വിജയപ്രദമായ കരിയർ, സ്നേഹമുള്ള കുടുംബം, ആരോഗ്യപ്രദമായ സാമൂഹികബന്ധങ്ങൾ… പെർ
ഫെക്ടായ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയൊക്കെ. എന്നാൽ ഇവയെല്ലാം ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുമോ? ജീവിതം ലക്ഷ്യം കൈവരിക്കുന്നത് ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രമല്ല. നിരവധിയായ ഘടകങ്ങളുമായി ആശ്രയിച്ചാണ് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം അടങ്ങിയിരിക്കുന്നത്. അവയിൽ ചില കാര്യങ്ങളെ നമുക്ക് പ്രത്യേകമായി അപഗ്രഥിക്കാം.
നമുക്ക് ഉള്ളതു ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നതിന് ജീവിതത്തിന്റെ അർത്ഥം നിർവചിക്കുന്നതിൽ പ്രത്യേക സ്ഥാനമുണ്ട്. സമയം, സമ്പത്ത്, കഴിവുകൾ എന്നിവയാണ് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത്. മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധമാകുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഹൃദയം നിറഞ്ഞ് ഒരാൾക്ക് അയാൾ അർഹിക്കുന്നത് നല്കുമ്പോൾ ആ വ്യക്തി അനുഭവിക്കുന്ന സന്തോഷം വിവരണാതീതമാണ്. നിസ്വാർത്ഥമായ പങ്കുവയ്ക്കലുകൾ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സഹായങ്ങൾ ഇവയൊക്കെ ജീവിതത്തിന്റെ അർത്ഥം നിർവചിക്കുന്നുണ്ട്. എന്തൊക്കെയോ തിരികെ പ്രതീക്ഷിച്ചുകൊണ്ടാണ് സ്നേഹിക്കുകയും നല്കുകയും ചെയ്യുന്നതെങ്കിൽ തിരികെ കിട്ടാതെവരുമ്പോൾ നിരാശപ്പെടേണ്ടിവരും. അത് മനുഷ്യരെയാകെ വിലകുറച്ചു കാണാനും ജീവിതത്തോട് നിഷേധാത്മകമായ സമീപനം രൂപപ്പെടുത്താനും സാഹചര്യമൊരുക്കും.
പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരുടെ കൂടെയായിരിക്കുന്നത് വലിയൊരു ഭാഗ്യമാണ്. അവരുടെ വീക്ഷണങ്ങളും ജീവിത കാഴ്ചപ്പാടുകളും നമ്മെയും സ്വാധീനിക്കും. സ്വന്തം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്താനും കളഞ്ഞുകുളിക്കാനും ചിലപ്പോൾ വഴിയൊരുക്കുന്നത് നെഗറ്റീവായ ആളുകളുമായുള്ള സമ്പർക്കമാണ്.
പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കുകയാണ് മറ്റൊരു മാർഗ്ഗം. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഓരോ വ്യക്തിയും നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ചില അടയാളങ്ങൾ പതിപ്പിക്കുന്നുമുണ്ട്. പുതിയ വ്യക്തികൾ പുതിയ ആശയങ്ങളും പുതിയ കാഴ്ചപ്പാടുകളും അവതരിപ്പിക്കും. അത് നമുക്ക് കുറച്ചുകൂടി ഉത്സാഹവും ഉന്മേഷവും നല്കും.
സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുകയാണ് മറ്റൊന്ന്. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം കിട്ടാത്തവർക്ക് ജീവിതത്തോട് നിരാശാജനകമായ മനോഭാവമായിരിക്കും. അതുകൊണ്ട് കഴിവുകൾ കണ്ടെത്തുകയും അത് പ്രകടിപ്പിക്കാനുളള മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുക.
എന്തു ചെയ്യുമ്പോഴാണ് സന്തോഷം അനുഭവിക്കാൻ സാധിക്കുന്നത് എന്ന് കണ്ടെത്തുക. ക്രിയാത്മകമായ അത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വിരസത നല്കുന്നവയിൽ നിന്ന് അകന്നുനില്ക്കുക. ചെയ്യുന്ന കാര്യങ്ങൾ സ്നേഹത്തോടും ഉന്മേഷത്തോടും കൂടി ചെയ്യുക. മറ്റുള്ളവരെ കുറെക്കൂടി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുക. സ്വന്തം കാര്യം മാത്രം നോക്കാതെ സമൂഹത്തിന്റെ, കുടുംബത്തിന്റെ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കുക.