സത്യം; ആ ഓർമ്മ മതി എക്കാലവും ജീവിക്കാൻ

Date:

spot_img

മറവിയുടെ മഞ്ഞുവീണ ജാലകവാതിൽ കൈ കൊണ്ട് തുടച്ചു വൃത്തിയാക്കുമ്പോൾ തെളിഞ്ഞുവരുന്ന ഓർമ്മകൾക്ക് വല്ലാത്ത വ്യക്തതയുണ്ട്. അത്തരമൊരു ഓർമ്മയിൽ വർഷമിത്ര കഴിഞ്ഞിട്ടും പുതുമ  മായാത്ത ഒരു രംഗമുണ്ട്. എന്റെ പപ്പയെ ഞാൻ അവസാനമായി കണ്ട നിമിഷം. ആ ചുണ്ടുകൾ എന്റെ കവിളത്ത് അവസാനമായി ഉമ്മ വച്ച നിമിഷം.  വർഷം 1971 മെയ് 30. സ്ഥലം തിരുവനന്തപുരം വിമാനത്താവളം.  പപ്പയെ യാത്ര അയ്ക്കാനായി എത്തിയതായിരുന്നു ഞാനും ചേട്ടനും അനിയനും. പപ്പ ഞങ്ങളെ മൂന്നുപേരെയും അണച്ചുപിടിച്ചു. പിന്നെ ഓരോരുത്തരുടെയും കവിളത്ത് ഉമ്മ നല്കി.

എന്തോ, പപ്പ അന്ന് പതിവില്ലാത്തവിധം ഇമോഷനലായിരുന്നോ എന്ന് പിന്നീട് ആലോചിച്ചപ്പോൾ സംശയിച്ചിട്ടുണ്ട്.  മരണത്തിന്റെ നനുത്ത കാലടികൾ ഒരുപക്ഷേ പപ്പ അടുത്തറിഞ്ഞിട്ടുണ്ടാവണം. അതിന് ശേഷം ഞങ്ങൾ പപ്പയെ കണ്ടിട്ടില്ല. അന്നായിരുന്നു ഭൂമിയിലെ ഈ തീരങ്ങളിൽ വച്ച് ഞങ്ങൾ പപ്പയെ അവസാനമായി കണ്ടത്. ആ സ്നേഹം അനുഭവിച്ചത്… അതിന് ശേഷം അതെ 1971 ജൂൺ 15 ന് ഞങ്ങളെയും പ്രിയപ്പെട്ടവരെയും എല്ലാം  തീരാസങ്കടത്തിലാഴ്ത്തി  പപ്പ ഈ ഭൂമി വിട്ടുപോയി. അന്ന് പപ്പയ്ക്ക് 59 വയസ് മാത്രമായിരുന്നു പ്രായം.  എന്തു മാത്രം സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമായിരുന്നിരിക്കണം പപ്പയുടെ മനസ്സിലപ്പോൾ ഉണ്ടായിരുന്നിരിക്കുകയെന്നോർത്ത് പിന്നീടെത്രയോ രാത്രികളിൽ ഞാൻ  കരഞ്ഞ് തളർന്നിട്ടുണ്ട്.  അഭിനയിക്കാൻ എന്തു മാത്രം വേഷങ്ങൾ…

കഥാപാത്രങ്ങൾ.  പാതി രംഗത്ത് തിരശ്ശീല വീണ നാടകം കണക്കെ സത്യൻ എന്ന ചലച്ചിത്രതാരത്തിന്റെ ജീവിതത്തിന് തിരശ്ശീല വീണപ്പോൾ എങ്ങോട്ടു പോകണമെന്ന് അറിയാത്ത കാഴ്ചക്കാരുടെ കണക്കെ അമ്പരപ്പു കലർന്നതായി ഞങ്ങളുടെ ജീവിതം. എത്രയോ വർഷമെടുത്തു ആ വിരഹത്തിന്റെ ആഘാതവും നഷ്ടപ്പെടലിന്റെ വേദനയും ഒട്ടൊന്ന് ശമിക്കുവാൻ. പലർക്കും മാനുവൽ സത്യനേശൻ എന്ന സത്യൻ ഒരു നടൻ മാത്രമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ട പപ്പയായിരുന്നു. സ്നേഹവും നന്മയും കരുണയും വാരിവിതറി മൂല്യങ്ങളിൽ വളരാൻ ഞങ്ങൾക്ക് പ്രേരണയായ വ്യക്തി. ഞങ്ങളുടെ ജീവിതങ്ങളെ പപ്പ എങ്ങനെയെല്ലാമാണ് പ്രചോദിപ്പിച്ചിരിക്കുന്നതെന്ന് അകന്നു നിന്ന് ചിന്തിക്കുമ്പോൾ മാത്രമാണ് വ്യക്തമാകുന്നത്. 

