പുതിയ കോഴ്‌സിന് അഡ്മിഷന്‍ കിട്ടിയില്ലേ.. എങ്കില്‍ ഈ കുറിപ്പ് ഒന്ന് വായിച്ചുനോക്കൂ

Date:

spot_img
പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്..അഡ്മിഷന്‍ കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ അവസ്ഥയിലൂടെ ഞാനും കടന്നുപോയതിന്റെഓര്‍മ്മയാണ്. അതുകൊണ്ട് അഡ്മിഷന്‍ കിട്ടാത്തതിന്റെ വിഷമത്തില്‍ നടക്കുന്നവര്‍ക്കെല്ലാം തെല്ല് ആശ്വാസമാകുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു ഡിഗ്രി സമ്പാദിക്കുക എന്നത്. പക്ഷേ ആ സ്വപ്നം കൈക്കുമ്പിളില്‍ ഒതുങ്ങുന്നതിന് ആദ്യ ചാന്‍സില്‍ തന്നെ പ്രീ-ഡിഗ്രി ജയിച്ചിട്ടും എനിക്ക് ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

ഇന്നേവരെയുള്ള ജീവിതത്തിലെ ഏറ്റവും നിരാശത നിറഞ്ഞ കാലമായിരുന്നു അത്. മരണത്തെക്കുറിച്ചും  ആത്മഹത്യയെക്കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചുമൊക്കെ ചിന്തിച്ച അന്ധകാരാവൃതമായ കാലം. ഒപ്പം ജയിച്ചവര്‍ ഉന്നതപഠനത്തിന്റെ പടികള്‍ കയറുന്നു. ഒന്നാം തവണ ജയിക്കാതിരുന്നവര്‍ പോലും അടുത്ത തവണ പരീക്ഷയെഴുതി പുതിയ കോഴ്‌സുകള്‍ ചെയ്യുന്നു. ഞാന്‍ മാത്രം… എനിക്ക് മാത്രം ഒരിടത്തും അഡ് മിഷന്‍ കിട്ടുന്നില്ല. ശ്രമിക്കാതിരുന്നിട്ടല്ല…പല കോളജുകള്‍… എന്നിട്ടും അഡ്മിഷന്‍ ലിസ്റ്റില്‍ എന്റെ മാത്രം പേരില്ല. അഡ്മിഷനുള്ള അര്‍ഹത എനിക്കുള്ളതാണ്. പക്ഷേ..

ഇതെന്തുകൊണ്ട് സംഭവിക്കുന്നു? കഴിവില്‍ അമിതമായി വിശ്വസിച്ചിരുന്നതുകൊണ്ടും മറ്റുള്ളവരെ ഇക്കാര്യത്തിനുവേണ്ടി ആശ്രയിക്കാന്‍ അഭിമാനം സമ്മതിക്കാതിരുന്നതുകൊണ്ടും  ഞാന്‍ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചു. പാരലല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കുക… സാധ്യതകള്‍ തെളിയാതെ വരുമ്പോള്‍ തോറ്റു പിന്മാറുന്നതല്ലല്ലോ ജീവിതം?

പക്ഷേ അവിടെയും ദൈവഹിതം എനിക്കെതിരായിരുന്നു. പണം മുഴുവനടച്ച് പാരലല്‍ കോളജില്‍ ചേര്‍ന്നിട്ടും ഞാനാഗ്രഹിച്ച വിഷയം എനിക്ക് കിട്ടിയില്ല. എങ്കില്‍ കിട്ടിയ വിഷയം പഠിക്കാന്‍ തീരുമാനിച്ചപ്പോഴാകട്ടെ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കോളജ് ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അടച്ചുപൂട്ടുകയും ചെയ്തു.
എനിക്ക് ഉണ്ടായ നിരാശത എത്രയധികമാണെന്ന് ഊഹിക്കാമല്ലോ. ആഗ്രഹിച്ചതു കിട്ടിയില്ല, കിട്ടിയതാകട്ടെ തട്ടിപ്പറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ജീവിതത്തില്‍ പ്രത്യേകമായി ഒന്നും സംഭവിക്കാതെ വര്‍ഷങ്ങള്‍ കടന്നുപോകുകയാണ്. എനിക്ക് പഠിക്കാന്‍ വിധിച്ചിട്ടില്ലെന്നു തന്നെ ഞാന്‍ ഉറച്ചു. സംഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി ഒരു ജോലിക്ക് ശ്രമിക്കുകതന്നെ. ഒരു ജോലിയെക്കാളേറെ സ്വന്തം കാലില്‍ നില്ക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായിരുന്നു അത്. പക്ഷേ പ്രീ-ഡിഗ്രി മാത്രം പഠിച്ച ഒരുവന് എന്തു ജോലിയാണ് ലഭിക്കുക?

