അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്,
അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ
സൈക്കിളിനോടായിരുന്നുവെന്ന്
എനിക്ക് ഓർമ്മവച്ച നാൾമുതൽ അച്ഛന്റെ
യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു
ഏത് മഞ്ഞിലും മഴയിലും രാവിലെത്തന്നെയവനെ അണിയിച്ചൊരുക്കിയിട്ടേ അച്ഛൻ
ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂ
മുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ
കാരിയറിൽ അമ്മയേയും ഇരുത്തി അവനെ
ഓടിക്കുമ്പോൾ അച്ഛൻ ഒരു എഞ്ചിൻ
ഡ്രൈവറായി മാറുമായിരുന്നു
അവനോ, കൂകിപ്പായുന്ന ഒരു
എക്‌സ്പ്രസ് തീവണ്ടിയും
താണിയംകാവ് പൂരത്തിന് അന്നൊക്കെ
പോകാറുള്ളതും ഞങ്ങൾ നാലുപേരും
കൂടിത്തന്നെയായിരുന്നു
ബലൂണുകളും ചട്ടികളും കുട്ടകളുമായി
പുലർച്ചെ തിരിച്ചെത്തുമ്പോഴേക്കും ഞങ്ങൾ
നാലുപേരും തളർന്ന് പോയിട്ടുണ്ടാകും
ഒന്നാം ക്ലാസ്സിൽ ചേർക്കാൻ എന്നെ
കൊണ്ടുപോയത് അവർ മൂന്നു പേരും
കൂടിയായിരുന്നു
കല്യാണങ്ങൾക്കു പോകുമ്പോഴും
വയ്യായ്ക വന്ന് ആശുപത്രിയിലേക്കു
പോകുമ്പോഴും ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടാകും.
പിന്നെയെപ്പോഴാണ് ആ കൂട്ടത്തിൽ നിന്നു
അകലാൻ തുടങ്ങിയത്, ഞാൻ
അവന്റെ പിൻഗാമികളായി വീട്ടിലേക്ക് വന്ന
ബൈക്കിന്റേയും കാറിന്റേയും ചക്രങ്ങൾ
സഞ്ചരിച്ചത് മുഴുവൻ അവന്റെയോർമ്മകളുടെ
മീതേക്കൂടിയുമായിരുന്നു
അതറിഞ്ഞിട്ടാവണം അച്ഛൻ പോർച്ചിൽ നിന്ന് അവനെ ഒരു ശവവണ്ടി ഉന്തുന്നതുപോലെയുന്തി കോണിച്ചുവട്ടിലേക്കു മാറ്റിയിരുത്തിയത്
അമ്മ പോയപ്പോഴാണ് എനിക്ക് മനസ്സിലായത്,
അച്ഛന് ഏറ്റവുമിഷ്ടം അമ്മയെ ആയിരുന്നുവെന്ന്
പോകുന്നതിനുമുമ്പ് അമ്മ അതറിഞ്ഞു
കാണുമോയെന്തോ
പാവം അമ്മ
പാവം അച്ഛൻ
പിന്നെ പാവം സൈക്കിളും
എങ്കിലെന്ത്, പാവമല്ലാത്ത ഞാനുണ്ടല്ലോ ഇവിടെ
ഇന്ന് രാവിലെയാണ്
ആക്രി കച്ചവടക്കാരന്റെ വണ്ടിയിലേക്ക്
എടുത്തെറിയപ്പെട്ടത് ആ സൈക്കിൾ
വീണ വീഴ്ചയിൽ അവൻ ആ ബെല്ലൊന്നടിച്ചിരുന്നു,
തെക്കേ ചായ്പ്പിൽ വയ്യാതെ കിടക്കുന്ന
അച്ഛനെ കേൾപ്പിക്കാനെന്നോണം
അച്ഛനോട് യാത്ര പറയാനെന്നോണം
സജിത്കുമാർ