മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നും അതിന് കാരണം തുടര്‍ച്ചയായ ആറു മണിക്കൂര്‍ നേരം പബ്ജി കളിച്ചതും അതിലുണ്ടായ പരാജയവും. ഫര്‍ഖാന്‍ ഖുറേഷി എന്ന കൗമാരക്കാരനാണ് ഈ ദുര്യോഗമുണ്ടായത്. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ ഭോപ്പാലില്‍ എത്തിയതായിരുന്നുവത്രെ ഫര്‍ഖാന്‍. ആറു മണിക്കൂര്‍ നേരം അവിടെയിരുന്ന് ഫര്‍ഖാന്‍ ഗെയിം കളിച്ചു. ഒടുവില്‍ കളിയില്‍ തോറ്റപ്പോള്‍ മൊബൈല്‍ വലിച്ചെറിഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും ഫര്‍ഖാനെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചുചെന്നവര്‍ കണ്ടത് കട്ടിലില്‍ അനക്കമൊന്നുമില്ലാതെ മുഖം പൂഴ്ത്തി കിടക്കുന്ന ഫര്‍ഖാനെയായിരുന്നു. ഗെയിമില്‍ തോറ്റതിലുള്ള സങ്കടം കൊണ്ടുണ്ടായ ഹൃദയാഘാതമെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാര്‍ത്തയില്‍ പറയുന്നു.
ഈ മരണം നമ്മില്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. തുടര്‍ച്ചയായി ആറു മണിക്കൂര്‍ നേരം മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെതിരെ മാതാപിതാക്കളുടെ ഇടപെടലുണ്ടായില്ലേ? അതോ അതിനെ അവഗണിച്ചുകൊണ്ട് ഫര്‍ഖാന്‍ ഗെയിം കളി തുടരുകയായിരുന്നോ? പലപ്പോഴും രണ്ടാമത്തേതിനാവും സാധ്യത. കാരണം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ മക്കളുടെ മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നു. പല മാതാപിതാക്കളും ഇക്കാര്യത്തില്‍ മക്കളുടെ മുമ്പില്‍ നിസ്സഹായരുമാണ്. മക്കള്‍ ആവശ്യപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചുകൊടുക്കുകയും എന്നാല്‍ അവരെ നിയന്ത്രിക്കാന്‍ അനുവാദമോ അവകാശമോ ഇല്ലാതിരിക്കുകയോ ചെയ്യുക. ഇതാണ് ഇന്നത്തെ മാതാപിതാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന്. എന്നാല്‍ ഇതിനൊപ്പം കാണാതെ പോകരുതാത്ത ഒരു കാര്യം കൂടിയുണ്ട്. ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും എല്ലാം പിഞ്ചുകുഞ്ഞുങ്ങളുടെ കയ്യിലേക്ക് മൊബൈല്‍ വച്ചുകൊടുക്കുന്ന അമ്മമാരുടെ വിവേകക്കുറവും അറിവില്ലായ്മയുമാണ് അത്. മുട്ടിലിഴയുന്ന പ്രായം തൊട്ടേ മൊബൈലുമായി പരിചയത്തിലാകുന്ന കുട്ടി ക്രമേണ അതിന്റെ അത്ഭുതങ്ങള്‍ക്ക് അടിമയാകാതിരിക്കുമോ. അതുകൊണ്ട് മറ്റ് പല കാര്യങ്ങളിലുമെന്നതുപോലെ മക്കളുടെ മൊബൈല്‍ അടിമത്തത്തിനും ഗെയിം ആസക്തികള്‍ക്കും ഒരുപരിധിവരെ മാതാപിതാക്കളും കുറ്റക്കാരായി മാറുന്നുണ്ട്. കൂട്ടായ ബോധവല്‍ക്കരണവും തിരുത്തലും നടന്നില്ലെങ്കില്‍ നമ്മള്‍ ഇതിന് വില കൊടുക്കേണ്ടിവരും,വലിയ വില.