എനിക്കാണെങ്കില്‍ ജോലിയെ സംബന്ധിച്ച് ഒരുപാട് സ്വപ്നങ്ങളാണുള്ളത്. ആ സ്വപ്നങ്ങളാണെങ്കില്‍ വളരെ ഉയര്‍ന്നതും… ആ സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള ഒരു ജോലി എനിക്ക് ലഭിക്കില്ല എന്നത് തീര്‍ച്ചയാണ്.
ഒരു ജോലിക്കു വേണ്ടിയുള്ള അന്വേഷണം എന്നെ കൊണ്ടുചെന്നെത്തിച്ചത് ഒരു ബേക്കറിയിലാണ്. അവിടെ സെയില്‍സ്മാന്റെ  ‘ജീവിതം’. എന്റെ ഉള്ളിലെ കരച്ചില്‍ ഞാന്‍ പുറത്തുകാണിക്കാതെ ചേര്‍ത്തുവച്ചു. ഞാനെല്ലാവരോടും പിണങ്ങി, ലോകത്തോടു മുഴുവന്‍… ഒരു ബേക്കറിയിലെ എടുത്തുകൊടുപ്പുകാരനായിത്തീരുകയായിരുന്നില്ലല്ലോ എന്റെ ജീവിതോദ്ദേശ്യം.

പപ്‌സിന്റെയും സമോസയുടെയും വില അറിഞ്ഞും അതെടുത്തുകൊടുത്തും എന്റെ ജീവിതം അങ്ങനെ അവസാനിക്കുമെന്ന് ഞാന്‍ ഭയന്നു. പരിചയക്കാര്‍ ആരെങ്കിലും സാധനം വാങ്ങാന്‍ വരുമ്പോള്‍ ഞാന്‍ അപമാനം കൊണ്ട് ചുരുങ്ങി. ഒപ്പം പഠിച്ചവര്‍ കസ്റ്റമേഴ്‌സായി വരുന്നതു കണ്ടാല്‍ ഞാന്‍ അകത്തേയ്ക്ക് വലിയാന്‍ ശ്രമിക്കും.”ഡേയ് പയ്യന്‍” മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ വിളി അപ്പോഴൊക്കെ എന്നെ തേടിയെത്തി. അങ്ങനെ എനിക്കെന്റെ പേരു പോലും നഷ്ടമായി.

അപ്പോഴാണ് മറ്റൊരു സംഭവവികാസം. എന്റെ കടയുടമ മദ്രാസില്‍ ഇതേ ബിസിനസ് ചെയ്യാന്‍പോകുന്നു. അതായത് പുതിയൊരു ബ്രാഞ്ച് തുടങ്ങുന്നു. അവിടേക്ക് എന്നെ മാറ്റാനാണ് തീരുമാനം.

