പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ തലമുറ കരുതിപ്പോന്നിരുന്ന ചില മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നിസ്സാരമായി മറിച്ചിടുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഏതാണ് ശരിതെറ്റുകൾ എന്ന് മൂന്നാമതൊരാൾക്ക് വ്യവച്ഛേദിച്ച് പറയാൻ കഴിയുന്നുമില്ല. കാരണം ഓരോരുത്തർക്കും അവനവരുടെ ശരികൾ പ്രധാനമാകുമ്പോൾ, അതിന് ന്യായീകരണവും നീതികരണവും ഉണ്ടാകുമ്പോൾ മറ്റൊരാൾക്ക് അതിലേക്ക് കയറി വിധിതീർപ്പ് നടത്താൻ കഴിയുകയില്ല തന്നെ.
സമൂഹത്തിന്റെ ഈ മാറിയ മുഖം ഏറ്റവും പ്രകടമായി കാണുന്നത് പെൺകുട്ടികൾക്കിടയിലാണ്. പുതിയ കാലത്തെ പെൺകുട്ടികൾ പുരുഷന്റെ നിഴലിൽ ഒതുങ്ങിക്കൂടുന്നവരല്ല. അവർ സ്വന്തം അഭിപ്രായമുള്ളവരും സ്വന്തമായ അസ്തിത്വത്തിൽ അഭിമാനിക്കുന്നവരുമാണ്. ജീവിതത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച് എല്ലാം അവർക്ക് അവരുടേതായ സങ്കല്പങ്ങളും തീരുമാനങ്ങളുമുണ്ട്. കാമുകൻ/ഭർത്താവ് എന്ന യാഥാർത്ഥ്യത്തിന് വേണ്ടി അവർ തങ്ങളുടെ ജീവിതം ബലികഴിക്കാൻ തയ്യാറാകുന്നില്ല. വേണമെങ്കിൽ പുരുഷനെ ഒഴിവാക്കി സ്വന്തം ജീവിതം ഓടിച്ചുപോകാൻ മാത്രം ധൈര്യവും തന്റേടവും അവർ പ്രദർശിപ്പിക്കുന്നുമുണ്ട്. ഇതിന് ഏറ്റവും ഉദാഹരണമാണ് ഇഷ്‌ക് എന്ന സിനിമയിലെ നായിക.
വീട്ടുകാരും ഹോസ്റ്റൽ വാർഡനും അറിയാതെ കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് കാമുകന്റെ കാറിൽ ഒരു ദിവസം മുഴുവൻ കറങ്ങാൻ പോകുന്നതിനിടയ്ക്ക് സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ അവൾക്ക് അവനിലുള്ള വിശ്വാസവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നു. പുരുഷൻ സ്ത്രീയെ പലപ്പോഴും കാണുന്നത് ശരീരം മാത്രമായിട്ടാകുമ്പോൾ അതിനപ്പുറം അവൾ മനസ്സും ഹൃദയവും കൂടി ഉള്ളവളാണെന്ന് ഈ നായിക പറയാതെ പറയുന്നു. അവളിലുള്ള എല്ലാ സംശയവും തീർത്തും എതിരാളിയോട് പ്രതികാരം ചെയ്ത് വീരസ്യവും പ്രകടിപ്പിച്ച് വരുമ്പോൾ ഒരു സൗജന്യമെന്ന മട്ടിൽ അവൻ മോതിരം അണിയിക്കാൻ ശ്രമിക്കുമ്പോൾ അവൾ മോതിരവിരൽ മടക്കി നടുവിരൽ ഉയർത്തിക്കാണിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ സൂചന പ്രകടമാക്കുന്ന അടയാളമാണ് നടുവിരൽ ഉയർത്തിക്കാണിക്കുന്നത് എന്നറിയുമ്പോഴാണ് വാസുകി എന്ന നായിക കാണിക്കുന്ന താൻപോരിമയും തന്റേടവും വ്യക്തമാകുന്നത്. ഒന്നോ ചിലപ്പോൾ രണ്ടോ വർഷം പ്രണയിക്കുകയും പ്രണയത്തിന്റെ പലപല സാഹസികതകളിലൂടെയും ഭ്രമങ്ങളിലുടെയും കടന്നുപോയിട്ടുണ്ട് എന്നിരിക്കെ തന്നെയും അതൊന്നും വിവാഹത്തിൽ അവസാനിപ്പിക്കേണ്ടതില്ല എന്നാണ് ഈ പെൺകുട്ടി പറയുന്നത്.
