മഴക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരെല്ലാം ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. കാരണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് രോഗപ്രതിരോധത്തിനു കൂടി സഹായകരമായ വിധത്തിലായിരിക്കണം മഴക്കാലത്തെ ഭക്ഷണം ക്രമപ്പെടുത്തേണ്ടത്.
ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ പോലെയുള്ള ജലാംശം കുറഞ്ഞ പച്ചക്കറികളാണ് മഴക്കാലത്ത് ഏറെ നല്ലത്. ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് മഴക്കാലത്ത് കൂടുതലായി കഴിക്കാവുന്നതാണ്. എണ്ണയ്ക്ക് പകരം നെയ്യാണ് മഴക്കാലത്തിന് അത്യുത്തമം. അതുപോലെ പാൽ, പാൽ ഉല്പന്നങ്ങൾ എന്നിവയും നല്ല അളവിൽ ഉപയോഗിക്കണം ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ആറു ഗ്ലാസ് വെളളമെങ്കിലും കുടിച്ചിരിക്കണം. ഫ്രിഡ്ജിൽ വച്ച വെള്ളം മഴക്കാലത്ത് ഉപയോഗിക്കുകയേ അരുത്. കാരണം വാതം കൂട്ടാനേ ഇതുപകരിക്കൂ. തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കണം കുടിക്കാൻ ഉപയോഗിക്കേണ്ടത്. വേവിക്കാത്ത ഭക്ഷണം കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
രാത്രി ചൂടുകഞ്ഞി കുടിക്കുന്നതാണ് ഏറെ നല്ലത്. വെളളച്ചോറിന് പകരം കുത്തരിച്ചോറാണ് മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. ഏതു ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാൻ. അതുപോലെ ഭക്ഷണം മിതമായിരിക്കാൻ ശ്രദ്ധിക്കണം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടിയിരിക്കുന്നു. ഉപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണ അധികമുള്ള ഭക്ഷണങ്ങളും മഴക്കാലത്ത് വർജ്ജിക്കണം.
പാകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കരുതെന്ന് എല്ലാവർക്കും അറിയാം. മഴക്കാലത്ത് ഒരിക്കൽ പോലും അതിനുള്ള അവസരം സൃഷ്ടിക്കരുത്. കാരണം ഈ സമയത്താണ് ഈച്ചയും മറ്റും പല പകർച്ചവ്യാധികളും പരത്തുന്നത്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല പാകം ചെയ്ത് അടച്ചുസൂക്ഷിക്കുന്നതിലും മഴക്കാലത്ത് കൂടുതൽ ശ്രദ്ധ വേണം.