മദ്രാസ്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു നഗരമാണത്. എന്നിട്ടും അവിടേയ്ക്ക്  ഞാന്‍ പോകുന്നത് എന്റെ അഭിലാഷങ്ങളുടെ പേരിലല്ല, മറിച്ച് ഞാന്‍ ഏറെ വെറുക്കുന്ന ഒരു ജോലിയുടെ പേരിലാണ്. അതാണെന്നെ വേദനിപ്പിച്ചത്. മദ്രാസിലേക്ക് എന്നെ പറഞ്ഞയ്ക്കുന്നതിന് മുമ്പുള്ള പരിശീലന ഘട്ടമായിരുന്നുവത്രെ നാട്ടില്‍ എനിക്ക് തന്നത്. ഇതോടെ എനിക്കെന്റെ ഭാവിയെക്കുറിച്ച് തീരുമാനമായി. ജീവിതം മുഴുവന്‍ ഇനി ഇങ്ങനെ തന്നെ…

എന്റെ നൈരാശ്യത്തിന് അതിരുകള്‍ വര്‍ദ്ധിച്ചു. എന്റെ സങ്കടവും നിരാശതയും കാരണവും എന്നെ ഇത്ര ദൂരേയ്ക്ക് പറഞ്ഞയ്ക്കുന്നതിലുള്ള വിഷമം കാരണവും വീട്ടുകാര്‍ ഒന്നു തീരുമാനിച്ചു. എന്നെ മദ്രാസിന് വിടണ്ടാ… വലിയൊരാശ്വാസം എനിക്കനുഭവപ്പെട്ടു. മദ്രാസിലേക്ക് പോകുന്നില്ല എന്നു തീരുമാനമായപ്പോള്‍ സ്വാഭാവികമായി എനിക്ക് ജോലി നഷ്ടപ്പെട്ടു. അങ്ങനെ ഒന്നോ രണ്ടോ ആഴ്ച നീണ്ടുനിന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കു വിരാമമായി.
ഇതേ കാലയളവില്‍തന്നെയാണ് ഒരു പത്രസ്ഥാപനത്തിന്റെ സബ്  ഓഫീസില്‍ നിന്ന്  പ്രധാന ഓഫീസിലേക്ക് വൈകുന്നേരങ്ങളില്‍ ന്യൂസ് കവര്‍ എത്തിക്കുന്ന ഒരു ‘പണി’ (ജോലിയെന്ന് പറയാനാവില്ല) എനിക്ക് തരപ്പെട്ടത്. അങ്ങനെ ഒരു പത്രസ്ഥാപനത്തിന്റെ അകത്തളം ഞാന്‍ ആദ്യമായി കണ്ടു… വാര്‍ത്തകളുടെ വലിയൊരു ലോകം… ഞാനത്ഭുതത്തോടെ, അമ്പരപ്പോടെ പലവട്ടം  അത് നോക്കിനിന്നിട്ടുണ്ട് (പിന്നീട് വാര്‍ത്തകളുടെതന്നെ ഒരു ലോകത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ഞാനെത്ര തവണ ദൈവത്തിന് കണ്ണുനിറഞ്ഞ് നന്ദി പറഞ്ഞിട്ടുണ്ടെന്നോ). ഇത്തരമൊരു ലോകമാണ് എന്റെ സ്വപ്നം. പക്ഷേ ഞാനാ സ്വപ്നത്തില്‍ നിന്ന് എത്രയോ അകലെയാണ്. എന്നാല്‍  ദൈവം എന്നെക്കുറിച്ച് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നുവെന്ന് ഞാനപ്പോഴൊന്നും കരുതിയിരുന്നതേയില്ല.