വിവാഹത്തിന് ശേഷം ഉണ്ടാകാവുന്ന ചില അസ്വാരസ്യങ്ങളെ വിവാഹത്തിന് മുമ്പു തന്നെ ഒഴിവാക്കി തന്റേതായ വഴി കണ്ടെത്തി ഒഴിഞ്ഞുപോകുകയാണ് അവൾ. ആണധികാരത്തിനും പ്രമത്തതയ്ക്കും ഏല്ക്കുന്ന കനത്ത ആഘാതമാകുന്നു ഒരു പെൺകുട്ടിയുടെ ഇത്തരം ധീരമായ തീരുമാനങ്ങളും ചടുലമായ പ്രതികരണങ്ങളും. ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവിയുടെ കഥ പറഞ്ഞ ഉയരെയിലും ഇതുപോലെയുള്ള പെൺകുട്ടിയെയാണ് കാണുന്നത്. ഒമ്പതാം ക്ലാസു മുതൽ തുടങ്ങിയതാണ് ഗോവിന്ദുമായുള്ള അവളുടെ പ്രണയം. വർഷങ്ങൾ നീണ്ട പ്രണയകാലത്ത് ഒരു വിരഹത്തിന്റെ സാഹചര്യത്തിൽ കാമുകനെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനുമായി തന്റെ ഉടൽ പോലും അവൾ വിട്ടുകൊടുക്കുന്നുണ്ട്. എന്നിട്ടും തന്റെ ജീവിതത്തിന് മുഴുവൻ പിന്നാലെ ഭ്രാന്തുപിടിച്ച നായ് കണക്കെ ഗോവിന്ദ് ഓടിവരുമ്പോൾ തനിക്കോ അവനോ തങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിൽ നിന്ന് സമാധാനവും സ്വസ്ഥതയും കൈവരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ അവനെ തന്റെ ജീവിതത്തിൽ നിന്ന് തള്ളിപ്പറയാൻ തയ്യാറാവുകയാണ് പല്ലവി. കാരണം പ്രണയത്തിന് വേണ്ടി അവൾ ത്യാഗം ചെയ്യാൻ റെഡിയാകുന്നില്ല. അവൾക്ക് തന്റെ സ്വപ്നം വലുതാണ്, ജീവിതവും.
