എല്ലാ സൗഭാഗ്യങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്നവരോ പുറത്താക്കപ്പെടേണ്ടവരോ ആണ് വിധവകളെന്നാണ് അലിഖിത നിയമം. ഇനിയെന്നും അവരുടെ ജീവിതം കല്ലുകൾ പിളരുന്ന നെടുവീർപ്പുകളുടെ കാലത്തായിരിക്കണം എന്ന് വിധിക്കുന്ന തരത്തിലുള്ള ക്രൂരതയും സമൂഹത്തിനുണ്ട്. പക്ഷേ ഇത് എത്രത്തോളം സാധൂകരിക്കപ്പെടേണ്ടതായിട്ടുണ്
വിധവകളുടെ പുനഃവിവാഹം ഇന്ത്യയിൽ എന്തുകൊണ്ടോ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിഷയമായി മാറുന്നില്ല. വെറും പത്തു ശതമാനം സ്ത്രീകൾ മാത്രമാണ് പുനഃവിവാഹിതരാകുന്നത്. പല ഉന്നത വംശത്തിലും പുനഃവിവാഹത്തിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കാറുണ്ട്. പുനഃവിവാഹം അനുവദിക്കപ്പെട്ടുവെങ്കിൽ തന്നെ സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബാംഗങ്ങൾ തന്നെ ശ്രമിക്കുന്നതും അസാധാരണ സംഭവമല്ല.
കാരണം പലതുണ്ട്. തങ്ങളുടെ വീട്ടിൽ കൂലി കൊടുക്കാത്ത ഒരു ജോലിക്കാരിയെ ലഭിക്കും എന്ന ലാഭം. പല വിധവകളുടെയും അവസ്ഥ കൂട്ടുകുടുംബങ്ങളിലും ഭർതൃഗൃഹങ്ങളിലും അടിമയെക്കാൾ കഷ്ടമാണ്. ഈ സ്ത്രീകൾക്ക് ഭർത്താവിന്റെ അവകാശമായ സ്വത്ത് തീറെഴുതികൊടുക്കാൻപോലും മടിക്കുന്നവരുമുണ്ട്. ഇതിനൊക്കെ പുറമെയാണ് ഭർതൃഗൃഹത്തിൽ നിന്നു നേരിടേണ്ടിവരുന്ന ലൈംഗികചൂഷണം. അമ്മായിയച്ഛൻ മുതൽ ഭർതൃസഹോദരൻ വരെ ഇപ്രകാരം ലൈംഗികചൂഷണം നടത്തുന്നുണ്ട് എന്ന് എഴുതുമ്പോൾ അത് വിശ്വസിക്കാൻ ചിലപ്പോൾചിലർക്ക് കഴിഞ്ഞെന്നുവരില്ല.
ഇത്തരം ദുരവസ്ഥകളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ചിലരെങ്കിലും രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. എന്നാൽ അവിടെയും അവർക്ക് രക്ഷയില്ലാതാകുന്നു. ബന്ധുക്കളിൽ നിന്നുള്ള എതിർപ്പിന് പുറമെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള കരുതലും ഉത്കണ്ഠയും പല വിധവകളെയും രണ്ടാം വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പെൺമക്കളുള്ള അമ്മമാർ.
നാളെ തന്റെ ഭർത്താവായി വരുന്ന പുരുഷൻ ഏതു തരക്കാരനാണെന്നുള്ള ഉറപ്പില്ലായ്മയും അനുദിനം പത്രവാർത്തകളിൽ നിറയുന്ന ലൈംഗികപീഡനത്തിന്റെ തോരാകഥകളും പല സ്ത്രീകളെയും ഭയചകിതരാക്കുകയും അവർ രണ്ടാം വിവാഹം എന്ന ആലോചനയിൽ നിന്ന് ഓടിയകലുകയും ചെയ്യുന്നു.