ആയിടയ്ക്കാണ് എന്റെ ഒരു സുഹൃത്ത് എന്നോടു പറയുന്നത,് അവന്‍ പഠിക്കുന്ന കോളജില്‍ ഞാനാഗ്രഹിക്കുന്ന വിഷയത്തിന് സീറ്റ് ഒഴിവുണ്ടെന്ന്. ക്ലാസ് തുടങ്ങിക്കഴിഞ്ഞതിനാല്‍ അഡ്മിഷനുള്ള സാധ്യതയുണ്ടന്നും അവന്‍ അറിയിച്ചു. അതനുസരിച്ച് ഞാന്‍ പ്രിന്‍സിപ്പലച്ചനെ ചെന്നുകണ്ടു. സീറ്റ് തരാം, അച്ചന്‍ സമ്മതിച്ചു. പക്ഷേ അതിനു മുമ്പ് ഞാന്‍ പഠിച്ചിരുന്ന കോളജിലെ ഏതെങ്കിലും അധ്യാപകരുടെ, എന്നെക്കുറിച്ചുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചുകൊണ്ട് വരണം. എനിക്കുറപ്പുണ്ടായിരുന്നു, എന്നെ വ്യക്തിപരമായി അറിയാവുന്ന ഒരധ്യാപകന്‍ അതെഴുതിത്തരുമെന്ന്. എന്നാല്‍ പിരിഞ്ഞുപ്പോരുമ്പോള്‍ കിട്ടുന്ന ‘കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റി’ലെ പതിവ് വാചകങ്ങള്‍ക്കപ്പുറം വ്യക്തിപരമായ യാതൊരു പരാമര്‍ശവും കൂടാതെയാണ് അദ്ദേഹം എനിക്കതെഴുതിതന്നത്. അതെന്നെ വേദനിപ്പിച്ചു. ആ കത്തുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ? അങ്ങനെ പിന്നെയും ഒരു വര്‍ഷം കൂടി കടന്നുപോയി.

വീണ്ടും ഒരു അധ്യയനവര്‍ഷം കടന്നു വന്നു. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ തിരക്കിട്ട സമയം. ഒരിക്കല്‍കൂടി അപേക്ഷ കൊടുക്കാന്‍ മനസ്സ് പറയുന്നതുപോലെ…സമ്മര്‍ദ്ദം കൂടി വന്നപ്പോള്‍ അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. ഒരു ഭാഗ്യപരീക്ഷണം കൂടി… അങ്ങനെയാണ് വീണ്ടും അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചത്. അതിനു ഫലമുണ്ടായി… എനിക്കും അഡ്മിഷന്‍ കിട്ടി. എങ്ങനെ സംഭവിച്ചു അത്? വര്‍ഷം പലതു കഴിഞ്ഞതുകൊണ്ട് എന്റെ പ്രീ-ഡിഗ്രി മാര്‍ക്ക് ഒന്നുപോലും കൂടിയിട്ടില്ല, അപേക്ഷകരുടെ തിരക്ക് കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. എനിക്കുവേണ്ടി യാതൊരു ശുപാര്‍ശക്കത്തുപോയതുമില്ല. എങ്ങനെയാണിത് സംഭവിച്ചത്? ആലോചിച്ചപ്പോള്‍ എനിക്കുത്തരം കിട്ടി.
ഇതായിരുന്നു ദൈവത്തിന്റെ സമയം. എന്നെ ഇങ്ങനെയെല്ലാം കടത്തിക്കൊണ്ട് പോകണമെന്ന് അവിടുന്ന് തീരുമാനിച്ചിരുന്നു. ഇത്തരം കടന്നുപോകലുകള്‍ എന്റെ ജീവിതത്തിന് അനിവാര്യവുമായിരുന്നു. ആഗ്രഹിച്ചതൊക്കെ ഉടനടി ലഭിച്ചിരുന്നുവെങ്കില്‍ ലഭിച്ചതിനൊന്നും ഞാന്‍ യാതൊരു വിലയും കല്പിക്കുമായിരുന്നില്ല.  മറിച്ച് ഞാനെന്റെ കഴിവില്‍ അഹങ്കരിക്കുമായിരുന്നു. കഷ്ടപ്പെടുവാനോ ജീവിതത്തിന്റെ ചില കറുത്ത വഴികളിലൂടെ കട ന്നുപോകുവാനോ എനിക്ക് അവസരം ഉണ്ടാകുമായിരുന്നില്ല.

