സ്‌കൂൾ ജീവിതം മധുരിക്കാൻ…

Date:

spot_img

ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. നാം സമൂഹത്തോട് എങ്ങനെ ഇടപെടണം, സമൂഹം നമ്മളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നു, എങ്ങനെ നല്ലൊരു ജീവിതം മുന്നോട്ടുകൊണ്ടുപോകാം ഇങ്ങനെ പലതും നാം വിദ്യാലയങ്ങളിൽ നിന്നും സ്വായത്തമാക്കുന്നു.

പക്ഷേ ഇതെല്ലാം നാം നേടിയെടുക്കണമെങ്കിൽ നമുക്ക് നമ്മുടെ വിദ്യാലയങ്ങൾ എപ്പോഴും പ്രിയപ്പെട്ടതായിരിക്കണം. വിദ്യാലയത്തോടുള്ള കുട്ടികളുടെ മനോഭാവം പോസിറ്റീവായിരിക്കണം. അതിൽ വലിയൊരു പങ്കു വഹിക്കുന്നത് മാതാപിതാക്കളുടെ സമീപനമാണ്. നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള യജ്ഞം നമ്മളിൽ നിന്നും തുടങ്ങട്ടെ. അതുകൊണ്ടുതന്നെ മക്കൾ വിദ്യാലയങ്ങളോട് ചേർന്നുനില്ക്കാൻ മാതാപിതാക്കൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഓരോ കുട്ടികളുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട അധ്യാപകർ രക്ഷിതാക്കളാണ്. മാതാപിതാക്കളെ അനുകരിക്കുകയാണ് അവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്. നല്ല ശീലങ്ങളെല്ലാം പറഞ്ഞുകൊടുത്ത് ചെയ്യിപ്പിക്കുന്നതിനെക്കാൾ നല്ലത് അവയെല്ലാം ചെയ്ത് കാണിക്കുക. അവർ അനുകരിക്കട്ടെ. തന്റെ മക്കൾ മഹാന്മാരെ കണ്ടുപഠിക്ക് എന്ന് പറയുന്ന രക്ഷിതാക്കൾക്ക് പകരം എന്റെ മക്കൾ എന്നെ കണ്ടുപഠിക്കട്ടെ എന്ന് പറയാൻ കഴിയത്തക്കവിധത്തിൽ മാതാപിതാക്കളുടെ പ്രവൃത്തിയും സംസാരവും മാതൃകാപരമായിരിക്കണം. നല്ലൊരു റോൾ മോഡൽ ആയ അച്ഛനോ അമ്മയ്ക്കോ മാത്രമേ അങ്ങനെ പറയാനും ചെയ്യാനും കഴിയുകയുള്ളൂ. വിദ്യാലയത്തെക്കുറിച്ചോ അധ്യാപകരെക്കുറിച്ചോ നിങ്ങൾക്ക് വ്യക്തിപരമായ എന്തെങ്കിലും മോശം അഭിപ്രായം ഉണ്ടെങ്കിൽ അതൊരിക്കലും മക്കളുടെ മുന്നിൽ വച്ച് പറയരുത്. അങ്ങനെ സംഭവിച്ചാൽ സ്‌കൂളിനെക്കുറിച്ചും വിദ്യാലയത്തെക്കുറിച്ചും മോശമായ മനോഭാവം രൂപപ്പെടുവാനേ അത് സഹായിക്കുകയുള്ളൂ.

പാഠ്യേതര വിഷയങ്ങളിൽ നാം നൽകുന്ന പ്രോത്സാഹ്നവും കുട്ടികളെ വിദ്യാലയങ്ങളോട് ചേർത്തുനിർത്താറുണ്ട്. പരീക്ഷയിൽ മികച്ച നിലയിൽ മാർക്ക് നേടിയാൽമാത്രമല്ല കുട്ടി ബുദ്ധിമാനാകുന്നത്, പാഠ്യേതര വിഷയങ്ങളായ സ്പോർട്സ്, സാഹിത്യരചന എന്നിങ്ങനെ അവന്റെ താല്പര്യങ്ങൾ അനുസരിച്ചുള്ള വിവിധ മേഖലകളിൽ വിജയം നേടുമ്പോഴും അതും അവന്റെ ബുദ്ധിശക്തിയെ തന്നെയാണ് വ്യക്തമാക്കുന്നത്. കുട്ടികളുടെ താല്പര്യം കണക്കിലെടുത്തായിരിക്കണം അവനെ പാഠ്യേതര വിഷയങ്ങളിൽ പങ്കെടുപ്പിക്കേണ്ടത്. ക്ലബുകളുടെ പ്രവർത്തനങ്ങളും കലാകായിക മത്സരങ്ങളും ഒന്നും കുട്ടികൾക്ക് ഭാരമായിരിക്കരുത്.

