ടൈംഡ് ഔട്ട്…!

Date:

spot_img

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായപ്പോൾ വാശിയേറിയ മത്സരങ്ങളുടെയും ജയപരാജയങ്ങളും ഇടയിൽ ഉണ്ടായ ഒരു സംഭവം പ്രത്യേകമായി ലോക ശ്രദ്ധ നേടി.  വേറെ ഒന്നുമല്ല ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടയിൽ  ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ആഞ്ചലോ മാത്യൂസ് പുറത്തായ രീതിയാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. ലങ്കൻ ബാറ്റ്‌സ്മാൻ  സദീര സമരവിക്ര പുറത്തായതിനെ തുടർന്ന് ബാറ്റ് ചെയ്യാൻ എത്തിയ ആഞ്ചേലോ മാത്യൂസ്  അദ്ദേഹത്തിന്റെ  ആദ്യ പന്ത്  നേരിടുന്നതിനു മുൻപ്  ഹെൽമെറ്റിന്റെ വള്ളി പൊട്ടിയെന്നറിഞ്ഞു പുതിയ ഹെൽമെറ്റ് മാറ്റി എടുക്കുന്നതിനിടയിൽ  അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു എന്ന കാരണത്താൽ  ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് ഹസ്സന്റെ അപ്പീൽ അനുവദിച്ചു  അമ്പയർ ‘ടൈംഡ് ഔട്ട്’ വിധിച്ചു. ക്രിക്കറ്റ് ലോകകപ്പിലെ നിയമപ്രകാരം ഒരു ബാറ്റ്‌സ്മാൻ പുറത്തായാൽ പുതിയ ഒരാൾ രണ്ടുമിനിറ്റിനുള്ളിൽ ആദ്യ പന്ത് നേരിട്ടിരിക്കണം. ആ നിയമം പാലിക്കാൻ കഴിയാതെ നേരം വൈകിയതിനെ  തുടർന്നു,  അന്താരാഷ്ട്ര ക്രിക്കറ്റിൽ ‘ടൈംഡ് ഔട്ട്’ ലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ കളിക്കാരനായി ആഞ്ചലോ മാത്യൂസ് മാറ്റപ്പെട്ടു.

സംഭവത്തെക്കുറിച്ച് അനുകൂലവും പ്രതികൂലമായ ഒരുപാട് വാദഗതികൾ ഉണ്ടായെങ്കിലും അത്തരത്തിൽ പുറത്താക്കപ്പെടുന്ന ഒരു സാധ്യത ക്രിക്കറ്റിൽ ഉണ്ട് എന്ന യാഥാർഥ്യം ആരും നിഷേധിക്കുന്നില്ല.
കളിയിൽ മാത്രമല്ല ജീവിതത്തിലും ഇപ്രകാരം നേരം വൈകി എന്ന കാരണത്താൽ അവസരം നഷ്ടപ്പെട്ട  സാഹചര്യം ഒരു പക്ഷേ നാമെല്ലാവരും നേരിട്ടിരിക്കാം.  വൈകി വന്നതിനു ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടവർ,  ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കാതിരുന്നവർ, ട്രെയിൻ നഷ്ടപെട്ടവർ,  അങ്ങനെ  പോകുന്നു ഒരു നീണ്ട നിര….

എവിടെയും  അല്പം വൈകി എത്തുക എന്നതാണ് ഒരു ശരാശരി മലയാളിയുടെ സ്വഭാവം. സ്‌കൂ
ളിൽ,  ഓഫീസിൽ,  ആരാധനാലയങ്ങളിൽ, പൊതു പരിപാടികളിൽ അങ്ങനെ എല്ലായിടത്തും നമ്മൾ അല്പം  വൈകിവരുന്നവർ (Late comers)  ആകുന്നു. 

