യാത്ര വെറും യാത്രയല്ല

Date:

spot_img


അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം, ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഒരു കാര്യം അറിയുക. സകുടുംബം ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്ര പോകുന്നത് നിങ്ങൾക്കൊരിക്കലും ഒരു നഷ്ടമേയല്ല. കാരണം ഈ യാത്രകൾ സമ്മാനിക്കുന്നത് നാം വിചാരിക്കുന്നതിലും വലുതായ കാര്യങ്ങളാണ്.

കുട്ടികൾ തങ്ങളുടെ അറിവ് സമ്പാദിക്കുന്നത് പുസ്തകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. എന്നാൽ അത്തരം അറിവുകളെക്കാൾ അവരെ കൂടുതൽ സഹായിക്കുന്നത് അനുഭവത്തിലൂടെ നേടിയെടുക്കുന്ന അറിവുകളാണ്. അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത്.
വീടും സ്‌കൂളും നാടും വിട്ട് മറ്റൊരു പ്രദേശവുമായി പരിചയപ്പെടുന്നതിലൂടെ അവർ സ്വായത്തമാക്കുന്നത് വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളാണ്. വ്യത്യസ്ത രുചിയിലുള്ള ഭക്ഷണപദാർത്ഥങ്ങളുൾപ്പടെ എത്രയോ കാര്യങ്ങളാണ് ഇതിലൂടെ അവർ ആർജ്ജിച്ചെടുക്കുന്നത്. അർത്ഥവത്തായ അനുഭവങ്ങളാണ് അവയോ രോന്നും.
സാമൂഹ്യമായ ബോധവൽക്കരണവും മക്കൾക്ക് ഇതിലൂടെ ലഭിക്കുന്നു. എങ്ങനെയാണ് മറ്റ് സമൂഹങ്ങൾ ജീവിക്കുന്നത്… അവരുടെ ഭാഷയെന്താണ് ജീവിതരീതി എങ്ങനെയാണ് ഇതെല്ലാം മനസ്സിലാക്കുന്നത് യാത്രകളിലൂടെ യാണ്.
ജോലി, ഓഫീസ് എന്നൊക്കെ പറഞ്ഞ് തിരക്കിട്ട് ജീവിക്കുന്ന കുടുംബാംഗങ്ങൾക്കെല്ലാവർക്കും ഒരുമിച്ചുചേരാൻ കിട്ടുന്ന അസുലഭ നിമിഷങ്ങളാണ് ഇത്തരം യാത്രകൾ. ഒരുമിച്ച് സമയം ചെലവഴിക്കാൻ കിട്ടുന്ന വേളകൾ. ഭാര്യയും ഭർത്താവും കൂടുതൽ അടുക്കുന്നു. ചെറിയ ചെറിയ വിനോദങ്ങളും രസങ്ങളും അവരെ മധുവിധുകാലത്തെ ഓർമ്മകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. കുട്ടികളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാനും മാതാപിതാക്കൾക്ക് ഇത്തരം യാത്രകൾ പ്രയോജനപ്പെടും. ബന്ധങ്ങളുടെ ദൃഢത കൈവരുത്താൻ സഹായകരമാണ് ഇത്തരം യാത്രകളെല്ലാം തന്നെ.

റിലാക്സും റീചാർജുമാണ് യാത്രകൾ നല്കുന്ന മറ്റൊരു ഗുണം. ജോലി, പഠനം, ഓഫീസ്, സ്ട്രെസ് എല്ലാം വിസ്മരിക്കുന്ന സുന്ദരനിമിഷങ്ങളാണ് കുടുംബമൊത്തുള്ള യാത്രകൾ.

ഒരുപക്ഷേ പലവിധ സമ്മർദ്ദങ്ങൾ കൊണ്ട് തളർന്നുപോയിരിക്കുന്നവരായിരിക്കാം ഓരോരുത്തരും. എന്നാൽ നഷ്ടമായ എനർജി യാത്രകളിലൂടെ വീണ്ടെടുക്കപ്പെടുന്നു. പുതിയൊരു ഉന്മേഷത്തോടെ കർമ്മമണ്ഡലങ്ങളിലേക്ക് തിരികെ മടങ്ങാനുള്ള കുതിപ്പുണ്ട് ഓരോ യാത്രകൾക്കും.

പുതിയ പുതിയ സാഹസികതകൾ പരീക്ഷിക്കാൻ കൂടിയുള്ള വേളകളാണ് യാത്രകൾ. വ്യത്യസ്തമായ സാഹസികതകൾ അതിശയകരമായ അനുഭവങ്ങളാണ് പകർന്നുനല്കുന്നത്.

ആത്മപ്രകാശനത്തിനുള്ള സാധ്യതകൾ കൂടി യാത്രകൾ തുറന്നുതരുന്നുണ്ട്. പുതിയ പ്രകൃതിയും കാഴ്ചകളും വ്യക്തികളുമെല്ലാമായി പരിചയപ്പെടുന്നതിലൂടെ സ്വന്തമായി അപഗ്രഥിക്കാനും തിരിച്ചറിയാനും യാത്രകൾ പ്രയോജനപ്പെടുന്നുണ്ട്. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ പലപ്പോഴും യാത്രകൾക്ക് കഴിവുണ്ട്.

എന്താ കൃത്യമായ പ്ലാനിങ്ങോടെ രണ്ടോ മൂന്നോ ദിവസത്തേക്ക് ഒരു യാത്ര പുറപ്പെടാൻ ഇപ്പോൾ തോന്നുന്നുണ്ടോ… എങ്കിൽ ബാഗ് റെഡിയാക്കിക്കോളൂ. നല്ലൊരു ട്രിപ്പ് അടിച്ചുപൊളിച്ചുവരുമ്പോഴേയ്ക്കും കൂടുതൽ കരുത്തോടെ ഉന്മേഷത്തോടെ കൂടുതൽ നന്നായി ജീവിക്കാൻ കഴിയുമെന്ന് ഉറപ്പ്.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....
error: Content is protected !!