ഹോംവർക്ക് റുട്ടീൻ ഉണ്ടാക്കിയെടുക്കുക എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. സദാസമയവും പഠിക്ക്, പഠിക്ക് എന്ന് സമ്മർദ്ദം ചൊലുത്തി നടക്കുന്നതിന് പകരം  മക്കളുമായി ആലോചിച്ച് അവരുടെ കൂടി താല്പര്യം കണക്കിലെടുത്ത് പഠനസമയവും സ്ഥലവും ക്രമീകരിച്ചു നല്കുക. മക്കൾക്ക് പഠിക്കാൻ നല്ല അന്തരീക്ഷം ഒരുക്കികൊടുക്കുക എന്നതുപോലെ  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മക്കൾ അത് യഥാവിധം നടത്തിക്കൊണ്ടുപോകുന്നുണ്ടോ അവർ വീഴ്ച വല്ലതും കാണിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതും. ദീർഘസമയം ഒറ്റയടിക്കിരുന്ന് പഠിക്കാൻ മക്കളെ നിർബന്ധിക്കരുത്. പഠനസമയത്ത് ഏതാനും മിനിറ്റെങ്കിലും ഇടവേളകൾ നല്കണം.

മക്കൾക്ക് തുറന്ന് സംവദിക്കാൻ ഇടം നല്കുന്ന വേദിയായിരിക്കണം വീട്. കുട്ടികൾ അനുഭവിക്കുന്ന വലുതോ ചെറുതോ മോശമോ നല്ലതോ ആയ ഏത് അനുഭവത്തെയും വികാരങ്ങളെയും അവർക്ക് മറ കൂടാതെ പങ്കുവയ്ക്കാൻ കഴിയുന്ന സാഹചര്യം വീട്ടിലുണ്ടായിരിക്കണം. മാതാപിതാക്കളിൽ അവർക്ക് വിശ്വാസവും അടുപ്പവും തോന്നിക്കണം. അതിനു വേണ്ടി മാതാപിതാക്കൾ അവരോടൊപ്പം നിശ്ചിത സമയം ചെലവഴിക്കാൻ സന്നദ്ധരായിരിക്കണം. അവരോടൊപ്പം കളിക്കാനും സ്‌കൂൾ വിശേഷങ്ങൾ കേൾക്കാനും സമയം കണ്ടെത്തണം. ഇതിലൂടെ മക്കളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് നല്ലഅവസരമാണ് ലഭിക്കുന്നത്, ജോലിസ്ഥലത്തെയും ദമ്പതികൾ തമ്മിലുള്ള വിയോജിപ്പുകളുടെയും  സമ്മർദ്ദങ്ങളൊന്നും മക്കളിലേക്ക് പകരപ്പെടരുത്. ഇങ്ങനെ പലവിധ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ നമ്മുടെകുട്ടികൾക്ക് സ്‌കൂൾ ജീവിതം  ആസ്വാദ്യകരമായ അനുഭവം തന്നെയായിരിക്കും. സ്‌കൂളു മാറിയാലും അധ്യാപകർ മാറിയാലും ആ മാറ്റങ്ങളെയെല്ലാം ആരോഗ്യപരമായി സ്വീകരിക്കാൻ കുട്ടികൾക്ക് കഴിയണമെങ്കിൽ മേല്പ്പറഞ്ഞ കാര്യങ്ങളിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധയും കരുതലും നല്കിയിരിക്കണം. 

ചുരുക്കത്തിൽ നല്ലൊരു അച്ഛനും അമ്മയും ആയിത്തീരുമ്പോഴാണ് മക്കൾ നല്ല വിദ്യാർത്ഥി ആയിത്തീരുന്നത്.

More like this
Related

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ്...

പരീക്ഷാകാലത്ത് ശ്രദ്ധ ഭക്ഷണത്തിലും

പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച്...

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ....

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല...
error: Content is protected !!