നമ്മുടെ ജീവിത രീതിയിൽ   ഉണ്ടാക്കിയെടുക്കേണ്ട ഒരു കാര്യമാണ് സമയനിഷ്ഠ  (Punctuality)  എന്നുള്ളത്. ഒരാൾ നേരം വൈകി കഴിഞ്ഞാൽ നഷ്ടപ്പെടുന്നത് അയാളുടെ സമയം മാത്രമല്ല മറ്റുള്ളവരുടെ കൂടിയാണ് എന്നൊരു അവബോധമാണ് നമുക്കുണ്ടാകേണ്ടത്. ഒരു പൊതു പ്രോഗ്രാമിന് മുഖ്യാതിഥി വരാൻ വൈകിയാൽ അവിടെ നഷ്ടപ്പെടുന്നത് അതിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആൾക്കാരുടെ സമയമാണ്. ഒരു ‘ഡ്രാമ പ്രാക്ടീസിന്’ ഒരു കുട്ടി വൈകിക്കഴിഞ്ഞാൽ അവിടെ നഷ്ടപ്പെടുന്നത് വന്നിരിക്കുന്ന മറ്റുള്ള  എല്ലാവരുടെയും സമയമാണ്. ഒരു യാത്രക്കു ഒരാൾ വൈകിയാൽ അതിന്റെ ദുരിതം അനുഭവിക്കുന്നത് ആ യാത്രയിലുള്ള എല്ലാവരുമാണ്. അതു  പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല.  വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല  നമ്മുടെ പൊതു വാഹനങ്ങൾ, തീരുമാനങ്ങൾ, കോടതി വിധികൾ, പ്രാർത്ഥനാ യോഗങ്ങൾ അങ്ങനെയെല്ലാം സമയക്രമം പാലിക്കുന്നില്ല  എന്നുള്ള കാര്യം നമ്മെ എല്ലാവരെയും അലോസരപ്പെടുത്തുന്നുണ്ട് .

ട്രെയിൻ സമയത്തല്ല എന്നുള്ളതാണ് യാത്രക്കാരുടെ പരാതി,  പ്രാർത്ഥനയുടെ സമയ ദൈർഘ്യം  കൂടുന്നു എന്ന് വിശ്വാസിയുടെ പരാതി, ഫയലുകൾ തീർപ്പാക്കുന്നതിൽ നാളുകൾ നീണ്ടു  പോകുന്നു എന്ന് അപേക്ഷകന്റെ പരാതി, കോടതി വ്യവഹാരങ്ങൾ സമയത്തു തീർന്നു കിട്ടുന്നില്ല എന്നു സാക്ഷിയുടെ പരാതി. പഠനഭാഗം സമയത്ത് പഠിപ്പിച്ചു തീർക്കുന്നില്ല എന്ന് വിദ്യാർത്ഥിയുടെ പരാതി. വിദ്യാർത്ഥികൾ ക്ലാസ്സിൽ സമയത്തിന് എത്തുന്നില്ലെന്ന് അധ്യാപകരുടെ പരാതി…. അങ്ങനെ സമയക്രമം പാലിക്കാത്തതിന്റെ പരാതികളുടെ ഒരു നീണ്ട  നിര നമുക്ക് കാണാൻ പറ്റും.

ജീവിതത്തിൽ, നമ്മുടെ സാന്നിധ്യത്തിനു മാത്രമല്ല  തീരുമാനങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കുമെല്ലാം കൃത്യമായ ഒരു സമയക്രമം ആവശ്യമാണെന്നു തോന്നുന്നു.  

