ഏറ്റവും വലിയ സമ്പത്ത്

Date:

spot_img

ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?

ഇനി ഉത്തരം പറയാം. എല്ലാവരുടെയും ആഗ്രഹമാണ് സമ്പത്ത്. സമ്പത്ത് നേടിത്തരുന്ന ആത്മവിശ്വാസം തെല്ലും കുറവല്ല എന്നതുകൊണ്ടാണ് അത്. എന്നാൽ സമ്പത്ത് നേടേണ്ടത് മാന്യമായ രീതിയിലും ആദരപൂർവ്വമായ വഴിയിലൂടെയുമായിരിക്കണം. അക്കാരണത്താൽ തന്നെ സ്വത്തു സമ്പാദനത്തിന് എളുപ്പവഴികളില്ല.  വീടും ബാങ്ക് ഡിപ്പോസിറ്റുകളും സ്വർണ്ണവും എല്ലാം സമ്പത്താണ്. എന്നാൽ ഏറ്റവും വലിയ സമ്പത്ത് ഇതൊന്നുമല്ല,
 സമയമാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത്. സമയം എങ്ങനെ ചെലവഴിക്കുന്നു എന്നത് അനുസരിച്ചാണ് ഒരു വ്യക്തി സമ്പന്നനാകുന്നത്. സമയത്തിന്റെ ഫലപ്രദമായ വിനിയോഗമാണ് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ജീവിതവിജയം നേടിയവരും മഹാന്മാരായ വ്യക്തികളുമെല്ലാം സമയത്തിന്റെ വില തിരിച്ചറിഞ്ഞവരായിരുന്നു. സമയത്തിന്റെ ഫലപ്രദമായ വിനിയോഗവും സമയക്രമീകരണവും; ഇതാണ്  ജീവിതവിജയം നേടിത്തരുന്നത്.

ഒരാൾ ജീവിതത്തിൽ പരാജയപ്പെടുന്നതിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിലും സമയ ക്രമീകരണം മുഖ്യപങ്കുവഹിക്കുന്നു. ചില കായികമത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് മൈക്രോ സെക്കന്റിന് പോലും വിലയുണ്ടെന്ന് നാം മനസ്സിലാക്കു്ന്നത്. അതുപോലെ മിനിറ്റുകൾക്ക് വ്യത്യാസത്തിൽ ട്രെയിനും ബസുകളും നമുക്ക് നഷ്ടമാകാറുണ്ട്. പരീക്ഷകളിൽ തോല്ക്കുമ്പോഴാണ് അലസമായി ചെലവഴിച്ച സമയത്തിന്റെ വില അറിയുന്നത്. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പാഴാക്കിക്കളഞ്ഞ സമയം നമുക്കൊരിക്കലും തിരികെ കിട്ടില്ല. ഇത്തരമൊരു തിരിച്ചറിവ് സമയം പാഴാക്കാതെ ഉപയോഗിക്കാനും സമയം ഫലപ്രദമായി വിനിയോഗിക്കാനും പ്രചോദനമാകുന്നു.

സമയബോധമുള്ളവൻ ജ്ഞാനിയും അതില്ലാത്തവൻ അജ്ഞനുമാണെന്നാണ് ഹെന്റി ഫോർഡിന്റെ അഭിപ്രായം.
എല്ലാ മനുഷ്യരുടെയും പക്കലുള്ളത് 24 മണിക്കൂറാണ്. എന്നാൽ എല്ലാവരും ഒരുപോലെയല്ല സമയം ചെലവഴിക്കുന്നത്. സമയവിനിയോഗപ്പട്ടികയുടെ സഹായത്തോടെ  സമയക്രമീകരണം നടത്തിയാൽ ജീവിതത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് ടൈം മാനേജ്മെന്റ് വിദഗ്ദ്ധരുടെ അഭിപ്രായം. ഡയറിയിലോ പേപ്പറിലോ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളെ മുൻഗണനാക്രമത്തിൽ  എഴുതിവയ്ക്കുകയും അതിലൂടെ  പ്രധാനപ്പെട്ടവ ആദ്യം ചെയ്തുതീർക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.

 ചെയ്യേണ്ട പ്രവൃത്തികളെ കാലബന്ധിയായി തിരിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. നാളെ ആയിത്തീരാനുള്ള ലക്ഷ്യത്തിലേക്ക് ഇന്നു തന്നെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ ഇവയെ രണ്ടായിതിരിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ ചില ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ ചെറിയൊരു കാലാവധി മതിയാകും. എന്നാൽ വേറെ ചില ലക്ഷ്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുളളവയാണ്. ചെയ്യേണ്ടതെന്തോ അതിനു വേണ്ട സമയത്ത് അത് ചെയ്ത് തീർക്കുകയും വേണം. കൃത്യമായി പാലിക്കേണ്ടവയാണ് ഈ നിയമം.
സമയ ക്രമീകരണം ഏർപ്പെടുത്തുമ്പോൾ മറന്നുപോകരുതാത്ത ഒരു കാര്യം കൂടിയുണ്ട്. ഉറക്കം, ഭക്ഷണം, വിനോദം, വ്യായാമം, പഠനം എന്നിവയ്ക്കും സമയം നീക്കിവയ്ക്കണം.  ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ നമ്മെ സഹായിക്കുന്നത് മതിയായ ഉറക്കവും ആരോഗ്യവും മാനസികോല്ലാസവുമാണ്. അതുകൊണ്ട് വലിയ നേട്ടങ്ങൾക്കുവേണ്ടി സ്ഥിരമായി ഉറക്കം കളയുന്നതോ വിനോദങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതോ വ്യായാമം ചെയ്യാതിരിക്കുന്നതോ നല്ലതല്ല. അനുവദിച്ചിരിക്കുന്ന സമയം എത്ര നന്നായി ഉപയോഗിക്കുന്നുഎന്നതനുസരിച്ചാണ് ജീവിതത്തിലെ നേട്ടങ്ങൾ എല്ലാം. അലസനായ ഒരു വിദ്യാർത്ഥിയോ അലസനായ തൊഴിലാളിയോ ഒരിക്കലും വലിയ വിജയത്തിലെത്തുകയില്ലെന്ന് മറക്കാതിരിക്കാം. പാഴാക്കി കളഞ്ഞ സമയത്തിന് പകരം ഇനിയെങ്കിലും സമയം നല്ലതുപോലെ ചെലവഴിക്കാൻ ശ്രമിക്കാം.

More like this
Related

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...
error: Content is protected !!