ഒരിടത്തൊരു അച്ഛനും മകനും

Date:

spot_img

ഡൗൺ സിൻഡ്രോം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷത്തിനുമുള്ള ചില അബദ്ധധാരണകളെ തിരുത്തുകയാണ്  ഇദ്ദേഹം. ഇത് ജാഡ് ഇസ. ഡൗൺ സിൻഡ്രോം ആണ്. പക്ഷേ ഭാര്യയും ഡന്റിസ്റ്റായ മകനുമുള്ള  സ്നേഹമയിയായ കുടുംബനാഥനും ഭർത്താവും അച്ഛനുമെല്ലാമാണ് ഇദ്ദേഹം. മകൻ സാഡർ തന്റെ അപ്പനെക്കുറിച്ചുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഡൗൺ സിൻഡ്രോം ആയ ഈ അച്ഛനും പ്രശസ്തനായത്.  സിറിയായിൽ അമ്മയ്ക്കും അച്ഛനും ഒപ്പം താമസിക്കുകയാണ് ബോഡിബിൽഡറും നീന്തൽക്കാരനും പഠിതാവുമായ സാഡർ. ഞാൻ എന്റെ അച്ഛന്റെ പേരിൽ അഭിമാനിക്കുന്നു. അച്ഛനും എന്റെ പേരിൽ അഭിമാനിക്കുന്നു. ഫേസ്ബുക്കിൽ സാഡർ കുറിച്ചു. ജീവിതത്തിലെ പല വിഷമകരമായ സാഹചര്യങ്ങളിലൂടെയും ജാഡിന് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും താൻ നേരിടുന്ന പ്രശ്നങ്ങൾ മകനെ അറിയിക്കാനോ അവനെ വിഷമിപ്പിക്കാനോ സാധാരണക്കാരനായ ഏതൊരു പിതാവിനെയും പോലെ ജാഡ് തയ്യാറായില്ല. കുറവുകൾ അറിയിക്കാതെ മകനെ വളർത്താനും അദ്ദേഹം ശ്രദ്ധിച്ചു.

 പഠനകാലത്ത് തനിക്ക് ഏറെ പ്രചോദനം നല്കിയതും പ്രോത്സാഹിപ്പിച്ചതും ഡാഡിയായിരുന്നുവെന്നു സാഡർ സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ ഒരിക്കൽ ആദ്യമായി കണ്ടുമുട്ടിയ വ്യക്തിക്ക് തന്നെ പരിചയപ്പെടുത്തിയതിന്റെ ഓർമ്മകളും ഈ മകൻ പങ്കുവയ്ക്കുന്നു.ഇത് എന്റെ മകൻ. ഡന്റിസ്റ്റാണ്. ആ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം എക്കാലവും ഞാൻ ഓർമ്മിക്കും. ഞാൻ ഡൗൺ സിൻഡ്രോം ആണ്. പക്ഷേ എന്റെ മകനെ ഞാൻ അങ്ങനെയല്ല വളർത്തിയത്. എനിക്കവനെ ഓർത്ത് അഭിമാനമുണ്ട്. ഡൗൺ സിൻഡ്രോം ആണ് എന്നറിയുമ്പോൾ കുഞ്ഞുങ്ങളെ അബോർഷൻ ചെയ്യരുതെന്ന അപേക്ഷയും വീഡിയോയിൽ സാഡർ നടത്തുന്നു.


 ഈ അച്ഛന്റെയും മകന്റെയും കഥ രണ്ടുരീതിയിലാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. ഡൗൺ സിൻഡ്രോമായ വ്യക്തിയുടെ ജീവിതം എന്നും ദുരിതമയമായിരിക്കുമെന്നും അവർക്കെന്നും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമെന്നുമുള്ള ധാരണകളെയും മുൻവിധികളെയും ഇത് തിരുത്തുന്നുണ്ട്. വിവിധതരത്തിലുള്ള കഴിവുകൾ ഇവർക്കുണ്ട്.  മറ്റൊന്ന് കുറവുകളുള്ള മാതാപിതാക്കളെ തങ്ങളുടെ ജീവിതത്തോട് ചേർത്തുനിർത്താനും അവരെ ബഹുമാനിക്കാനും മക്കൾ തയ്യാറാകണം എന്നാണ്.


നമ്മൾ കണ്ടുമുട്ടിയ വ്യക്തികളുടെ ജീവിതങ്ങളെ അപഗ്രഥിക്കുമ്പോൾ പൊതുവായി മനസ്സിലാക്കുന്ന ചില കാര്യങ്ങളുണ്ട്. അവരുടെ സാഹചര്യങ്ങൾ ഭദ്രമായിരുന്നില്ല. കുറവുകളും പരാധീനതകളും വെല്ലുവിളികളും സംഘർഷങ്ങളും ഇല്ലായ്മകളും എല്ലാം ആവോളം നിറഞ്ഞവയായിരുന്നു ഈ ജീവിതങ്ങൾ. പക്ഷേ തങ്ങളെ ആ ചുറ്റുപാടിൽ തളച്ചിടാൻ അവർ തയ്യാറായില്ല. വേണമെങ്കിൽ സാഹചര്യങ്ങളെ പഴിച്ചും നിരാശയിൽ തളച്ചും അവർക്ക് ജീവിക്കാമായിരുന്നു. 


എന്നാൽ ആർക്കും കെടുത്താനാവാത്ത വിളക്കുകൊണ്ട് അവർ തങ്ങളുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചു, മറ്റുള്ളവരുടെയും. അതുകൊണ്ട് ഇനി ജീവിതത്തിൽ ഒരിടത്തുമായിത്തീരാതെ പോകുന്നതിൽ സാഹചര്യങ്ങളെയോ മറ്റുള്ളവരെയോ പഴിക്കേണ്ടതില്ല. ഇത് വായിക്കുന്ന പലരും മേൽപ്പറഞ്ഞവരെക്കാൾ എത്രയോ ഭേദപ്പെട്ട അവസ്ഥയിൽ ജീവിക്കുകയും വളർന്നുവരികയും ചെയ്തവരായിരിക്കാം. എന്നിട്ടും സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് മടുപ്പിലും നിർവികാരതയിലും കഴിഞ്ഞുകൂടുകയായിരിക്കാം ചെയ്യുന്നത്. അത്തരമൊരു അവസ്ഥയിൽ തങ്ങൾ തളയ്ക്കപ്പെട്ടതിന് മറ്റുള്ളവരെയും സാഹചര്യങ്ങളെയും കുറ്റം ചാരുന്നവരും കണ്ടേക്കാം. ഇനി അത് നിർത്തിയേക്കൂ. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ, സ്വപ്നങ്ങളുണ്ടെങ്കിൽ അത് തകർക്കാൻ  മറ്റാർക്കും കഴിയില്ല, നിങ്ങൾക്കല്ലാതെ. 
അതുകൊണ്ട് ആത്മനിന്ദയുടെയും നിർവികാരതയുടെയും ഗുഹകളിൽ നിന്ന് പുറത്തേക്ക് വരിക. നിങ്ങൾക്ക് ചിറകുവിരിച്ച് പറക്കാനുള്ള ആകാശങ്ങളെ കണ്ടെത്തുക. ഓരോരുത്തർക്കും ഓരോ ആകാശങ്ങളുണ്ട്. ആ ആകാശങ്ങളെ കാണുക. പറന്നുതുടങ്ങുക… വിജയാശംസകൾ…


More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!