ആത്മവിശ്വാസം നല്കൂ, കുട്ടികൾ വലിയവരാകട്ടെ

Date:

spot_img

കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്.  ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഒരാൾ അവനവനിൽ തന്നെ വിശ്വസിക്കുന്നതാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യങ്ങൾക്ക് വേണ്ടി പൊരുതാനും  അത് സ്വന്തമാക്കാൻ ശ്രമിക്കാനും കഴിയൂ. ആത്മവിശ്വാസമില്ലാത്തവർക്ക് ഒരിക്കലും ശ്രമിക്കാൻ കഴിയില്ല. ഓ, എന്നെക്കൊണ്ട് അതൊന്നും കഴിയില്ല എന്ന മട്ടിൽ ഒതുങ്ങിക്കൂടി കഴിയുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ട്. അവരൊന്നും കഴിവില്ലാത്തവരല്ല, ആത്മവിശ്വാസമില്ലാത്തവരാണ്.
 

ഇന്ന് ചാനലുകളിലെ പല ഷോകളിലും നമ്മെ അത്ഭുതപ്പെടുത്തുന്നത് കുട്ടികളാണ്. നല്ല എനർജിയായിരുന്നുവെന്നൊക്കെ അവരുടെ പെർഫോമൻസ് കണ്ട് വിലയിരുത്തുന്ന ജഡ്ജ്സ് പറയുന്നതും 
കേൾക്കാറുണ്ട്. ഈ എനർജി എന്നുപറയുന്നത് 
പെർഫോമൻസിലുള്ള ഘടകം മാത്രമല്ല അവരുടെ ആകെയുള്ള പ്രകൃതത്തിൽമുഴുവൻ നിഴലിക്കുന്നതാണ്. പഴയ തലമുറയെക്കാൾ ആത്മവിശ്വാസമുള്ളവരും ആത്മപ്രകാശനത്തിന് കഴിവുള്ളവരുമാണ് പുതിയ തലമുറ. ഇതെന്തുകൊണ്ട് സാധിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരങ്ങളിലൊന്ന് കുടുംബങ്ങളിൽ നിന്ന് കിട്ടുന്ന പ്രോത്സാഹനവും അത് നല്കുന്ന ആത്മവിശ്വാസവും എന്നായിരിക്കും.

പഴയൊരു തലമുറ ഡാൻസിനെയും പാട്ടിനെയും എഴുത്തിനെയുമൊക്കെ വിലയിരുത്തിയിരുന്നത് നേരം കൊല്ലികളും വഴിതെറ്റിക്കുന്നതിനുള്ള ഉപാധിയുമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കളുടെ സർഗ്ഗവാസനകളെ അവരിൽ പലരും തങ്ങളുടെ അറിവുകേടുകൊണ്ട് നിരുത്സാഹപ്പെടുത്തി. പഠിച്ചാൽ മാത്രമേ രക്ഷപ്പെടൂ എന്നായിരുന്നു അന്നത്തെ മാതാപിതാക്കളുടെ ധാരണ. പഠിച്ചുജോലി നേടുന്നതിൽ മാത്രമായിരുന്നു ജീവിതവിജയം എന്ന് അവർ തെറ്റിദ്ധരിച്ചു. ഫലമോ മക്കളെ പുസ്തകപ്പുഴുക്കളും പഠിപ്പിസ്റ്റുകളുമാക്കി മാറ്റി. പക്ഷേ പുതിയ മാതാപിതാക്കളുടെ ബോധനനിലവാരത്തിലും  മക്കളോടുള്ള സമീപനത്തിലും മാറ്റം വന്നു. തങ്ങൾക്ക് ആകാൻ കഴിയാത്തത് മക്കൾ ആയിത്തീരണമെന്ന ആഗ്രഹം കൊണ്ടുപോലും അവർ മക്കളുടെ കഴിവുകൾക്ക് എണ്ണയൊഴിച്ച് തിരി തെളിച്ചു. 