ഇങ്ങനെ അഡ്മിഷന്‍ കിട്ടിയതുകൊണ്ട് പഠനത്തോട് എനിക്ക് വല്ലാത്ത ആവേശമായി. പഠനത്തിനിടയില്‍  നീണ്ട ഗ്യാപ്പ് വന്നതു കൊണ്ട് പഠിച്ചവയൊക്കെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഞാനപ്പോഴും ദൈവത്തില്‍ ആശ്രയിച്ചു. ദൈവം ആഗ്രഹിച്ചിരുന്നതാണ്, അല്ലെങ്കില്‍ ദൈവത്തിന്റെ കൂടി ആവശ്യമാണ് എന്റെ ഡിഗ്രി എന്നതു കൊണ്ട് അവിടുന്ന് എന്റെ പ്രാര്‍ത്ഥന കേട്ടു. ഒരു സാധാരണ ബുദ്ധിക്കാരനായ ഞാന്‍,  ആ വര്‍ഷം ഉന്നതവിജയം നേടിയ ആറുപേരില്‍ ഒരുവനായി. മാത്രവുമല്ല, അവിസ്മരണീയമായ ചില സൗഹൃദങ്ങള്‍ കൊണ്ടും അനുഭവങ്ങള്‍കൊണ്ടും എന്റെ ഡിഗ്രിക്കാലം സമ്പന്നമായിരുന്നു.

പിന്നെ ഡിഗ്രി കഴിഞ്ഞ് ഒട്ടും കാത്തുനില്ക്കാതെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കേന്ദ്രത്തിന്‍ കീഴില്‍ ഇഷ്ടവിഷയത്തില്‍ തന്നെ പി.ജി. ചെയ്യാനും ദൈവം എനിക്ക് അവസരം ഒരുക്കിത്തന്നു. അവിടെയും ഒരു പൂക്കാലം എനിക്കായി കാത്തുനിന്നിരുന്നു; പല വിധത്തിലും. രണ്ടു വര്‍ഷങ്ങള്‍ പോയതെങ്ങനെയെന്ന് അറിയില്ല, അര്‍ഹമായ വിജയം നേടി അവിടെ നിന്ന് പുറത്തേക്ക്…

പഠിക്കുന്ന കാലം തൊട്ടേ ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു, ഒരു ജോലിക്ക് വേണ്ടി… പി.ജി കഴിഞ്ഞ് ഒരു ദിവസം പോലും വീട്ടില്‍ ഒരു തൊഴില്‍രഹിതനായോ ഉദ്യോഗാര്‍ത്ഥിയായോ ഇരിക്കാതെ പിറ്റേന്ന് തന്നെ ദൈവം എനിക്കൊരു ജോലി തന്നു. ഞാന്‍ എത്താന്‍ ആഗ്രഹിച്ചിരുന്ന, ഒരു മണ്ഡലത്തില്‍ തന്നെ… ഒരു ബാലമാസികയില്‍.
ഇരുളും വെളിച്ചവും മാറിമാറിവരുന്നതുപോലെയായിരുന്നു അവിടത്തെ എന്റെ ജീവിതം. എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളും അവിടെ എനിക്ക് ധാരാളം ലഭിച്ചു. പക്ഷേ അവിടെയും ഞാന്‍ പതറിയില്ല, പിന്താങ്ങുവാന്‍ യാതൊരാളുമില്ലാതെ വിയോജിപ്പുകളോട് സഭ്യമായ രീതിയില്‍ ഞാന്‍ അവിടെ ചെറുത്തുനിന്നത് ഒരു ദിവസമോ മാസമോ ആയിരുന്നില്ല, രണ്ടര വര്‍ഷങ്ങളായിരുന്നു. അതിനിടയിലും അവിടെ എനിക്ക് ചില പച്ചിലക്കൊമ്പുകള്‍ കിട്ടിയിരുന്നത് നന്ദിയോടെ ഞാന്‍ ഓര്‍മ്മിക്കുന്നു. പിന്നെയൊരു സുപ്രഭാതത്തില്‍ ഞാന്‍ ജോലി മതിയാക്കിപ്പോരാന്‍ തീരുമാനിച്ചത് ചെറുത്തുനില്ക്കാനുള്ള ശേഷി എനിക്കില്ലാത്തതുകൊണ്ടായിരുന്നില്ല, എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ടായിരുന്നു, എന്റെ ക്രിയാത്മകത എനിക്ക് തന്നെ നഷ്ടപ്പെടുമെന്ന് തീര്‍ച്ചയുള്ളതുകൊണ്ടായിരുന്നു.