സമാനമായ മറ്റ് രണ്ട് ഉദാഹരണങ്ങൾ കൂടിയുണ്ട്. തീവണ്ടിയും മറഡോണയും. മറഡോണ ഒരു വാടകഗുണ്ടയാണെന്ന് മനസിലാക്കുമ്പോൾ അതുവരെയുള്ള പ്രണയത്തിൽ നിന്ന് തിരികെ നടക്കാൻ മടിക്കാത്ത നായികയെയും ചെയിൻ സ്മോക്കറാണെന്ന് അറിഞ്ഞിരിക്കെ വിവാഹത്തിന് സമ്മതിക്കുമ്പോഴും താലി പോലും അവൻ സിഗററ്റ് പായ്ക്കറ്റിലാണ് കൊണ്ടുവരുന്നതെന്ന് കാണുമ്പോൾ ആ വിവാഹത്തിൽ നിന്നുപോലും പിൻവലിയാൻ തയ്യാറാകുന്ന നായികയെയും പ്രസ്തുത ചിത്രങ്ങളിൽ നാം കണ്ടുമുട്ടുന്നുണ്ട്. അയൽക്കാരുടെ ശല്യം സഹിക്കവയ്യാതെ പൊറുതിമുട്ടുമ്പോഴും ഭർത്താവ് താൻ ആഗ്രഹിക്കുന്നവിധത്തിൽ തനിക്ക് പിന്തുണ നല്കുകയോ സംരക്ഷിക്കുകയോ ചെയ്യുകയോ ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ അയാളെ ഒരുപക്ഷേ എന്നന്നേയ്ക്കുമായി ഒഴിവാക്കാൻ പോലും മടികാണിക്കാത്ത നായികയെ വരത്തൻ സിനിമയിലും നാം കണ്ടുമുട്ടുന്നുണ്ട്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സിനിമകളിലെ നായികമാർ കാമുകന്മാരെ ഉപേക്ഷിക്കുന്നത് ഭൗതികമായ ചില വിലയിരുത്തലുകൾ കൊണ്ടു മാത്രമാണെന്നും പറയണം. അവർക്ക് പല്ലവിയെ പോലെയോ വാസുകിയെ പോലെയോ ഉയർന്ന ചിന്തകളോ സ്വപ്രത്യയസ്ഥൈര്യമോ ഇല്ല.
സെക്സ് ഒരു വാഗ്ദാനമല്ലെന്ന് പുതിയ കാലത്തെ പെൺകുട്ടികൾ തിരിച്ചറിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അത്തരമൊരു തിരിച്ചറിവ് നല്കിയത് മായാനദിയിലെ അപർണ്ണയിലൂടെയായിരുന്നു. മാത്തനോട് അവൾക്കുള്ളത് പ്രണയമായിരുന്നോ കാമമായിരുന്നോ? അറിയില്ല. പഴയകാലത്തെ കാമുകന്മാർ കാമുകിമാരുടെ വീടുകളിൽ എത്തിയിരുന്നത് ആളും അനക്കവും ഇല്ലാത്ത നേരം നോക്കിയായിരുന്നു. അത് കാമുകിമാർ പറഞ്ഞുകൊടുക്കുന്നതുമായിരുന്നില്ല. പക്ഷേ പുതിയകാലത്തിന് അതിനും മാറ്റം വന്നു. അമ്മയും ആങ്ങളയും ഇല്ലാത്ത നേരത്താണ് അപർണ്ണ മാത്തനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. അത് മറ്റൊന്നിനുമല്ല അവന്റെ ഉടലിനോടുള്ള പ്രേമം കൊണ്ടുതന്നെ. ഒന്നിലധികം പ്രാവശ്യം അവൾ മടികൂടാതെ അവനോട് സെക്സ് ആവശ്യപ്പെടുന്നുമുണ്ട്. തന്നോടൊത്തുള്ള ജീവിതം ആഗ്രഹിക്കുന്നതുകൊണ്ടാണ് അവൾ അതിന് തയ്യാറാകുന്നത് എന്ന മാത്തൻ തെറ്റിദ്ധരിക്കുമ്പോഴാണ് അപർണ്ണ സത്രീപക്ഷവാദികളുടെ ഇപ്പോഴത്തെ ആ ആദർശവാക്യം പറയുന്നത്. സെക്സ് ഒരിക്കലും വിവാഹം കഴിക്കാനുള്ള വാഗ്ദാനമല്ല. അമ്മയും ആങ്ങളയും എത്തിയെന്നറിയുമ്പോൾ പരിഭ്രാന്തനാകുന്നത് മാത്തനാണ്, അപർണ്ണയല്ലെന്നതും ശ്രദ്ധിക്കണം. കാമുകനെ പർദ്ദയണിയിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെക്കുറിച്ചുള്ള വാർത്ത വന്നത് മായാനദിയുടെ തൊട്ടുപിന്നാലെയായിരുന്നു എന്നത് ഇതിനോട് ചേർത്തുവായിക്കണം.