വെള്ളിത്തിരയിൽ പരുക്കനും മുരടനുമായ വേഷം അഭിനയിക്കുമ്പോഴും അദ്ദേഹം സ്നേഹസമ്പന്നനായ അച്ഛനായിരുന്നു. മക്കളായ ഞങ്ങൾ മൂന്നുപേരോടും ഹൃദ്യമായ ബന്ധം അദ്ദേഹം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ തീരെ ചെറിയ കാര്യങ്ങളിൽ പോലും പപ്പ  ശ്രദ്ധ പതിപ്പിച്ചിരുന്നു. അടുക്കളയിൽ കയറി ഞങ്ങൾക്ക് വേണ്ടി പാകം ചെയ്തുതരുന്നതും വിളമ്പിത്തരുന്നതും എല്ലാം പപ്പയുടെ സന്തോഷങ്ങളിൽ പെട്ടിരുന്നു. ഞങ്ങൾ കഴിക്കുന്നത് പപ്പ സംതൃപ്തിയോടെ നോക്കിയിരിക്കുന്നതുകാണുമ്പോൾ പപ്പയിൽ വാത്സല്യത്തിന്റെ ഒരു കടൽ തിളയ്ക്കുന്നത് കാണാമായിരുന്നു.   എന്റെ അനിയനെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വീട്ടിലെത്തിയ ആ ദിവസം ഇന്നും ഓർമ്മയിലുണ്ട്. വീട്ടിലെത്തുമ്പോൾ രാത്രി ഏറെയായിരുന്നു. എന്നിട്ടും പപ്പ ഞങ്ങൾക്ക് വേണ്ടി അടുക്കളയിൽ കയറി കഞ്ഞി വച്ചുതന്നു.

എന്തിന് കുടുംബപ്രാർത്ഥന കൂടി നടത്തിയിട്ടേ പപ്പ അന്ന് കിടന്നുറങ്ങിയുള്ളൂ.   പപ്പ അന്ന് പാടിയ, അദ്ധ്വാനിക്കുന്നോർക്കും ഭാരം വഹിക്കുന്നോർക്കും എന്ന പാട്ട് പപ്പയുടെ സ്വരത്തിൽ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. സിനിമാക്കാരനായതുകൊണ്ട് ആത്മീയകാര്യങ്ങളിലോ വിശ്വാസപരമായ കാര്യങ്ങളിലോ തെല്ലും താല്പര്യമില്ലാത്ത വ്യക്തിയായിരുന്നിരിക്കാം പപ്പ എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്. നടന്മാരെ അവരുടെ കഥാപാത്രങ്ങളെ ആസ്പദമാക്കി അപഗ്രഥിക്കുന്ന പതിവ് എല്ലാകാലത്തുമുണ്ടല്ലോ. പക്ഷേ പപ്പ നല്ലൊരു വിശ്വാസിയായിരുന്നു. കറയറ്റ ആത്മീയത പിന്തുടരുന്നതിനൊപ്പം ആചാരാനുഷ്ഠാനങ്ങൾക്കും അദ്ദേഹം ഏറെ പ്രാധാന്യം നല്കിയിരുന്നു. കുടുംബപ്രാർത്ഥന, ഞായറാഴ്ച ആചരണം, മതബോധനം എന്നിവയ്ക്കെല്ലാം സ്ഥാനം നല്കിക്കൊണ്ടുള്ള ജീവിതമായിരുന്നു പപ്പയുടേത്. ഷൂട്ടിംങ് കഴിഞ്ഞ് വീട്ടിലെത്തുന്ന ദിവസങ്ങളിൽ പോലും ഉടൻ തന്നെ കുളിച്ച് വേഷം മാറി സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുക്കുമായിരുന്നു. ഞായറാഴ്ചകളിൽ പള്ളിയിലേക്ക് ഞങ്ങൾ കുടുംബസമേതമായിരുന്നു പോയിരുന്നതും.

