പ്രസന്നതയോടെ ഇടപെടുന്ന, ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മായാത്ത ചിലരെയൊക്കെ നാം കണ്ടുമുട്ടാറില്ലേ? എന്തു സന്തോഷമുള്ള വ്യക്തികൾ എന്ന് അവരെക്കുറിച്ച് മനസ്സിൽ പറയുകയും ചെയ്യും. എന്നാൽ അവർ സന്തോഷമുള്ള വ്യക്തികളാണോ? ഒരാളുടെ മുഖത്തെ പുഞ്ചിരി അയാളുടെ സന്തോഷത്തിന്റെ സൂചനയാണെന്ന് തീർത്തുപറയാനാവില്ല. ആയിരിക്കാം, അല്ലായിരിക്കാം. പക്ഷേ സന്തോഷമുള്ള വ്യക്തികളുടെ പ്രത്യേകതകളായി അടുത്തയിടെ ഒരു പ്രമുഖ മാഗസിൻ നടത്തിയ സർവ്വേയിൽ പറയുന്നത് ഇങ്ങനെയാണ്. ‘വീക്കിലി ഹാപ്പിനസ് ഹാബിറ്റ്സ്’ എന്ന ശീർഷകത്തിൽ രേഖപ്പെടുത്തിയ സന്തോഷത്തിന്റെ കാരണങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
- ഏഴു മണിക്കൂറോ അതിൽകൂടുതലോ കിടന്നുറങ്ങുന്നത്
- വ്യക്തിപരമായ ഹോബികൾ കാത്തുസൂക്ഷിക്കുന്നവർ (കല,സംഗീതം, പാചകം, വായന, കളി)
- സ്പോർട്സ് അല്ലെങ്കിൽ വ്യായാമങ്ങളിലേർപ്പെടുന്നവർ
- പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത്
- യോഗപോലെയുള്ള ധ്യാനരീതികൾ ശീലമാക്കിയിരിക്കുന്നവർ
- പ്രാർത്ഥനയും ആരാധനാലയസന്ദർശനവും പോലെയുള്ള ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നവർ
- വീടിന് വെളിയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ
- കുടുംബവുമൊരുമിച്ച് പുറത്ത് പോകുന്നവർ
ആഴ്ച തോറും ഇത്തരം കാര്യങ്ങൾക്കായി സമയംനീക്കിവയ്ക്കുന്ന, സർവ്വേയിൽ പങ്കെടുത്ത എല്ലാവരും തങ്ങൾ സന്തുഷ്ടരാണെന്നാണ് അവകാശപ്പെടുന്നത്.
സന്തോഷം എന്നത് എപ്പോഴും സബ്ജക്ടീവായ കാര്യമാണ്. ഒരാൾ സന്തോഷിക്കുന്ന കാരണം മറ്റൊരാളുടെ സന്തോഷത്തിന് കാരണമാകണം എന്നില്ല. പണം സന്തോഷം നല്കും എന്ന് വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. പണത്തിനൊരിക്കലും സന്തോഷം വാങ്ങാനാവില്ല. എന്നാൽ പണം ക്രിയാത്മകമായ കാര്യങ്ങളിലൂടെ ചെലവഴിക്കുന്നതുവഴി സന്തോഷിക്കാൻ കഴിയും. ഉദാഹരണത്തിന് പണം വഴി മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. ഗുണപരമായ കാര്യങ്ങളിലൂടെ സന്തോഷിക്കാൻ കഴിയുന്നതും സന്തോഷം നിലനിർത്താൻ കഴിയുന്നതും നിസ്സാരകാര്യമല്ല.
മുകളിൽ സൂചിപ്പിച്ച സർവ്വേയിൽ പങ്കെടുത്തവരുടെ രീതി ശീലിക്കുന്നത് നമ്മെ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് കുറെക്കൂടി സന്തോഷമുള്ള മനുഷ്യരാക്കിത്തീർക്കും. അതുകൊണ്ട് ഇന്നുമുതൽ അതിനുളള ശ്രമം ആരംഭിക്കൂ.. സന്തോഷമില്ലാതെ എന്തുജീവിതം!