത്ത് ഒടുക്കം ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ ശ്രമി്ക്കുന്ന നേരം അവൾ കാണുന്നുണ്ട്, കഴുത്തിൽ കുരുക്ക് മുറുകുന്നത് കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന അമ്മയെ! ‘ശല്യം അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെ’ എന്ന മട്ടിൽ.

ഒടുവിൽ, അതേ അച്ഛനെ മരണകിടക്കയിൽ, സ്നേഹത്തോടെ, വലിയ ക്ഷമയോടെ ശുശ്രൂഷിക്കുന്ന അനേകം ദിവസങ്ങളിലൊന്നിൽ  അച്ഛൻ എന്തോ  പറയുന്നത് കാതോർത്ത് നിൽക്കുന്നുണ്ട് അവർ. തീ പോലെ ഉരുകിവീഴുന്ന വാക്കുകൾ, ”ഇതൊക്കെ ചെയ്താൽ എന്റെ മനസലിയുമെന്നും അങ്ങനെ നിന്നെ ഞാൻ അനുഗ്രഹിക്കുമെന്നും അതിന്റെ പുണ്യം ലഭിക്കുമെന്നൊക്കെയാണ് നീ കരുതുന്നതെങ്കിൽ അത് വെറുതെയാ… നീ നശിച്ച് പോകത്തെയുള്ളൂ..” ആരും വിലകല്പ്പിക്കാത്ത നാണയത്തെ, ഓട്ടക്കാലണയെ, അതുവരെ ലഭിക്കാതെ പോയ ഒരച്ഛന്റെ വാത്സല്യത്തെ ഗുരു നിത്യചൈതന്യയതി വേണ്ടുവോളം നൽകുന്നുണ്ട് അവർക്ക്… ജന്മം കൊടുത്തത് കൊണ്ടുമാത്രം ആരും അച്ചനും അമ്മയും ആകുന്നില്ലല്ലോ അല്ലേ.
”തേങ്ങലുകളൊന്നുമില്ല. സെന്റിമെന്റ്സ് ഒന്നും വേണ്ട. പച്ചമുറിവാണ്. Time does not heal anything. It simply teaches us to cope. ഉണങ്ങലും കരിയലുമൊന്നുമില്ല”

ശിഹാബുദീൻ: ഈ ബയോളജിക്കൽ ഫാദർ വേറെ ആണെന്നല്ലേ പറയുന്നത്? ആ ഫാദറിനെ കണ്ടിട്ടുണ്ടോ?
അഷിത: ആ റെക്കോർഡർ ഓഫാക്കൂ ശിഹാബേ….”

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....
error: Content is protected !!