മാത്രവുമല്ല, ഞാന്‍ അവിടെനിന്ന് പലതും പഠിച്ചിരുന്നു. തെറ്റിദ്ധരിക്കരുത്, മറ്റൊരു സ്ഥാപനത്തിന് ഉപകാരപ്പെടുന്ന വിധത്തിലോ എന്റെതന്നെ ‘പ്രൊഫഷണല്‍ സ്‌കില്‍’ വര്‍ദ്ധിപ്പിക്കാനോ ഞാന്‍ അവിടെനിന്ന് ഒന്നും പഠിച്ചില്ല. മറിച്ച്, ലോകത്ത് ഇങ്ങനെയും ചിലരുണ്ടെന്ന്… ചില ചുറ്റുപാടുകള്‍ നമ്മുടെ ധാരണകള്‍ക്കും അപ്പുറമാണെന്ന്… പ്രോത്സാഹനമോ അംഗീകാരമോ കിട്ടിയില്ലെങ്കിലും തളരരുതെന്ന്, മറ്റുളളവരല്ല സ്വന്തം മനസ്സാക്ഷിയാണ് ഒക്കേറ്റിലും വലുതെന്ന്… ദൈവം എല്ലാം കാണുന്നുണ്ടെന്ന്… അങ്ങനെ പലതും…

സ്വന്തം ജീവിതത്തില്‍നിന്ന് ഞാന്‍ കണ്ടറിഞ്ഞ ഇത്തരം സത്യങ്ങള്‍ പില്ക്കാലത്ത് എനിക്കെന്തുമാത്രം പ്രയോജനപ്പെട്ടിട്ടുണ്ടെന്നോ. സ്വന്തം ജോലിസ്ഥലത്ത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടവരോ ഒറ്റപ്പെടുത്തപ്പെട്ടവരോ ആകാം നമ്മള്‍. നമ്മുടെ അദ്ധ്വാനം, ആത്മാര്‍ത്ഥത ഇതൊന്നും മേലധികാരികള്‍ കാണണമെന്നോ അംഗീകരിക്കണമെന്നോ ഇല്ല. സഹപ്രവര്‍ത്തകര്‍ നമ്മുടെ തോളത്ത് കൈ ചേര്‍ത്ത് സൗഹൃദത്തോടെ നടന്നു നീങ്ങണമെന്നുമില്ല. അപ്പോഴൊന്നും തളരരുത്. നമ്മുടെ ഭാവിക്കുവേണ്ടിയുള്ള ചില മുന്നൊരുക്കങ്ങളാണിതെന്ന് നമ്മള്‍ തിരിച്ചറിയണം.
സര്‍ക്കസുകളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ മെയ്യഭ്യാസം കാണിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതൊക്കെ ഒറ്റദിവസം കൊണ്ട് നേടിയെടുത്തതല്ല എന്ന് നമുക്കറിയാം. എത്ര ദിനരാത്രങ്ങള്‍ അവരതിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടാവും… അതുപോലെ തന്നെയാണിതും. ദൈവം അനുവദിക്കുന്ന ഒരു കഷ്ടപ്പാടും വെറുതെയാകുന്നില്ല, അവയോടുള്ള നമ്മുടെ സമീപനമാണ് പ്രധാനം. നമുക്ക് ധൈര്യം നല്‌കേണ്ടത് നമ്മള്‍ മാത്രമാണ്.

വിനായക് നിര്‍മ്മല്‍

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!