ഷൂട്ടിംങ് ഇല്ലാത്ത ദിവസങ്ങളിൽ വേദപാഠം കഴിഞ്ഞ് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നിരുന്നതും പപ്പയായിരുന്നു.  തിരുഹൃദയത്തിന്റെ രൂപത്തിന് മുമ്പിൽ കൈകൾ കൂപ്പി പ്രാർത്ഥിച്ചതിന് ശേഷം മാത്രമേ പപ്പ യാത്രയ്ക്കായി ഇറങ്ങിയിരുന്നുള്ളൂ. കുടുംബമൊന്നിച്ചുള്ള യാത്രകളിൽ അതിനൊരിക്കലും മുടക്കം വരുത്തിയിട്ടുമില്ല. പപ്പയെ യാത്രയ്ക്കൊരുക്കുന്നത് പലപ്പോഴും എന്റെ ഡ്യൂട്ടിയായിരുന്നു. ഷർട്ട് ഇട്ടുകൊടുക്കുക, ബട്ടൺസ് ഇടുക, ഷൂ കെട്ടികൊടുക്കുക തുടങ്ങിയവയെല്ലാം വളരെ സന്തോഷത്തോടെയാണ് ഞാൻ ചെയ്തുകൊടുത്തിരുന്നത്.സ്വന്തം മതത്തോടും വിശ്വാസത്തോടും ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും അദ്ദേഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.ജാതിമതവർഗ്ഗവർണ്ണ ചിന്തകൾക്ക് അതീതമായിട്ടാണ് ഞങ്ങളെ വളർത്തിയത്. ജാതിയും മതവും തിരിച്ചുള്ള സംസാരം പപ്പ വീട്ടിൽ പറഞ്ഞിട്ടുമില്ല പറയാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്തിട്ടില്ല.

സ്വന്തം അപ്പനെ ബഹുമാനിക്കുന്നവൻ മറ്റുള്ളവരുടെ അപ്പന്മാരോടും ബഹുമാനവും ആദരവും സ്നേഹവും ഉള്ളവനായിരിക്കും എന്ന തത്വമാണ് ഇതിനെ ന്യായീകരിക്കാനായി പപ്പ പറഞ്ഞിരുന്നത്. വിദ്യാർത്ഥികളായ ഞങ്ങളോട് പപ്പ ആവശ്യപ്പെട്ടിരുന്നത് ഉറക്കെ വായിച്ചു പഠിക്കണമെന്നായിരുന്നു.  മനസ്സിലാവാത്ത ഭാഗങ്ങൾക്ക് വിശദീകരണവും നല്കിയിരുന്നു. നടൻ ആകുന്നതിന് മുമ്പ് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിൽ മൂന്നരമാസം മലയാളം അധ്യാപകനായി പപ്പ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് പഠനകാര്യങ്ങൾക്ക് കൃത്യതയും കണിശതയും നിർബന്ധമായിരുന്നു. അന്നന്നത്തെ പാഠ്യഭാഗങ്ങൾ അന്നുതന്നെ പഠിച്ചുതീർക്കണമെന്നായിരുന്നു നിർദ്ദേശം. ഞങ്ങൾ പഠിച്ചുതീർന്ന് കിടക്കാൻ പോകുമ്പോൾ മാത്രമേ പപ്പയും ഉറങ്ങാൻ പോയിരുന്നുള്ളൂ. വെള്ളിത്തിരയിലെ തിരക്കുള്ള നടന്റെ ഭാവങ്ങളൊക്കെ ഞങ്ങളുടെ മുമ്പിൽ അഴിഞ്ഞുവീഴുന്നത് രസകരമായ കാഴ്ചയായിരുന്നു.

ആരെയും വേദനിപ്പിക്കാത്ത തമാശുകൾ പറയാനും മറ്റുള്ളവരെ രസിപ്പിക്കാനും പപ്പ ശ്രദ്ധിച്ചിരുന്നു. പപ്പ വീട്ടിലുള്ള സമയം ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങൾക്ക്. സ്വഭാവശുദ്ധിക്ക് വളരെയധികം പ്രാധാന്യം അദ്ദേഹം നല്കിയിരുന്നു.  ഞങ്ങളുടെ പ്രായമനുസരിച്ച് ഞങ്ങളോടുള്ള പപ്പയുടെ പെരുമാറ്റത്തിലും ഇടപെടലിലും  മനോഭാവത്തിലുംമാറ്റം വന്നുകൊണ്ടിരിക്കുന്നതും അത്ഭുതകരമായ  കാഴ്ചയായിരുന്നു.  ചെറുപ്പത്തിൽ ഒരു അധ്യാപകനടുത്ത കർക്കശത പുലർത്തിയിരുന്നുവെങ്കിൽ പതിനഞ്ച് വയസ് കഴിഞ്ഞപ്പോഴേയ്ക്കും സുഹൃത്തിനോടെന്ന പോലെയാണ്  പപ്പ പെരുമാറിയിരുന്നത്. ഒരിക്കൽ ഞങ്ങളെ പപ്പ ലക്നൗവിന് സമീപത്തുള്ള സിത്താപൂരിൽ കൊണ്ടുപോയി. എന്റെ കണ്ണിന്റെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു യാത്ര. കാൾട്ടൺ ഹോട്ടലിൽ ആയിരുന്നു താമസം. അത്താഴത്തിനായി ഭക്ഷണമേശയിലിരിക്കുമ്പോൾ പപ്പ എന്നോടും ചേട്ടനോടുമായി ചോദിച്ചു, നിങ്ങൾക്ക് മദ്യപിക്കണമെന്നുണ്ടോ? വേണമെങ്കിൽ പറയൂ.ഞങ്ങൾ ശരിക്കും അമ്പരന്നുപോയി.

