എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ… മറ്റ് ചില യാത്രകൾ കാൽനടയായി… എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം. തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകരുത്.
ജീവിതത്തോടുള്ള നമ്മുടെ സമീപനവും ഇങ്ങ നെ തന്നെയല്ലേ? ജീവിതം ഒരു യാത്രയാണ്. ഈ യാത്രയിൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ ഉണ്ടാവരുത്. കോട്ടങ്ങളോ നഷ്ടങ്ങളോ സംഭവിക്കരുത്. അതാണ് എല്ലാവരുടെയും ആഗ്രഹം.
ജീവിതയാത്ര സുഗമമാകാൻ വേണ്ടിയാണ് നാം അദ്ധ്വാനിക്കുന്നത്… ജോലിചെയ്യുന്നത്… കഴിവു
കൾ പ്രയോഗിക്കുന്നത്… ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ അദ്ധ്വാനങ്ങൾക്ക് ഫലം കിട്ടാറുണ്ട്. വേറെ ചിലർ എത്രയധികം അദ്ധ്വാനിച്ചാലും ഫലം കിട്ടാതെ പോകുന്നു.
അപ്പോൾ അവർ തന്നോട് തന്നെ ചോദിക്കും. എന്റെ വഴി ശരിയായ ദിശയിലല്ലേ? വഴി ശരിയാകാത്തതുകൊണ്ടാണോ ഫലം കിട്ടാതെപോകുന്നത്? നാം സഞ്ചരിക്കുന്ന വഴികൾ ചിലപ്പോൾ ശരിയായത് ആയിരിക്കണമെന്നില്ല. ഒരു ലക്ഷ്യത്തിലെത്താൻ പല വഴികളുണ്ടായിരിക്കാം. എന്നാൽ അതിൽ വച്ചേറ്റവും നല്ല വഴിയാണ് തിരഞ്ഞെടുക്കേണ്ടത്.
സഞ്ചരിക്കുന്ന വഴി പൊട്ടിപ്പൊളിഞ്ഞതും അപകടം നിറഞ്ഞതുമാണെങ്കിൽ തിരികെ നടക്കുക. മാറി നടക്കുക. പ്രതീക്ഷിക്കാത്ത വിധത്തിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചേക്കാം.
ഈ വഴിയെ തന്നെയേ പോകൂ എന്നാണ് തീരുമാനമെങ്കിൽ അപകടങ്ങൾ വായ് പിളർത്തിനില്ക്കുന്നുണ്ടാവുമെന്നും മറക്കരുത്. വഴിയിൽ കാണുന്ന സൂചനകൾ മുന്നറിയിപ്പുകളാണ്.
സംഭവിക്കാനിടയുള്ള അപകടങ്ങളിൽ നിന്നു മാറിനടക്കാനും ഒഴിഞ്ഞുനില്ക്കാനും വഴിതിരിച്ചുവിടാനുമുള്ള മുന്നറിയിപ്പുകൾ. മുന്നറിയിപ്പുകൾ അവഗണിക്കരുത്. റോഡുപണി നടക്കുന്നതിനാൽ പ്രധാന റോഡുകളിൽ നിന്നുപോലും വാഹനങ്ങൾ വഴി തിരിച്ചുവിടാറുണ്ടല്ലോ. അതിന് സമ്മതിക്കാതെ ഈ വഴിയെതന്നെ പോകും എന്ന് വാശിപിടിച്ചാൽ ചെന്നുചാടുന്നത് അഗാധമായ ഗർത്തങ്ങളിലായിരിക്കും.
ഇനി എങ്ങോട്ട് പോകും എന്ന് ഉഴറി നില്ക്കേണ്ടിവന്നിട്ടുളള സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടില്ലേ? വഴിയടഞ്ഞതുപോലെയുളള അവസ്ഥ. മറ്റൊരു വഴി കണ്ടുപിടിക്കാനുള്ള പ്രാപ്തിയില്ലായ്മയും നിസ്സഹായതയും ചേർന്ന് നമ്മെ വല്ലാതെ നിരാശപ്പെടുത്തിയെന്നും വരാം.
അങ്ങനെയുള്ള നിമിഷങ്ങളിൽ ഉള്ളിൽ നിന്ന് ഒരു സ്വരം ഉയരും.
ഇതാണ് വഴി… ഇതിലെ പോവുക…
ഉറപ്പാണ് ആ വഴി ശരിയായ വഴിയായിരിക്കും. പിടിവാശികളും വാഗ്വാദങ്ങളുമില്ലാതെ ഞാൻ ഇനിമുതൽ ആ വഴിയെ സഞ്ചരിക്കും. ആ വഴി നിന്റേതാണല്ലോ.. നീയാണല്ലോ ആ വഴി നയിക്കുന്നത്. ഓ… എന്റെ ദൈവമേ..