ചെറുപ്രായത്തിലേ വിധവകളാകുന്ന സ്ത്രീകളെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിക്കേണ്ടതും മുൻകൈ എടുത്ത് ആ വിവാഹം നടത്തിക്കൊടുക്കേണ്ടതും അടുത്ത ബന്ധുക്കൾ തന്നെയാകണം. അല്പം കൂടി മുതിർന്ന സ്ത്രീകളും പ്രായപൂർത്തിയെത്തിയ മക്കളുമുള്ള വിധവകളാണെങ്കിൽ അവർ ഇക്കാര്യത്തിൽ സ്വന്തമായ ഒരു തീരുമാനമെടുക്കട്ടെ. അവരെ രണ്ടാം വിവാഹത്തിന് നിർബന്ധിക്കേണ്ടതില്ല. എന്നാൽ രണ്ടാം വിവാഹത്തിന് സന്നദ്ധയാകുമ്പോൾ എതിർക്കേണ്ടതുമില്ല. ഓരോരുത്തർക്കും ഓരോ സമയത്ത് വേണ്ടത് ഓരോന്നാണ്. അത് കിട്ടേണ്ടപ്പോൾ കിട്ടേണ്ടതുപോലെ കിട്ടണം. നിങ്ങൾക്ക് വേണ്ടാത്തത് മറ്റൊരാൾക്ക് ആവശ്യമായിവരുമ്പോൾ നിങ്ങളെന്തിന് അതിനെ നിന്ദിക്കണം?
എനിക്ക് പരിചയമുള്ള ഒരു വ്യക്തി അടുത്തകാലത്ത് രണ്ടാമതും വിവാഹിതനായി. അയാൾക്ക് അറുപതിനു മേൽ പ്രായമുണ്ടായിരുന്നു. മൂന്നു മക്കളായിരുന്നു അയാൾക്കുള്ളത്. മൂന്നുപേരും വിവാഹിതർ. ഏകമകനും ഭാര്യയുമാണ് വീട്ടിലുള്ളത്. പക്ഷേ അയാൾക്ക് ഒരു ഗ്ലാസ് വെള്ളത്തിന് പോലും മരുമകളെക്കൊണ്ട് ഉപകാരമില്ല. മകനും അതിനൊപ്പം തന്നെ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അയാൾ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മക്കളാരും എതിർപ്പ് പറഞ്ഞില്ല.
അങ്ങനെ രണ്ടാം വിവാഹത്തിനുള്ള ആലോചനകൾ ആരംഭിച്ചു. അധികം വൈകാതെ സമാനമായ അവസ്ഥയിലൂടെ കഴിഞ്ഞുപോരുകയായിരുന്ന ഒരു സ്ത്രീയുടെ ആലോചന വന്നു. പെൺമക്കളുടെ കുഞ്ഞുങ്ങളെയും നോക്കി ഓരോ വീടുകളും മാറിമാറി ജീവിക്കുകയായിരുന്നു അറുപതിനടുത്ത് പ്രായമുള്ള ആ സ്ത്രീ. അവർ വിവാഹിതയാകുന്നതിനോട് അവരുടെ മക്കളും തടസം പറഞ്ഞില്ല. അങ്ങനെ രണ്ടുപേരുടെയും മക്കളുടെ അനുവാദത്തോടെ ആശംസകളോടെ ഇരുവരും വീണ്ടും വിവാഹിതരായി. നോക്കൂ, എത്ര സുന്ദരമായ തീരുമാനമായിരുന്നു രണ്ടുപേരുടേതും. മക്കൾക്കും തങ്ങളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലായി. വെറും ശരീരദാഹങ്ങളോ മോഹങ്ങളോ അല്ല അവരെ വീണ്ടും മണിയറയിലെത്തിച്ചിരിക്കുന്നത്. മറിച്ച് പരസ്പരം താങ്ങാകാനും തണലേകാനുമുളള ആഗ്രഹമായിരുന്നു. ആ സ്ത്രീയെ സംബന്ധിച്ച് ഒരുപുരുഷന്റെ സംരക്ഷണത്തിൽ ജീവിക്കുമ്പോൾ അനുഭവിക്കുന്ന സുരക്ഷിതത്വബോധമായിരുന്നു പ്രധാനം. തനിക്കൊരു ഭർത്താവുണ്ടായിരിക്കുന്നതിൽ അവർ സന്തോഷിച്ചു, അത്തരമൊരു വിലാസം അവരെ വീണ്ടും ആത്മാഭിമാനമുള്ളവളാക്കി. ഇത്തരം സമീപനങ്ങളും നയങ്ങളും സമൂഹത്തിൽ ഉണ്ടാകണം. അത് നാം വളർത്തിയെടുക്കണം.