പപ്പയല്ലാതെ മറ്റാരെങ്കിലുമാണ് ചോദിച്ചിരുന്നതെങ്കിൽ ഞങ്ങളുടെ പ്രതികരണം എന്താകുമായിരുന്നുവെന്ന് അറിയില്ല. എന്തായാലും ഞങ്ങൾ പറഞ്ഞു,വേണ്ട. ഞങ്ങൾക്ക് മദ്യപിക്കണ്ടാ.അത്താഴം കഴിഞ്ഞ് മുറിയിലേക്ക് നടക്കുമ്പോൾ പപ്പ ഞങ്ങളോട് പറഞ്ഞു, ഒരിക്കലും മദ്യപിക്കരുത്. മദ്യം മനുഷ്യനെ മൃഗമാക്കും. ഞങ്ങളുടെ മനോഭാവം മനസ്സിലാക്കുകയായിരുന്നു പപ്പയുടെ ഉദ്ദേശ്യമെന്ന് അപ്പോഴാണ് മനസ്സിലായത്. സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും  ജീവിതത്തിൽ പപ്പ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. അഭിനയം അദ്ദേഹം ക്യാമറയ്ക്ക് മുമ്പിൽ മാത്രമേ നടത്തിയിട്ടുള്ളൂ. ജീവിതത്തിൽ ഒരിക്കലും ഒരിടത്തും അദ്ദേഹം അഭിനയിച്ചിട്ടില്ല. അന്ന് സിത്താപൂരിൽ വച്ച് പപ്പ ഞങ്ങളെ പഠിപ്പിച്ചുതന്ന പാഠം ഇക്കാലമത്രയും ഞങ്ങൾ പാലിക്കുന്നു.  അതുപോലെ പപ്പയാണ്  എന്നെ ചീട്ടുകളി പഠിപ്പിച്ചത്. ചീട്ടുകളിയുടെ പ്രാഥമിക പാഠമായി പറഞ്ഞുതന്നത് രണ്ടു കാര്യങ്ങളായിരുന്നു. 1 . കാശുവച്ചു കളിക്കരുത്. 2. പരിചയമില്ലാത്തവരുമായി കളിക്കരുത്ലാളിത്യമായിരുന്നു പപ്പയുടെ മറ്റൊരു ഗുണം. മുണ്ടും കയ്യില്ലാത്ത ബനിയനുമായിരുന്നു പപ്പയുടെ വീട്ടുവേഷം. അല്ലാത്തപ്പോൾ വെള്ള പാന്റ്സും സ്ളാക്ക് ഷർട്ടും കറുത്ത ഷൂസും.

സിനിമയിൽ ഉയരങ്ങളിൽ നില്ക്കുമ്പോഴും പപ്പയ്ക്ക് സ്വന്തമായി ഒരു മാനേജരോ ഡ്രൈവറോ ഉണ്ടായിരുന്നുമില്ല. അദ്ദേഹം ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. പാട്ടു കേൾക്കുന്നതും വണ്ടിയോടിക്കുന്നതുമായിരുന്നു പപ്പയുടെ പ്രിയപ്പെട്ട വിനോദങ്ങൾ.പപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 47 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇപ്പോഴും  പപ്പ  കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇരുളും വെളിച്ചവും മാറിമാറി വരുന്ന ജീവിതനാടകത്തിൽ പപ്പ നല്കിയ സ്വാധീനവും പാഠങ്ങളും അത്രയധികമാണ്. മനസ്സ് വിങ്ങുന്ന നിമിഷങ്ങളിൽ, ഏകാന്തതയിൽ തളയ്ക്കപ്പെട്ട വേളകളിൽ അപ്പോഴെല്ലാം ഞാൻ എന്റെ കവിളത്ത് വെറുതെ കരം തൊട്ടുനോക്കിയിട്ടുണ്ട്. പപ്പയുടെ അവസാനത്തെ ചുംബനത്തിന്റെ ചൂട് എനിക്കപ്പോഴെല്ലാം അനുഭവിക്കാൻ കഴിയുന്നു. അതു മതി. ഇനിയുള്ള കാലമത്രയും ആ ഓർമ്മയിൽ എനിക്ക് മുന്നോട്ടുപോകാനാവും.

തയ്യാറാക്കിയത്:  സ്റ്റീഫൻ ഓണിശ്ശേരിൽ

More like this
Related

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും...
error: Content is protected !!