 എടുക്കേണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ സമയത്തു  എടുക്കാൻ  നമുക്ക് പറ്റണം.  പറയേണ്ട  ചില മറുപടികൾ സമയത്ത് പറയാനായി നമുക്ക് സാധിക്കണം.  ചെയ്യേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ സമയ ബന്ധിതമായി ചെയ്തു തീർക്കാനും കഴിയണം. സമയത്തിന്റെ വില മനസിലാക്കതെ  ബോധപൂർവ്വമോ അല്ലാതെയോ കാര്യങ്ങൾ മാറ്റിവയ്ക്കുമ്പോൾ അതിന്റെ നഷ്ടം നമ്മൾ സഹിക്കേണ്ടതായും വരുന്നു.
അത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ  അൽപ്പം വൈകി പോകുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ വളരെ മനോഹരമായി ചിത്രീകരിച്ച മലയാള ചലച്ചിത്രമാണ്  ബോബി സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം   ചെയ്തു ടോവിനോ തോമസ് പ്രധാന കഥാപാത്രത്തിൽ എത്തിയ ‘കാണാക്കാണേ’ എന്ന ചലച്ചിത്രം. വിവാഹത്തിന് പുറത്ത് അത്ര നല്ലതല്ലാത്ത ഒരു സൗഹൃദത്തിൽ പെട്ടുപോയ ഒരു മനുഷ്യൻ. ആ ബന്ധത്തിന്റെ ഗൗരവം കൂടുമ്പോൾ തന്റെ ഭാര്യയെ ഒഴിവാക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നുണ്ട്. അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുന്ന ഭാര്യയെ അന്വേഷിച്ച് അയാൾ യാത്രയാകുന്നു. ഒരു വാഹന അപകടത്തിൽ പെട്ട് വഴിയിൽ വീണു കിടക്കുന്ന ഭാര്യയെ അയാൾ കാണുന്നു. എന്നാൽ  ഒരു നിമിഷം അത് ശ്രദ്ധിക്കാതെ മുന്നോട്ടു  കടന്നുപോകാൻ  അയാളുടെ മനസ്സ് നിർബന്ധിതനാകുന്നു. ഏതാനും നിമിഷങ്ങൾ മാത്രം വണ്ടിയിൽ മുന്നോട്ട് പോയ അയാൾ സുബോധം വീണ്ടെടുത്ത്  തിരിച്ചു വരികയും ഭാര്യയെ എടുത്തു ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യുന്നു. പക്ഷേ എത്തിക്കാൻ നേരം വൈകിയതിനാൽ അയാൾക്ക് തന്റെ ഭാര്യയെ നഷ്ടപ്പെടുന്നു. അൽപ്പംകൂടി നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ഡോക്ടറുടെ വാക്കുകൾ കേട്ട് അയാൾ വല്ലാതെ അസ്വസ്ഥനാകുന്നു. തീരുമാനമെടുക്കാൻ   വൈകിപ്പോയ തന്റെ  മനഃസാക്ഷിയെ പഴിച്ചുകൊണ്ടു കുറ്റബോധത്തോടെയാണ് അയാൾ പിന്നീടുള്ള ജീവിതം മുഴുവനും ജീവിച്ചുതീർക്കുന്നത്.

 സിനിമയിൽ മാത്രമല്ല ജീവിതത്തിലും അപ്രകാരം ചില  നിമിഷങ്ങളിൽ നമുക്കും ഉണ്ടായെന്നു വരാം. കാര്യങ്ങൾ പിന്നെയാകാം, പിന്നെയാകാം എന്ന് കരുതി  മാറ്റിവയ്ക്കുന്നതും നീട്ടിവെക്കുന്നതും നമ്മുടെ  ഒരു പൊതുശീലമാണ്.
 ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. “Whatever You want to do tomorrow do it today, Whatever You want to do today , do it now.’ എന്നുവച്ചാൽ നാളേക്ക് എന്നു കരുതി കാര്യങ്ങൾ നീട്ടിവക്കാതെ സമയത്തിന്റെ വില മനസ്സിലാക്കി  എത്രയും വേഗം ചെയ്തുതീർക്കണം എന്നു ചുരുക്കം. കൃത്യനിഷ്ഠ പാലിക്കുക എന്നുള്ളതും സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കുക എന്നുള്ളതും ഒരു ജീവിതശൈലി മാറേണ്ടതുണ്ട്.
ഒരു വർഷാവസാനത്തിൽ നാം എത്തിനിൽക്കുമ്പോൾ നമ്മുടെ അശ്രദ്ധകൊണ്ടോ  അലസതകൊണ്ടോ ചെയ്തു പൂർത്തിയാക്കാനാകാത്ത ഉത്തരവാദിത്തങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്  നമ്മുടെ കൈവശമുണ്ടായിരിക്കാം എങ്കിലും വിഷമിക്കേണ്ട ഇനിയും ഏതാനും നാളുകൾ നമുക്ക് ബാക്കിയുണ്ട് ഒട്ടും വൈകിയിട്ടില്ല. 

കളിയിൽ ആണെങ്കിൽ ഒരാൾ ‘ടൈംഡ് ഔട്ട്’ ആയാലും അടുത്ത കളിയിൽ അവസരം ലഭിച്ചേക്കാം. പക്ഷെ  ജീവിതത്തിൽ അങ്ങനെ ലഭിച്ചു എന്നു വരികയില്ല. അതുകൊണ്ടു ജാഗ്രതൈ…!

നൗജിൻ വിതയത്തിൽ

More like this
Related

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....
error: Content is protected !!