കുട്ടികൾ ഏതെങ്കിലുമൊക്കെ തരത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതു കാണുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക, നല്ല വാക്കുകൾ പറയുക, ചിലപ്പോൾ അവർ പാടുന്നത് അത്ര നല്ലരീതിയിലായിരിക്കില്ല, വരയ്ക്കുന്ന പടങ്ങൾക്ക് 
പെർഫെക്ഷനും ഉണ്ടാവില്ലായിരിക്കാം. ഭിത്തിയിൽ ചിലപ്പോൾ കുത്തും കോമയും ഇട്ടായിരിക്കാം അവരുടെ ചിത്രരചനയുടെ ആരംഭം തന്നെ. അപ്പോൾ ഭിത്തികേടാകുന്നുവെന്ന് പറഞ്ഞ് നാം ശബ്ദമുയർത്തും. അതാവട്ടെ ചില കുട്ടികളെയെങ്കിലും വരയിൽ നിന്ന് പിൻവലിക്കാനും സാധ്യതയുണ്ട്. മക്കൾ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളിലും അവരെ അർഹിക്കുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക, നല്ല വാക്കുകൾ പറയുക. ആയിരം അവാർഡുകളെക്കാൾ വലുതാണ് ഒരു നല്ല വാക്ക് എന്ന് പറയാറില്ലേ. ആരെങ്കിലുമൊക്കെ പറഞ്ഞ  ചില നല്ലവാക്കുകളായിരിക്കും ഇന്ന് നമ്മെ എവിടെയെങ്കിലുമൊക്കെ എത്തിച്ചിട്ടുണ്ടാവുക. മാത്രവുമല്ല കുടുംബാംഗങ്ങൾതമ്മിൽ തമ്മിൽ പോലും പ്രോത്സാഹനം കൊടുക്കുക. പതിവില്ലാതെ അടുക്കളയിൽകയറി പാചകം ചെയ്ത ഭർത്താവിനെ നല്ല വാക്കുകൾ കൊണ്ട് അഭിനന്ദിക്കുക, അണിഞ്ഞൊരുങ്ങിവന്ന ഭാര്യയെകണ്ട് നല്ല വാക്കുകൾ പറയുക. ഇതൊക്കെ കുടുംബത്തിൽ പ്രോത്സാഹനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവയാണ്. 

പോസിറ്റീവായ കുടുംബാന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ഉണ്ടായിരിക്കും. പോസിറ്റീവ് എന്ന് പറയുമ്പോൾ അവിടെ സാമ്പത്തികഭദ്രതയോ വീടിന്റെ വലുപ്പമോ അല്ല കണക്കിലെടുക്കുന്നത്. മനോഭാവങ്ങളാണ്. ജീവിതത്തോടും സാഹചര്യങ്ങളോടുമുള്ള ക്രിയാത്മകമായ മനോഭാവം.  ചെറിയ വീടുകളിൽനിന്നും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നും എത്രയോ പേരാണ്  നമ്മുക്ക് ചുറ്റിലും വളർന്നുനില്ക്കുന്നത്. അപ്പോൾ അവനവനിൽ തന്നെയുള്ള ആത്മവിശ്വാസവും പ്രിയപ്പെട്ടവരിൽ നിന്നു കിട്ടിയ പിന്തുണയും പ്രോത്സാഹനവും കൂടി ചേർന്നാണ് അവരുടെ ജീവിതത്തെ വിജയതലത്തിൽ എത്തിച്ചതെന്ന് മനസ്സിലാക്കാനാവും. എപ്പോഴും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്ന  മാതാപിതാക്കളെ കണ്ടുവളരുന്ന മക്കളുടെ ഉള്ളിൽ അരക്ഷിതത്വബോധവും അപകർഷതയും രൂപപ്പെടും. ആത്മവിശ്വാസത്തെ തകർക്കുന്നവയാണ് ഇവ രണ്ടും. അതുകൊണ്ട് മക്കളോട് പോസിറ്റിവായി സംസാരിക്കുക, അവരെ ചെറുപ്പം മുതല്ക്കേ ആത്മവിശ്വാസമുള്ളവരായി മാറ്റുക, പ്രോത്സാഹനത്തിന്റെ നല്ല വാക്കുകൾ പറഞ്ഞ് അവരിലെ കഴിവുകളെ ഊതിയുണർത്തുക.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!