മേൽപ്പറഞ്ഞതിന്റെ തുടർച്ചയെന്നോണം മറ്റ് രണ്ടു ചിത്രങ്ങളെ കൂടി ഉദാഹരിച്ചുകൊള്ളട്ടെ. ഉയരെയിൽ പല്ലവിയെ അവതരിപ്പിച്ച പാർവതിയുടെ തന്നെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരുന്നുവല്ലോ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയുടേത്. ഉയരെയിൽ കാമുകനെ വളരെ നിസ്സാരമായി തന്റെ ജീവിതത്തിൽ നിന്ന് പല്ലവിക്ക് അടർത്തിമാറ്റാൻ സാധിച്ചുവെങ്കിൽ കാഞ്ചനമാലയാകട്ടെ ജീവിതകാലം മുഴുവൻ നിത്യപ്രണയത്തിന്റെ സ്മാരകമായി മൊയ്തീനെ മാത്രം മനസ്സിൽപ്രതിഷ്ഠിച്ച് ജീവിച്ചു. മൊയ്തീൻ നല്ലവനായിരുന്നു എന്നു മാത്രമല്ല കാഞ്ചന പഴയകാലത്തിന്റെ പ്രതിനിധിയായിരുന്നു എന്നുകൂടി വേണം ഇതിനെ വിലയിരുത്താൻ. അതായത് പ്രണയത്തിന് വേണ്ടി എത്ര കഷ്ടപ്പാടുകൾ സഹിക്കാനും കാത്തിരിക്കാനും ത്യാഗം അനുഭവിക്കാനും ശുദ്ധപ്രണയത്തിന്റെ താജ്മഹലുകൾ സൂക്ഷിച്ചിരുന്ന പഴയകാലത്തെ പ്രണയത്തിന്റെ വക്താവ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യസാംസ്‌കാരികപശ്ചാത്തലത്തിന്റെ ഇനി നമ്മുടെനാട്ടിൽ ഇനിയൊരു മൊയ്തീനും കാഞ്ചനമാലയും ഉണ്ടാവുകയില്ലെന്ന് തന്നെ വേണം പറയാൻ. കാരണം ഇവിടെ നമ്മൾ ചിന്തിക്കുന്നത് നമ്മളെക്കുറിച്ചു മാത്രമാണ്. പ്രണയത്തെക്കാൾ പ്രായോഗികത നമ്മെ കീഴടക്കിയിരിക്കുന്നു. പുതിയ സിനിമയാകുമ്പോഴും 90 കളിലെ ഒരു തുരുത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ തൊട്ടപ്പനിലെ നായികയെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. തൊട്ടപ്പൻ പറഞ്ഞതുകൊണ്ടു മാത്രം ഒരുവനെ സ്നേഹിക്കുകയും തൊട്ടപ്പൻ പറഞ്ഞപ്പോൾ ആ സ്നേഹത്തിൽ നിന്ന് തിരിഞ്ഞുനടക്കാൻ തയ്യാറാകുകയും ചെയ്തവളാണ് സാറ. സാറയുടെ പ്രണയം തീവ്രമായിരുന്നില്ലേ ആത്മാർത്ഥമായിരുന്നില്ലേ എന്ന ചില ആശങ്കകളെ ഒഴിവാക്കിക്കൊണ്ട് ഇങ്ങനെ ഒരു നിഗമനത്തിലെത്തുന്നതായിരിക്കും നല്ലത് അവൾ പഴയകാലത്തിലെ പെൺകുട്ടിയാണ്. സ്വന്തം ഇഷ്ടങ്ങളെക്കാൾ മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ ഇഷ്ടങ്ങളെ കണക്കിലെടുക്കുന്നവൾ. വംശനാശം സംഭവിച്ച പെൺകുട്ടികളുടെ പ്രതിനിധികളിലൊരാൾ.
പുതിയ കാലത്തിന്റെ പെൺകുട്ടികളുടെ ബാക്കിവിശേഷങ്ങൾ അടുത്ത ലക്കത്തിലാവാം.