പകല്‍ കടഞ്ഞെടുത്ത നെയ്യാണ് രാത്രി. രാത്രി തിളച്ചുമറിയുന്ന ഒരു പാല്‍പ്പാത്രമാണ്. ആരവങ്ങളൊടുങ്ങിയ ഉത്സവപ്പറമ്പുകണക്കെയാണ് ചില രാത്രികള്‍. മറ്റു ചില രാത്രികളാവട്ടെ ആസക്തികള്‍ ശമിക്കാത്ത ശരീരവും.
രാത്രി ഒരു ഇരുണ്ട വസ്ത്രമാണ്. എല്ലാറ്റിനെയും അത് ഒളിപ്പിച്ചുവയ്ക്കുന്നു. ആ ഗോപ്യത കാരണമാവാം എല്ലാ രാത്രികള്‍ക്കും ആസക്തികളുടെ മുഖമുണ്ട്. പ്രകാശത്തെ ഇരുട്ട് മൂടുന്നതുകൊണ്ടാവാം രാത്രികള്‍ നമ്മുടെ തമോഗുണങ്ങളെ ശതഗുണീഭവിപ്പിക്കുന്നത്. അസന്മാര്‍ഗ്ഗികപ്രവൃത്തികള്‍ കൂടുതലും അരങ്ങേറുന്നത് എവിടെയാണ് എപ്പോഴാണ്? രാത്രിയില്‍… അതൊരു കരിമ്പടംപോലെ നമ്മെ ആവരണം ചെയ്യുന്നു.
രാത്രി കറുപ്പിച്ചു കളഞ്ഞ ചില മനസ്സുകളുണ്ട്. രാത്രി പോലെ കറുത്ത മനസ്സുകള്‍. രാത്രികള്‍ ഒരടയാളവും അവശേഷിപ്പിക്കാതെ കടന്നുപോവുന്നില്ല.
ഇരുട്ട് ചില ഭയങ്ങള്‍ മാത്രമല്ല സുരക്ഷിതത്വവും നല്കുന്നുണ്ട്. ഏറ്റവും ഗോപ്യമായ, ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നായ രതിക്ക് മുമ്പേ നമ്മള്‍ ചെയ്യുന്നതെന്താണ്? വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു. പുറമെനിന്നുള്ള എല്ലാ സമ്പര്‍ക്കങ്ങള്‍ക്കും നേരെ പ്രതിരോധത്തിന്റെ ഒരു മറ പണിയുന്നതിനൊപ്പം ഇരുട്ടിനെയും നമ്മള്‍ ക്ഷണിച്ചുവരുത്തുകയാണ്. ആ ഇരുട്ടിലാണ് നമ്മള്‍ രത്യാനന്ദത്തിന്റെ കൊടുമുടികള്‍ കയറുന്നത്.
രാത്രി എന്തിന് നേരെയും കണ്ണടയ്ക്കുന്നു. ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ നാം നടന്നുതീര്‍ക്കേണ്ട ദൂരത്തിന്റെ പേരാണ് രാത്രി. രാത്രി ഉറങ്ങാന്‍ മാത്രമുള്ളതാണെന്ന് കരുതരുത്. എല്ലാവരും ഉറങ്ങുമ്പോഴും ഉറങ്ങാതിരിക്കുന്നവര്‍ ഓരോ രാത്രിയിലുമുണ്ട്. രാത്രികളിലും മനുഷ്യര്‍ ഉറങ്ങാതെയുണ്ടെന്ന്, പകല്‍പോലെ രാത്രികളും സജീവമാണെന്ന ചിന്തയിലേക്ക് മാറിയിട്ട് അധികംകാലമൊന്നുമായില്ല. പകല്‍പോലെ രാത്രി തിളയ്ക്കുന്നത് നീണ്ടയാത്രകളിലാണ് പരിചയപ്പെടാനിടയായത്.
ഏതോ ഒരന്തിയില്‍ അപരിചിതമായ ദേശത്ത് അവസാനവണ്ടിയും പോയി ഒറ്റയ്ക്ക് നില്ക്കുന്ന ഒരുവന്റെ ഭയപ്പാട് നല്കിയ ചില രാത്രികളുണ്ട് മനസ്സില്‍. ഇരുട്ടിന്റെ മറവില്‍ നിന്ന് ഒരു സ്വവര്‍ഗ്ഗരതിക്കാരന്റെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഒരു രാത്രി. തെരുവ്‌നായ്ക്കള്‍ക്ക് മുമ്പില്‍ വന്നുപെട്ട മറ്റൊരു രാത്രി… ആകാശത്താരകങ്ങള്‍ക്ക് ചുവടെ നിലാവിന്റെ സമൃദ്ധിയില്‍ ആദ്യമായി കിട്ടിയ ചുംബനരാത്രി… എത്രയെത്ര രാത്രികള്‍… രാത്രികള്‍ പകലുകളെക്കാള്‍ മായാത്ത മുദ്രയായി മനസ്സിലുണ്ട്.
രാത്രി ഏതൊക്കെയോ സ്വപ്നങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജാഗരണത്തിനും സുഷുപ്തിയ്ക്കുമിടയില്‍ അപ്പോള്‍ സ്ഖലിതത്തിന്റെ അരുവി ഒഴുകുന്നു. സ്ഖലിത രാത്രികള്‍… ”രാത്രികള്‍ എന്റെ അസ്ഥികളെ തകര്‍ക്കുന്നു” എന്നൊരു നിലവിളി ജോബിന്റെ പുസ്തകത്തില്‍നിന്ന് ഞാന്‍ കേള്‍ക്കുന്നു. ഒരുവന്‍ രാത്രിയില്‍ വീട്ടിലേക്കുള്ള വഴിപോലും തിരിച്ചറിയുന്നില്ലെന്ന് അര്‍ത്ഥം വരുന്ന സി.വി ബാലകൃഷ്ണന്റെ ഒരു വാക്യമുണ്ട്.
ഇരുട്ടിലും പ്രകാശിച്ചുനില്ക്കാന്‍ നിനക്ക് കഴിയുന്നുണ്ടോ? രാത്രി നമുക്കു മുമ്പില്‍ വയ്ക്കുന്ന വെല്ലുവിളിയാണത്. പകലില്ലാതെ രാത്രിയില്ല. രാത്രികള്‍ക്കപ്പുറം പകല്‍ കാത്തുനില്ക്കുന്നു. ഇരുട്ടിനപ്പുറം വെളിച്ചമുണ്ടെന്ന തിരിച്ചറിവാണ് രാത്രിയെ സ്‌നേഹിക്കാന്‍ ഒരാളെ പ്രേരിപ്പിക്കേണ്ടത്. വെളിച്ചത്തിനിപ്പുറം ഇരുട്ടുണ്ടെന്ന യാഥാര്‍ത്ഥ്യബോധം ഒരുവനെ കുറെക്കൂടി പക്വമതിയാക്കുകയും ചെയ്യും. ജീവിതത്തിന്റെ രണ്ടുപുറങ്ങള്‍. ഇരുളിനും പകലിനും നടുവില്‍ നാം ജീവിതം കൊണ്ട് പടവെട്ടുന്നു.
വെളിച്ചത്തെ പകലെന്നും ഇരുട്ടിനെ രാത്രിയെന്നും പേരിട്ട സൃഷ്ടിവൈഭവത്തിന് മുമ്പില്‍ ഞാന്‍ കൈകള്‍ കൂപ്പുന്നു.
വിനായക് നിര്‍മ്മല്‍